വയലറ്റ് നിത്യ വഴുതന കൃഷി: നിറയെ കായ്കൾ ലഭിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

മലയാളിയുടെ ഭക്ഷണശീലങ്ങളിൽ പച്ചക്കറികൾക്കുള്ള സ്ഥാനം വളരെ വലുതാണ്. എന്നാൽ, ഇന്നത്തെ നമ്മുടെ അടുക്കളത്തോട്ടങ്ങളിലും വിപണിയിലും ഏറ്റവും കൂടുതൽ കാണപ്പെടുന്നത് വിപണിയിൽ നിന്ന് രാസവളങ്ങളും കീടനാശിനികളും തളിച്ച് എത്തുന്ന പച്ചക്കറികളാണ്. വിഷരഹിതമായ പച്ചക്കറികൾ സ്വന്തം വീട്ടുമുറ്റത്തുനിന്ന് തന്നെ വിളവെടുക്കുക എന്നത് ഓരോ മലയാളിയുടെയും സ്വപ്നമായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഏറെ ശ്രദ്ധയർഹിക്കുന്ന എന്നാൽ അധികമാരും തിരിച്ചറിയാത്ത ഒരു വിളയാണ് നിത്യ വഴുതന.

കേരളത്തിലെ പഴയകാല അടുക്കളത്തോട്ടങ്ങളിലും വേലികളിലും സമൃദ്ധമായി കണ്ടിരുന്ന ഒരു പച്ചക്കറിവള്ളിയാണ് നിത്യ വഴുതന. പേരിൽ വഴുതന എന്നുണ്ടെങ്കിലും സാധാരണ വഴുതനയുമായി ഇതിന് ബന്ധമില്ല. യഥാർത്ഥത്തിൽ മോണിംഗ് ഗ്ലോറി കുടുംബത്തിൽപ്പെട്ട ഒരു പടർപ്പൻ വള്ളിച്ചെടിയാണ്. ഗ്രാമ്പൂവിന്റെ ആകൃതിയോട് സാമ്യമുള്ള നീളൻ കായ്കൾ ലഭിക്കുന്നതിനാൽ ഇംഗ്ലീഷിൽ ഇത് Clove Beans എന്ന പേരിലും അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം Ipomoea turbinata എന്നാണ് ചില സ്രോതസ്സുകളിൽ നൽകിയിരിക്കുന്നത്.

നിത്യ വഴുതനയുടെ ഏറ്റവും വലിയ പ്രത്യേകത ഒരിക്കൽ നട്ടുപിടിപ്പിച്ചാൽ അനുയോജ്യമായ സാഹചര്യങ്ങളിൽ ദീർഘകാലം വളർന്ന് തുടർച്ചയായി കായ്കൾ നൽകാൻ കഴിയും എന്നതാണ്. വലിയ പരിചരണമോ ചെലവേറിയ വളങ്ങളോ ആവശ്യമില്ലാത്ത ഈ ചെടി വീടിന്റെ വേലികളിലും പന്തലുകളിലും ടെറസ് കൃഷിയിലും വളർത്താം. ഇതിന്റെ മനോഹരമായ വയലറ്റ് അല്ലെങ്കിൽ വെളുത്ത പൂക്കൾ പൂന്തോട്ടത്തിന് അലങ്കാരഭംഗിയും നൽകുന്നു.

 

എന്തുകൊണ്ടാണ് നിത്യ വഴുതന അടുക്കളത്തോട്ടങ്ങളുടെ രാജാവാകുന്നത്?

സാധാരണയായി പച്ചക്കറി കൃഷി ചെയ്യുന്ന ഏവരും അനുഭവിക്കുന്ന ഒരു പ്രധാന വെല്ലുവിളിയാണ് അവയെ ആക്രമിക്കുന്ന രോഗ കീട ബാധകളും വളത്തിന്റെ അപര്യാപ്ത്തതയും. എന്നാൽ നിത്യ വഴുതനയുടെ കാര്യം മറ്റുള്ളവയിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.  

  • രോഗപ്രതിരോധ ശേഷി: നിത്യ വഴുതനയെ സാധാരണയായി മറ്റു ചെടികളെ പോലെ കീടബാധകളോ  രോഗങ്ങളോ എളുപ്പത്തിൽ ബാധിക്കാറില്ല. ഇവയുടെ ഇലകൾക്കും തണ്ടുകൾക്കും പ്രകൃതിദത്തമായ ഒരു പ്രതിരോധ സംവിധാനമുണ്ട്. 
  • വർഷം മുഴുവൻ വിളവ്: പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിച്ച് നിത്യവും ഇതിൽ നിന്ന് വിളവെടുക്കാം. 
  • കുറഞ്ഞ പരിചരണം: ജോലിത്തിരക്കുള്ളവർക്കും മട്ടുപ്പാവ് കൃഷി ചെയ്യുന്നവർക്കും ദിവസവും മണിക്കൂറുകൾ മാറ്റിവെക്കാതെ തന്നെ വളർത്താൻ കഴിയുന്ന വിളയാണിത്. 
  • ചെറിയ സ്ഥലത്ത് വലിയ ഉൽപ്പാദനം: വീടിന്റെ വേലിയിലോ, ടെറസിലോ, ഗ്രോ ബാഗിലോ ഒരു വള്ളി പടർത്തിവിട്ടാൽ ഒരു കുടുംബത്തിന് ആവശ്യമായ പച്ചക്കറി ഇതിൽ നിന്ന് സമൃദ്ധമായി ലഭിക്കും.

 

നിത്യ വഴുതനയുടെ പോഷകഗുണങ്ങളും ആരോഗ്യമേന്മകളും

നമ്മുടെ പരമ്പരാഗത ഭക്ഷണക്രമത്തിൽ നിത്യ വഴുതനയ്ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും ഇതിന്റെ കായ്കൾക്കും ഇലകൾക്കും മികച്ച സ്ഥാനമുണ്ട്.

 

പോഷകഘടകം ആരോഗ്യപരമായ പ്രയോജനങ്ങൾ 
ഡയറ്ററി ഫൈബർ (Fiber)ദഹനപ്രക്രിയ സുഗമമാക്കുന്നു, മലബന്ധം തടയുന്നു.
വിറ്റാമിൻ സി & എരോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു, കാഴ്ചശക്തിക്ക് നല്ലതാണ്.
ആന്റിഓക്സിഡന്റുകൾശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും കോശങ്ങളുടെ വളർച്ചയ്ക്കും സഹായിക്കുന്നു.
ഇരുമ്പ് (Iron) & കാത്സ്യംവിളർച്ച തടയുന്നതിനും അസ്ഥികളുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതം.
കുറഞ്ഞ കലോറിശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ അനുയോജ്യം.

 നിത്യ വഴുതന പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനും പ്രമേഹ നിയന്ത്രണത്തിനും സഹായിക്കുമെന്ന് പരമ്പരാഗത അനുഭവങ്ങൾ വ്യക്തമാക്കുന്നു.

 

1. വിത്തും നടീൽ വസ്തുവും

കട്ടിയുള്ളതോടോടു കൂടിയ കറുത്ത നിറത്തിലുള്ള വിത്തുകളാണ് നിത്യ വഴുതനയുടേത്. വിത്തുകൾ നടുന്നതിന് മുൻപ് ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വെക്കുന്നത് വിത്തുകൾ വേഗത്തിൽ മുളച്ചു വരാൻ സഹായിക്കും.

വയലറ്റ് നിത്യ വഴുതനയെക്കുറിച്ചു കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.


 

2. നടീൽ മിശ്രിതവും മണ്ണ് ഒരുക്കലും

  • നിലത്ത് നടുകയാണെങ്കിൽ: ചെറിയൊരു കുഴിയെടുത്ത് അതിൽ അടിവളമായി നമുക്ക് ലഭ്യമായതിൽ ഏതെങ്കിലും ചാണകപ്പൊടി / ആട്ടിൻവളം / കമ്പോസ്റ്റ് എന്നിവ മണ്ണുമായി കലർത്തി തടമൊരുക്കിയതിനു ശേഷം അതിലേക്ക് വിത്തുകൾ നേരിട്ടോ പാകി കിളിർപ്പിച്ചോ നടാവുന്നതാണ്.

  • ടെറസ്സ് / ഗ്രോ ബാഗ് കൃഷി: 1:1:1 എന്ന അനുപാതത്തിൽ മണ്ണ്, ചകിരിച്ചോർ, അടിവളമായി നൽകാൻ സാധിക്കുന്ന ഏതെങ്കിലും ജൈവവളം (ചാണകപ്പൊടി/ ആട്ടിൻവളം /കമ്പോസ്റ്റ്) എന്നിവ ചേർത്ത് ഗ്രോ ബാഗുകൾ നിറയ്ക്കാം. ഇതിലേക്ക് അല്പം വേപ്പിൻപിണ്ണാക്ക് കൂട്ടിയിളക്കുന്നത് മണ്ണിലെ കീടങ്ങളെ തടയും.

 

3. പന്തലൊരുക്കലും നനയ്ക്കലും

നിത്യ വഴുതന ഒരു വള്ളിച്ചെടിയായതിനാൽ ഇവയ്ക്ക് പടർന്നു വളരാൻ താങ്ങ് / പന്തൽ അത്യന്താപേക്ഷിതമാണ്.വേലികളിലോ, ചെറിയ ചെടികളിലോ, പ്രത്യേകം തയ്യാറാക്കിയ പന്തലുകളിലോ നമുക്ക് ഇവയെ പടർത്തി വളർത്താവുന്നതാണ്. തുടക്കത്തിൽ മിതമായ രീതിയിൽ നനച്ചു കൊടുക്കണം. പന്തലിൽ പടർന്നു തുടങ്ങുന്നതോടെ വേരുകളിൽ വെള്ളം കെട്ടിക്കിടക്കാത്ത രീതിയിൽ നന നിയന്ത്രിക്കുകയും ചെയ്യാം. 

 

4. ജൈവ വളപ്രയോഗം

ഇവയ്ക്കി അധികം വളങ്ങൾ അവശമില്ലെങ്കിലും മികച്ച വിളവിന് രാസവളങ്ങളെക്കാൾ ജൈവ വളങ്ങളാണ്  ഇതിന് ആവശ്യം. മികച്ച വിളവിന് താഴെ പറയുന്ന ജൈവവളങ്ങളിൽ ഏതെങ്കിലും നൽകാവുന്നതാണ്:

  • കടലപ്പിണ്ണാക്ക് പുളിപ്പിച്ചത്: രണ്ട് ആഴ്ചയിലൊരിക്കൽ കടലപ്പിണ്ണാക്ക് പൊടി രൂപത്തിലോ അല്ലങ്കിൽ വെള്ളത്തിൽ കലക്കി പുളിപ്പിച്ചു തെളിയെടുത്ത് ഒഴിച്ചു കൊടുക്കുന്നത് ചെടി തഴച്ചു വളരാൻ സഹായിക്കും.
  • ഫിഷ് അമിനോ ആസിഡ് / എഗ്ഗ് അമിനോ ആസിഡ്: പൂവിടും സമയത്ത് ഇവ തളിച്ചു കൊടുക്കുന്നത് പൂക്കൾ കൊഴിയുന്നത് തടയാനും സമൃദ്ധമായി കായ്പിടുത്തം ഉണ്ടാകാനും സഹായിക്കും. 
  • ചാരം: ആവശ്യമെങ്കിൽ മാസത്തിലൊരിക്കൽ ചുവട്ടിൽ അല്പം ചാരവും ജൈവവളവും ഇട്ടുകൊടുക്കാവുന്നതാണ്.

 

5. സൂര്യ പ്രകാശം 

നിത്യ വഴുതന ചെടികൾക്ക് നല്ല വളർച്ചയ്ക്കും പൂക്കൾ ഉണ്ടാകുന്നതിനും ദിവസവും ഏകദേശം 5–6 മണിക്കൂർ നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കണം. വെളിച്ചം കുറഞ്ഞ സ്ഥലങ്ങളിൽ ചെടി നന്നായി വളർന്നാലും പൂക്കളുടെയും കായ്കളുടെയും ഉൽപാദനം കുറയാൻ സാധ്യതയുണ്ട്. അതിനാൽ വലിയ മരങ്ങളുടെ തണലിലോ സൂര്യപ്രകാശം വളരെ കുറവുള്ള ഇടങ്ങളിലോ നടുന്നത് ഒഴിവാക്കുക.

വേനൽക്കാലത്ത് കടുത്ത ചൂടും ജലക്ഷാമവും അനുഭവപ്പെടുന്നുണ്ടെങ്കിൽ മണ്ണിലെ ഈർപ്പം പരിശോധിച്ച് ആവശ്യത്തിന് നനയ്ക്കുക

 

6. ജലസേചനം 

 നിത്യ വഴുതന ചെടികൾ മണ്ണിൽ ആവശ്യത്തിന് ഈർപ്പം ലഭിക്കുന്ന സാഹചര്യത്തിൽ നന്നായി വളരും. എന്നാൽ അമിതമായ വെള്ളവും ചെടിച്ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നതും വേരുകൾ അഴുകുക വഴി ചെടി നശിക്കുന്നതിനു കാരണമാകും. 

 

7. പൂക്കളും കായ്‌കളും

വൈകുന്നേരത്തോടെ പൂത്തു തുടങ്ങുന്ന വയലറ്റ് അല്ലെങ്കിൽ വെളുത്ത നിറത്തിലുള്ള കോളാമ്പി ആകൃതിയിലുള്ള മോർണിങ് ഗ്ലോറി പൂക്കളോട് സാദർശ്യമുള്ള ഇവയുടെ പൂക്കൾ കണാൻ വളരെ മനോഹരമാണ്. 

ചെടിയിലുണ്ടാകുന്ന പൂക്കൾ അധികമായി കൊഴിഞ്ഞുപോകുകയാണെങ്കിൽ ആദ്യം ചെടിച്ചുവട്ടിലെ വെള്ളത്തിന്റെ ലഭ്യതയും ചെടിക്ക് ലഭിക്കുന്ന സൂര്യപ്രകാശവും പരിശോധിക്കുക. 

പൂക്കൾ വിരിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ചെടിയിൽ കായ്കൾ രൂപപ്പെടാൻ തുടങ്ങാം. പൂക്കലിനും കായ്കൾ രൂപപ്പെടുന്നതിനുമുള്ള കൃത്യമായ സമയം കാലാവസ്ഥയും ചെടിയുടെ വളർച്ചയും അനുസരിച്ച് മാറും. 

 

8. വിളവെടുപ്പും വിത്ത് ശേഖരണവും

നിത്യ വഴുതനയുടെ കായ്കൾ വളരെ ഇളം പ്രായത്തിൽ തന്നെ വിളവെടുക്കുന്നതാണ് നല്ലത്. കായ്കൾ അമിതമായി മൂക്കുമ്പോൾ നാരുകൾ കട്ടിയാകുകയും ഭക്ഷിക്കാൻ പ്രയാസമാകുകയും ചെയ്യാം. വള്ളികൾ വലിച്ചുപറിക്കാതെ ശ്രദ്ധിച്ചു കായ്കൾ നമുക്ക് പറിച്ചെടുക്കാവുന്നതാണ്.

വിത്തിനായി വേണ്ടുന്ന കായ്കൾ ചെടിയിൽ തന്നെ പൂർണമായി അവയുടെ വളർച്ച മൂക്കാൻ അനുവദിക്കുക. അവ ഉണങ്ങിയശേഷം വിത്തുകൾ ശേഖരിച്ച് തണുപ്പും ഈർപ്പവും ഇല്ലാത്ത സ്ഥലത്ത് സൂക്ഷിക്കാവുന്നതാണ്.

 

കുറഞ്ഞ ശ്രദ്ധയും ഉയർന്ന പ്രതിഫലവും നൽകുന്ന നിത്യ വഴുതന, ഓരോ മലയാളി വീട്ടമ്മയുടെയും കർഷകന്റെയും അടുക്കളത്തോട്ടത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു ഹരിത സമ്പത്താണ്. 

 

Post a Comment

Previous Post Next Post