ജമന്തി ചെടികൾ പൂവിടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


സ്വർണ്ണ നിറം എന്ന അർഥം വരുന്ന ഗ്രീക്ക് പദമായ ക്രിസാന്തിമം എന്ന ഇംഗ്ലീഷ് പേരിലാണ് ജമന്തി ചെടികൾ പൊതുവേ അറിയപ്പെടുന്നത്. കേരളത്തിലെ കാലാവസ്ഥ ജമന്തി ചെടികൾക്ക് വളരാൻ അനുകൂലമാണ്. ജമന്തി ചെടികൾ പൊതുവേ കട്ട് ഫ്ലവർ ആയിട്ടാണ് ഉപയോഗിക്കുന്നത്. ഇവയുടെ പൂക്കൾ ഒരു ആഴ്ചയോളം കാലം ഉണങ്ങാതെ നിൽക്കുമെന്ന ഗുണമാണ് ഇവയെ കുടുതലായും കട്ട് ഫ്ലവർ ആയിട്ട് ഉപയോഗിക്കാനുള്ള കാരണം. 


പിങ്ക്, പർപ്പിൾ, ചുവപ്പ്, ഓറഞ്ച്, മഞ്ഞ, വെള്ള എന്നി അടിസ്ഥാന നിറങ്ങൾക്ക് പുറമേ മറ്റു ചില ഹൈബ്രിഡ് നിറങ്ങളിലും ഇന്ന് ജമന്തി ചെടികൾ നമുക്ക് ലഭ്യമാണ്. ഇവയുടെ പൂക്കൾക്ക് പെട്ടന്ന് കേടുപാടുകൾ സംഭവിക്കാത്തതിനാൽ തന്നെ പൂക്കളുടെ പ്രദർശന മേളകളിൽ ജമന്തി ചെടികളുടെ സ്ഥാനം വളരെ വലുതാണ്. 

ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും ജമന്തി ചെടികളെ വളരെ നന്നായി നമ്മുടെ വീടുകളിൽ വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്.

മണ്ണ്:

വളക്കൂറുള്ള വെള്ളം കെട്ടിനിൽക്കാത്ത ഏതുതരം മണ്ണിലും ജമന്തി ചെടികൾ വളരെ നന്നായി വളർത്താൻ സാധിക്കും. ചെടികൾ നടുന്നതിനായി മണ്ണ് അടിവളമായി നൽകാൻ സാധിക്കുന്ന ജൈവ വളങ്ങളായ ചാണകപ്പൊടി, ആട്ടിൻ വളം, കമ്പോസ്റ്റ് ഇവയിൽ ഏതെങ്കിലും നമുക്ക് ലഭ്യമായത് 1 : 1 എന്ന അനുപാതത്തിൽ കുട്ടികലർത്തി മണ്ണ് തയാറാക്കാവുന്നതാണ്. ഞങ്ങൾ ചെടികൾ നടുന്നതിനായി ചകിരിച്ചോർ ഉപയോഗിക്കാറില്ല വേനൽക്കാലത്തു ചെടി ചുവട്ടിൽ തണുപ്പ് നൽകുമെങ്കിലും കേരളത്തിലെ മഴയിൽ നിൽക്കുന്ന ചെടികൾക്ക് ചകിരിച്ചോർ ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. 

തൈകൾ തയാറാക്കുന്ന രീതി:

വിത്ത്, തണ്ട്, വേരിൽ നിന്നും ഉണ്ടാകുന്ന തൈകൾ എന്നിവ ഉപയോഗിച്ച് നമുക്ക് ജമന്തി തൈകൾ തയാറാക്കാവുന്നതാണ്. വിത്തുകൾ ഉപയോഗിക്കുമ്പോൾ വിശ്വാസയോഗ്യമായ സ്ഥലത്തുനിന്നും ആരോഗ്യമുള്ള നല്ല വിത്തുകൾ വേണം തിരഞ്ഞെടുക്കാൻ. 

ജമന്തി ചെടികളുടെ തലപ്പുകൾ മുറിച്ചെടുത്തോ അല്ലങ്കിൽ മണ്ണിൽ മുട്ടി വളരുന്ന തണ്ടുകളിൽ വേരുകൾ വന്നു കഴിയുമ്പോൾ ആ കമ്പുകൾ മുറിച്ചെടുത്തോ നമുക്ക് പുതിയ തൈകൾ തയാറാക്കാവുന്നതാണ് .

ജമന്തി ചെടിയുടെ തണ്ടുകൾ കിളിർപ്പിക്കുന്ന രീതി അറിയാൻ ഈ വിഡിയോ കാണുക.


വെള്ളം:

ജമന്തി ചെടികൾക്ക് അധികം വെള്ളം ആവശ്യമില്ലെങ്കിലും ചെടികൾ വെള്ളം ഒട്ടുമില്ലാതെ വാടിപോകാൻ ഇടയാകരുത് അതുപോലെ ചെടിച്ചുവട്ടിൽ കൂടുതൽ സമയം വെള്ളം കെട്ടിനിന്നും വേരുകൾ അഴുകി ചെടി നശിക്കാതെ ശ്രദ്ധിക്കണം. മഴക്കാലത്ത് ചെടിച്ചുവട്ടിൽ വെള്ളം കെട്ടാതെയും വേനൽക്കാലത്തു ചെടികൾക്ക് വെള്ളം കുറവാണെങ്കിൽ ഇലകൾ വാടി താഴേക്ക് കിടക്കുന്ന രീതിയിൽ നിന്നും സംരക്ഷിച്ചും ചെടികളെ പരിപാലിക്കേണ്ടതാണ്. 

സൂര്യപ്രകാശം:

ചെടികൾക്ക് ആവശ്യത്തിന് വെയിൽ ലഭിക്കുന്നുണ്ടന്നു ഉറപ്പുവരുത്തണം. ചെടികൾക്ക് ലഭിക്കുന്ന വെയിൽ അനുസരിച്ചാണ് ഇവയുടെ വളർച്ചയും പൂവിടലും. തണൽ കൂടിയാൽ ചെടികളിൽ പൂക്കൾ ഉണ്ടാകാതെ നീളത്തിൽ തണ്ടുകൾ വളരുന്നതായി കാണാം. നട്ടുച്ച സമയത്തെ അതികഠിനമായ വെയിൽ ഒഴിവാക്കുന്നതാണ് നല്ലത് അല്ലകിൽ ചെടികൾക്ക് ദിവസവും വെള്ളം കൊടുക്കാൻ ശ്രദ്ധിക്കണം.

വളപ്രയോഗം:

ജമന്തി ചെടികൾക്ക് പൂവിടുന്നതിനു കൃത്യമായ സമയങ്ങളിൽ വളങ്ങൾ നൽകണം. വളങ്ങൾ കിട്ടിയില്ല എങ്കിൽ ചെടികളിൽ നന്നായി പൂക്കൾ ഉണ്ടാകാറില്ല.  ചെടികൾ എന്തിനു വളർത്തുന്നു എന്നനുസരിച്ചു വേണം ഏത് വളം നൽകണം എന്ന് തീരുമാനിക്കാൻ. ജമന്തി ചെടികൾക്ക് ജൈവ വളമോ രാസ വളമോ ഉപയോഗിക്കാൻ സാധിക്കും. ചെടികൾക്ക് ജൈവ വളമായി കടലപ്പിണ്ണാക്ക് നൽകുന്നതാണ് ഏറ്റവും നല്ലരീതിയിൽ പൂക്കൾ ഉണ്ടാകുന്നതായി കണ്ടിട്ടുള്ളത്. രാസവളമായി NPK യുടെ ഏതെങ്കിലും ഒരു അനുപാതത്തിലുള്ള വളം നൽകിയാൽ മതിയാകും. 

ജമന്തി ചെടിയുടെ വളപ്രയോഗത്തെക്കുറിച്ചറിയാൻ ഈ വിഡിയോ കാണുക.

 
ചെടികൾക്ക് കൃത്യമായി 15 മുതൽ 20 ദിവസങ്ങളുടെ ഇടവേളകളിൽ വളം നൽകുന്നതാണ് നല്ലതു. മഴസമയത് ഇവയിൽ പൂക്കൾ പൊതുവേ കുറവായതിനാൽ ആ സമയങ്ങളിൽ നമുക്ക് ഇവയ്ക്കു നൽകുന്ന വളപ്രയോഗം കുറയ്ക്കാവുന്നതാണ്.

കമ്പ് കോതൽ:

ചെടികൾക്ക് കൂടുതൽ വലിപ്പമുള്ള പൂക്കൾ ഉണ്ടാകുന്നതിനും അതുപോലെ ചെടിയുടെ ആകൃതി നിലനിർത്തുന്നതിനും കൂടുതൽ തൈകൾ ഉണ്ടാക്കാനും ഇവയുടെ തലപ്പുകൾ മുറിക്കേണ്ടത് അത്യവശ്യമാണ്. പൂക്കാത്ത ചെടികളെ തലപ്പുകൾ മുറിക്കുന്നതുവഴി നമുക്ക് ചെടികളിൽ പൂക്കൾ കൊണ്ടുവരാൻ സാധിക്കുന്നതാണ്.

രോഗ കീടബാധ:

ചെടികളിൽ ഉണ്ടാകുന്ന പൂമൊട്ടുകൾ കരിയുന്നതിന് കാരണമാകുന്ന വണ്ടുകളെയും അതുപോലെ ഇവയിൽ ഉണ്ടാകുന്ന വെളിച്ചകളെയും നശിപ്പിക്കുന്നതിന് വേപ്പെണ്ണ അധിഷ്ട്ടിത ഏതെങ്കിലുമൊരു ജൈവ കിടനാശിനി ഉപയോഗിക്കാവുന്നതാണ്.

കീടനാശിനി തയാറാക്കാൻ ആവശ്യമായ വേപ്പെണ്ണ വാങ്ങാം: https://amzn.to/457fNDR

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും നമ്മുടെ പൂന്തോട്ടങ്ങളിൽ ജമന്തി ചെടികളെ വളരെ നന്നായി വളർത്തി പൂവിടിക്കാൻ സാധിക്കുന്നതാണ്.   

  

Post a Comment

أحدث أقدم
Update cookies preferences