കേരളത്തിലെ കാലാവസ്ഥയിൽ പൂക്കൃഷിക്ക് വേണ്ടി നന്നായി കൃഷി ചെയ്യാൻ കഴിയുന്ന ഒരു ചെടിയാണ് വാടാർമല്ലി. സാധാരണയായി എന്നും നമ്മൾ കാണുന്ന വയലറ്റ് ഇനമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്ന് പല നിറങ്ങളിലും വാടാർമല്ലി ലഭ്യമാണ്. കടും ചുവപ്പ് നിറത്തിനാണ് ഇപ്പോൾ ആരാധകരും ഡിമാന്റും ഏറെയുള്ളത്. വാടാർമല്ലിയില്ലാത്ത ഒരു ഓണപ്പൂക്കളം നമുക്ക് ആലോചിക്കാൻ കൂടെ സാധ്യമല്ല അതുകൊണ്ടു തന്നെ ഓണ കൃഷിക്ക് വേണ്ടി മറ്റുപൂക്കളോടൊപ്പം നമുക്ക് വാടാർമല്ലി കൂടെ കൃഷി ചെയ്യാൻ സാധിക്കും.
വാടാർമല്ലി കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇനി പറയുന്നവയാണ്
വാടാർമല്ലി ഇനങ്ങൾ:
നാടൻ ഇനമായ വയലറ്റ് ചെടികൾക്ക് പുറമേ, പിങ്ക്, വെള്ള, ചുവപ്പ് നിറങ്ങളിൽ പൂക്കളുണ്ടാകുന്ന വാടാർമല്ലി ഇനങ്ങൾ ഇന്ന് ലഭ്യമാണ് അതിനാൽ തന്നെ നോർമൽ ഇനങ്ങൾക്ക് പകരം ചുവപ്പു പോലുള്ള നിറങ്ങൾ കൂടുതൽ കൃഷി ചെയ്യുന്നത് ഉത്തമമാണ്.
കാലാവസ്ഥ:
വാടാർമല്ലി ചെടികൾക്ക് കുടുതലും ചൂടുള്ള കാലാവസ്ഥയാണ് അനുയോജ്യം. എന്നാൽ ചെടിച്ചുവട്ടിൽ വെള്ളം കെട്ടി കിടക്കാതെ ശ്രദ്ധിച്ചാൽ എല്ലാ സീസണുകളിലും നമുക്ക് വാടാർമല്ലി കൃഷി ചെയ്യാൻ സാധിക്കും.
മണ്ണ്:
നല്ല നീർവാർച്ചയുള്ളതും സൂര്യപ്രകാശം ധാരാളം ലഭിക്കുന്നതുമായ ഏതുതരം മണ്ണിലും വാടാർമല്ലി കൃഷി ചെയ്യാമെങ്കിലും മണൽകലർന്ന പശിമരാശിമണ്ണാണ് വാടാർമല്ലി കൃഷിക്ക് ഏറ്റവും അനുയോജ്യം. മഴക്കാലത്ത് ചെടികൾ വാരങ്ങൾ കോരിയും വേനൽക്കാലത്ത് ചാലുകളായിട്ടുമാണ് കൃഷി ചെയ്യാൻ നിലം തയാറാക്കേണ്ടത്. എന്നിരുന്നാലും മണ്ണിൽ നല്ല രീതിയിൽ അടിവളം നൽകികൊണ്ട് ഏത് മണ്ണിലും നമുക്ക് വാടാർമല്ലി കൃഷി ചെയ്യാം.
തൈകൾ തയാറാക്കുന്ന വിധം:
വിത്തുകൾ നട്ടോ അല്ലങ്കിൽ പാകികിളിർപ്പിച്ച തൈകൾ നട്ടോ നമുക്ക് കൃഷി തുടങ്ങാവുന്നതാണ്. വിത്തുകൾ പാകിയാണ് കൃഷി ചെയ്യുന്നതെങ്കിൽ തിരഞ്ഞെടുത്ത അതുല്പാദന ശേഷിയുള്ള വിത്തുകൾ സീഡ് ട്രേകളില്‍ പാകി തൈകൾ പറിച്ചു നടുകയാണ് ചെയ്യേണ്ടത്. ചകിരിചോർ , വെർമിക്കുലൈറ്റ്, പെർലൈറ്റ് എന്നിവ 3:1:1 എന്ന അനുപാതത്തിൽ മിക്സ് ചെയ്തു വിത്തുകൾ നടാനുള്ള പോട്ടിംങ് മിക്സർ തയ്യാറാക്കാം. വിത്തുകൾ നടുന്നതിനു മുൻപ് വിത്ത് 20 മിനിറ്റ് സ്യൂഡോമോണസ് അല്ലങ്കിൽ സാഫ് (SAAF) എന്നിവയിലേതിലെങ്കിലും മുക്കിയിടുന്നത് വിത്തുകൾ കേടുപാടുണ്ടാകാതെ ആരോഗ്യത്തോടെ കിളിർത്തുവരുന്നതിനു സഹായിക്കും.
സ്യൂഡോമോണസ് വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://amzn.to/4mY56vr
SAAF വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://amzn.to/4dUeL25
തൈകൾ പറിച്ചു നടുന്ന സമയം:
സീഡിങ് ട്രേകളിൽ പാകിയ വിത്തുകൾ വളർന്നു 4-6 ഇഞ്ച് ചെടികൾക്ക് ഉയരമെത്തുമ്പോളോ അല്ലെങ്കിൽ 2-3 ജോടി ഇലകൾ ചെടികളിൽ വരുമ്പോളോ നമുക്ക് ട്രേയിൽ നിന്ന് പറിച്ചു നടാവുന്നതാണ്.
തൈകൾ നടീൽ:
തൈകൾ പറിച്ചു നടുമ്പോൾ വാരങ്ങൾ തമ്മിൽ 35 CM ഉം ചെടികൾ തമ്മിൽ 30 CM വീതവും അകലവും ഉണ്ടായിരിക്കണം. നിലം നന്നായി കിളച്ച ശേഷം ചെറിയ വലിപ്പത്തിലുള്ള കുഴികളെടുക്കുക അതിലേക്ക് ചാണകപ്പൊടി പോലുള്ള ഏതെങ്കിലും ഒരു ജൈവ വളം അടിവളമായി നൽകികൊണ്ട് ചെടി നടാവുന്നതാണ് (കുഴികളിൽ ഓരോ പിടി വേപ്പിൻപിണ്ണാക്ക് നൽകുന്നത് ചെടിയുടെ ആരോഗ്യത്തിന് നല്ലതാണു). മണ്ണിൽ അസിഡിറ്റി കൂടുതലാണെങ്കിൽ അൽപം കുമ്മായം ചേർക്കുന്നത് നല്ലതാണ്.
വളപ്രയോഗം:
ചെടിയുടെ വളർച്ചാ സമയത്തു അടിവളമായി നൽകിയ ജൈവവളങ്ങളിൽ ഏതെങ്കിലും തന്നെ (ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, ആട്ടിൻ വളം) വീണ്ടും നൽകി മണ്ണ് ചെടി ചുവട്ടിൽ കൂട്ടുന്നത് ചെടിയുടെ വളർച്ചയ്ക്ക് സഹായകരമാകും. ചെടികൾ പൂവിടുന്ന സമയത്ത് നമുക്ക് രാസവളങ്ങളോ ജൈവവളങ്ങളോ നൽകാവുന്നതാണ്. പൂക്കളുടെ വളർച്ചയെ സഹായിക്കുന്ന NPK യിലെ ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയ വളങ്ങളോ അല്ലങ്കിൽ ജൈവ വളമായി കടലപ്പിണ്ണാക്ക് പുളിർപ്പിച്ചതോ നമുക്ക് കുറഞ്ഞ അളവിൽ നൽകാവുന്നതാണ്.
ജലസേചനം:
വാടാർമല്ലി ചെടികൾക്ക് ആവശ്യത്തിന് നനവ് ചുവട്ടിൽ നൽകിയാൽ മാത്രമാണ് നല്ല വളർച്ചയുണ്ടാകാറുള്ളു. ചെടി ചുവട്ടിലെ മണ്ണ് ഉണങ്ങാനും പാടില്ല എന്നാൽ ചുവട്ടിൽ അധിക നേരം വെള്ളം കെട്ടിനിൽക്കാത്ത രീതിയിൽ വേണം ചെടികൾക്ക് നന കൊടുക്കാൻ.
കീടങ്ങളും രോഗങ്ങളും:
വാടാർമല്ലി ചെടികൾക്ക് പൊതുവേ രോഗ കീടബാധകൾ കുറവാണ്. എങ്കിലും ചെടികളിൽ ചിലപ്പോൾ ഇലപ്പേൻ, പുഴുക്കൾ എന്നിവയുടെ ശല്യം ഉണ്ടാകാറുണ്ട്. ചെടികളെ കൃത്യമായി ശ്രദ്ധിക്കുകയും ആവശ്യമെങ്കിൽ ഏതെങ്കിലും വേപ്പെണ്ണ അധിഷ്ഠിത ലായനികൾ തളിച്ച് ചെടികളെ കീടങ്ങളിൽ നിന്നും സംരക്ഷിക്കുകയും വേണം. മഴക്കാലത്ത് ചെടികൾ കൃഷി ചെയ്യുമ്പോൾ ചിലപ്പോൾ ചെടികൾക്ക് ഫംഗസ് / ഇലപ്പുള്ളി രോഗങ്ങൾ വരാൻ സാധ്യതയുണ്ട് അതിനെ തടയാൻ നല്ല നീർവാർച്ചയും വായു സഞ്ചാരവും ഉറപ്പാക്കുകയും രോഗം വന്ന ഇലകൾ നശിപ്പിക്കുകയും കൂടാതെ സ്യൂഡോമോണാസ് 20 ഗ്രാം / സാഫ് 2 ഗ്രാം എന്നിവയിൽ ഏതെങ്കിലും ഒന്ന് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ചുവട്ടിലും തണ്ടുകളിലും തളിച്ചു കൊടുക്കാവുന്നതുമാണ്.
സ്യൂഡോമോണസ് വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://amzn.to/4mY56vr
SAAF വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://amzn.to/4dUeL25
വിളവെടുപ്പ്:
ഇനങ്ങളനുസരിച്ച് വാടാർമല്ലിയുടെ വിത്തുകൾ പാകി ഏകദേശം 45 ദിവസം മുതൽ 75 ദിവസത്തിനുള്ളിൽ തന്നെ ചെടികൾ പൂക്കാൻ തുടങ്ങും. പൂക്കൾ പൂർണ്ണമായി വിരിഞ്ഞു കഴിയുമ്പോൾ തണ്ടോടുകൂടി വേണം പൂക്കൾ മുറിച്ചെടുക്കാൻ. ഇങ്ങനെ തണ്ടോടുകൂടെ പൂക്കൾ മുറിച്ചെടുക്കുന്നതു വഴി ചെടിയിൽ കൂടുതൽ ശിഖരങ്ങൾ വരികയും ചെടിയിൽ കൂടുതൽ പൂക്കൾ ലഭിക്കാൻകാരണമാകുകയും ചെയ്യും.
Post a Comment