പാവപ്പെട്ടവന്റെ പശു എന്നാണ് ആടുകളെ പൊതുവേ പറഞ്ഞിരുന്നത് എങ്കിൽ എന്ന് ആ പഴചൊല്ല് മാറ്റി പറയേണ്ടുന്ന രീതിയിൽ അവയുടെ വില മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ നല്ലൊരു പശുവിനെ വാങ്ങുന്ന വിലയിൽ തന്നെ നമുക്ക് പലതരം ആടുകളെ വാങ്ങാൻ ലഭിക്കും.
കുറഞ്ഞ സ്ഥലത്തു ആർക്കും വളർത്താൻ സാധിക്കുന്ന ഒന്നാണ് ആടുകൾ അതിനാൽ തന്നെ വളർത്താവശ്യത്തിനും അതുപോലെ മാംസാവശ്യത്തിനുമുള്ള ഇവയുടെ ഡിമാന്റ് ഒരു കരണവശാലം കുറയുകയില്ല. സ്വന്തം വീടുകളിൽ ഒരു ആടിനെയെങ്ങിലും വളർത്തി ആർക്കും വരുമാനമുണ്ടാക്കാൻ സാധിക്കും. എന്നാൽ പൊതുവേ കേരളത്തിൽ അടുകൃഷി നഷ്ടമാണ് എന്നാണ് കൂടുതൽ കർഷകരും പറയുന്നത് അതിനു പ്രധാന കാരണമായി തോന്നിയിട്ടുള്ളത് കച്ചവടത്തിന്റെ ഇടക്ക് നിൽക്കുന്ന ഇടനിലക്കാരുടെ ചൂഷണവും അതുപോലെ കാലത്തിനനുസരിച്ചു ആടുകൃഷിയിൽ മാറ്റം കൊണ്ടുവരാത്തതുമാണ്.
![]() |
Image Credit : Designed by Freepik |
ആട്ടിൻ കുട്ടികളെ വളർത്താനായി വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം കഷ്ടപ്പാടും ചിലവും ഒക്കെ ഒരുപോലെ ആയതിനാൽ മാംസവും , വളർച്ചയും അതുപോലെ നമ്മുടെ കാലാവസ്ഥയിൽ വളരുന്നതുമായ നല്ലയിനം ആടുകളെ വാങ്ങാൻ ശ്രദ്ധിക്കുക എന്നതാണ്. നാടൻ ആടുകളെക്കാൾ കേരളത്തിന് പുറത്തിനിന്നുമുള്ളതും അതുപോലെ ഹൈബ്രിഡ് ക്രോസ് ആടുകളെയും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
വളർത്താൻ വാങ്ങിക്കുന്ന ആട്ടിന്കുട്ടികളുടെ പ്രായവും അവയുടെ ബ്രീഡിന്റെ വിശ്വാസ്യതയും മറ്റൊരു പ്രധാന കാരണമാണ്. കുറഞ്ഞത് മുന്ന് മാസമെങ്കിലും തള്ളപ്പാൽ കുടിച്ച ആരോഗ്യമുള്ള കുട്ടികളെ വാങ്ങാൻ ശ്രദ്ധിക്കുക. കുട്ടികളുടെ കേടുമാറുന്ന പ്രായത്തിൽ അവ തള്ളപ്പാൽ കുടിച്ചാൽ മാത്രമേ നമുക്ക് ആരോഗ്യവും വളർച്ചയുമുള്ള കുട്ടികളെ ലഭിക്കുകയുള്ളു. അതിനാൽ വളർത്താൻ വാങ്ങുമ്പോൾ കുട്ടികൾക്ക് കുറഞ്ഞത് അഞ്ച് മുതൽ ആറു മാസമെങ്കിലും പ്രായമായ കുട്ടികളെ വേണം തിരഞ്ഞെടുക്കാൻ.
ആട്ടിൻ കുട്ടികളെ രണ്ടു രീതിയിൽ വളർത്താൻ വാങ്ങിക്കാം
- ഇറച്ചി ആവശ്യത്തിനുള്ളവ
- വീട്ടാവശ്യത്തിനും പ്രജനനത്തിനുള്ളവ
നമ്മൾ ആട്ടിൻ കുട്ടികളെ ഏതിനാണ് വളർത്തുന്നത് എന്ന് ആദ്യമേ തിരുമാനിച്ചിരിക്കണം. ഇറച്ചി ആവശ്യത്തിന് വിൽക്കാൻ ആണ് എങ്കിൽ നല്ല വളർച്ചയും ആരോഗ്യമുള്ള മുട്ടനാടിൻ കുട്ടികളെ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ വീട്ടിൽ വളർത്തി വലുതാക്കി ആ കുട്ടിയിൽ നിന്നും പുതിയ ആരോഗ്യമുള്ള കുട്ടികളെ പ്രജനനത്തിലൂടെ തയാറാക്കാനാണ് എങ്കിൽ വാങ്ങുന്നത് നല്ല ആരോഗ്യമുള്ള അതുപോലെ ആട്ടിൻ കുട്ടികളുടെ തള്ളയാടിന്റെ ഗുണങ്ങൾ കൂടെ നോക്കിവേണം വളർത്തു കുട്ടികളെ തിരഞ്ഞെടുക്കാൻ.
പെൺ ആട്ടിൻകുട്ടികളെ വളർത്താൻ വാങ്ങുമ്പോൾ അവയുടെ ക്രോസ് ചെയ്‌ത ഇനങ്ങളെക്കുറിച്ചും അതുപോലെ ഈ കുട്ടി തള്ളയാടിന്റെ എത്രാം പ്രസവമാണ് എന്നും അതുപോലെ തള്ളയാടിന് പൊതുവേ പ്രസവത്തിൽ എത്ര കുട്ടികൾ ഉണ്ടാകാറുണ്ടന്നും അറിഞ്ഞിരിക്കുന്നത് നമ്മൾ വാങ്ങുന്ന കുട്ടിയുടെ വളർച്ചാ നിരക്ക് അറിയുന്നതിന് സഹായിക്കും.
വളർത്താവശത്തിനുള്ള ആടുകളെ ചന്തകളിൽ നിന്നും അല്ലാതെ നേരിട്ട് കർഷകരുടെ കയ്യിൽ നിന്നും കണ്ട് മനസിലാക്കി വാങ്ങുന്നതാണ് ഏറ്റവും നല്ലത്. അങ്ങനെ വാങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ കാഴ്ച്ച ഭംഗി മാത്രം കണക്കിലെടുക്കാതെ മെലിയാത്തതും നല്ല പ്രസരിപ്പോടെ ഇരിക്കുന്നതും അതുപോലെ നട്ടെല്ലിന്റെ പിറകു വശങ്ങൾ കൊഴുത്തുരുണ്ടിരിക്കുന്നതും ഇടുപ്പിന്റെ ഭാഗം മെലിയാതിരിക്കുന്നതുമായ കുട്ടികളെ തിരഞ്ഞെടുക്കാം.
വളർത്താവശ്യത്തിനായി ഒരേ രക്തബന്ധത്തിലുള്ള കുട്ടികളെ തിരഞ്ഞെടുക്കാതിരിക്കാൻ പ്രതേകം ശ്രദ്ധിക്കുക. മുട്ടനാടുകളെ വളർത്താവശത്തിനായി വാങ്ങുമ്പോൾ ആരോഗ്യമുള്ളതും അതുപോലെ അംഗ വൈകല്യങ്ങൾ ഇല്ലാത്തതും അതുപോലെ ഒറ്റകുട്ടിയല്ലാത്തതുമായ ആട്ടിൻ കുട്ടികളെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
ഇന്ന് നമുക്ക് കർഷകരുടെ കൈയിൽ നിന്നും നേരിട്ടല്ലാതെയും കേരളത്തിന് പുറത്തുനിന്നും കൊണ്ടുവരുന്ന ആടുകളെയും വാങ്ങാൻ ലഭിക്കുന്നതിനാൽ അത്തരം ആടുകളെ വാങ്ങുമ്പോൾ പ്രതേകം ശ്രദ്ധ വേണം. പുതിയതായി വാങ്ങികൊണ്ടുവരുന്ന ആടുകളെ കുറച്ചു ദിവസം നമ്മുടെ പ്രധാന കൂട്ടിൽ മറ്റു ആടുകളുടെ അടുത്തുനിന്നും മാറ്റിനിർത്തി പകർച്ചവ്യാധിയും മറ്റ് അസുഖങ്ങളും ഇല്ലന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പ്രധാന കൂട്ടിലേക്ക് കയറ്റാൻ പാടുള്ളു. അല്ലങ്കിൽ ഇവയ്ക്കുള്ള അസുഖങ്ങൾ മറ്റു ആടുകൾക്കു പകരാനും അതുവഴി നമ്മുടെ ആടുകൾ മുഴുവൻ മരണപ്പെടാനും ഇടയാകും.
മറ്റു സംസ്ഥാനത്തിനിന്നും കൊണ്ടുവരുന്ന ആടുകളെ വാങ്ങുമ്പോൾ കർഷകർ തീർച്ചയായും അവയുടെ ആരോഗ്യം മനസിലാക്കാനും രോഗങ്ങൾ ഒന്നും തന്നെയില്ലന്നു ഉറപ്പാക്കാനുമായി ഇനിപ്പറയുന്ന ചില പരിശോധനകൾ ചെയ്യാവുന്നതാണ്
- കാപ്രിൻ ആർത്രൈറ്റിസ് ആൻഡ് എൻസെഫലൈറ്റിസ് (CAE)
- കേസിയസ് ലിംഫോമ (CL)
- ജോൺസ് ഡിസീസ് ബ്രൂസെല്ലോസിസ്
- ക്ഷയം (TB)
ആടുകളെ വാങ്ങുമ്പോൾ തിർച്ചയായും അവയ്ക്കു നൽകുന്ന വാക്സിനേയും അതുപോലെ വിരബാധയും സംബന്ധിച്ച വിവരങ്ങൾ ചോദിച്ചു മനസിലാക്കുക അതുപോലെ വാക്സിനും വിരമരുന്നും എന്തെങ്കിലും നൽകിയിട്ടുണ്ടോ എന്നും അടുത്ത ഡോസ് എപ്പോൾ എന്ത് നൽകണമെന്നും മനസിലാക്കുക.
നമ്മൾ വാങ്ങുന്ന ആടുകൾ വീട്ടിൽ എത്തുമ്പോൾ യാത്രാ ക്ഷിണവും പേടിയും കാരണം ആദ്യത്തെ കുറച്ചു ദിവസത്തേക്ക് ആഹാരം എടുക്കാൻ മടികാണിക്കുന്നതിനാൽ കുട്ടികൾ പെട്ടന്ന് തന്നെ മെലിയാനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികൾക്ക് മുൻപ് നൽകിയിരുന്ന ആഹാര ക്രമം മനസിലാക്കി അതുതന്നെ ആദ്യത്തെ കുറച്ചു നാൾ നമ്മളും അവയ്ക്കു കഴിക്കാൻ നൽകിയ ശേഷം പതിയെ നമ്മുടെ ഭക്ഷണ ക്രമത്തിലേക്ക് കൊണ്ടുവരാവുന്നതാണ്.
തീറ്റയായി നമുക്ക് വിവിധ തരം പിണ്ണാക്കുകൾ, തവിടുകൾ, വിറ്റാമിനുകൾ കൂടാതെ മീനെണ്ണ എന്നിവയും ചേർന്ന തിറ്റമിശ്രിതം കുട്ടികളുടെ ശരീര ഭാരത്തിന് അനുസരിച്ചു നൽകാവുന്നതാണ്. കൂടാതെ ആവശ്യത്തിനുള്ള പച്ച പുല്ലോ പ്ലാവിലയോ നൽകണം കൂടാതെ കുട്ടികൾക്ക് ആവശ്യത്തിന് ശുദ്ധമായ വെള്ളമോ കാടിവെള്ളമോ നൽകേണ്ടതും അത്യാവശ്യമാണ്.
ആട്ടിൻ കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് വിറ്റാമിനുകൾ, ധാതുലവണങ്ങൾ, രോഗ പ്രതിരോധ കുത്തിവെയ്പ്പുകൾ, വിര മരുന്ന് കൂടാതെ ആരോഗ്യമുള്ള നല്ല വൃത്തിയുള്ള ആഹാരം എന്നിവ ലഭ്യമായാൽ മാത്രമേ നമുക്ക് നല്ല ആരോഗ്യമുള്ള കുട്ടികളെ വളർത്തിയെടുക്കാൻ സാധിക്കുകയുള്ളു.
നല്ല വളർച്ചയുള്ള മുട്ടനാട്ടിൻ കുട്ടികളെ ആറാം മാസത്തിൽ വാങ്ങി ഒന്നര വയസ് ആകുമ്പോൾ ബ്രീഡ് ചെയ്യാനായി നൽകിയും അല്ലങ്കിൽ മറ്റുള്ളവർക്കു വളർത്താൻ നൽകിയും പെണ്ണാടിനെ ചൈനയോടെയോ അല്ലാതെയോ ആവശ്യക്കാർക്ക് വിൽപന നടത്തിയും കർഷകർക്ക് വരുമാനം കണ്ടെത്താൻ സാധിക്കും. എന്നാൽ ആടുകൃഷി ലാഭകരമാകണമെങ്കിൽ ഇടനിലക്കാരുടെ ചൂഷണം ഇല്ലാതെ കർഷകർക്ക് നേരിട്ട് വിൽപന നടത്തിയാൽ മാത്രമേ കർഷകർക്ക് വരുമാനം ലഭിക്കയുള്ളു എന്നും മനസിലാക്കണം.
Post a Comment