മരുഭൂമിയിലെ റോസ് എന്ന പേരിൽ അറിയപ്പെടുന്ന വിവിധ നിറങ്ങളിൽ പൂക്കൾ ഉണ്ടാകുന്ന മലയാളികൾ ഇന്ന് കുടുതലും തങ്ങളുടെ പൂന്തോട്ടത്തിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നതും എന്നാൽ കൂടുതൽ ആളുകളും വളർത്തി തോറ്റതുമായ ഒരു ചെടിയാണ് അഡീനിയം. മറ്റുചെടികൾ നടുന്നതുപോലെയുള്ള പോർട്ടിങ് മിശ്രിതവും പരിപാലനവുമാണ് ഈ ചെടികൾ കുടുതലും നശിച്ചു പോകുന്നതിനുള്ള പ്രധാന കാരണം.
വെള്ളം:
അഡീനിയം ചെടികൾ മരുഭൂമിയിലെ റോസ് എന്ന പേരിൽ അറിയപെടുന്നതിനു പ്രധാന കാരണം ഇവയ്ക്കു വളരാൻ വളരെ കുറച്ചു വെള്ളം മതിയെന്നതിനാലാണ്. ചെടിച്ചുവട്ടിലെ നനവ് നന്നായി ഉണങ്ങി ചെടിക്കു വെള്ളം ആവശ്യമാണ് എന്ന് തോന്നുന്ന സമയത്തു ചെടികൾക്ക് വെള്ളം നൽകുന്നതാണ് ഉത്തമം. അമിതമായ വെള്ളത്തിന്റെ അളവ് കാരണം ചെടിയിൽ ചീയൽ രോഗങ്ങൾക്ക് കാരണമാകും.
സൂര്യപ്രകാശം:
കുറഞ്ഞത് അഞ്ച് മണിക്കൂർ എങ്കിലും നേരിട്ടുള്ള വെയിലും ചൂടും ലഭിക്കുന്ന സ്ഥലമാണ് അഡീനിയം ചെടികൾ വളർത്താൻ ഏറ്റവും അനുയോജ്യം.
വളം:
ചെടികൾ നന്നായി പൂവിടാനായി രാസവളമായ NPK 19:19:19 (ഒരു ലിറ്റർ വെള്ളത്തിൽ 2 ഗ്രാം എന്നതോതിൽ ) ഉപയോഗിക്കാം. ജൈവ വളമായി കടലപ്പിണ്ണാക്ക് ചെടിച്ചുവട്ടിൽ നൽകാവുന്നതാണ്.
കൊമ്പുകോതൽ:
അഡീനിയത്തിൽ ശിഖരങ്ങളുടെ തുമ്പുകളിലാണ് എപ്പോളും പൂക്കൾ ഉണ്ടാകുന്നതു അതിനാൽ തന്നെ അഡീനിയം ചെടികൾ കോതി പുതിയ തണ്ടുകൾ ഉണ്ടാക്കുന്നതുവഴി ചെടിയിൽ കൂടുതൽ പൂക്കൾ ലഭിക്കുന്നതിന് കാരണമാകും. ഗ്രാഫ്ട് ചെടികൾ വളര്ച്ച അനുസരിച്ചു കുറഞ്ഞത് വർഷത്തിൽ ഒരിക്കലും വിത്തുവഴി വളർത്തിയെടുക്കുന്ന അഡീനിയം ചെടികൾ വളർന്നു 7 മാസം പ്രായമെത്തുമ്പോൾ ചെടി ചുവട്ടിൽ നിന്നും 4 ഇഞ്ച് ഉയരത്തിൽ തണ്ടുകൾ മുറിക്കാവുന്നതാണ്. ഇങ്ങനെ മുറിച്ചെടുക്കുന്ന തണ്ടുകൾ നട്ടും പുതിയ തൈകൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
തണ്ടുകൾ നട്ട് അഡീനിയം കിളിർപ്പിക്കുന്ന രീതി അറിയാൻ ഈ വിഡിയോ കാണുക.
അഡീനിയം ചെടികളുടെ കമ്പുകൾ മുറിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ചെടിയുടെ മുറിഭാഗത്ത് കുമിൾനാശിനിയായ സാഫ് (SAAF) പോലുള്ള ഏതെങ്കിലും ഒരു കുമിൾ നാശിനി തേച്ച് ചെടിയെ സംരക്ഷിക്കണം അല്ലങ്കിൽ ഈ മുറിപ്പാടുവഴി ചീയൽ ചെടിയെ ബാധിക്കാം.
അഡീനിയം ചെടികളിൽനിന്നും മുറിച്ചെടുക്കുന്ന ഇത്തരം നല്ല തണ്ടുകൾ നമുക്ക് മറ്റു ചെടിയിൽ ഗ്രാഫ്ട് ചെയ്യാനായി ഉപയോഗിക്കാം. അഡീനിയം ചെടിയിലെ ഗ്രാഫ്റ്റിങിനെകുറിച്ചറിയാൻ ഈ വിഡിയോ കാണുക.
രോഗങ്ങൾ:
അഡീനിയം ചെടികൾ അളിഞ്ഞുപോകുക എന്നതാണ് ഇവയ്ക്കുണ്ടാകുന്ന ഏറ്റവും വലിയ രോഗം. ചെടിയിൽ ഉണ്ടാകുന്ന മുറിപ്പാടുകൾ വഴിയോ അല്ലങ്കിൽ വെള്ളം അധിക സമയം കെട്ടിക്കിടക്കുന്നത് വഴിയോ കുമിൾ രോഗം ഉണ്ടാകാം. ചെടിയിലെ ചീയൽ രോഗത്തിന്റെ ആദ്യലക്ഷണം ഇലകളിൽ കാണുന്ന മഞ്ഞ നിറമാണ്. ചെടിയിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ സാഫ് (SAAF) പോലുള്ള ഏതെങ്കിലും ആന്റി ഫങ്കലോ അല്ലങ്കിൽ മൂന്നുഗ്രാം 'ഇൻഡോഫിൽ' ഒരു ലിറ്റർ വെള്ളത്തിൽ കലക്കി നാല് ദിവസത്തിലൊരിക്കൽ ചെടി മുഴുവനായി തളിക്കുന്നത് നല്ലതായിരിക്കും.
മഴക്കാല സംരക്ഷണം :
അഡീനിയം ചെടികൾ ഏറ്റവും കൂടുതൽ നശിച്ചുപോകുന്ന ഒരു സമയമാണ് മഴക്കാലം. നമ്മുടെ കേരളത്തിൽ മഴ അധികമായി ലഭിക്കുന്ന ഒരു സ്ഥലവുമാണ് ഇതിൽ നിന്നും ചെടികളെ സംരക്ഷിക്കാൻ സാഫ് (SAAF) പോലുള്ള ഏതെങ്കിലും ആന്റി ഫങ്കലോ അല്ലങ്കിൽ മൂന്നുഗ്രാം 'ഇൻഡോഫിൽ' ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ആഴ്ചയിൽ ഒരിക്കൽ ചെടി മുഴുവനായി തളിക്കുന്നത് നല്ലതായിരിക്കും. കൂടാതെ ചെടിച്ചുവട്ടിൽ വെള്ളം കെട്ടി കിടക്കുന്നില്ലയെന്നു ഉറപ്പുവരുത്തണം. അതിനായി ഈ രീതിയിലുള്ള പോർട്ടിങ് മിക്സ് തയാറാക്കാം. വെള്ളം അധികമായി ചെടിയുടെ ബൾബ് പോലുള്ള ഭാഗം പ്രസ് ചെയ്യുമ്പോൾ അമരുന്നുണ്ട് എങ്കിൽ ചെടിയെ മഴ നനയാതെ മാറ്റി സംരക്ഷിക്കുകയോ അല്ലങ്കിൽ ആന്റി ഫങ്കൽ നൽകി മണ്ണിൽ നിന്നും പറിച്ചു കെട്ടിത്തൂക്കിയിടുകയോ ചെയ്യാവുന്നതാണ്.
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അഡീനിയം ചെടി നന്നായി വളരുകയും സമൃദ്ധമായി പൂക്കൾ നൽകുകയും ചെയ്യും
Post a Comment