നമ്മുടെ ഏതൊരു പൂന്തോട്ടത്തിലും കാണാൻ സാധിക്കുന്ന ഒരു പൂച്ചെടിയാണ് പെന്റാസ്. ഇവയെ ഈജിപ്ഷ്യൻ സ്റ്റാർഫ്ലവർ അല്ലങ്കിൽ സ്റ്റാർ ക്ലസ്റ്റർ തുടങ്ങിയ പേരുകളിലും അറിയപ്പെടാറുണ്ട്. വെള്ള, പിങ്ക്, ചുവപ്പ്, പർപ്പിൾ, ലാവെൻഡർ തുടങ്ങിയ ഒറ്റ നിറത്തിലും ഇവയുടെ ചില മിക്സഡ് നിറങ്ങളിലും പെന്റാസ് ചെടികൾ ഇന്ന് നമുക്ക് ലഭ്യമാണ്. കൂട്ടമായി ഉണ്ടാകുന്ന അഞ്ച് ഇതളുകളോട് കൂടിയ ചെറിയ പൂക്കളാണ് ഇവയുടെ പ്രതേകത. കടും പച്ച നിറത്തിലുള്ള ഇലകൾക്കിടയിൽ കുലകളായി ഉണ്ടാകുന്ന ഇവയുടെ പൂക്കൾ ഏതൊരു ഉദ്യാന പ്രേമിയെയും ആകര്ഷിക്കുന്നവയാണ്.
ഇവയുടെ പൂക്കളിൽ ചെറിയ രീതിയിൽ തേനുള്ളതിനാൽ തന്നെ നമ്മുടെ പൂന്തോട്ടത്തിൽ ചിത്ര ശലഭങ്ങളെയും ചെറു കിളികളായ ഹമ്മിങ് ബേർഡ്‌സിനേയും ആകർഷിക്കാൻ കഴിവുള്ള ചെടികളാണ് പെന്റാസ്.
ചൂട് കാലാവസ്ഥയിൽ നന്നായി വളരുന്ന ഇത്തരം ചെടികൾ മഞ്ഞു കാലത്തു നശിക്കാൻ സാധ്യതയുള്ളവയാണ്. പെന്റാസ് ചെടികളിൽ നന്നായി പൂക്കൾ ഉണ്ടാകാൻ നല്ല വെയിൽ ആവശ്യമാണ്. സൂര്യപ്രകാശത്തിന്റെ ലഭ്യത അനുസരിച്ചു ചെടികളിൽ ഉണ്ടാകുന്ന പൂക്കളുടെ വലിപ്പത്തിനും എണ്ണത്തിനും മാറ്റം സംഭവിക്കും.
ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും പെന്റാസ് ചെടികളെ നന്നായി വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്.
മണ്ണ്:
വെള്ളം കെട്ടിനിൽക്കാത്ത ഇളക്കമുള്ള മണ്ണാണ് ചെടികൾ വളരാൻ ഏറ്റവും അനുയോജ്യം. ചെടി ചുവന്ന മണ്ണിലാണ് നടുന്നതെങ്കിൽ മറ്റു നടിൽ മിശ്രിതത്തെക്കാൾ നന്നായി വളരുന്നതായി കാണുന്നു. ചെടികൾ നടാനായി മണ്ണ് , അടിവളമായി ചാണകപ്പൊടി/ ആട്ടിൻവളം / കമ്പോസ്റ് എന്നിവയിൽ ഏതെങ്കിലും നിങ്ങൾക്ക് ലഭ്യമായത് 2 : 1 എന്ന അനുപാതത്തിൽ കുട്ടികലർത്തിയ മണ്ണിൽ നടാവുന്നതാണ്. പെന്റാസ് ചെടികൾ മണ്ണിലോ ചെടി ചട്ടികളിലോ നമുക്ക് വളർത്താൻ സാധിക്കും. മണ്ണിൽ നടുമ്പോൾ വെള്ളം ചെടിച്ചുവട്ടിൽ കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം അതിനായി അൽപം ഉയരത്തിൽ മണ്ണിട്ട് ചെടി നടുന്നതാണ് നല്ലത്. ചെടി ചട്ടികളിൽ നടുമ്പോൾ വെള്ളം വാർന്നുപോകാൻ തക്കവണ്ണം അടിയിൽ ഓടിന്റെ മുറികളോ അതുമല്ലെങ്കിൽ കരിക്കട്ടകളോ ഇടാവുന്നതാണ്.
തൈകൾ തയാറാക്കുന്ന രീതി:
പെന്റാസ് ചെടികൾ തണ്ടുകൾ മുറിച്ചു വെച്ചാണ് പുതിയ തൈകൾ തയാറാക്കുന്നത് ആരോഗ്യമുള്ള മുറിച്ചെടുത്ത തണ്ടുകളോ അല്ലങ്കിൽ മണ്ണിൽ മുട്ടിനിൽക്കുന്ന തണ്ടുകളോ വേരുവളർത്തി പുതിയ തൈകളാക്കാവുന്നതാണ്. തിരഞ്ഞെടുത്ത തണ്ടുകൾ നേരിട്ട് മണ്ണിൽ കുത്തിവെച്ചോ അതുമല്ലങ്കിൽ ഒരു റൂട്ടിങ് ഹോർമോണിന്റെ സഹായത്തോടെയോ തണലിൽ വെച്ച് ആവശ്യത്തിന് വെള്ളം നൽകി കിളിർപ്പിച്ചെടുക്കാൻ സാധിക്കും.
റൂട്ടിങ് ഹോർമോൺ വാങ്ങാം : https://amzn.to/3GxK32e
ഇങ്ങനെ കിളിർത്തു വരുന്ന തൈകൾ നാല് ഇല പ്രായം കഴിയുമ്പോൾ തിരഞ്ഞെടുത്ത ചട്ടിയിലേക്കോ സ്ഥലത്തേക്കോ പറിച്ചു നടാവുന്നതാണ്.
വെള്ളം:
ചെടികൾ നന്നായി വളരാൻ വെള്ളം ആവശ്യമാണ്. എന്നാൽ അധികം വെള്ളം ചെടിച്ചുവട്ടിൽ കെട്ടിക്കിടക്കുന്നത് വേരുകൾ ചീഞ്ഞു ചെടി നശിക്കുന്നതിനു കാരണമാകും. ചെടി ചുവട്ടിലെ ഈർപ്പം കുറയുന്നതിനനുസരിച്ചു വെള്ളം നൽകുന്നതാണ് നല്ലതു. പെന്റാസ് ചെടികൾക്ക് ചുടത്തു വളരാനാണ് ഇഷ്ട്ടമെന്നതിനാൽ മൂന്ന് നാല് ദിവസം തുടർച്ചയായി വെള്ളം ഒഴിച്ചില്ലെങ്കിലും ചെടികൾക്ക് യാതൊരു പ്രയാസവും ഉണ്ടാകാറില്ല. എന്നിരുന്നാലും ചെടികൾ ഒട്ടും തന്നെ വെള്ളമില്ലാതെ ഉണങ്ങിപോകാൻ ഇടയാക്കരുത്.
സൂര്യപ്രകാശം:
പെന്റാസ് ചെടികൾക്ക് കുറഞ്ഞത് 6 മണിക്കൂറെങ്കിലും തുടർച്ചയായി വെയിൽ ലഭിക്കുന്ന സ്ഥലത്തു വളരാനാണ് ഇഷ്ട്ടം. അതിനാൽ തന്നെ വെയിൽ ലഭിക്കുന്ന സ്ഥലത്തു ചെടികൾ വളർത്തുന്നതാണ് നല്ലതു. ചെടികൾക്ക് ലഭിക്കുന്ന വെയിലിന്റെ അളവ് കുറയുന്നതനുസരിച്ചു ചെടിയിലുണ്ടാകുന്ന പൂക്കളുടെ വലിപ്പവും എണ്ണവും കുറയുന്നതിന് കാരണമാകും.
വളപ്രയോഗം:
ചെടികൾ പൂവിടുന്ന സമയത്തു രണ്ട് ആഴ്ചയിൽ ഒരിക്കൽ വീതം ഏതെങ്കിലും ജൈവ വളങ്ങൾ ദ്രവക രൂപത്തിലോ അതുമല്ലെങ്കിൽ ഏതെങ്കിലും NPK വളങ്ങളോ നൽകാവുന്നതാണ്. ചെടിയുടെ വളർച്ച സമയത്തു മാസത്തിൽ ഒരിക്കൽ വീതമോ അല്ലെങ്കിൽ മുന്ന് ആഴ്ച്ച കുടുമ്പോളോ ചാണക സ്ലറി, കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് തുടങ്ങിയ ഏതെങ്കിലും ജൈവ വളങ്ങൾ നൽകുന്നത് ചെടിയുടെ വളർച്ചയെ സ്വാധീനിക്കും.
രോഗ കീടബാധ:
പെന്റാസ് ചെടികൾക്ക് പൊതുവേ രോഗ കിട ബാധകൾ കുറവാണെങ്കിലും ചില സമയങ്ങളിൽ ചെറിയ ചിലന്തികൾ, മീലിബഗ് , വെളിച്ച എന്നിവയുടെ ശല്യം ചെടികളിൽ ഉണ്ടാകാറുണ്ട്. ഇവയിൽ ഏതെങ്കിലും ശല്യം കണ്ടാൽ ഏതെങ്കിലും ഒരു വേപ്പധിഷ്ഠിത ജൈവ കീടനാശിനി ഉപയോഗിച്ചാൽ മതിയാകും.
വേപ്പെണ്ണ ഓൺലൈനായി വാങ്ങാം : https://amzn.to/4kgFkjg
കമ്പ് കോതൽ (പ്രൂണിങ്) :
പൂക്കൾ കരിയുന്നതിനനുസരിച്ചു തലപ്പുകൾ മുറിക്കുന്നത് വഴി ചെടിയിൽ കൂടുതൽ തലപ്പുകൾ പൊട്ടി ധാരാളം പൂക്കൾ ഉണ്ടാകുന്നതിനു കാരണമാകും. കൂടാതെ തണ്ടുകൾ മുറിക്കുന്നത് വഴി ചെടിയെ നല്ലൊരു രൂപ ഭംഗിയുള്ള ചെടിയാക്കി മാറ്റാൻ സാധിക്കും. ഇങ്ങനെ കോതുന്ന തലപ്പുകൾ പുതിയ തൈകൾ ആക്കുന്നതിനു ഉപയോഗിക്കാവുന്നതാണ്.
Post a Comment