എഴുത്ത് : Sachith KR
പൂർണവളർച്ചയെത്തിയ മാത്യസസൃം ഉൽപാദിപ്പിക്കുന്ന തൈകളും ചെടിയുടെ തലപ്പുമാണ് നടീൽ വസ്തു.ചെടി നട്ട് 6-7 മാസം ആയാൽ ചുവട്ടിൽ നിന്ന് 2-3 തൈകൾ ഉണ്ടായി വരും. ചെടി പൂവിടാറാവുബോഴോ പൂവിട്ടു കഴിയുബോഴോ ആണ് തൈകൾ വരുക.വേണ്ടത്ര വളർച്ച എത്തിയ തൈ, വേരു സഹിതം ചെടിയിൽ നിന്ന് ശ്രദ്ധാപൂർവം വേർപെടുത്തി എടുത്ത് നടാം. ആവശ്യത്തിന് വലുപ്പമായ ചെടികളുടെ തലപ്പും (ടോപ് കട്ടിങ്) മുറിച്ചെടുത്ത് നടാം.തലപ്പുഭാഗത്തിന് നാല് ഇലകളെങ്കിലും വേണം. തലപ്പ് മുറിച്ചെടുത്ത ചെടിയുടെ മുറിഭാഗത്ത് വിപണിയിൽ ലഭ്യമായ കുമിൾനാശിനി പുരട്ടി സംരക്ഷിക്കണം. 2- 3 ദിവസത്തേക്ക് നന അരുത്.തലപ്പു നീക്കിയ ചെടിയുടെ ചുവട്ടിലുള്ള ഇലമുട്ടുകളിൽ നിന്നു പുതിയ തളിർപ്പുകൾ വരാറുണ്ട്. എന്നാൽ നടാനായി തലപ്പ് എടുത്താൽ ചെടിയുടെ ഭംഗി നഷ്ടപ്പെടുമെന്ന് ഓർക്കുക. മുറിച്ചെടുത്ത തണ്ടിൽ നിന്ന് വേഗത്തിൽ വേരുകൾ വരാനും ചീയൽ രോഗം വരാതിരിക്കാനും കുഴബു രൂപത്തിലാക്കിയ ചിരട്ടക്കരിയിൽ അതേ അളവിൽ കുമിൾനാശിനി യും ചേർത്ത് അതിൽ മുറിഭാഗം മുക്കിയ ശേഷം നടുക.കുതിർത്ത ആറ്റുമണലും ചകിരിച്ചോറും കലർത്തി എടുത്ത മിശ്രിതം നഴ്സറി ചട്ടിയിൽ നിറച്ച് അതിലാണ് തലപ്പ് നടേണ്ടത്.
നട്ടതിന് ശേഷം ചട്ടി തണലുള്ളിടത്ത് വയ്ക്കണം. ആദ്യത്തെ 2-3 ദിവസം നനക്കരുത്.പിന്നീട് മിശ്രിതത്തിൽ നേരിയ ഈർപ്പം നിലനിർത്തുന്ന വിധത്തിൽ ചെടിയിൽ വെള്ളം വീഴാതെ നനക്കുക.തലപ്പിൽനിന്ന് വേരുകൾ വരാൻ ഒരു മാസത്തോളം എടുക്കും. പുതിയ നാബുകളും ഇലകളും ഉണ്ടായി വന്നാൽ സ്ഥിരമായി വളർത്താൻ ഉദ്ദേശിക്കുന്ന ചട്ടിയിലേക്ക് മാറ്റി നടാം.മാത്യസസത്തിന്റെ ചുവട്ടിൽ നിന്നും അടർത്തി എടുക്കുന്ന തൈകളുടെ മുറിഭാഗത്ത് നടുന്നതിന് മുൻപ് ചിരട്ടക്കരിയുടേയും കുമിൾനാശിനി യുടേയും മിശ്രിതം പുരട്ടാൻ മറക്കരുത്.തലപ്പ് നട്ടുവളർത്തുന്ന രീതിയിൽ തന്നെ തൈകൾ വളർത്തിയെടുക്കാം.
പരിപാലനം
ചെടി നിൽക്കുന്നിടത്ത് ഒരിക്കലും ഈർപ്പം അധികം ആകരുത്.അത് കൊണ്ട് നടീൽ മിശ്രിതത്തിൽ നിന്നും വെള്ളം നന്നായി വാർന്നു പോകണം.മൂന്ന് ഭാഗം ആറ്റുമണൽ, ഒരു ഭാഗം വീതം ചകിരിച്ചോർ, ചുവന്ന മണ്ണ്,വളമായി എല്ലുപൊടിയും വേപ്പിൻ പണ്ണാക്കും-ഇത്രയും കലർത്തി എടുത്ത മിശ്രിതം ആണ് ചെടി നടാൻ ഒരുക്കേണ്ടത്.പത്തിഞ്ച് വലുപ്പം ഉള്ള പ്ലാസ്റ്റിക് ചട്ടിയാണ് നടാൻ അനുയോജ്യം. നടീൽ മിശ്രിതം നിറക്കുന്നതിന് മുൻപ്,അധികജലം വേഗത്തിൽ വാർന്ന് പോകുന്നതിനായി ചട്ടിയുടെ അടിഭാഗത്ത് ഓടിന്റേയോ കരിയുടെയോ കഷണങ്ങൾ നിരത്തണം.ചട്ടിയിൽ വളർത്തിയെടുത്ത ചെടി,മിശ്രിതം അടക്കം വലിയ ചട്ടിയിലേക്ക് മാറ്റി നടാം.പാതി തണൽ കിട്ടുന്ന വീടിന്റെ ഭാഗങ്ങളിൽ ആണ് അഗ്ലോണിമ പരപാലിക്കേണ്ടത്.വെയിൽ അധികമായാൽ ഇലകളുടെ വലുപ്പം കുറഞ്ഞ് അഗ്രഭാഗത്ത് തവിട്ടു നിറം വന്ന് ഉണങ്ങിപ്പോകാൻ ഇടയുണ്ട്. തണൽ അധികം ആയാൽ ഇലകളുടെ തിളക്കമാർന്ന നിറം മങ്ങി കൂടുതൽ പച്ചനിറം വരുകയും ഭംഗി നഷ്ടപ്പെടുകയും ചെയ്യും.(അഗ്ലോണിമ യുവി ഷീറ്റിനടിയിൽ വളർത്തുന്നതാണ് ഏറ്റവും അഭികാമ്യം.*)
കിഴക്ക് നിന്ന് ചാഞ്ഞ് സൂര്യപ്രകാശം ലഭിക്കുന്ന വീടിന്റെ വരാന്തയാണ് ഈ ചെടി വളർത്താൻ ഏറ്റവും പറ്റിയത്.ചെടി നട്ടിരിക്കുന്നിടത്ത് ഈർപ്പം അധികമായാൽ ചീയൽ രോഗമുണ്ടാകാം.മിശ്രിതത്തിൽ ഈർപ്പം അധികം ആകാത്ത വിധത്തിൽ കാലാവസ്ഥ അനുസരിച്ച് വേണം ചെടി നനക്കാൻ.മഴക്കാലത്ത് ആഴ്ച്ചയിൽ ഒരിക്കൽ അല്ലെങ്കിൽ മിശ്രിതം നന്നായി ഉണങ്ങിയ അവസ്ഥയിൽ നനച്ചാൽ മതി. വേനൽക്കാലത്ത് ആഴ്ച്ചയിൽ2-3 പ്രാവശ്യം നനക്കാം.രാവിലെ വെയിൽ ആകുന്നതിനു മുൻപ് നനക്കുന്നതാണ് ഉചിതം.വൈകുന്നേരങ്ങളിലെ നന ഒഴിവാക്കുക. അത്യാവശ്യം എങ്കിൽ പൂപ്പാളി ഉപയോഗിച്ച് ഇലകളിൽ മാത്രം വെള്ളത്തുള്ളി വീഴുന്ന വിധത്തിൽ നനക്കാം.സങ്കരയിനങ്ങൾ എല്ലാം തന്നെ തുടക്കത്തിൽ സാവധാനം ആണ് വളരുക.മിക്കവാറും6-7 മാസമായാൽ ചുവട്ടിൽ നിന്നും തൈകൾ ഉൽപ്പാദിപ്പിക്കും.ചെടി നട്ട് പുതിയ തളിർപ്പും ഇലകളും ഉൽപ്പാദിച്ച് തുടങ്ങിയാൽ മാത്രം വളം നൽകുക.കടലപിണ്ണാക്കും വേപ്പിൻ പിണ്ണാക്കും പുളിപ്പിച്ചെടുത്തതിന്റെ തെളി നേർപ്പിച്ചത് നന്ന്.രണ്ടാഴ്ചയിൽ ഒരിക്കൽ ഈ തെളി ചെടിയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം.രണ്ടുമാസത്തിൽ ഒരിക്കൽ എല്ലുപൊടിയും കബോസ്റ്റും ചേർന്ന വളക്കൂട്ട് മിശ്രിതത്തിൽ കലർത്തി നൽകാം.മഴക്കാലത്ത് ജൈവവളങ്ങൾ ഒഴിവാക്കുക. തുടക്കത്തിൽ കരുത്തുറ്റ വളർച്ചക്കായി വെള്ളത്തിൽ പൂർണമായും ലയിക്കുന്ന എൻപികെ 19:19:19 ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലായനി ആക്കിയത് ഇലകളിൽ തുള്ളിനനയായി നൽകാം.ചെടി ഓഫ് ഷൂട്ടുകൾ ഉൽപ്പാദിപ്പിച്ച് ചട്ടി തിങ്ങി നിറഞ്ഞാൽ പഴയ മിശ്രിതം മാറ്റി പുതിയ മിശ്രിതത്തിലേക്ക് മാറ്റി നടാം. ഈ സമയത്ത് ഓഫ് ഷൂട്ടുകൾ വേരുൾപ്പടെ വേർപെടുത്തി എടുത്തു പുതിയ ചെടികൾ ഉൽപ്പാദിപ്പിക്കേം.
സംരക്ഷണം
കുമിൾ വഴി ചീയൽ രോഗം വരാതെ നോക്കണം.നന അധികം ആയാലും മഴക്കാലത്ത് ചട്ടിയിൽ അധികം ഈർപ്പം തങ്ങി നിന്നാലും ചീയലുണ്ടാകും.മഴക്കാലത്ത് രണ്ടാഴ്ച്ചയിൽ ഒരിക്കൽ കുമിൾ നാശിനി ആയ ബാവിസ്റ്റിൻ രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലായനി ആയി ചെടിയിലും മിശ്രിതത്തിലും തളിച്ച് കൊടുക്കുക വഴി ചീയൽ ഒരു പരിധി വരെ തടയാം.തണ്ടിന്റെ ചുവട്ടിലും താഴെ ഉള്ള ഇലകളിലുമാണ് രോഗ ലക്ഷണങ്ങൾ ആദ്യം കാണുക. ഇലകൾ മഞ്ഞളിച്ച് കൊഴിയുന്നത് ബാഹ്യലക്ഷണം.നന മിതപ്പെടുത്തി ഇൻഡോഥിൽ കുമിൾ നാശിനി രണ്ടുഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലർത്തി നാലു ദിവസത്തെ ഇടവേളയിൽ 2_3 പ്രാവശ്യം തളിച്ച് ചെടിയെ രോഗവിമുക്തമാക്കാം.
കടപ്പാട്:
1) ജേക്കബ് വർഗ്ഗീസ് കുന്തറ. അസോസിയേറ്റ് പ്രൊഫസർ. ബോട്ടണി വിഭാഗം. എസ്എച്ച് കോളേജ്, തേവര. 2) രാജീവ്.വൈശാഖം പള്ളുരുത്തി, എറണാകുളം
Comments