എഴുത്ത് : Sajeesh Sajeesh
ഞാൻ വിവിധ തരത്തിലുള്ള തക്കാളികൾ കൃഷി ചെയ്യുന്നുണ്ട് .തക്കാളി കൃഷി നിലത്ത് ചെയ്യുമ്പോൾ വിജയിക്കാത്തത് കൊണ്ട് ഗ്രോബാഗിലാണ് കൃഷി ചെയ്യുന്നത്. എൻ്റെ തക്കാളി കൃഷി രീതി ഏങ്ങനെയെന്ന് വിശദികരിക്കാം.
Perlite, Vermiculate, ചകിരി ചോറ്, എന്നിവ I:1:3 എന്ന അനുപാതത്തിൽ മിക്സ് ചെയ്താണ് വിത്ത് മുളപ്പിക്കാനുള്ള മിശ്രിതം തയ്യാറാക്കുന്നത്. ഈ മിശ്രിതം Paper cupയിൽ നിറച്ചാണ് വിത്ത് പാകുന്നത്. ആവശ്യത്തിനുളള ഈർപ്പം മാത്രമെ പാടുള്ളൂ. മണ്ണും ഡോള മൈറ്റും മിക്സ് ചെയ്ത് 15 ദിവസം വെയിൽ കൊള്ളിച്ചതിനു ശേഷം കരിയില, കൊന്നയില, മുരിങ്ങയില , പെരുവ ലം എന്നിവ ഗ്രോബാഗിൻ്റെ അടിഭാഗത്ത് നിറയ്ക്കും. അതിനുശേഷം മണ്ണ്, ചകിരിചോറ്, ചാണകപ്പൊടി ,വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർന്ന മിശ്രിതം ഗ്രോബാഗിൻ്റെ പകുതി ഭാഗത്ത് നിറയ്ക്കുന്നു. അതിനു ശേഷം സ്യൂഡോമോണസ് ലായനിയിൽ മുക്കി വച്ച നാലില പ്രായമുള്ള തക്കാളി തൈകൾ ഗ്രോ ബാഗിൽ നടുക .തക്കാളിച്ചെടി പരമാവധി താഴ്ത്തി നടാൻ ശ്രമിക്കുക. ഇല്ലെങ്കിൽ കുറച്ച് കഴിയുമ്പോൾ വേരുകൾ മുകളിൽ ഇരിക്കും. തുടർന്ന് തക്കാളിച്ചെടി വളരുന്നതിനുസരിച്ച് മണ്ണും ചാണകപ്പൊടിയും കൂടി മിക്സ് ചെയ്ത് ഗ്രോബാഗിൻ്റെ ബാക്കി ഭാഗത്ത് നിറയ്ക്കുന്നു. മുകൾ ഭാഗത്ത് കരിയില കൊണ്ട് പുതയിടുക. തക്കാളിച്ചെടി നടുമ്പോൾ തന്നെ ബലമുള്ള താങ്ങ് കൊടുക്കാൻ ശ്രദ്ധിക്കുക. സാധാരണ തക്കാളിക്ക് ചെറിയ ബലമുളള താങ്ങ് കൊടുക്കുക. ചെറിതക്കാളി പോലുള്ള തക്കാളിയിനങ്ങൾക്ക് നല്ല നീളമുള്ള താങ്ങാണ് കൊടുക്കാൻ ശ്രദ്ധിക്കേണ്ടത്.
രണ്ടാഴ്ച കൂടുമ്പോൾ 20 gm സൂഡോമോണസ് l ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ സ്പ്രെ ചെയ്യുകയും ചുവട്ടിൽ ഒഴിച്ച് കൊടുക്കുകയും ചെയ്യുക.ഇത് ബാക്ടീരിയൽവാട്ടത്തിന് ഫലപ്രദമാണ്. തക്കാളിച്ചെടി വളരുന്നതിനുസരിച്ച് ചെടിയുടെ അടിഭാഗത്തെ ഇലകൾ മുറിച്ച് കളയണം. ഇലകളുടെ ഇടയിൽ നിന്ന് മുളച്ച് വരുന്ന പുതിയ മുകളങ്ങൾ മുറിച്ച് കളയുന്നത് ഉൽപ്പാദനം കൂടാൻ സഹായിക്കും. ചിത്ര കീടം വന്ന ഇലകൾ മുറിച്ച് മാറ്റി തീയിടുകയും ആഴ്ചയിൽ ഒരിക്കൽ ജൈവ കീടനാശിനി അടിക്കുകയും ചെയ്യുക. മാസത്തിലൊരിക്കൽ ഒരു സ്പൂൺ കുമ്മായം തക്കാളിച്ചെടിയുടെ ചുവട്ടിൽ ഇടുമ്പോൾ മണ്ണിൻ്റെ PH ലെവൽ കൃത്യമായി ഇരിക്കാൻ സഹായിക്കും. തക്കാളിച്ചെടിയെ ബാധിക്കുന്ന വെള്ളിച്ച പോലുള്ള കീടങ്ങളെ ബീവേറിയ 20gm 1 ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ഇലകളുടെ മുകൾ ഭാഗത്തും അടി ഭാഗത്തും സ്പ്രെ ചെയ്ത് കൊടുക്കുക. തക്കാളിച്ചെടിയുടെ ചുവട് വെള്ളം കെട്ടി നിക്കാൻ അനുവദിക്കരുത്. തക്കാളിച്ചെടിയിൽ പരാഗണം കൃത്യമായി നടന്നില്ലെങ്കിൽ പൂക്കൾ കൊഴിഞ്ഞു പോകുകയും കായ് പിടിത്തം ഉണ്ടാകാതിരിക്കുകയും ചെയ്യും. അതിന് കൃത്രിമ പരാഗണം നടത്തണം. പൂവ് ഇളകുന്ന വിധത്തിൽ തണ്ടിൽ ചെറുതായി തട്ടികൊടുക്കുക. രാവിലെയും വൈകുന്നേരവും സ്ഥിരമായി ചെയ്യുക.ഇതിലൂടെ പൂക്കൾ കായ്കൾ ആയി മാറും. ഫിഷ് അമിനോ ആസിഡ് പോലുള്ള ദ്രവവളങ്ങൾ തക്കാളിച്ചെടിയിൽ പ്രയോഗിക്കുന്ന വഴി കൂടുതൽ വിളവ് ഉണ്ടാകും.
ചെറിതക്കാളി പോലുള്ള തക്കാളിയിനങ്ങൾ തണുപ്പ് കാലത്ത് കൂടുതൽ വിളവ് നൽകും.
Comments