എഴുത്ത് : Sahajan
ജീവിത പ്രാരാബ്ദങ്ങൾക്ക് നടുവിൽ വഴിയോരത്ത് പ്ലാവില കെട്ടുകളും വഴിക്കണ്ണുകളുമായി ഒരു കച്ചവടക്കാരൻ കാത്തിരിക്കുന്നു. മണ്ണഞ്ചേരി അമ്പനാകുളങ്ങര വെള്ളയിൽ ഹംസയാണ് മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിനു സമീപം പ്ലാവില കച്ചവടവുമായി ഒരു ദശാബ്ദം പിന്നിടുന്നത്. ഹംസ കാവുങ്കല്‍ തെക്കേതറമുട്ടില്‍ കയറ്റിറക്കു ജോലി ചെയ്ത് ജീവിച്ചു വരുകയായാരുന്നു. അപ്പോഴാണ് ഹൃദയ സംബന്ധമായ രോഗം ബാധിച്ചതിനിനെ തുടർന്ന് രണ്ടു തവണ ഓപ്പറേഷന് വിധേയനായത്. തുടർന്ന് ആയാസമേറിയ ഒരു തൊഴിലും ചെയ്യാൻ വയ്യാതെയായി.മാസം മരുന്നിന് മാത്രം മൂവായിരം രൂപയോളം വേണം. പ്രായ പൂർത്തിയായ രണ്ട് ആൺമക്കളിൽ ഒരാൾ വികലാംഗനും മറ്റൊരാൾ ബധിരനുമാണ്. ഈ ജീവിത സാഹചര്യത്തിലാണ് പ്ലാവില കച്ചവടത്തിലേയ്ക്ക് തിരിഞ്ഞത്.
മണ്ണഞ്ചേരി, മുഹമ്മ തുടങ്ങിയ പഞ്ചായത്തു പ്രദേശങ്ങളിൽ നിന്നാണ് പ്ലാവില ശേഖരിക്കുന്നത്. പ്ലാവിന്റെ വലുപ്പമനുസരിച്ചാണ് കച്ചവടമുറപ്പിക്കുന്നത്. ചെറിയ പ്ലാവിന്റെ ഇല എടുക്കുന്നതിന് 150 ഉം 250 ഉം രൂപ മുതൽ വലിയ മരത്തിന് 1000 രൂപ വരെ വില നൽകും വലിയ മരത്തിൽ നിന്ന് ഇല എടുക്കാൻ ഒരാഴ്ച വേണ്ടി വരും. ഒരു ജോലിക്കാരനെ കൊണ്ടാണ് പ്ലാവില എടുപ്പിക്കുന്നത്. ഒന്നോ ഒന്നരയോ മണിക്കൂർ മാത്രമെ ഇല ശേഖരിക്കൂ 500 രൂപയും ചെലവും നൽകണം ,ശേഖരിച്ച ഇലകൾ കെട്ടുകളാക്കി വാഹനത്തിൽ കയറ്റി കച്ചവട സ്ഥലത്ത് എത്തിക്കും. ഒരു കെട്ടിന് പതിനഞ്ച് രൂപയാണ് വില. കച്ചവടം തുടങ്ങിയ കാലത്ത് ഒരു കെട്ടിന് 7 രൂപയായിരുന്നു വില. കച്ചവടം തുടങ്ങിയ കാലത്തൊക്കെ ഒരു വീട്ടിൽ ചെന്നാൽ രണ്ടും അതിലേറെയും പ്ലാവുകൾ ഉണ്ടായിരുന്നു. ഇന്ന് പല വീടുകൾ കയറി ഇറക്കിയാൽ മാത്രമെ ഒരു മരം കാണാൻ കഴിയൂ. പ്ലാവുകൾ പലതും നശിച്ചു.പ്ലാവിന്റെ ഗുണങ്ങൾ കൂടുതൽ അറിഞ്ഞപ്പോൾ പ്ലാവുകൾ കൂടുതലായി ഇപ്പോൾ നട്ടുപിടിപ്പിക്കുന്നുണ്ടെന്ന് ഹംസ പറഞ്ഞു.
ആടിന് മറ്റ് എന്തൊക്കെ ഇലകൾ നൽകിയാലും കൂടുതൽ പാലും ഗുണമേന്മയും ലഭിക്കാനും കറവ ആടുകൾക്ക് പ്ലാവില അത്യാവശ്യം നൽകണമെന്ന് കർഷകർ പറയുന്നു. അതു കൊണ്ട് പ്ലാവിലയ്ക്ക് കൂടുതൽ ആവശ്യക്കാർ ഉണ്ട്. കാൽനടയായും വാഹനങ്ങളിലും വന്ന് ആവശ്യക്കാർ പ്പാവില വാങ്ങുന്നു .പ്ലാവിലയുടെ കറ കാരണം ഒരു ആഴ്ച മാത്രമെ ഷർട്ടും മുട്ടും ഉപയോഗിക്കാൻ കഴിയൂ എന്ന പരാതിയും ഹംസയ്‌ക്കുണ്ട്. നാടിന്റെ വിവിധ പ്രദേശങ്ങളിൽ നടന്നിരുന്ന പ്ലാവില കച്ചവടം മണ്ണഞ്ചേരി സ്കൂൾ ജംക്ഷനിൽ മാത്രം ഒതുങ്ങിയിരിക്കുന്നു. ഈ കച്ചവടം കൊണ്ടു മാത്രമാണ് ഹംസയുടെ ജീവിതം കഷ്ടിച്ചു കഴിഞ്ഞു പോകുന്നത്.
Comments