എഴുതിയത് : Ajith Joseph
അധികം ആർക്കും പരിചിതമല്ലാത്ത ഒരു ഇല ചെടിയാണ് ആഫ്രിക്കൻ മല്ലി. നമ്മുടെ നാട്ടിൽ പുറങ്ങളിലും അടുക്കള തോട്ടങ്ങളിലും ഈ ആഫ്രിക്കൻ മല്ലി വളരാൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളു. നമ്മൾ പൊതുവേ ഉപയോഗിക്കുന്ന മല്ലിയിലകളുടെ അതേ മണവും രുചിയുമുള്ളവയാണ് ഈ ആഫ്രിക്കൻ മല്ലി അതിനാൽ തന്നെ കൂടുതൽ ആളുകളും മല്ലിയിലകൾക്കു പകരമായി ആണ് ഇവ ഉപയോഗിക്കുന്നത്.
നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന മല്ലിയിലകൾ വളർത്തുന്നത് അല്പം ശ്രദ്ധ വേണ്ടവയാണ് എന്നാൽ ആഫ്രിക്കൻ മല്ലി വളർത്താൻ വളരെയെളുപ്പമാണ്. മണ്ണിലോ , ചെടി ചട്ടികളിലോ അല്ലങ്കിൽ മണ്ണില്ലാതെ താഴെ വീഡിയോയിൽ കാണുന്ന രീതിയിൽ ഫ്ലാറ്റുകളിലോ നമുക്ക് ഇവ വളരെയെളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കും .
വിത്തുകൾ വഴിയാണ് ഇവയിൽ പുതിയ ചെടികൾ ഉണ്ടാകുന്നത് . വളർച്ചയെത്തിയ ചെടികളിൽ മദ്യ ഭാഗത്തു നിന്നും ഉണ്ടാകുന്ന പൂങ്കുലയിൽ പൂക്കൾ വന്നു അത് കായ് ഉണ്ടായി അതിൽ നിന്നുമാണ് നമുക്ക് ആവശ്യമുള്ള വിത്തുകൾ ഉണ്ടാകുന്നത് . ഇങ്ങനെയുണ്ടാകുന്ന പൂങ്കുലയിലെ ഇലകൾ എല്ലാം തന്നെ മുള്ളു പോലെ ആയിരിക്കും ഇരിക്കുന്നത് .
കേരളത്തില്‍ എവിടെയും ഈ ആഫ്രിക്കൻ മല്ലി നന്നായി വളരും. രണ്ടോ മൂന്നോ തൈകള്‍ നമ്മുടെ അടുക്കളത്തോട്ടത്തില്‍ നട്ടാല്‍ വര്‍ഷം മുഴുവന്‍ മല്ലിയില ലഭിക്കും എന്നതും ഇവയുടെ പ്രതേകതയാണ് . ഒരടിവരെ നീളമുള്ള ഇലകളാണ് ആഫ്രിക്കന്‍ മല്ലിക്കുള്ളത്. ചിരവയുടെ നാക്കിന്‍റെ ആകൃതിയില്‍ നല്ല പച്ച നിറമുള്ള ഇലകള്‍ മിനുസമുള്ളതും അരികില്‍ മുള്ളുകളുടെ ആകൃതിയിലുമാണ് കാണുന്നത് .
തൈകള്‍ തയാറാക്കിയും നേരിട്ടു വിത്തെറിഞ്ഞും ആഫ്രിക്കന്‍ മല്ലി കൃഷി ചെയ്യാം. സീഡിങ് ട്രേയിലോ കവറുകളിലോ വിത്തുകൾ നട്ടു തയാറാക്കുന്ന തൈകള്‍ മൂന്നില പ്രായത്തിലാകുമ്പോള്‍ നമുക്ക് പറിച്ചു നടാവുന്നതാണ്. വേനലില്‍ നന ആവശ്യമാണ് . അല്‍പ്പം തണലുള്ള സ്‌ഥലത്തു വളരാനാണ് ആഫ്രിക്കന്‍ മല്ലി ഇഷ്ടപ്പെടുന്നത് . വെയില്‍ നന്നായി കിട്ടുന്ന സ്ഥലത്താണെങ്കില്‍ മല്ലി പെട്ടെന്നുതന്നെ വളർച്ച പൂർത്തിയാക്കി പൂത്ത് കായ്ക്കുന്നതായി കാണുന്നു , അതിനാൽ കൂടുതൽ ഇലകൾ ലഭിക്കുന്നതിനായി തണലുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത് . ചെടികൾ നട്ടു ഒരു മാസം ആകുമ്പോൾ തന്നെ നമുക്ക് ഇലകൾ പറിച്ചു തുടങ്ങാം. വിൽപനയ്ക്കായിയാണ് നമ്മൾ ചെടികൾ തയാറാക്കുന്നത് എങ്കിൽ അറുപത് ദിവസത്തിന് ശേഷം ഇലകൾ പറിക്കുന്നതായിരിക്കും നല്ലത് .
കരീബിയൻ ദ്വീപുകളിൽ ജന്മം കൊണ്ട ഈ ചെടി നീളന്‍ കൊത്തമല്ലി, മെക്‌സിക്കന്‍ മല്ലി, ശീമ മല്ലി എന്നീ പേരുകളിലും അറിയപ്പെടുന്നു.
Comentários