top of page
  • Writer's pictureAjith Joseph

വയനാടിന് ഇപ്പോഴും വിശക്കുന്നുണ്ട്, അവിടത്തെ മനുഷ്യർക്കും,മൃഗങ്ങൾക്കുമെല്ലാം




എഴുത്ത് : Muhammed Asif M


ഇത് ഷാരൂൺ P.S , വയനാട് കൽപ്പറ്റ മുണ്ടേരി ജി. വി.എച്ച്. എസ് .എസ്സിൽ നിന്നും ഈ വർഷം ലൈവ്സ്റ്റോക്ക് മാനേജ്‌മെന്റ് പഠിച്ച് പ്ലസ്ടു പൂർത്തിയാക്കിയ മിടുക്കനാണ്. 'മൃഗഡോക്ടറാവാൻ എന്ത് പഠിക്കണം', 'എങ്ങനെ പഠിക്കണം' എന്നൊക്കെ അന്വേഷിച്ച് മുൻപ് പലതവണ ഷാരൂൺ ഫോൺ ചെയ്തത് വഴിയാണ് അവനെ പരിചയം .

പ്ലസ്ടുവിനു ശേഷം വെറ്ററിനറി കോളേജിൽ അഡ്മിഷൻ നേടി വെറ്ററിനറി സയൻസ് പഠിക്കാനായിരുന്നു അവന്റെ ആഗ്രഹം. അതിനായി നന്നായി ശ്രമിച്ചിരുന്നെങ്കിലും നിർഭാഗ്യവശാൽ എൻട്രൻസിൽ അല്പം റാങ്ക് കുറഞ്ഞതിനാൽ ഇത്തവണ അവന് അഡ്മിഷൻ ലഭിച്ചില്ല. എന്നാൽ അതൊന്നും ഷാരൂണിനെ ഒട്ടും തളർത്തിയിട്ടില്ല. കാരണം, മിണ്ടാപ്രാണികളോടുള്ള ഇഷ്ടം ഷാരൂണിന്റെ കൂടെപ്പിറപ്പാണ് .


പ്രളയവും മണ്ണിടിച്ചിലും ബാധിച്ച വയനാട്ടിൽ മിണ്ടാപ്രാണികൾക്ക് കൂട്ടായി മുൻവർഷത്തെ പോലെ ഇത്തവണയും ഷാരൂണും അവന്റെ സുഹൃത്ത് സംഘവുമുണ്ട്. ഒപ്പം മൃഗസ്നേഹികളുടെ കൂട്ടായ്മയുടെ നിറഞ്ഞ പിന്തുണയുമുണ്ട്. ദുരന്തഭൂമികയായി മാറിയ വയനാട്ടിലെ പുത്തുമലയിലെയും ചൂരൽമലയിലെയും കള്ളാടിയിലെയും പച്ചക്കാട്ടിലെയും മുണ്ടക്കൈയിലെയുമെല്ലാം നൂറുകണക്കിന് ജനങ്ങൾ ദുരിതാശ്വാസക്യാമ്പുകളിൽ അഭയം തേടിയപ്പോൾ അവിടങ്ങളിൽ ഒറ്റപ്പെട്ടുപോയ പശുക്കളും ആടുകളും നായ്ക്കളും വളർത്തു പക്ഷികളും അടക്കം മിണ്ടാപ്രാണികൾ ഏറെയുണ്ട്. ദുരന്തമുഖത്ത് നിന്ന് രക്ഷപെട്ട അവർക്കുമില്ലേ വിശപ്പും ദാഹവുമെല്ലാം..പ്രളയവും മണ്ണിടിച്ചിലും കുത്തിയൊലിച്ചെത്തിയ മലവെള്ളവും നാമാവശേഷമാക്കിയ ആ ഇടങ്ങളിലേക്ക് മിണ്ടാപ്രാണികൾക്കുള്ള ആഹാരവുമായി ഷാരൂണും സംഘവും മലകയറി, പുത്തുമലയിലും അട്ടമലയിലും വെള്ളാർമലയിലും മുണ്ടക്കൈയിലും ചൂരൽമലയിലുമെല്ലാം അവരെത്തി.

ഇന്നുൾപ്പടെ കഴിഞ്ഞ രണ്ടുമൂന്ന് ദിനങ്ങളിലായി മിണ്ടാപ്രാണികൾക്കുള്ള അന്നവുമായി ഷാരൂണും സുഹൃത്തുക്കളും ഈയിടങ്ങളിലുണ്ട് . നായ്ക്കൾക്കും പശുക്കൾക്കും നൽകാനുള്ള വിവിധ തീറ്റകൾ അവർക്ക് ലഭ്യമാക്കിയത് ബാംഗ്ലൂർ ആസ്ഥാനമായ മൃഗസ്നേഹികളുടെ കൂട്ടായ്മയാണ്.

മൃഗങ്ങൾക്ക് അന്നം നൽകുക മാത്രമല്ല ഒറ്റപെട്ടുപോയവയെ സുരക്ഷിതസ്ഥാനത്തെത്തിക്കാനും അവർ മറന്നില്ല. ദുരന്തത്തിൽ പകച്ചു പേടിച്ചോടി സമീപത്തെ കാടുകളിൽ അഭയം തേടിയ പശുക്കളെയും ആടുകളെയുമെല്ലാം തിരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്കി അവർ മാറ്റി പാർപ്പിച്ചു.


തങ്ങൾക്ക് യാത്ര ചെയ്ത് എത്താൻ പറ്റാത്തിടങ്ങളിലേക്ക് മൃഗങ്ങൾക്കുള്ള ആഹാരം മറ്റ് സന്നദ്ധ പ്രവർത്തകരുടെ കൈകളിൽ കൊടുത്തുവിട്ടു .

ദിവസങ്ങളോളം കറവനടത്താൻ ആളില്ലാതെ അകിടുകളിൽ പാൽ കെട്ടിക്കിടന്ന് ഗുരുതരമായ അകിടുവീക്കം ബാധിച്ച പശുക്കളുടെ കാഴ്ച ദയനീയമായിരുന്നു. ഒരു പക്ഷെ നിത്യവും അവരെ സ്നേഹപൂർവ്വം കറന്നിരുന്ന ക്ഷീരകർഷകനെ മണ്ണിടിച്ചിൽ കവർന്നിരിക്കാം, അതുമല്ലെങ്കിൽ മലയിറക്കി തന്റെ അരുമയെ കൂടി കൂടെക്കൂട്ടാൻ ഒരു നിർവാഹവുമില്ലാതെ ആ മനുഷ്യൻ ദുരിതാശ്വാസ ക്യാമ്പിലായിരിക്കാം. ഏതായാലും രോഗം ബാധിച്ച മൃഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വയനാട് ജില്ലാമൃഗസംരക്ഷണ ഓഫീസിൽ അറിയിച്ച് ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ ഷാരൂണും സുഹൃത്തുക്കളും ചെയ്തു.

ഇന്നത്തെ ദിവസത്തിനൊടുവിൽ ബാക്കി വന്ന തീറ്റ ഇറക്കിവെക്കാൻ ഇടമില്ലാതെ വന്നതോടെ തന്റെ വീട്ടിൽ തന്നെ ഷാരൂൺ അതിനുള്ള സൗകര്യവുമൊരുക്കി.


ഒറ്റപ്പെട്ടുപോയ മിണ്ടാപ്രാണികളെ തേടിയുള്ള യാത്രയുടെ നിരവധി അനുഭവങ്ങളാണ് വയനാട്ടിൽ നിന്ന് ഷാരൂൺ പങ്കുവെച്ചത്.

പലയിടത്തുനിന്നും കണ്ടെത്തിയ പൂച്ചകൾക്കും പട്ടികൾക്കുമെല്ലാം അരികെ വരാൻ പോലും വലിയ ഭയമായിരുന്നത്രെ...എന്തായിരിക്കും ഈ മിണ്ടാപ്രാണികളെ ഇത്ര ഭയപ്പെടുത്തിയിട്ടുണ്ടാവുക ?, മഹാദുരന്തത്തിനു നിശബ്ദ ദൃസാക്ഷിയായതിന്റെ ആഘാതമായിരിക്കുമോ ?

പുത്തുമലയിൽ പൂർണ്ണമായും മണ്ണിലമർന്ന ഒരു വീടിനരികെ ആരെയോ പ്രതീക്ഷിച്ച് പമ്മിയിരുന്ന ഒരു പേർഷ്യൻ പൂച്ചകുട്ടിയെ രക്ഷപെടുത്തി സുരക്ഷിത സ്ഥാനത്തു എത്തിച്ച ഒരനുഭവം പങ്കുവെക്കുകയുണ്ടായി... ആരെ പ്രതീക്ഷിച്ചായിരിക്കണം ആ മിണ്ടാപ്രാണി ആ തകർന്ന വീടിനരികിൽ കാത്തിരുന്നിട്ടുണ്ടാവുക ? ഈ നാളുകളത്രയും തന്നെ പാലൂട്ടി പരിചരിച്ച, ഒരൊറ്റനിമിഷം കൊണ്ട് മണ്ണിലമർന്നുപോയ തന്റെ പ്രിയരേ കാത്തായിരിക്കുമോ ..?

മുണ്ടകൈ ഗ്രാമത്തിൽ ഏകദേശം പത്തുദിവസം മുൻപ് ഉടമസ്ഥർ ഒഴിഞ്ഞുപോയ ഒരു വീട്ടിലെ കൂട്ടിൽ പൂട്ടിയിട്ടിരുന്ന കോഴികൾ കൂട്ടിനുള്ളിലെ പ്ലാസ്റ്റിക്കും മറ്റും കൊത്തിപറിച്ചു കഴിച്ചും കൂട്ടിലിറ്റുവീഴുന്ന വെള്ളം കുടിച്ചുമായിരുന്നത്രെ ജീവൻ നിലനിർത്തിയിരുന്നത്, കൂടുതുറന്നപ്പോൾ ചാടിയിറങ്ങി സ്ഥലകാലബോധമില്ലാത്ത വെപ്രാളത്തോടെ പാഞ്ഞ കോഴികളുടെ കാഴ്ച, വെറും തേയിലയുടെ ഇല മാത്രം കഴിച്ചു ജീവൻ നിലനിർത്തിയ പശുക്കൾ തീറ്റകണ്ടതോടെ ആർത്തിയോടെ ഓടിയെത്തിയത്, ഭക്ഷണമൊന്നുമില്ലാതെ എല്ലും തോലുമായ നായ്ക്കൾ ഒരിത്തിരി വറ്റിനായ് ഒപ്പം കൂടിയത് അങ്ങനെ നിരവധി അനുഭവങ്ങൾ ...


ഒടുവില്‍ ഒരനുഭവം കൂടി ഷാരൂൺ ഇന്ന് ഫോണിൽ പങ്കുവെക്കുകയുണ്ടായി, ഹൃദയമുള്ളവരുടെ ഉള്ളുലക്കുന്നത്.

പുറംലോകവുമായി ബന്ധപ്പെടാനുള്ള വഴികളത്രയും മഹാദുരന്തത്തിൽ ഒലിച്ചുപോയി തീർത്തും ഒറ്റപ്പെട്ടുപോയ ചൂരൽമലക്കടുത്ത അംബേദ്ക്കർ കോളനിയെന്ന ഗ്രാമത്തിൽ നിന്നുള്ള ഒരനുഭവം.

ഏറെ പരിശ്രമിച്ച് ആ ഉൾഗ്രാമത്തിലേക്ക് നടന്നെത്തി അവിടെയുള്ള നായ്ക്കൾക്കും പൂച്ചകൾക്കും ഭക്ഷണം നൽകുന്നതിനിടെ ഒരു കൂരയിൽ നിന്നും കുറച്ചു മനുഷ്യർ ഇറങ്ങിവന്ന് ചോദിച്ചത്രേ, "ഞങ്ങൾക്കും ഇത്തിരി അരി തരോ, ഇത്തിരി അരി".

ഈ അനുഭവം പറഞ്ഞവസാനിപ്പിക്കുമ്പോൾ ഷാരൂണിന്റെ തൊണ്ടയിടറുന്നുണ്ടായിരുന്നു

ദുരിതാശ്വാസക്യാമ്പുകളിൽ എത്തിയിട്ടില്ലാത്ത, പുറം ലോകവുമായി ബന്ധപ്പെടാനുള്ള വഴികളത്രയും പ്രകൃതി ദുരന്തം മുറിച്ചുകളഞ്ഞ ഒറ്റപ്പെട്ട ഉൾഗ്രാമങ്ങളിൽ, ആരുമറിയാതെ അനേകം മനുഷ്യർ പ്രയാസത്തിലാണെന്ന് ഈ അനുഭവം വിളിച്ചു പറയുന്നുണ്ട്...


വയനാടിന് ഇപ്പോഴും വിശക്കുന്നുണ്ട്, അവിടത്തെ മനുഷ്യർക്കും, മൃഗങ്ങൾക്കുമെല്ലാം. ഇനിയും ഏറെ സഹായവും വേണ്ടതുണ്ട് ...

ഷാരൂണും കൂട്ടുകാരും നാളെയും യാത്ര തിരിയ്ക്കും, പ്രളയം ഏറെ ബാധിച്ച പനമരത്തേയും മാനന്തവാടിയിലെയും മിണ്ടാപ്രാണികൾക്കുള്ള അന്നവുമായാണ് യാത്ര ..


ഷാരൂണിന്റെ പ്രവർത്തനങ്ങൾക്ക് ഒരു കൈത്താങ്ങേകാൻ സ്നേഹമുള്ളവർ വിളിക്കുമല്ലോ, ഇതാണ് ഷാരൂണിന്റെ നമ്പർ- 70 257 56 834

നൂറുനൂറുസ്നേഹം പ്രിയരേ... 💓

9 views0 comments

Comments


bottom of page