മോൺസ്റ്റെറ തൈകൾ എളുപ്പത്തിൽ എങ്ങനെ വളർത്തിയെടുക്കാം

മോൺസ്റ്റെറ സസ്യങ്ങൾ അൻപതിലധികം ഇനങ്ങളുള്ളവയാണ്, എന്നാൽ കൂടുതൽ ആൾക്കാർക്കും ഏറ്റവും ഇഷ്ട്ടപെട്ട ഇനങ്ങളിൽ ഒന്നാണ് മോൺസ്റ്റെറ ഡെലിസിയോസ. ഇലകൾ കീറിയതുപോലെ വ്യത്യസ്തമായ ദ്വാരങ്ങളാൽ അതിമനോഹരവും ഭീമാകാരവുമായ ഇലകൾക്ക് പേരുകേട്ടതാണ് മോൺസ്റ്റെറ ഡെലിസിയോസയെന്ന ഈ ഉഷ്ണമേഖലാ സസ്യം. 



മോൺസ്റ്റെറ ചെടികൾ തണ്ടുകളിൽ നിന്നുമാണ് പുതിയ തൈകൾ വളർത്തിയെടുക്കുന്നത്. ഏതൊരാൾക്കും എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ഒരു ചെടിതന്നെയാണ് മോൺസ്റ്റെറ. മോൺസ്റ്റെറ ചെടികൾ പൊതുവേ നമുക്ക് രണ്ടു രീതിയിൽ തണ്ടുകൾ ഉപയോഗിച്ച് വളർത്തിയെടുക്കാം.

  1. തണ്ടുകൾ വെള്ളത്തിലിട്ടു വളർത്താം.
  2. തണ്ടുകൾ മണ്ണിൽ നട്ടു വളർത്താം.

 
നമ്മുടെ കൈയ്യിലുള്ള മോൺസ്റ്റെറ ചെടികൾ തൈകളാക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗങ്ങളിലൊന്ന് വെള്ളത്തിലിട്ടു വളർത്തിയെടുക്കുന്ന രീതി. മോൺസ്റ്റെറ തൈകൾ വെള്ളത്തിൽ തയാറാക്കുമ്പോൾ താഴേ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.


1: ചെടി ആരോഗ്യമുള്ളതാണെന്ന് ഉറപ്പാക്കുക

നല്ല ആരോഗ്യമുള്ളതും കടും പച്ച നിറത്തിലുള്ള ഇലകളുമുള്ളതായ ഒരു മോൺസ്റ്റെറ ചെടിയിൽ നിന്ന്  വേണം കിളിർപ്പിച്ചെടുക്കുന്നതിനാവശ്യമായ തണ്ടുകൾ തിരഞ്ഞെടുക്കാൻ. കീടബാധകളോ രോഗമോ ബാധിച്ച് ആരോഗ്യമില്ലാത്ത ചെടികൾ തിരഞ്ഞെടുക്കുക വഴി ചെടികൾ നശിക്കുന്നതിനോ അല്ലങ്കിൽ ആരോഗ്യകരമല്ലാത്ത പുതിയ ചെടികളാകുന്നതിനോ കാരണമാകും.


2: ധാരാളം വെളിച്ചമുള്ളിടത് വെള്ളത്തിൽ തണ്ടുകൾ നടുക.

തിരഞ്ഞെടുത്ത തണ്ടുകൾ ചെടിയിൽ നിന്നും മുറിച്ചു മാറ്റിയുടനെ തന്നെ നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന വെള്ളത്തിലേക്ക് ഇറക്കി വെക്കണം (ചെടി തണ്ടുകൾ വിടുന്നതിനു മുന്നേ വെള്ളത്തിൽ വെക്കുക ). തണ്ടുകൾ ഇറക്കി വെച്ച പാത്രം ഇരുട്ടുള്ള സ്ഥലത്തില്ലാത്ത കുറച്ചു വെയിൽ ലഭിക്കുന്ന സ്ഥലത്ത് വയ്ക്കാൻ ശ്രദ്ധിക്കുക. ഒരു കാരണവശാലും ഈ സമയത്തു അധികം വെയിൽ ഇവയ്ക്കു ആവശ്യമില്ല. അധിക വെയിൽ ചെടിക്കു ലഭിക്കുന്നത് വഴി  ഇലകൾ കരിഞ്ഞുപോകാൻ കാരണമാകും. വീടുകൾക്കകത്താണ് ഇത്തരം തണ്ടുകൾ കിളിർപ്പിക്കാൻ വയ്ക്കുന്നത് എങ്കിൽ ഒരു കാരണവശാലും ചൂട് വെയിൽ അടിക്കുന്ന ജനാല സൈഡിൽ ചെടികൾ വയ്ക്കാതിരിക്കുക ഇങ്ങനെ ചെടി വെയ്ക്കുന്നത് ഗ്ലാസിൽ നിന്നും ചൂട് ഇറങ്ങി ചെടി കരിയുന്നതിന് കാരണമാകും.

 

3: ആവശ്യാനുസരണം വെള്ളം മാറ്റുക

വെട്ടിയെടുത്ത തണ്ടുകൾ കിളിർപ്പിക്കാൻ ഗ്ലാസ് പാത്രമാണ് ഉപയോഗിക്കുന്നത് എന്നുവരികിൽ വെള്ളം കെട്ടി നിർത്തുന്നതുവഴി പാത്രത്തിന്റെ ചുവരുകളിൽ ആൽഗകൾ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട് ഇതിനെ ചെറുക്കാൻ നമുക്ക്  ഇടയ്ക്കിടെ പാത്രത്തിലെ വെള്ളം വൃത്തിയാക്കേണ്ടത് അതാവശ്യമാണ്.

വെള്ളത്തിലുണ്ടാകുന്ന ആൽഗകളുടെ വളർച്ച ഒഴിവാക്കാൻ വെളിച്ചം വീഴാൻ അനുവദിക്കാത്ത രീതിയിലുള്ള സുതാര്യമല്ലാത്ത നിറങ്ങളുള്ള പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഒരു കാരണവശാലും ഈ സമയങ്ങളിൽ ചെടികൾക്ക് വളമോ മറ്റെന്തെങ്കിലുമോ വെള്ളത്തിൽ നൽകരുത്.


4: മണ്ണിലേക്ക് പറിച്ചുനടൽ

ഇങ്ങനെ കിളിർപ്പിച്ചെടുത്ത തണ്ടുകളിൽ കുറഞ്ഞത് രണ്ട് ഇഞ്ച് നീളമുള്ള നിരവധി വേരുകൾ ഉണ്ടായിക്കഴിഞ്ഞാൽ നമുക്ക് ഇവയെ തയ്യാറാക്കിയിരിക്കുന്ന മണ്ണിലേക്ക് പറിച്ചുനടാവുന്നതാണ്. ഈ തണ്ടുകൾ വെള്ളത്തിൽ കിളിർപ്പിച്ചെടുത്തതിനാൽ ഇവയുടെ വേരുകൾ നേർത്തതും എളുപ്പത്തിൽ പൊട്ടുന്നതുമായിരിക്കും  അതിനാൽ മണ്ണിലേക്ക് നടുമ്പോൾ കൂടുതൽ ശ്രദ്ധ വേണം.

കിളിപ്പിച്ച തണ്ടുകൾ മണ്ണിൽ നട്ടതിനു ശേഷം ചെടിക്കാവശ്യമായ താങ്ങു കൊടുത്തു മണ്ണിൽ നനവ് നിലനിർത്തി തണലത്തുവേണം ചെടിയെ വളർത്തിയെടുക്കാൻ. ചെടികൾക്ക് അതാവശ്യം വളർച്ചയെത്തിക്കഴിഞ്ഞാൽ നമുക്ക് ഇവയെ ഇഷ്ട്ടമുള്ള സ്ഥലത്തേക്ക് മാറ്റിവെക്കാവുന്നതാണ്.

Post a Comment

Previous Post Next Post