top of page
Writer's pictureAjith Joseph

വേപ്പിൻ പിണ്ണാക്കായാലും ഗുണമറിയണം

എഴുത്ത് : Seena Shelly



ജൈവകൃഷിയുടെ വക്താക്കളാണ് ഈ മലയാളക്കര നിറയെ. അത് നല്ല കാര്യമാണ്. അതിൽ എത്രപേർ കൃത്യമായും കാര്യങ്ങൾ അറിഞ്ഞുകൊണ്ട് കൃഷിചെയ്യുന്നുഎന്നകാര്യത്തിൽ മാത്രമാണ് ആശങ്ക. ജൈവവളമെന്നും ജൈവകീടനാശിനിയുമെന്നും പറഞ്ഞ് തീരെ നിലവാരമില്ലാത്ത, കൂട്ട് ശരിയല്ലാത്ത ഉപയോഗശൂന്യമായ പല വളങ്ങളും കീടനാശിനിയും വിറ്റഴിക്കുന്ന, അറിവില്ലാത്തവരെ പറ്റിക്കുന്ന ഒട്ടേറെ കള്ളനാണയങ്ങളും ഈ മേഖലയിലുണ്ടെന്നത് സങ്കടകരമായ വസ്തുതയാണ്. മലയാളികൾക്ക് അടുത്തിടെ തോന്നിയ ജൈവകൃഷിയെന്ന ആശയത്തിനും അതിന്റെ പ്രയോഗത്തിനും കടയക്കലാണ് ഇത്തരക്കാർ കത്തിവെക്കുന്നത്. ജൈവകൃഷിയുടെ പ്രധാന അടിസ്ഥാന ഘടകമായി എല്ലാവരും പ്രയോഗിക്കുന്ന വളവും കീടനാശിനിയുമാണ് വേപ്പിൻ പിണ്ണാക്ക്. ശരിക്കും വേപ്പിൻപിണ്ണാക്കെന്നത് ഒരു കീടനാശനിയും മികച്ച ജൈവവളവും മാത്രമല്ല ജൈവവിഘടനമാധ്യമവും ആണ്. വേപ്പിൻ കുരുവിൽ നിന്ന് ചക്കിന്റെയോ എക്‌സ് പെല്ലറിന്റെയോ സഹായത്താൽ എണ്ണ വേർതിരിച്ചു കഴിഞ്ഞതിനുശേഷം ബാക്കിവരുന്നതാണ് വേപ്പിൻ പിണ്ണാക്ക്. എത്ര ആധുനിക യന്ത്രം ഉപയോഗിച്ചാലും പിണ്ണാക്കിൽ 10- 15 ശതമാനം എണ്ണ ബാക്കിനിൽക്കും. ഇതിൽ പ്രകൃതിജന്യ കീടനാശിനിയായ അസിഡിറാക്ടിൻ, നിംബിൻ ,നിംബാസിൻ എന്നിങ്ങനെയുള്ളവ അടങ്ങിയിരിക്കും. കൂടാതെ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം, മഗ്‌നീഷ്യം, ബോറോൺ എന്നിവയും അടങ്ങിയിരിക്കും അതിനാലാണ് ഇത് ജൈവവളവും ജൈവകീടനാശിനിയും ആയി ഉപയോഗിക്കപ്പെടുന്നത്. ഒരു സസ്യത്തിന് വളർന്നു വലിയതായി ഫലം തരണമെങ്കിൽ 16 മൂലകങ്ങൾ അത്യാവശ്യമാണ്. അതിൽ മിക്കതും വേപ്പിൻപിണ്ണാക്ക് പ്രദാനം ചെയ്യുന്നു. വേപ്പിൻകുരു ഉണക്കിപ്പൊടിച്ചതിൽ നിന്ന് എണ്ണയെടുത്തതിന്റെ അവശിഷ്ടമാണ് പിണ്ണാക്ക് എന്നാൽ ചിലർ അതിൽ അവശിഷ്ടമായിത്തള്ളുന്ന കുരുവിന്റെതോട് പൊടിച്ചതും ചേർത്ത് തൂക്കം കൂട്ടുന്നു. അങ്ങനെ വേപ്പിൻ കുരുവിന്റെ തോട് പൊടിച്ചത് ചേർത്ത് വരുന്ന പിണ്ണാക്കിന് വില അല്പം കുറയുമെങ്ങിലും അത് കേവലം വളത്തിന്റെ പ്രയോജനം മാത്രമേ ചെയ്യൂ. വേപ്പിൻകുരു ആട്ടിയെണ്ണയെടുത്തതിന് ശേഷം ലഭിക്കുന്ന പിണ്ണാക്കിന്റെ ഗുണം ചെയ്യാത്തത് വാങ്ങി കബളിപ്പിക്കപ്പെടാൻ സാധ്യതയുള്ളതുകൊണ്ട് വേപ്പിൻപിണ്ണാക്ക് വാങ്ങുമ്പോൾ ശരിക്കും ശ്രദ്ധിക്കണം. തോടുള്ള കുരുവിൽ 100 കിലോയ്ക്ക്് 60 കിലോയും തോടായിരിക്കും. 40 കിലോയാണ് പരിപ്പായിക്കിട്ടുക. 40 കിലോ പരിപ്പ് ആട്ടിക്കഴിഞ്ഞാൽ 15 കിലോ എണ്ണയും 25 കിലോ ശുദ്ധമായ വേപ്പിൻ പിണ്ണാക്കും കിട്ടും. ഇതിൽ മുമ്പ് സൂചിപ്പിച്ച 60 കിലോ തോടും ചേർത്താണ് കൃത്രിമമായ പിണ്ണ്ാക്കുണ്ടാക്കുന്നത്

തിരിച്ചറിയാം വേപ്പിൻപിണ്ണാക്കിലെ കള്ളനാണയങ്ങളെ ഇങ്ങനെ തിരിച്ചറിയാം എന്നത് പല പുതിയ കർഷകർക്കും ഒരു പ്രശ്‌നമാണ്. അവയെ ഇങ്ങനെയൊക്കെ തിരിച്ചറിയാം. തോടുചേർത്ത ചില പിണ്ണാക്കുകൾ കാഴ്ച്ചയിൽത്തന്നെ അല്പം ചുവന്ന നിറമായിരിക്കും. അതിന്റെ പിണ്ണാക്കിന് ഉറപ്പും കുറവായിരിക്കും. എന്നാൽ ശുദ്ധമായതിന് നല്ലകറുത്ത നിറവും ഉറപ്പും ഉണ്ടാകും. മായം ചേർത്തതിൽ പുറംതോടിന്റെ അംശങ്ങൾ കാണിക്കുന്നവയായിരിക്കും. ചാക്കിൽ നിന്ന് വാരിനോക്കിയാൽ കേടായ മുന്തിരിത്തോടുപോലുള്ള പുറം ഭാഗം ചതച്ചത് പിണ്ണാക്കിൽ കാണാം. ചിലതിൽ തോടും നന്നായി അരച്ചുചേർത്തിട്ടുണ്ടാകും അത് കണ്ടെത്താൻ രണ്ട് കുപ്പിഗ്‌ളാസിൽ സമം വെള്ളമെടുത്തതിന്‌ശേഷം അതിൽ 50 ഗ്രാം വീതം രണ്ടുപിണ്ണാക്കും നന്നായി കലക്കി യോജിപ്പിക്കുക. ശുദ്ധമായ വേപ്പിൻപിണ്ണാക്ക് കലക്കിയതിന്റെ അടിയിൽ മഞ്ഞനിറത്തിൽ ഊറിവരികയും മുകളിൽ നല്ല കറുത്ത നിറത്തിൽ ലായനി തെളിയുകയും ചെയ്യും. എന്നാൽ ശുദ്ധമല്ലാത്ത പിണ്ണാക്ക് ചേർത്ത ഗ്‌ളാസിലെ ലായനി നന്നായി ഊറില്ല. മാത്രമല്ല അതിന് ചെമ്പൻ(ചുവന്ന) നിറമായിരിക്കും ഉണ്ടാവുക. വേപ്പിൻപിണ്ണാക്ക് വാങ്ങുമ്പോൾ ശരിക്കും പരിശോധിച്ചതിന് ശേഷം മാത്രം വാങ്ങണം. അല്ലെങ്കിൽ നമ്മുടെ ജൈവകൃഷി കുളമാകും.

22 views0 comments

Comments


bottom of page