ഒരല്പം കുടുംബകാര്യം എന്ന തലക്കെട്ടോടെ കോൺഗ്രസ് നേതാവ് വിഎം സുധീരൻ തന്റെ ഫേസ്ബുക് പേജിൽ ഭാര്യ ലതയുടെ കാർഷിക സംരംഭമായ സൗഗന്ധികത്തിന്റെ രണ്ടാം വാർഷികത്തിന് ആശംസയറിയിച്ചു പങ്കുവെച്ച കുറിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .
വി.എം. സുധീരന്റെ ഫെയ്‍സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇവിടെ വായിക്കാം
ഒരല്പം കുടുംബകാര്യം.
എൻറെ വീട്ടുകാരി ലത നടത്തുന്ന 'സൗഗന്ധികം' രണ്ടു വർഷം പിന്നിട്ടിരിക്കുകയാണ്. ഒരു അത്ഭുതത്തോടെയാണ് ഞാനിത് നോക്കിക്കാണുന്നത്. അവരുടെ പെൻഷൻ ആനുകൂല്യങ്ങൾ നിക്ഷേപിച്ച് തുടങ്ങിയ ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നതിൻറെ ബുദ്ധിമുട്ടുകൾ കാണുമ്പോൾ ഇത് ഇത്രത്തോളം നീണ്ടു പോകുമെന്ന് കരുതിയില്ല. പക്ഷേ ലതയുടെ നിശ്ചയദാർഢ്യവും ചെടികളോടും പൂക്കളോടും പച്ചക്കറികൃഷിയോടുമുള്ള അവരുടെ അടങ്ങാത്ത അഭിനിവേശവും ആവേശവുമാണ് കാര്യങ്ങൾ മുന്നോട്ടു നീക്കിയത്.
മക്കളെ പോലെ ചെടികളെ സ്നേഹിച്ച അവർ ബാങ്ക് ജോലിയിൽ നിന്നും വിരമിച്ച ശേഷം വെറുതെയിരിക്കാനാവില്ലെന്ന് പറഞ്ഞാണ് ഈ സംരംഭത്തിന് മുതിർന്നത്.
മക്കളായ സലിലയുടെയും സരിൻറെയും പിന്തുണയും അവർക്ക് പ്രചോദനമായി.
ഏതായാലും രണ്ടു വർഷം പൂർത്തിയായതിൽ സന്തോഷമുണ്ട്. പൂക്കളെയും ചെടികളെയും സ്നേഹിക്കുന്ന കൂട്ടായ്മയിൽ നിന്നും അവർക്ക് കിട്ടുന്ന പ്രോത്സാഹനവും ഊർജ്ജം പകരുന്നുണ്ട്.
'സൗഗന്ധികവുമായി ഇനിയും മുന്നോട്ട്' എന്ന അവരുടെ ആത്മവിശ്വാസത്തോടെയുള്ള ശ്രമങ്ങൾ വിജയിക്കട്ടെ.
Comments