ചെണ്ടുമല്ലിയുടെ ഓണ കൃഷിക്ക് സമയമായി

കേരളത്തിൽ ഓണത്തോടനുബന്ധിച്ചുള്ള പൂ കൃഷി ഈ അടുത്ത വർഷങ്ങളിലായി വളരെയധികം പ്രചാരമേറിക്കൊണ്ടിരിക്കുന്നു. ഓണക്കാലത്ത് പല പൂക്കൾ കൃഷി ചെയ്യാമെങ്കിലും കൂടുതലായും ആളുകൾ  ചെണ്ടുമല്ലി അഥവാ മാരിഗോൾഡ്  ചെടികളാണ് തിരഞ്ഞെടുക്കുന്നത്.

 

ചെണ്ടുമല്ലിയുടെ ഓണ കൃഷിക്ക് സമയമായി

 

ചെണ്ടുമല്ലി പ്രധാനമായും ആഫ്രിക്കൻ മാരിഗോൾഡ്,  ഫ്രഞ്ച് മാരിഗോൾഡ് എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്. ആകർഷകമായ ചെറിയ പൂക്കളാണ് ഫ്രഞ്ച് മാരിഗോൾഡിന് എന്നാൽ കൃഷിക്കായി ഉപയോഗിക്കുന്നത് വലിയ പൂക്കളുള്ള ആഫ്രിക്കൻ മാരിഗോൾഡിനമാണ്. ഓറഞ്ച്, മഞ്ഞ, വെള്ള, ചുവപ്പ് തുടങ്ങിയ നിറങ്ങളിൽ മാരിഗോൾഡ് ലഭ്യമാണ്. 

മാരിഗോൾഡ് പൊതുവേ രണ്ടു സമയത്ത്‌ കൃഷി ചെയ്യാമെങ്കിലും കേരളത്തിൽ കൂടുതലായും ഓണക്കാലത്താണ് കൃഷി ചെയ്യുന്നത്.


ചെണ്ടുമല്ലി അഥവാ മാരിഗോൾഡ് ചെടിയുടെ കൃഷിരീതി 

കൃഷിക്ക് അനുയോജ്യമായ സമയം:


കേരളത്തിൽ ഓണക്കാലത്തേക്ക് പൂക്കൾ ലഭ്യമാക്കാൻ കൃഷി ചെയ്യുമ്പോൾ ജൂൺ-ജൂലൈ മാസങ്ങളിൽ തൈകൾ നടുന്നത് ഉത്തമമാണ് (തിരുവോണത്തിന് 80 ദിവസം മുമ്പ് തൈ പറിച്ചു നടണം). മണ്ഡലകാലത്ത് വിളവെടുക്കാൻ ഒക്ടോബർ അവസാനത്തോട് കൂടെ തൈകൾ നടണം. 

ഇനങ്ങൾ:

ചെണ്ടുമല്ലി പ്രധാനമായും രണ്ട് തരമുണ്ട് 

ആഫ്രിക്കൻ മാരിഗോൾഡ്: വലിയ പൂക്കളുള്ള ഇനമാണിത്.

ഫ്രഞ്ച് മാരിഗോൾഡ്: ആകർഷകമായ ചെറിയ പൂക്കളുണ്ടാകുന്ന ഇനമാണിത്. ചെടികൾ നട്ട് 40-45 ദിവസങ്ങൾക്കുള്ളിൽ തന്നെ പൂവിടുന്ന ഈ ചെടികൾ ഇന്ന് വിവിധ നിറങ്ങളിൽ ലഭ്യമാണ്.

മണ്ണ് തയാറാക്കുന്ന വിധം:

നല്ല നീർവാർച്ചയുള്ളതും സൂര്യപ്രകാശം ധാരാളം ലഭിക്കുന്നതുമായ ഏതുതരം മണ്ണിലും മാരിഗോൾഡ് കൃഷി ചെയ്യാമെങ്കിലും മണൽകലർന്ന എക്കൽ മണ്ണാണ് മാരിഗോൾഡ് കൃഷിക്ക് ഏറ്റവും അനുയോജ്യം. മഴക്കാലത്ത് ചെടികൾ വാരങ്ങൾ കോരിയും വേനൽക്കാലത്ത് ചാലുകളായിട്ടുമാണ് കൃഷി ചെയ്യാൻ നിലം തയാറാക്കേണ്ടത്.

തൈകൾ തയാറാക്കുന്ന വിധം: 

വിത്തുകൾ പാകിയോ തൈകൾ വാങ്ങിയോ നമുക്ക് കൃഷി തുടങ്ങാവുന്നതാണ്. വിത്തുകൾ പാകിയാണ് കൃഷി ചെയ്യുന്നതെങ്കിൽ തിരഞ്ഞെടുത്ത അതുല്പാദന ശേഷിയുള്ള  വിത്തുകൾ സീഡ് ട്രേകളില്‍ പാകി തൈകൾ പറിച്ചു നടുകയാണ് ചെയ്യേണ്ടത്. ചകിരിചോർ , വെർമിക്കുലൈറ്റ്, പെർലൈറ്റ് എന്നിവ 3:1:1 എന്ന അനുപാതത്തിൽ മിക്സ് ചെയ്തു വിത്തുകൾ നടാനുള്ള പോട്ടിംങ് മിക്സർ തയ്യാറാക്കാം. വിത്തുകൾ നടുന്നതിനു മുൻപ് വിത്ത് 20 മിനിറ്റ് സ്യൂഡോമോണസ് അല്ലങ്കിൽ സാഫ് (SAAF) എന്നിവയിലേതിലെങ്കിലും മുക്കിയിടുന്നത് നല്ലതാണ്. 

 

സ്യൂഡോമോണസ്  വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://amzn.to/4mY56vr 

SAAF വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക:  https://amzn.to/4dUeL25 

തൈകൾ പറിച്ചു നടുന്ന സമയം: 

സീഡിങ് ട്രേകളിൽ പാകിയ വിത്തുകൾ വളർന്നു 4 ആഴ്ചയാകുമ്പോൾ ട്രേയിൽ നിന്ന് പറിച്ചു നടാവുന്നതാണ്.


തൈകൾ നടീൽ: 

തൈകൾ പറിച്ചു നടുമ്പോൾ വാരങ്ങൾ തമ്മിൽ 60 CM ഉം ചെടികൾ തമ്മിൽ 40 CM വീതവും അകലവും ഉണ്ടായിരിക്കണം. നിലം നന്നായി കിളച്ച ശേഷം 40x40x40 സെന്റിമീറ്റർ വലിപ്പത്തിലുള്ള കുഴികളെടുക്കുക അതിലേക്ക് ചാണകപ്പൊടി പോലുള്ള ഏതെങ്കിലും ഒരു ജൈവ വളം അടിവളമായി നൽകികൊണ്ട് ചെടി നടാവുന്നതാണ് (കുഴികളിൽ ഓരോ പിടി വേപ്പിൻപിണ്ണാക്ക് നൽകുന്നത് ചെടിയുടെ ആരോഗ്യത്തിന് നല്ലതാണു).

വളപ്രയോഗം:

ചെണ്ടുമല്ലി ചെടികൾക്ക് നല്ലരീതിയിലുള്ള വളപ്രയോഗം ആവശ്യമാണ്. ചെടികൾക്ക് നമുക്ക്  രാസവളങ്ങളോ ജൈവവളങ്ങളോ നൽകാവുന്നതാണ്. ചെടികൾ നട്ടതിനു ശേഷമുള്ള വളങ്ങൾ ദ്രവക രൂപത്തിൽ നൽകുന്നതാണ് നല്ലത്. വിളവെടുപ്പ് കഴിഞ്ഞ് ഓരോ ആഴ്ചയിലും ചെടികൾക്ക് 5 ഗ്രാം NPK 19:19: 19 ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് നൽകുന്നത് ചെടിയുടെ ആരോഗ്യത്തിനും പൂക്കുന്നതിനും സഹായകമാകും.

കീടങ്ങളും രോഗങ്ങളും:

കീടബാധയും രോഗങ്ങളും ചെണ്ടുമല്ലിക്ക് വരാൻ സാധ്യതയുണ്ട്. ഇലമുരടിക്കൽ ഒരു പ്രധാന പ്രശ്നമാണ്. ത്രിപ്പ്സ്, മൈറ്റുകൾ തുടങ്ങിയ ചെറുപ്രാണികളാണ് ഇതിന് കാരണം. ചെടികളെ കൃത്യമായി ശ്രദ്ധിക്കുകയും ആവശ്യമെങ്കിൽ ഏതെങ്കിലും വേപ്പെണ്ണ അധിഷ്ഠിത ലായനികൾ തളിച്ച് ചെടികളെ കീടങ്ങളിൽ നിന്നും സംരക്ഷിക്കുകയും വേണം. 

ചെടികൾക്ക് രണ്ടാഴ്ച ഇടവിട്ട് സ്യൂഡോമോണാസ് 20 ഗ്രാം /  സാഫ് 2 ഗ്രാം എന്നിവയിൽ ഏതെങ്കിലും ഒന്ന്  ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ചുവട്ടിലും തണ്ടുകളിലും തളിച്ചു കൊടുക്കണം.

പരിചരണം : 

 4 ആഴ്ച്ചയെത്തിയ പറിച്ചു നട്ട തൈകൾ മൂന്നാഴ്ചകൂടെ വളർച്ചയെത്തികഴിയുമ്പോൾ തൈകളുടെ അഗ്രഭാഗം വൃത്തിയായ ഒരു കത്രിക ഉപയോഗിച്ചോ അല്ലങ്കിൽ ചെടികൾക്ക് കേടുപാടുകൾ ഉണ്ടാകാത്ത രീതിയിൽ മുറിച്ചു കളയണം. ഇങ്ങനെ ചെയ്യുന്നത് ചെടി കോലുപോലെ വളരാതെ ധാരാളം ശാഖകൾ ഉണ്ടാകാനാണ്. ചെടികൾ നട്ട് 45 ദിവസത്തിനുള്ളിൽ മൊട്ട് ഉണ്ടാകും ഇങ്ങനെ തുടർന്നുള്ള  ഒന്നര മാസത്തോളം പൂക്കൾ നമുക്ക് തുടർച്ചയായി വിളവെടുക്കാൻ സാധിക്കുകയും ചെയ്യും.

വിളവെടുപ്പ്:


ഇനങ്ങളനുസരിച്ച് ചെടികൾ നട്ട് 2 മുതൽ 3 മാസത്തിനുള്ളിൽ തന്നെ ചെടികൾ പൂത്തു തുടങ്ങും. ചെടികളിൽ ഉണ്ടാകുന്ന ആദ്യത്തെ പൂമൊട്ട് മുറിച്ചു കളയണം. ഇങ്ങനെ കളയുന്നത് ചെടിയിൽ കൂടുതൽ പൂക്കൾ ഉണ്ടാകുന്നതിനു സഹായിക്കും. മൂന്നു ദിവസത്തിലൊരിക്കൽ വീതം നമുക്ക് പൂക്കൾ വിളവെടുക്കാൻ സാധിക്കും.

1 Comments

  1. വിശദമായി എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നതിന് നന്നി

    ReplyDelete

Post a Comment

Previous Post Next Post
Update cookies preferences