ഇലകളിലുള്ള വർണത്താൽ ആരെയും ആകർഷിക്കാൻ കഴിവുള്ളവരാണ് കലാഡിയം ചെടികൾ. ചെമ്പിന്റെ ഇലകൾ പോലെ ഹൃദയ രൂപത്തിൽ കാണുന്ന ഇലകളാണ് ഇവയുടെ ആകർഷണീയത. നമുക്ക് ധാരാളമായി ലഭിച്ചുകൊണ്ടിരുന്ന നാടൻ ഇനങ്ങൾക്ക് പുറമേ പുറം രാജ്യത്തുനിന്നും കൊണ്ടുവന്നതും പൂമ്പൊടിയിൽ കൃത്രിമ പരാഗണം നടത്തി ഉണ്ടാക്കിയെടുക്കുന്ന പുതിയ ഇനങ്ങളുമായി ഇന്ന് നമുക്ക് വളരെയധികം ഇനഭേദങ്ങളിൽ കലാഡിയം ചെടികൾ ലഭ്യമാണ്.
കലാഡിയം ചെടികൾ നമുക്ക് ഒരുപോലെ വീടിനകത്തും പുറത്തും വളർത്താൻ സാധിക്കുന്നവയാണ്. കലാഡിയം ചെടികൾ വീടിനകത്തു വളർത്തുമ്പോൾ ഇവയുടെ തണ്ടിലും ഇലകളിലുമുള്ള നീര് മനുഷ്യനും പട്ടി, പൂച്ച പോലുള്ള അരുമ മൃഗങ്ങൾക്കും ചൊറിച്ചിലിനു കാരണമാകാം അതിനാൽ തന്നെ കൂടുതൽ ശ്രദ്ധ ഇവ വളർത്തുമ്പോൾ നൽകണം.വീടിനകത്തു വളർത്തുമ്പോൾ ചെടികൾക്ക് രാവിലത്തെ വെയിൽ കിട്ടുന്ന രീതിയിൽ വളർത്തുന്നതാണ് കൂടുതൽ നല്ലത്. കൂടാതെ ചെടികൾക്ക് ആവശ്യമായ ഈർപ്പം ലഭിക്കാൻ ചെടിച്ചുവട്ടിൽ മറ്റൊരു പാത്രത്തിൽ വെള്ളം വെക്കുന്ന രീതിയും അനുവർത്തിക്കാവുന്നതാണ്.
ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും കലാഡിയം ചെടികളെ വളരെ മനോഹരമായി വീടുകളിൽ വളർത്താൻ സാധിക്കും.
മണ്ണ്:
വെള്ളം കെട്ടിനിൽകാത്തതും എന്നാൽ ഈർപ്പം നിലനിൽക്കുന്നതുമായ മണ്ണിൽ വളരാനാണ് കലാഡിയം ചെടികൾ ഇഷ്ടപ്പെടുന്നത്. മണ്ണ്, അടിവളമായി നൽകാൻ സാധിക്കുന്ന ചാണകപ്പൊടി, ആട്ടിൻവളം , കമ്പോസ്റ്റ് എന്നിവയിൽ ഏതെങ്കിലും 1 : 1 എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തി തയാറാക്കിയ മണ്ണിൽ ചെടികൾ നടാവുന്നതാണ്. ചെടികൾ നടനായി ചുവന്ന മണ്ണ് ഉപയോഗിക്കുന്നത് ചെടിയുടെ വളർച്ചയെ നന്നായി സ്വാധീനിക്കും. കൂടാതെ ചെടിച്ചുവട്ടിൽ ഈർപ്പം നിലനിർത്താൻ ചകിരിച്ചോർ ഉപയോഗിക്കുന്നതും നല്ലതാണ്.
തൈകൾ തയാറാക്കുന്ന രീതി:
കലാഡിയം ചെടികൾ പൊതുവേ കിഴങ്ങുകൾ വഴിയാണ് ഇവയുടെ പുതിയ തൈകൾ ഉണ്ടാക്കുന്നത്. കൂടാതെ പുതിയ ഇനങ്ങൾ ഉണ്ടാക്കാൻ പൂമ്പൊടിയിൽ കൃത്രിമ പരാഗണം നടത്തി വിത്തുകൾ ഉണ്ടാക്കി അവ കുളിർപ്പിക്കുന്ന രീതിയുമുണ്ട് എന്നിരുന്നാലും ഏറ്റവും കൂടുതൽ കിഴങ്ങുകൾ വഴിയോ അല്ലങ്കിൽ ചുവട്ടിൽ പൊട്ടിമുളച്ച ഉണ്ടാകുന്ന തൈകൾ പറിച്ചു വെച്ചോ പുതിയ തൈകൾ ഉണ്ടാക്കുന്ന രീതിയാണ്.
മഞ്ഞുകാലത്തോടുകൂടെ ശേഖരിക്കുന്ന കിഴങ്ങുകൾ നേരിട്ടോ പാകി കിളിർപ്പിച്ചോ അല്ലങ്കിൽ പുതിയതായി ചെടിച്ചുവട്ടിൽ വളർന്നു വരുന്ന തൈകൾ നാല് ഇല പ്രായമാകുമ്പോളോ പറിച്ചു നടാവുന്നതാണ്.
വെള്ളം:
ചെടികൾക്ക് വെള്ളം അധികം ആവശ്യമില്ലെങ്കിലും ചെടിച്ചുവട്ടിലെ മണ്ണ് ഉണങ്ങി തുടങ്ങുമ്പോൾ വെള്ളം നൽകണം. ചെടിച്ചുവട്ടിൽ അധികസമയം വെള്ളം കെട്ടിനിൽക്കുന്നത് ചെടി ചുവട്ടിലെ കിഴങ്ങുകൾ അഴുകി നശിക്കുന്നതിനു കാരണമാകും. ചെടിചുവട്ടിൽ ഈർപ്പം നിലനിർത്താൻ ചകിരിച്ചോർ ഉപയോഗിക്കാവുന്നതാണ്. മണ്ണിൽ ചകിരിച്ചോർ ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ മഴക്കാലത്ത് കൂടുതൽ ശ്രദ്ധ വേണ്ടിവരും. കൂടാതെ ഇലകളിൽ നേരിട്ട് വെള്ളം ഒഴിക്കുന്നത് ഇലകൾ ഒടിയുന്നതിനും ഇലയിലെ നിറങ്ങൾ മാഞ്ഞുപോകുന്നതിനും കാരണമാകും.
സൂര്യപ്രകാശം:
കലാഡിയം ചെടികൾക്ക് ചൂടുള്ളതും ഈർപ്പമുള്ളതുമായ സ്ഥലത്തു വളരാനാണ് താല്പര്യം. എന്നാൽ അതി കഠിനമായ നേരിട്ടുള്ള സൂര്യപ്രകാശം ചെടിയുടെ ഇലകൾ കരിയുന്നതിനും തണ്ടിലെ വെള്ളം പറ്റി ചെടിത്തണ്ടുകൾ ഒടിയുന്നതിനും കാരണമാകും. ചെറിയ തണലുള്ള സ്ഥലങ്ങളിൽ ഇവ വളർത്തുന്നതാണ് കൂടുതൽ നല്ലത് എന്നാൽ തണൽ ഇവയ്ക്കു കൂടിയാൽ ഇലയുടെ നിറങ്ങൾ കുറഞ്ഞു പച്ച നിറം കൂടുന്നതായി കാണുന്നു.
വളപ്രയോഗം:
ഇവയ്ക്കു വലിയതോതിലുള്ള വളപ്രയോഗം ആവശ്യമില്ലെങ്കിലും മൂന്നോ നാലോ ആഴ്ച്ച കൂടുമ്പോൾ ചെടികളുടെ ഇനം അനുസരിച്ചു വളങ്ങൾ നൽകാവുന്നതാണ്. ചെടികൾക്ക് അടിവളം കൂടാതെ ദ്രവകരൂപത്തിൽ വളങ്ങൾ നൽകുന്നതാണ് കൂടുതൽ നല്ലതു. ചെടിക്ക് വളമായി നന്നായി നേർപ്പിച്ച ചാണക സ്ലറി പോലുള്ള വിവിധ തരം സ്ലറികൾ, കടലപ്പിണ്ണാക്ക്, NPK വളങ്ങൾ എന്നിവ നൽകാൻ സാധിക്കും.
രോഗ കീടബാധ:
വലിയ രീതിയിലുള്ള രോഗ കീടബാധകൾ ഇവയ്ക്കു ഉണ്ടാകാറില്ലെങ്കിലും തളിരിലകളിലെ പുഴുവിന്റെ ആക്രമണം, മീലിബഗ്, ചെറു ചിലന്തികൾ എന്നിവയുടെ ശല്യം കണ്ടാൽ ഏതെങ്കിലും ഒരു വേപ്പധിഷ്ഠിത കീട നാശിനി ഉപയോഗിക്കാവുന്നതാണ്.
കീടനാശിനി തയാറാക്കാനാവശ്യമായ വേപ്പെണ്ണ വാങ്ങിക്കാം : https://amzn.to/3GydG3J
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും കലാഡിയം ചെടികളെ വളരെ നന്നായി പരിപാലിക്കാൻ സാധിക്കുന്നതാണ്.
Post a Comment