വീടിനകത്തും പുറത്തും മനോഹരമാക്കാൻ വളർത്താം സോങ്ങ് ഓഫ് ഇന്ത്യ

നമ്മുടെ വീടിനകത്തും പുറത്തും ഒരുപോലെ വളർത്താൻ സാധിക്കുന്ന ഒരു ഇലച്ചെടിയാണ് സോങ്ങ് ഓഫ് ഇന്ത്യ അഥവാ ഡ്രസീന റിഫ്ലെക്സ എന്ന ചെടി. ഇവയുടെ ഇലകളിലെ നിറങ്ങൾ തന്നെയാണ് ഈ ചെടികളെ ഇത്രയും ജനപ്രീയമാക്കിയത്. ഇതിന്റെ ഇലകൾക്ക് മഞ്ഞയും പച്ചയും നിറങ്ങൾക്ക് പുറമേ പച്ച നിറത്തിലും , പച്ചയും  വെള്ളയും  തുടങ്ങിയ  മറ്റു രണ്ടു നിറങ്ങളിലും കാണാറുണ്ട്. 

 

വായുവിനെ ശുദ്ധികരിക്കുന്ന ചെടികളിൽ ഒരിനമായാണ് ഈ ചെടികളെ പറയപ്പെടുന്നത്. മൂത്ത ചെടികളിൽ മഞ്ഞുകാലങ്ങളിൽ വെളുത്ത ചെറിയ പൂക്കൾ ഉണ്ടാകുന്നതായി കാണപ്പെടാറുണ്ട്. പൂക്കൾക്ക് വേണ്ടിയല്ലാതെ പച്ചയും മഞ്ഞയും അല്ലെങ്കിൽ പച്ചയും വെള്ളയും വരകൾ പോലെയുള്ള വളരെ മനോഹരമായ ഇലകളാണ് ഇവയ്ക്കുള്ളത്. അതിനാൽ തന്നെ ഈ ചെടികൾ ആർക്കും എളുപ്പത്തിൽ വളർത്താവുന്ന ഒരു മികച്ച ഇലച്ചെടിയാണ്.

 ഈ ചെടികൾ പൊതുവേ മനുഷ്യന് ഉപദ്രവകാരിയല്ലെങ്കിലും പൂച്ചകൾക്കും നായ്ക്കും വിഷമുള്ളതായാണ് പറയപ്പെടുന്നത്.

ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏതൊരാൾക്കും സോങ്ങ് ഓഫ് ഇന്ത്യ അഥവാ ഡ്രസീന റിഫ്ലെക്സ ചെടികൾ നന്നായി വളർത്താൻ സാധിക്കും.

മണ്ണ്: 

വെള്ളം കെട്ടിനിൽക്കാതെ നന്നായി വാർന്നുപോകുന്ന വളക്കൂറുള്ള മണ്ണാണ് ഈ ചെടികൾക്ക് വളരാൻ നല്ലത്.   ഈ ചെടികളെ നമുക്ക് മണ്ണിലും ചെടി ചട്ടികളിലും ഒരുപോലെ നന്നായി വളർത്താൻ സാധിക്കും. ചെടി ചട്ടികളിൽ വളർത്തുമ്പോൾ മണ്ണ് , അടിവളമായി നൽകുന്ന ജൈവ വളങ്ങൾ ഏതെങ്കിലും (ചാണകപ്പൊടി / ആട്ടിൻവളം / കാമ്പോസ്റ് ) 2 : 1 എന്ന അനുപാതത്തിൽ കുട്ടികലർത്തിയ മണ്ണിൽ ചെടികൾ നടാവുന്നതാണ്. മണ്ണിലാണ് ചെടികൾ നടുന്നത് എങ്കിൽ ചെടികൾക്ക് ആവശ്യമായ ഒരു കുഴിയെടുത്തതിന് ശേഷം അതിലേക്ക് കുറച്ചു അടിവളം നൽകി ചെടി നടാവുന്നതാണ്. വെള്ളം കെട്ടികിടക്കാത്ത സ്ഥലം വേണം ചെടികൾ നടാനായി തിരഞ്ഞെടുക്കാൻ.



Image credit : Designed by Freepik

 

തൈകൾ തയാറാക്കുന്ന രീതി:

കമ്പുകൾ മുറിച്ചു നട്ടോ അല്ലങ്കിൽ ചെടി ചുവട്ടിൽ നിന്നും ഉണ്ടാകുന്ന തൈകൾ പറിച്ചു മാറ്റിയോ നമുക്ക് പുതിയ തൈകൾ തയാറാക്കാവുന്നതാണ്. തണ്ടുകളിൽ നിന്നും പുതിയ തൈകൾ ഉണ്ടാക്കുന്ന രീതിയാണ് ഏറ്റവും എളുപ്പം. തിരഞ്ഞെടുത്ത മുറിച്ചെടുത്ത തണ്ടുകൾ മണ്ണിൽ നേരിട്ട് വെച്ചോ വെള്ളത്തിൽ മുക്കി വെച്ചോ നമുക്ക് പുതിയ തൈകൾ തയാറാക്കാം. കിളിർപ്പിക്കാൻ വെക്കുന്ന തണ്ടുകൾ തണലിൽ വെച്ച് ആവശ്യത്തിന് വെള്ളം നൽകിവേണം കിളിർപ്പിക്കാൻ. 

സൂര്യപ്രകാശം:

നേരിട്ട് അതികഠിനമായ സൂര്യപ്രകാശം ലഭിക്കാത്ത എല്ലാ സ്ഥലത്തും നമുക്ക് ഈ ചെടികളെ വളർത്താൻ സാധിക്കും. അതികഠിനമായ സൂര്യപ്രകാശം ചെടിയുടെ ഇലകൾ കരിയുന്നതിന് കാരണമാകും. ഈ ചെടികൾ തണലിൽ വളരുമെങ്കിലും ചെടികൾക്ക് ലഭിക്കുന്ന സൂര്യപ്രകാശം കുറഞ്ഞാൽ ഇലകൾ മങ്ങിയ നിറത്തിലായിരിക്കും കാണപ്പെടുക.

വെള്ളം:

ഡ്രസീന റിഫ്ലെക്സ എന്ന ഈ ചെടികൾക്ക് അധികം വെള്ളത്തിന്റെ ആവശ്യമില്ല. വെള്ളത്തിന്റെ അളവ് കൂടിയാൽ വേരുകൾ അഴുകി ചെടി നശിക്കുന്നതിനു കാരണമാകും. ചെടിച്ചുവട്ടിലെ മണ്ണിന്റെ ഈർപ്പം കുറയുന്നതിനനുസരിച്ചു വെള്ളം നൽകിയാൽ മതിയാകും. എന്നിരുന്നാലും ചെടി വെള്ളം കിട്ടാതെ നശിച്ചുപോകാൻ ഇടയാകരുത്. മഴക്കാലത്ത് ചെടിച്ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കുകയും മഞ്ഞുകാലത്തു ചെടികൾക്ക് നൽകുന്ന വെള്ളത്തിന്റെ അളവ് ക്രമീകരിക്കുകയും വേണം. 

വളപ്രയോഗം:

ഈ ചെടികൾക്ക് അധികം വളം ആവശ്യമില്ല. ചെടികൾ നടുമ്പോൾ നൽകുന്ന ജൈവ വളത്തിൽ തന്നെ ചെടികൾ നന്നായി വളരും എന്നിരുന്നാലും 2 മുതൽ 3 മാസത്തിന്റെ ഇടവേളകളിൽ ഏതെങ്കിലും ജൈവ വളങ്ങൾ ചെടിക്ക് നൽകി മണ്ണ് അടുപ്പിക്കുന്നത് ചെടി നന്നായി വളരുന്നതിന് സഹായിക്കും.  മണ്ണിൽ  നിൽക്കുന്ന ചെടികൾക്ക് ചാണകപ്പൊടി / ആട്ടിൻവളം / കാമ്പോസ്റ് എന്നിവയിൽ ഏതെങ്കിലും വളമായി നൽകാം എന്നാൽ ചെടി ചട്ടികളിൽ വീടിനകത്തിരിക്കുന്ന ചെടികൾക്ക് NPK വളങ്ങൾ ഏതേലും നൽകിയാലും മതി. 



Image credit : Designed by Freepik

രോഗ കീടബാധ:

ഈ ചെടികൾക്ക് പൊതുവേ രോഗ കീട ബാധ ഒന്നും തന്നെ ഉണ്ടാകാറില്ലെങ്കിലും ചില സമയങ്ങളിൽ മീലിബഗിന്റെയോ ചില ചെറിയ ചിലന്തികളുടെയോ ശല്യം കാണാനുണ്ട്. ഇവയുടെ ശല്യം ഉണ്ടായാൽ ഏതെങ്കിലും ഒരു വേപ്പധിഷ്ഠിത ജൈവ കീടനാശിനി ഉപയോഗിച്ചാൽ മതിയാകും. 

വേപ്പെണ്ണ ഓൺലൈനായി വാങ്ങാം  : 
https://amzn.to/4kgFkjg

 ഈ ചെടികളുടെ ഇലയുടെ തുമ്പുഭാംഗം കരിയുന്നത്  ചെടികൾക്ക് ലഭിക്കുന്ന വെള്ളം വെയിൽ എന്നിവയുടെ അളവ് കുടുന്നതിന്റെയോ കുറയുന്നതിന്റെയോ കാരണം കൊണ്ടാകാം.

കമ്പ് കോതൽ (പ്രൂണിങ്) :


സോങ്ങ് ഓഫ് ഇന്ത്യയെന്ന ഈ ചെടികൾക്ക് 4-5 മീറ്റർ വരെ ഉയരം വെയ്ക്കുന്നവയായതിനാൽ തലപ്പുകൾ കുറഞ്ഞത് വർഷത്തിൽ ഒരിക്കലെങ്കിലും കോതി നിർത്തേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ കോതുന്ന തലപ്പുകൾ പുതിയ തൈകൾ ആക്കുന്നതിനു ഉപയോഗിക്കാവുന്നതാണ്. കൂടാതെ ചെടികൾ ഇങ്ങനെ പ്രുണ് ചെയുന്നത് വഴി നല്ലൊരു ഷേപ്പിൽ ആക്കാനും പുതിയ ധാരാളം തലപ്പുകൾ ചെടിയിൽ ഉണ്ടാക്കാനും സാധിക്കും.


Post a Comment

Previous Post Next Post