ശീതകാല കൃഷിയായ ബീറ്റ്‌റൂട്ട് കൃഷി ഇപ്പോൾ നമുക്കും അടുക്കളത്തോട്ടത്തിൽ ചെയ്യാം

അൽപം ശ്രമിച്ചാൽ ആർക്കും നമ്മുടെ അടുക്കളത്തോട്ടത്തിലോ മട്ടുപ്പാവിലോ കൃഷി ചെയ്യാൻ സാധിക്കുന്ന  ഒന്നാണ് ബീറ്റ്‌റൂട്ട്. പോഷകസമൃദ്ധവും ശരീരത്തിന് ആവശ്യമായ ഇരുമ്പ്, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടവുമായ ബീറ്റ്‌റൂട്ട് നമ്മുടെ കാലാവസ്ഥയിൽ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കും. കൃത്യമായ പരിചരണം നൽകിയാൽ കുറഞ്ഞ ചിലവിൽ മികച്ച വിളവെടുപ്പ് സാധ്യമാക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് കൃഷി.

 

ശീതകാല കൃഷിയായ ബീറ്റ്‌റൂട്ട് കൃഷി ഇപ്പോൾ നമുക്കും അടുക്കളത്തോട്ടത്തിൽ ചെയ്യാം
Image credit : Gemini Ai

 

കാലാവസ്ഥയും മണ്ണും

കേരളത്തിലെ കാലാവസ്ഥ ബീറ്റ്‌റൂട്ട് കൃഷിക്ക് അനുയോജ്യമാണ്. തണുപ്പുള്ള സ്ഥലങ്ങളിൽ എന്നും കൃഷി ചെയ്യാമെങ്കിലും നമ്മുടെ വീടുകളിൽ ചൂട് കൂടിയ സമയങ്ങളെക്കാൾ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് ഇതിന്റെ വളർച്ച ഏറ്റവും മികച്ച രീതിയിൽ നടക്കുന്നത്.

  • മണ്ണ്: നീർവാർച്ചയുള്ളതും, നന്നായി അയഞ്ഞതുമായ മണ്ണാണ് ബീറ്റ്‌റൂട്ട്  കൃഷിയ്ക്ക് ഏറ്റവും ഉത്തമം. കുഴയുന്നതോ അല്ലെങ്കിൽ കളിമണ്ണ് കൂടുതലോയുള്ള മണ്ണാണെങ്കിൽ ചെടിയുടെ വേരുകൾ വളരാൻ ബുദ്ധിമുട്ടാകും.

  • പിഎച്ച് (pH): മണ്ണിന്റെ അമ്ലത 6.0 നും 7.0 നും ഇടയിൽ ആയിരിക്കുന്നത് ബീറ്റ്‌റൂട്ടിന്റെ വിളവ് വർദ്ധിപ്പിക്കും. മണ്ണിൽ ആവശ്യത്തിന് ചാണകപ്പൊടിയോ, ആട്ടിൻവളമോ അല്ലെങ്കിൽ കമ്പോസ്റ്റോ ചേർത്ത് മണ്ണ് ഇളക്കി കൃഷിയ്ക്കായി പാകപ്പെടുത്താം.

 

വിത്ത് തിരഞ്ഞെടുപ്പും നടീൽ രീതിയും

ബീറ്റ്‌റൂട്ട് കൃഷി വിജയകരമാക്കാൻ ആദ്യം വേണ്ടത് നല്ലയിനം വിത്തുകൾ തിരഞ്ഞെടുക്കുക എന്നതാണ്. ഇന്ന് നമുക്ക് വിപണിയിൽ ലഭ്യമായ ഹൈബ്രിഡ് വിത്തുകളോ നാടൻ ഇനങ്ങളോ ഉപയോഗിക്കാം. കൃഷിഭവൻ മുഖേനയും മുളപ്പിച്ച ഹൈബ്രിഡ് തൈകൾ ആർക്കും വാങ്ങാൻ ലഭിക്കും.

  1. മണ്ണ് ഒരുക്കൽ: കൃഷിസ്ഥലം നന്നായി ഉഴുതുമറിച്ച് കട്ടകൾ ഉടച്ച് പാകപ്പെടുത്തുക. അതിനു ശേഷം അടിവളമായി ചാണകപ്പൊടി, ആട്ടിൻവളം അല്ലെങ്കിൽ നിങ്ങൾക്ക് ലഭ്യമായ ജൈവ വളങ്ങൾ ചേർക്കാവുന്നതാണ്.

  2. വിത്ത് പാകൽ: ബീറ്റ്‌റൂട്ട് വിത്തുകൾ നേരിട്ട് തയാറാക്കിയ മണ്ണിലോ അല്ലെങ്കിൽ തൈകൾ മുളപ്പിച്ച് മാറ്റി നടാവുന്നതാണ്. നേരിട്ട് വിതയ്ക്കുമ്പോൾ വരികൾ തമ്മിൽ ഏകദേശം 20 മുതൽ 30 സെന്റിമീറ്ററും ചെടികൾ തമ്മിൽ 10 സെന്റിമീറ്ററും അകലം പാലിക്കണം.

  3. ആഴം: വിത്തുകൾ ഒരു സെന്റിമീറ്ററിൽ കൂടുതൽ ആഴത്തിൽ നടരുത് കൂടുതൽ ആഴത്തിൽ വിത്തുകൾ നട്ടാൽ അവ മുളയ്ക്കണമെന്നില്ല. വിത്തുകൾ നട്ട ശേഷം നനച്ചു കൊടുക്കാൻ ശ്രദ്ധിക്കണം.

വളപ്രയോഗവും നനയും

നല്ല ആരോഗ്യവും വലിപ്പവുമുള്ള ബീറ്റ്‌റൂട്ടിന്റെ കിഴങ്ങുകൾ ലഭിക്കാൻ കൃത്യമായ നനയും വളപ്രയോഗവും ചെടികൾക്ക് ആവശ്യമാണ്.

  • നനയ്ക്കൽ: വിത്ത് പാകിയതിനു ശേഷം മണ്ണ് എപ്പോഴും ഈർപ്പമുള്ളതായിരിക്കാൻ ശ്രദ്ധിക്കുക. എന്നാൽ ചെടിച്ചുവട്ടിലും വിത്തിലും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. വെള്ളം കെട്ടിനിന്നാൽ വിത്തുകളും കിഴങ്ങുകളും ചീഞ്ഞുപോകാൻ സാധ്യത കൂടുതലാണ്.

  • വളപ്രയോഗം: അടിവളത്തിനു പുറമേ ചെടി വളരുന്ന ഘട്ടത്തിൽ ജൈവ വളങ്ങൾ നൽകാവുന്നതാണ് . കടലപ്പിണ്ണാക്ക് പുളിപ്പിച്ചത്  നേർപ്പിച്ച് നൽകുന്നത് ചെടിയുടെ വളർച്ചയ്ക്ക് വളരെ നല്ലതാണ്. കൂടാതെ ചാരം നൽകുന്നത് പൊട്ടാസ്യത്തിന്റെ ലഭ്യത ഉറപ്പാക്കാനും കിഴങ്ങ് നന്നായി വലിപ്പം വെയ്ക്കാനും സഹായിക്കും. കട്ടിയുള്ളതും വീര്യം കൂടിയതുമായ വളങ്ങൾ നൽകുന്നത് ഒഴിവാക്കാവുന്നതാണ്. കൂടാതെ ഇതൊരു ഹ്രസ്വകാല വിളയായതിനാൽ തന്നെ ദ്രാവക രൂപത്തിലുള്ള വളങ്ങൾ നൽകുന്നതാണ് ഏറ്റവും നല്ലത്.

പരിചരണവും കളയെടുപ്പും

ബീറ്റ്‌റൂട്ട് കൃഷിയിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഒന്നാണ് അവയുടെ പരിചരണവും ചെടി ചുവട്ടിലെ കളകൾ നീക്കം ചെയ്യുന്നതും.

  • കള നീക്കം ചെയ്യൽ: ചെടിയുടെ വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ ഇടയ്ക്കിടെ കളകൾ നീക്കം ചെയ്യേണ്ടതുണ്ട്. കളകൾ വളർന്നാൽ അത് ചെടികൾക്ക് നൽകുന്ന പോഷകങ്ങൾ വലിച്ചെടുക്കുകയും ബീറ്റ്‌റൂട്ടിന്റെ വളർച്ചയെയും കിഴങ്ങിന്റെ വളർച്ചയേയും തടസ്സപ്പെടുത്തുകയും ചെയ്യും.

  • മണ്ണ് കൂട്ടിക്കൊടുക്കൽ: ചെടിയുടെ വിവിധ വളർച്ചാ ഘട്ടങ്ങളിൽ ചുവട്ടിൽ ഇളക്കമുള്ള മണ്ണ് കൂട്ടിക്കൊടുക്കേണ്ടത് അതാവശ്യമാണ്. ഇങ്ങനെ ചെയ്യുന്നത് കിഴങ്ങുകൾ മണ്ണിന് പുറത്തേക്ക് വന്ന് പച്ചനിറമാകാതിരിക്കാൻ സഹായിക്കും.

  • കീടബാധ: ചെടികൾക്ക് പൊതുവേ മണ്ണിലെ കീടങ്ങളുടെ ശല്യം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനായി വേപ്പെണ്ണ മിശ്രിതം തളിക്കുന്നത് പ്രതിരോധ മാർഗ്ഗമായി ഉപയോഗിക്കാവുന്നതാണ്. ചെടികളിൽ പുഴുവിന്റെ ശല്യം ഉണ്ടാകുന്നോയെന്നും ശ്രദ്ധിക്കേണ്ടതാണ്.

 

വിളവെടുപ്പ്

വിത്ത് പാകി ഏകദേശം 75 മുതൽ 90 ദിവസത്തിനുള്ളിൽ തന്നെ സാധാരണ നിലയിൽ ബീറ്റ്‌റൂട്ട് വിളവെടുപ്പിന് പാപ്തമാകും.

  • മണ്ണിൽ നിന്ന് പുറത്തേക്ക് നിൽക്കുന്ന കിഴങ്ങിന്റെ ഇലയോട് ചേർന്ന ഭാഗത്തിന് ആവശ്യത്തിന് വലിപ്പം വെച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് കിഴങ്ങിന്റെ വളർച്ച മനസ്സിലാക്കാവുന്നതാണ്.

  • അധികം മൂത്തുപോയാൽ ബീറ്റ്‌റൂട്ടിന് നാരുകൾ കൂടുകയും രുചി കുറയുകയും ചെയ്യും. അതിനാൽ കൃത്യസമയത്ത് തന്നെ വിളവെടുക്കാൻ ശ്രദ്ധിക്കുക.

  • വിളവെടുക്കുമ്പോൾ ചെടിയുടെ കടഭാഗത്ത് പിടിച്ച് പതുക്കെ വലിച്ചെടുക്കാം. വിളവെടുത്ത ശേഷം ഇലകൾ മുറിച്ചുമാറ്റി കിഴങ്ങിലെ മണ്ണ് കഴുകി ബീറ്റ്‌റൂട്ട് സൂക്ഷിക്കാവുന്നതാണ് ..

  • ബീറ്റ്‌റൂട്ടിന്റെ കിഴങ്ങുകൾ മാത്രമല്ല ഇവയുടെ ഇലകൾ ഉപയോഗിച്ച് സാലഡ്, തോരൻ തുടങ്ങിയവയും ഉണ്ടാക്കാൻ സാധിക്കും.

ബീറ്റ്‌റൂട്ട് കൃഷിയുടെ പ്രയോജനങ്ങൾ

  1. ആരോഗ്യം: സ്വന്തം തോട്ടത്തിൽ വിഷാംശമില്ലാതെ വിളയിച്ചെടുക്കുന്ന ബീറ്റ്‌റൂട്ട്  തോരൻ, മെഴുക്കുവരട്ടി , സാലഡ്, ജ്യൂസ് എന്നിവ ഉണ്ടാക്കുന്നതിലൂടെ നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

  2. കുറഞ്ഞ സ്ഥലം മതി: ഗ്രോബാഗുകളിലോ ചെറിയ ചട്ടികളിലോ പോലും ബീറ്റ്‌റൂട്ട്  വിജയകരമായി ആർക്കും കൃഷി ചെയ്യാൻ സാധിക്കും.

  3. വരുമാനം: കൃഷി വ്യാപിപ്പിച്ച് ചെയ്യുകയാണെങ്കിൽ വിപണിയിൽ നല്ല വില ലഭിക്കുന്നതിനാൽ കർഷകർക്ക് മികച്ച വരുമാന മാർഗ്ഗമായും ഇത് മാറ്റാം.

നമ്മുടെ ഏവരുടെയും അടുക്കളത്തോട്ടത്തിൽ എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് കൃഷി. കുറഞ്ഞ പരിചരണം കൊണ്ട് മികച്ച ഫലം തരുന്ന ഈ കൃഷിരീതി ഇന്ന് തന്നെ നിങ്ങളുടെ വീട്ടിലും ഒന്ന് പരീക്ഷിച്ചു നോക്കൂ!

Post a Comment

Previous Post Next Post