ഔഷധഗുണങ്ങൾ നിറഞ്ഞ കദളി വാഴ: കൃഷിരീതികളും ഗുണങ്ങളും



കേരളത്തിലെ ക്ഷേത്രങ്ങളിലും വീട്ടുപറമ്പുകളിലും ഒരുപോലെ കണ്ടുവരുന്ന സവിശേഷമായ ഒരു വാഴയിനമാണ് കദളി. ഹിന്ദു ആചാരത്തിൽ പൂജാകർമ്മങ്ങൾക്കു  ഒഴിച്ചുകൂടാനാവാത്ത ഒരു പഴമായതിനാൽ തന്നെ ഇവയെ 'ദേവകദളി' എന്നും പറയപ്പെടാറുണ്ട്. സാധാരണ മറ്റു വാഴപ്പഴങ്ങളെ അപേക്ഷിച്ച് ഇവയ്ക്ക് വലിപ്പം കുറവാണെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ കദളി വളരെ മുന്നിലാണ് കൂടാതെ എത്ര പഴുത്താലും കുലയിൽ നിന്നും പഴം അടർന്നു വീഴില്ലെന്നതും പഴുക്കുമ്പോൾ ഉണ്ടാകുന്ന സുഗന്ധവും ഇവയെ മറ്റുള്ളവയിൽ നിന്നും എടുത്തു നിര്ത്തുന്നു. 

ഔഷധഗുണങ്ങൾ നിറഞ്ഞ കദളി വാഴ: കൃഷിരീതികളും ഗുണങ്ങളും
Image Credit : Gemini ai

പൂജാ കദളിയുടെ പ്രധാന ഉപയോഗങ്ങൾ

കദളി വാഴയുടെ എല്ലാ ഭാഗങ്ങളും നമുക്ക് പലരീതിയിൽ പ്രയോജനപ്രദമാണ്:

നിവേദ്യം: ക്ഷേത്രങ്ങളിൽ പ്രധാനമായും വഴിപാടുകൾക്കും പ്രസാദത്തിനുമായി കദളിപ്പഴം ഉപയോഗിക്കുന്നു.

ഭക്ഷണം: പോഷകസമൃദ്ധമായ കദളിപ്പഴം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉത്തമമാണ്. പഴുത്ത പഴം നേരിട്ട് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

ശുഭകർമ്മങ്ങൾ: വിവാഹം, ഗൃഹപ്രവേശം, അമ്പലത്തിലെ ആവശ്യങ്ങൾ തുടങ്ങിയ മംഗളകർമ്മങ്ങളിൽ കദളി വാഴയും പഴവും ഐശ്വര്യത്തിന്റെ പ്രതീകമായി കരുതപ്പെടുന്നു.

ഔഷധഗുണങ്ങൾ

ആയുർവേദത്തിൽ കദളിപ്പഴത്തിന് വളരെ വലിയ പ്രാധാന്യമുണ്ട്:

വൃക്കരോഗങ്ങൾ: വൃക്കയിലെ കല്ല് ഇല്ലാതാക്കാൻ കദളിപ്പഴം പതിവായി കഴിക്കുന്നത് സഹായിക്കുമെന്ന് കരുതപ്പെടുന്നു.

ദഹനപ്രക്രിയ: കദളി പഴം വളരെയധികം നാരുകളാൽ സമ്പന്നമായതിനാൽ മലബന്ധം ഒഴിവാക്കാനും ദഹനം സുഗമമാക്കാനും ഇത് ഉത്തമമാണ്.

ഊർജ്ജസ്വലത: കുട്ടികൾക്ക് ശരീരപുഷ്ടിക്കും ബുദ്ധിവികാസത്തിനും കദളിപ്പഴം പാലും ചേർത്ത് നൽകുന്നത് നല്ലതാണ്.

അൾസർ: വയറിലെ അൾസർ കുറയ്ക്കാൻ കദളിപ്പഴം സഹായിക്കുന്നു.

കൃഷിസമയവും രീതിയും

കദളി വാഴയുടെ വളർച്ചാ കാലയളവ് സാധാരണയുള്ളവയെക്കാൾ കൂടുതലാണ്.

നടുന്ന സമയം: വർഷത്തിൽ എപ്പോൾ വേണമെങ്കിലും കന്നുകൾ നടാമെങ്കിലും, ജൂൺ-ജൂലൈ മാസങ്ങളിലെ മഴക്കാലത്തിന്റെ തുടക്കം നടീലിന് ഏറ്റവും അനുയോജ്യമാണ്. തള്ള വാഴയിൽ നിന്നും പിരിച്ചെടുത്ത കന്നുകളോ  ടിഷ്യു കൾച്ചർ.വഴി തയാറാക്കിയ തൈകളോ ഉപയോഗിക്കാം.

കുഴിയുടെ വലിപ്പം: രണ്ട് അടി വീതിയിലും ആഴത്തിലുമുള്ള കുഴികൾ എടുക്കണം. കുഴികൾ തമ്മിൽ 2 മുതൽ 2.5 മീറ്റർ അകലം പാലിക്കുന്നത് നല്ലതാണ്.

അടിവളം: കുഴിയിൽ ഉണങ്ങിയ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ ചേർക്കുന്നത് വേരുപടലം വേഗത്തിൽ വളരാൻ സഹായിക്കും.

പരിപാലനത്തിനുള്ള നുറുങ്ങുവിദ്യകൾ 

സൂര്യപ്രകാശം: കദളി വാഴയ്ക്ക് നല്ലതുപോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം കൃഷിചെയ്യാനായി  തിരഞ്ഞെടുക്കേണ്ടത്.

നന: വേനൽക്കാലത്ത് കൃത്യമായ നന അത്യാവശ്യമാണ്. എന്നാൽ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാതെയും  നോക്കണം.

കീടനിയന്ത്രണം: തണ്ടു തുരപ്പൻ, മാണവണ്ട് എന്നിവയെ പ്രതിരോധിക്കാൻ വേപ്പിൻപിണ്ണാക്ക് വല്ലപ്പോഴും തടത്തിൽ വിതറുന്നത് നല്ലതാണ്.

വാഴ സംരക്ഷണം: വാഴ കുലച്ചു കഴിഞ്ഞാൽ കാറ്റത്ത് വീഴാതിരിക്കാൻ താങ്ങുതൂണുകൾ നൽകുക.

കന്നുകൾ നീക്കം ചെയ്യുക: പ്രധാന വാഴയുടെ വളർച്ചയെ ബാധിക്കാതിരിക്കാൻ ഇടയ്ക്കിടെ ഉണ്ടാകുന്ന ചെറിയ കന്നുകൾ നീക്കം ചെയ്യുക. എന്നാൽ അടുത്ത കൃഷിക്കായി ഒന്നോ രണ്ടോ നല്ല കന്നുകൾ നിലനിർത്താവുന്നതാണ്.

ചെറിയ സ്ഥലത്ത് പോലും ആദായകരമായും ഭക്തിപൂർവ്വമായും വളർത്താൻ സാധിക്കുന്ന ഒന്നാണ് കദളി വാഴ. ശരിയായ പരിചരണം നൽകിയാൽ മികച്ച വിളവും ആരോഗ്യഗുണങ്ങളും ഉറപ്പാക്കാം.

Post a Comment

Previous Post Next Post