പച്ചക്കറികളിൽ ഏവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു പച്ചക്കറിയാണ് പയർ. ഇന്ന് നമുക്ക് പല നിറത്തിലും പല നീളത്തിലുമുള്ള വിവിധതരം പയർ ഇനങ്ങൾ ലഭ്യമാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് നമുക്ക് വിളവ് നൽകുന്ന ഒരു പച്ചക്കറിയിനം തന്നെയാണ് പയർ. പയറിനു 45 ദിവസം വളർച്ചാ കാലഘട്ടവും അടുത്ത 45 ദിവസം കായ്ഫലം ഉണ്ടാകുന്ന സമയവും ചേർത്ത് ഒരു പയർ ചെടിക്ക് 90 ദിവസമാണ് ആയുസ്.
![]() |
Image Credit : Designed by Freepik |
പയർ കൃഷി ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് പൂ കൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ടും ചെടിയിലെ പൂക്കൾ കായപിടിക്കാതെ പൊഴിഞ്ഞു പോകാം. പയറിന്റെ പൂ കൊഴിച്ചിലിന് കാരണമായേക്കാവുന്ന പ്രധാനപ്പെട്ട ചില കാര്യങ്ങൾ താഴെക്കൊടുക്കുന്നു.
കാലാവസ്ഥാ വ്യതിയാനങ്ങൾ:
പയർ ചെടികൾക്ക് 32°C-നു മുകളിലും 15°C-ൽ താഴെയുമുള്ള താപനില പൂ കൊഴിച്ചിലിന് കാരണമാവാം. കൂടാതെ ചെടികൾക്ക് ആവശ്യത്തിനുള്ള വെള്ളം കിട്ടുന്നുണ്ടന്നു ഉറപ്പുവരുത്തണം. ഈർപ്പമില്ലാത്ത സാഹചര്യങ്ങളിലും ചെടിയിലെ പൂക്കൾ കൊഴിഞ്ഞുപോകാം.
പോഷകങ്ങളുടെ കുറവ്:
പയർ ചെടികൾക്ക് വളരുന്നതിനും പൂവിടുന്നതിനും ആവശ്യമായ പോഷക മൂല്യങ്ങൾ, പ്രത്യേകിച്ച് ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ കുറവ് ചെടിയിലെ പൂ കൊഴിച്ചിലിന് കാരണമാവാം. കൂടാതെ ബോറോൺ പോലുള്ള സൂക്ഷ്മ മൂലകങ്ങളുടെ കുറവും ചിലപ്പോൾ പൂക്കൾ കൊഴിയുന്നതിനു കാരണമാകും.
കീടങ്ങളും രോഗങ്ങളും:
ചെടിയെ ബാധിക്കുന്ന ചില കീടങ്ങളുടെ ആക്രമണം (ഉദാഹരണത്തിന്, വെള്ളീച്ച, കായീച്ച) പൂക്കൾ കൊഴിയുന്നതിന് കാരണമാവാം.
പൂ കൊഴിച്ചിൽ തടയാനുള്ള വഴികൾ:
ചിട്ടയായ ജലസേചനം: ചെടി ചുവട്ടിലെ മണ്ണ് ഉണങ്ങി ഉറയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൂടാതെ ചെടികൾക്ക് കൃത്യ അളവിൽ വെള്ളം ലഭിക്കുന്നുയെന്നു ഉറപ്പാക്കുക.
പോഷകങ്ങൾ നൽകുക: പയർ ചെടികൾക്ക് അവയുടെ വളർച്ചയ്ക്കും പൂവിടുന്നതിനും ആവശ്യമായ വളം നൽകുക. ചെടികൾ പൂവിടുന്ന സമയങ്ങളിൽ നമ്മൾ നൽകുന്ന വളങ്ങളിൽ ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ടെന്നു ഉറപ്പുവരുത്തുക.
ചെടിയുടെ വളർച്ചയ്ക്കും പൂവിടുന്നതിനും നൽകാൻപറ്റിയ ഒരു ജൈവ വളമാണ് കടലപ്പിണ്ണാക്ക് / കപ്പലണ്ടി പിണ്ണാക്ക്. കൂടാതെ ചെടികൾ പൂവിടുന്ന സമയത്ത് ബോറോൺ 20% ഒരു ലിറ്റർ വെള്ളത്തിൽ 1 ഗ്രാം എന്ന കണക്കിൽ ചെടികൾക്ക് സ്പ്രേ ചെയ്യുന്നത് പൂ കൊഴിച്ചിൽ തടയാൻ സഹായിക്കും.
ആവശ്യമുള്ള സാധനങ്ങൾ
1. 500 ഗ്രാം കടലപ്പിണ്ണാക്ക് / കപ്പലണ്ടി പിണ്ണാക്ക്
2. 100 ഗ്രാം ശര്‍ക്കര
3. 5 ലിറ്റര്‍ വെള്ളം
കടലപ്പിണ്ണാക്ക് ശര്‍ക്കര ലായനി തയാറാക്കുന്ന വിധം
അഞ്ച് ലിറ്റര്‍ വെള്ളത്തിലേയ്ക്ക് 500 ഗ്രാം പൊടിച്ച (പെട്ടന്ന് വെള്ളത്തിൽ ലയിക്കാനാണ് പൊടിക്കുന്നത്) കടലപ്പിണ്ണാക്ക് / കപ്പലണ്ടി പിണ്ണാക്ക് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേയ്ക്ക് 100 ഗ്രാം ശര്‍ക്കര ചികിയത് ചേര്‍ത്തിളക്കി പാത്രം മുടി വെക്കുക. ഒരു ആഴ്ച്ച കൊണ്ടുതന്നെ ഈ ലായനി നന്നായി പുളിച്ചു പൊന്തും ഇങ്ങനെ പുളിച്ചു പൊന്തിയ ലായനി ഒരു ലിറ്റര്‍ ലായനിക്ക് പത്ത് ലിറ്റര്‍ വെള്ളമെന്ന തോതില്‍ നേർപ്പിച്ച ചെടികൾക്ക് നൽകാം.
കീടബാധ: ചെടികളിൽ കീടബാധയുണ്ടെങ്കിൽ ഏതെങ്കിലും ഒരു വേപ്പെണ്ണ അധിഷ്ഠിത ലായനിയോ അല്ലങ്കിൽ വേപ്പെണ്ണ ലായനി (1-2 ml/1 ലിറ്റർ വെള്ളത്തിൽ കലക്കി ) ചെടിയിൽ സ്പ്രേ ചെയ്യുക വഴി ഒരു പരിധിവരെയുള്ള കിടങ്ങളെ തുരത്താൻ സഹായിക്കും.
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്കും പയർ ചെടികളിലെ പൂകൊഴിച്ചിൽ തടയാൻ സാധിക്കും.
Post a Comment