നമ്മുടെ കേരളത്തിൽ വീട്ടുവളപ്പിലും ടെറസിലും വീട്ടാവശത്തിനും അതുപോലെ തന്നെ വാണിജ്യാടിസ്ഥാനത്തിലും ഒരുപോലെ കൃഷി ചെയ്യാൻ കഴിയുന്ന ഒരു പച്ചക്കറിയിനമാണ് പാവൽ. പന്തലിൽ പടർത്തി വളർത്തുന്നതിനാൽ കുറഞ്ഞ സ്ഥലത്തും ഏതൊരാൾക്കും നല്ല വിളവ് നേടാൻ കഴിയും. ചൂടും ഈർപ്പവും ഉള്ള നമ്മുടെ കേരളത്തിലെ കാലാവസ്ഥ പാവൽ ചെടികളുടെ വളർച്ചയ്ക്ക് പൊതുവെ ഏറ്റവും അനുയോജ്യമാണ്.
ശരിയായ ഇനം തിരഞ്ഞെടുക്കുക, നല്ല വിത്ത് ഉപയോഗിക്കുക, വളക്കൂറുള്ള മണ്ണ് ഒരുക്കുക, ആവശ്യത്തിന് വെള്ളവും വളവും നൽകുക, ശക്തമായ പന്തൽ തയ്യാറാക്കുക എന്നിവയാണ് നല്ല ഒരു പാവൽ കൃഷിയുടെ പ്രധാന ഘടകങ്ങൾ എന്ന് പറയുന്നത്.
പാവൽ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ
പാവൽ ചെടികൾ ചൂടുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഒരു വള്ളിച്ചെടിയാണ്. കേരളത്തിലെ ചൂട് കാലാവസ്ഥ പാവൽ ചെടിയുടെ വളർച്ചയ്ക്കും കൃഷിയ്ക്കും ഒരുപോലെ ഗുണം ചെയ്യും. നല്ല സൂര്യപ്രകാശവും ആവശ്യത്തിന് ഈർപ്പവുമുള്ള സ്ഥലത്ത് ഇവ മികച്ച രീതിയിൽ വിളവ് ലഭിക്കും.
ദിവസത്തിൽ കുറഞ്ഞത് 6 മണിക്കൂറെങ്കിലും നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുന്നത് പാവൽ കൃഷിയിൽ ഏറ്റവും പ്രധാനമാണ്. അധികം തണലുള്ള സ്ഥലത്ത് ചെടികൾ നട്ടാൽ വള്ളികൾ നീണ്ടുപോകുകയും ഇലകളും പൂക്കളും കുറയുകയും അതുകാരണം വിളവ് കുറയുകയും ചെയ്യാം.
കേരളത്തിൽ പല സമയങ്ങളിലും പാവൽ കൃഷി ചെയ്യാൻ കഴിയുമെങ്കിലും, കനത്ത മഴ തുടർച്ചയായി ലഭിക്കുന്ന അടമഴ സമയത്ത് കൃഷി ആരംഭിക്കുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങൾ പാവൽ കൃഷിക്ക് പൊതുവേ അനുയോജ്യമല്ല, അല്ലെങ്കിൽ നല്ല ഉയരത്തിൽ തടമെടുത്തു വേണം ചെടികൾ നടനായി.
നല്ല വിത്ത് തിരഞ്ഞെടുക്കാം
പാവൽ കൃഷിയുടെ വിജയത്തിൽ വിത്തിന്റെ ഗുണനിലവാരം വളരെ പ്രധാനമാണ്. നല്ല ഗുണനിലവാരമുള്ള വിത്തുകൾ ഉപയോഗിക്കുന്നത് വഴി കൂടുതൽ വിളവും മാത്രഗുണത്തിന്റെ അതേ നിലവാരവും ലഭിക്കും ഇതുവഴി നമ്മുടെ ഉൽപ്പന്നത്തിന് കൂടുതൽ ഡിമാൻഡ് ലഭ്യമാകും.വിത്ത് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്:
- വിത്തുകൾക്ക് നല്ല മുളയ്ക്കൽ ശേഷി ഉണ്ടായിരിക്കണം
- രോഗബാധയില്ലാത്തതായിരിക്കണം
- വിശ്വസനീയമായ ഉറവിടത്തിൽ നിന്നുള്ളതായിരിക്കണം
- നമ്മുടെ പ്രദേശത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനം ആയിരിക്കണം
- പ്രാദേശിക വിപണനത്തിന് ഡിമാന്റ് ഉള്ളതായിരിക്കണം
നമ്മുടെ ആവശ്യമുള്ള പാവയ്ക്കയുടെ വലുപ്പം, നിറം, ആകൃതി, രുചി, വിളവെടുപ്പ് കാലം എന്നിവ പരിഗണിച്ചാണ് ഏത് ഇനം വേണം കൃഷി ചെയ്യാൻ എന്ന് തിരഞ്ഞെടുക്കേണ്ടത്.
വാണിജ്യകൃഷിയാണെങ്കിൽ ഉയർന്ന വിളവ് നൽകുന്ന, രോഗപ്രതിരോധശേഷിയുള്ള, വിപണിയിൽ കൂടുതൽ ആവശ്യക്കാരുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുന്നത് ഒരു കൃഷിയിൽ തന്നെ കൂടുതൽ ലാഭകരമാകാൻ സഹായിക്കും.
വിത്ത് മുളപ്പിക്കുന്ന രീതി
പാവൽ വിത്തിന് കട്ടിയുള്ള പുറംതോട് ഉള്ളതിനാൽ ചിലപ്പോൾ മുളയ്ക്കാൻ കൂടുതൽ സമയം എടുക്കാം. വിത്തുകൾ നമുക്ക് നേരിട്ട് തടത്തിലോ അല്ലെങ്കിൽ സീഡിങ് ട്രേകളിൽ പാകി കിളിർപ്പിച്ചതിനു ശേഷം തിരഞ്ഞെടുത്ത സ്ഥലത്ത് നടാവുന്നതാണ്.വിത്ത് നേരിട്ട് മണ്ണിൽ നടുന്നതിനു പകരം ആദ്യംസീഡിങ് ട്രൈകളിൽ പാകി കിളിർപ്പിച്ചു പിന്നീട് രണ്ടില പ്രായം കഴിയുമ്പോൾ ഗ്രോ ബാഗ്, ചട്ടി അല്ലെങ്കിൽ നിലത്തു നടുന്ന രീതിയാണ് കൂടുതൽ ആളുകളും അനുവർത്തിക്കുന്നത്.
പാവൽ വിത്തുകൾ നടുന്നതിന് മുമ്പ് തലേദിവസം വെള്ളത്തിലോ അല്ലങ്കിൽ കഞ്ഞി വെള്ളത്തിലോ കുതിർത്ത് വയ്ക്കുന്നത് ഇവയുടെ കട്ടിയുള്ള തോടുകൾ പൊട്ടി വിത്തുകളുടെ പെട്ടന്നുള്ള മുളയ്ക്കലിന് സഹായകരമാകും.
വിത്ത് മുളപ്പിക്കാൻ
ചകിരിച്ചോർ , ചാണകപ്പൊടി / ആട്ടിൻവളം / കമ്പോസ്റ്റ്, മണൽ എന്നിവയിൽ ഏതെങ്കിലും ചേർന്ന മിശ്രിതം സീഡിങ് ട്രേകളിൽ നിറച്ചോ അടിവളം നൽകി തയാറാക്കിയ തടത്തിൽ നേരിട്ട് വിത്തുകൾ നട്ടോ തൈകൾ കിളിർപ്പിച്ചെടുക്കാൻ സാധിക്കും. അധികം മണ്ണിൽ താഴ്ത്തി വിത്തുകൾ നടാതെ തലഭാഗം നോക്കി ഏകദേശം 1 മുതൽ 2 സെന്റിമീറ്റർ ആഴത്തിൽ വിത്തുകൾ നട്ട് മുകളിൽ നേർത്തതായി മണ്ണ് അടുപ്പിക്കാവുന്നതാണ് ഇങ്ങനെ നടുന്ന വിത്തുകൾ കിളിർക്കുന്നത് വരെ തണലും ആവശ്യത്തിന് ഈർപ്പവും നൽകി വളർത്താവുന്നതാണ്.
ഗ്രോബാഗിലും ചട്ടിയിലും പാവൽ കൃഷി
സ്ഥലം കുറവുള്ളവർക്കും മട്ടുപ്പാവിൽ കൃഷി ചെയ്യുന്നവർക്കും പാവൽ ഒരുപോലെ ഗ്രോബാഗിലും വലിയ ചട്ടിയിലും വളർത്താൻ സാധിക്കും. ഒരു വലിയ ഗ്രോബാഗിൽ ബാഗിന്റെ വലിപ്പം അനുസരിച്ചു ഒന്നോ രണ്ടോ തൈകൾ നടാവുന്നതാണ്. എന്നാൽ മികച്ചവിളവിന് ഒരു ബാഗിൽ ഒരു തൈ എന്ന രീതിയാണ് നല്ലത്. തൈകൾ നടുമ്പോൾ ഗ്രോബാഗിനും ചട്ടികൾക്കും നല്ല രീതിയിലുള്ള ഡ്രൈനേജ് ഹോളുകൾ ഉണ്ടന്ന് ഉറപ്പുവരുത്തണം. ചെടികളെ എവിടെ വളർത്തിയാലും മികച്ച രീതിയിലുള്ള ശക്തമായ പന്തൽ ആവശ്യമാണ്.
പാവൽ തൈ നടുന്നത്
തൈകൾ പറിച്ചു നടുന്ന രീതിയിൽ കൃഷി ചെയ്യുമ്പോൾ പാകി കിളിർപ്പിച്ച തൈകൾക്ക് രണ്ട് ഇലപ്രായം കഴിയുമ്പോൾ പ്രധാന സ്ഥലത്തേക്ക് മാറ്റി നടാവുന്നതാണ്. തൈ പറിച്ചെടുക്കുമ്പോൾ പ്രധാന വേരുകൾക്ക് കേടുപാടുകൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. കൂടാതെ ഇങ്ങനെ തൈകൾ പറിച്ചുനടാനായി വൈകുന്നേരം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. തൈകൾ നടീൽ കഴിഞ്ഞ ഉടൻ ആവശ്യത്തിന് വെള്ളം നൽകാൻ ശ്രദ്ധിക്കണം.
തൈകൾ തമ്മിൽ മതിയായ അകലം നൽകാൻ ശ്രദ്ധിക്കണം തൈകളുടെ ഇലകളും വള്ളികളും തമ്മിൽ വായുസഞ്ചാരം ലഭിക്കാൻ ഇത് സഹായിക്കും.
പാവലിന് വെള്ളം നൽകുമ്പോൾ
പാവൽ ചെടികൾക്ക് അവയുടെ വളർച്ചാ ഘട്ടത്തിലും കായ്കൾ ഉണ്ടാകുന്ന സമയത്തും ആവശ്യത്തിന് വെള്ളം വേണം. വെള്ളം ചെടികൾക്ക് ലഭിക്കാതെ വരുമ്പോൾ അത് ചെടിയുടെ വളർച്ചയേയും കായ് പിടുത്തത്തേയും ബാധിക്കും. ചെടികൾക്ക് വെള്ളം ആവശ്യമാണെങ്കിലും ചെടിച്ചുവട്ടിലെ വെള്ളക്കെട്ട് പാവലിന് ദോഷകരമാണ്.
മണ്ണ് ഉണങ്ങുന്നതനുസരിച്ച് ചെടികൾക്ക് വെള്ളം നൽകുന്നതാണ് മികച്ച രീതി. ചൂടുള്ള കാലാവസ്ഥയിൽ ചെടികൾക്ക് കൂടുതൽ വെള്ളം ആവശ്യമായി വരാം എന്നാൽ മഴ പെയ്യുന്ന സമയങ്ങളിൽ ചെടികൾക്ക് അധികമായി വെള്ളം നൽകേണ്ടതില്ല. കൂടാതെ ചെടിച്ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം.
പാവലിന് വളപ്രയോഗം എങ്ങനെ നടത്താം?
പാവൽ ചെടികൾ വേഗത്തിൽ വളരുന്നവയായതിനാൽ പോഷകങ്ങൾ അത്യാവശ്യമാണ്. തൈകൾ നടുന്ന സമയത്തു നല്കൂന്ന അടിവളം കൂടാതെ ചെടിയുടെ വളർച്ച അനുസരിച്ച് നിശ്ചിത സമയങ്ങളിൽ വളപ്രയോഗം നൽകേണ്ടിവരും.ചെടികൾക്ക് ജൈവവളങ്ങളായി
- വെർമികമ്പോസ്റ്റ്
- ചാണകപ്പൊടി / ആട്ടിൻവളം
- കടലപ്പിണ്ണാക്ക്
- വേപ്പിൻ പിണ്ണാക്ക്
- വിവിധതരം ജൈവ ദ്രാവകവളങ്ങൾ
എന്നിവയെല്ലാം നമുക്ക് ഉപയോഗിക്കാവുന്നതാണ്.
പാവൽ ചെടികൾ വളരുന്ന സമയത്ത് നൈട്രജൻ കൂടുതലുള്ള വളങ്ങൾ അമിതമായി നൽകിയാൽ ചെടിയിൽ ഇലയും വള്ളിയും മാത്രം കൂടുതലായി വളരുകയും പൂക്കളും കായ്കളും നന്നായി കുറയുകയും ചെയ്യും. അതുകൊണ്ട് പൂക്കളും കായ്കളും വരുന്ന ഘട്ടം തുടങ്ങുന്നതിനു മുൻപുതന്നെ പൊട്ടാസ്യം & ഫോസ്ഫറസ് അടങ്ങിയ ബാലൻസ്ഡ് വളങ്ങൾ നൽകുന്നതാണ് നല്ലത്.
പാവലിലെ പ്രധാന കീടങ്ങൾ
പാവൽ കൃഷിയിൽ വിവിധ കീടങ്ങൾ നമുക്ക് പ്രശ്നമാകാം.- കായീച്ച
- ഇലപ്പേൻ
- വെള്ളീച്ച
- ചിലന്തികൾ
- വിവിധ തരം പുഴുക്കൾ
എന്നിവയെ ശ്രദ്ധിക്കണം.
പ്രത്യേകിച്ച് കായീച്ച പാവൽ കൃഷിയിൽ വലിയ പ്രശ്നമാകാൻ സാധ്യതയുള്ളവയാണ്.കായ്കളിൽ ചെറിയ കുത്തുകൾ കാണുക, കായകൾ നേരത്തെ ചീഞ്ഞുപോകുക, ഉള്ളിൽ പുഴുക്കളെ കാണുക തുടങ്ങിയ ലക്ഷണങ്ങൾ കായിച്ചയുടെയാണ്. കീടങ്ങളെ കൃഷിയിൽ വന്നിട്ട് നശിപ്പിക്കുന്നതിന് പകരം നേരത്തെ കണ്ടെത്തി തടയുന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. രോഗം ബാധിച്ച കായകൾ പറിച്ച് നശിപ്പിക്കുക. തോട്ടം വൃത്തിയായി സൂക്ഷിക്കുക. കൃഷിക്ക് അംഗീകൃതമായ ഫെറോമോൺ കെണികൾ പോലുള്ള നിയന്ത്രണ മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്.
പാവൽ ചെടിയെ ബാധിക്കുന്ന രോഗങ്ങൾ
ഈർപ്പം കൂടുതലുള്ള സാഹചര്യങ്ങളിൽ ചില ഫംഗസ് രോഗങ്ങൾ പാവൽ ചെടികളിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്..
ഇലയിൽ:
- വെള്ളപ്പുള്ളികൾ
- മഞ്ഞനിറം
- തവിട്ടുനിറത്തിലുള്ള പാടുകൾ
- ഇല ഉണങ്ങൽ
തൈകളുടെ ചുവടുകൾ തമ്മിൽ ആവശ്യത്തിന് അകലം നൽകുക, പന്തലിലൂടെ ചെടികൾക്ക് നല്ല വായുസഞ്ചാരം ഉറപ്പാക്കുക, ഇലകളിൽ അധികമായി വെള്ളം തളിക്കുന്നത് ഒഴിവാക്കുക എന്നിവ രോഗസാധ്യത കുറയ്ക്കാൻ സഹായിക്കും. രോഗം ബാധിച്ച ഇലകൾ കണ്ടെത്തിയാൽ ഉടൻ തന്നെ നീക്കം ചെയ്ത് നശിപ്പിച്ചു കളയണ്ടതാണ്.
പാവൽ എപ്പോൾ വിളവെടുക്കാം?
പാവൽചെടിയിലുണ്ടാകുന്ന കായ്കൾ പൂർണ്ണമായി പഴുക്കുന്നതിന് മുമ്പാണ് വിപണനത്തിനും ഉപയോഗത്തിനും വേണ്ടി വിളവെടുക്കുന്നത്. കായകൾ നമ്മൾ നട്ട ഇനത്തിന്റെ സ്വഭാവം അനുസരിച്ചു ആവശ്യമായ വലുപ്പത്തിലെത്തിയപ്പോൾ നമുക്ക് വിളവെടുക്കാൻ സാധിക്കും. കായ്കൾക്ക് അധികം മൂപ്പെത്താതെ പറിക്കുന്നതാണ് നല്ലത്.കായകൾ കത്തി ഉപയോഗിച്ച് മുറിച്ചെടുക്കുന്നതാണ് നല്ലത്. വള്ളി വലിച്ചുപറിക്കരുത്.
പാവൽ കൃഷിയിൽ “വെള്ളവും വളവും കൂടുതൽ നൽകിയാൽ കൂടുതൽ വിളവ് ലഭിക്കും” എന്ന ധാരണ ശരിയല്ല. ചെടിയുടെ വളർച്ച അനുസരിച്ച് ആവശ്യമായ അളവിൽ മാത്രം വെള്ളവും പോഷകങ്ങളും നൽകുകയാണ് പ്രധാനപ്പെട്ടത്.
ഒരു നല്ല പന്തലിൽ ആരോഗ്യത്തോടെ വളരുന്ന പാവൽ വള്ളി ദിവസങ്ങൾക്കുള്ളിൽ തന്നെ തോട്ടത്തിന് പച്ചപ്പും കായ്കളും നൽകിത്തുടങ്ങും. അതിനാൽ ചെറിയ സ്ഥലമുള്ളവർക്കുപോലും വീട്ടാവശ്യത്തിനുള്ള പാവൽ സ്വന്തമായി ഉൽപ്പാദിപ്പിക്കാൻ ഈ കൃഷി മികച്ചൊരു അവസരമാണ്.

Post a Comment