ആർക്കും വളർത്താം ഉദ്യാന സുന്ദരിയായ ശരറാന്തൽ ചെമ്പരത്തികളെ

ശരറാന്തൽ ചെമ്പരത്തിയെന്ന പേരിൽ അറിയപ്പെടുന്ന (Lantern Hibiscus) ചെടികൾ ഈ പേരിൽ അറിയപ്പെടാനുള്ള പ്രധാന കാരണം ഈ പൂക്കളുടെ മനോഹരമായതും തൂങ്ങിക്കിടക്കുന്ന വിളക്ക് രൂപത്തിലുള്ള പൂക്കളിലൂടെയാണ്. ശരറാന്തൽ ചെമ്പരത്തിയുടെ ശാസ്ത്രീയ നാമം Hibiscus schizopetalus എന്നാണ്. നമ്മൾ അധികവും കണ്ടിട്ടുള്ള നമ്മുടെ സാധാ ചെമ്പരത്തിയുമായി  (Hibiscus rosa-sinensis) ശരറാന്തൽ ചെമ്പരത്തിക്ക് വളരെ വ്യത്യാസങ്ങളുണ്ട്. ഗോൾഡൻ, മഞ്ഞ, വെള്ള, ചുവപ്പ്, ഓറഞ്ച് തുടങ്ങിയ വിവിധ നിറങ്ങളിൽ നമുക്കിന്ന് ശരറാന്തൽ ചെമ്പരത്തികൾ ലഭ്യമാണ്.

 

Image Credit : Easy Garden (Susanta)
 

കേരളത്തിലെ കാലാവസ്ഥയിൽ ഈ ചെടികൾക്ക് നല്ല പരിചരണം ആവശ്യമാണ്.

സൂര്യപ്രകാശം (Sunlight): 

ശരറാന്തൽ ചെമ്പരത്തികൾക്ക് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമാണ് ഇവയുടെ വളർച്ചയ്ക്കും പൂവിടിലിനും ആവശ്യമാണ് എന്നാൽ ഉച്ചസമയത്തുള്ള അതി കഠിനമായ വെയിൽ ഇവയ്ക്കു ആവശ്യമില്ല. ഭാഗികമായ തണൽ ലഭിക്കുന്ന സ്ഥലത്തും ചെടി വളരും. രാവിലത്തെ വെയിൽ ലഭിക്കുന്ന രീതിയിൽ ഇവയെ വളർത്തുന്നതാണ് ഏറ്റവും നല്ലത്.

മണ്ണ് (Pottingmix ): 

നല്ല നീർവാർച്ചയുള്ളതും വളക്കൂറുള്ളതുമായ മണ്ണിൽ വളരാനാണ് ശരറാന്തൽ ചെമ്പരത്തികൾ ഇഷ്ടപ്പെടുന്നത്. ചെടിച്ചട്ടികളിൽ നടുമ്പോൾ നമുക്ക് ചകിരിച്ചോറ്, മണ്ണ് , ലഭ്യമായ ഏതെങ്കിലും ജൈവവളം (ചാണകപ്പൊടി / ആട്ടിൻ വളം / കമ്പോസ്റ്റ്) എന്നിവ 1: 2: 2 എന്ന അളവിൽ തയാറാക്കിയ മിശ്രിതം ചെടി നടാനായി ഉപയോഗിക്കാം.

വെള്ളം (Watering): 

ചെടികൾ വളരാൻ വെള്ളം ആവശ്യമാണ് അതിനാൽ തന്നെ ചെടിച്ചുവട്ടിലെ മണ്ണിന്റെ ഈർപ്പം നിലനിർത്താൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ സമയം ചെടി ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കുന്നത് വേരുകൾ അഴുകി പോകുന്നതിനു കാരണമാകും അതിനാൽ ചെടി ചുവട്ടിലെ മണ്ണ് ഉണങ്ങുമ്പോൾ മാത്രം നനയ്ക്കുക.

വളപ്രയോഗം (Fertilizing): 

ചെടിയുടെ വളർച്ചാ സമയത്തും പൂവിടുന്ന സമയത്തും കുറഞ്ഞത് മാസത്തിലൊരിക്കൽ വീതം ഏതെങ്കിലുമൊരു ജൈവവളങ്ങളോ (ചാണകപ്പൊടി, കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് എന്നിവയേ) അല്ലെങ്കിൽ NPK പോലുള്ള രാസവളങ്ങളോ (NPK - 19:19:19/ NPK - 18:18:18 പോലുള്ളവ) നേർപ്പിച്ച് നൽകാവുന്നതാണ്. ശരറാന്തൽ ചെമ്പരത്തികളിൽ കൂടുതൽ പൂക്കൾ ലഭിക്കാൻ പൊട്ടാസ്യം അടങ്ങിയ വളങ്ങൾ NPK വളങ്ങളോ അല്ലങ്കിൽ കടലപ്പിണ്ണാക്കോ നൽകുന്നത് നല്ലതാണ്.

കൊമ്പുകോതൽ (Pruning):

ചെടിയുടെ ആകൃതി നിലനിർത്താനും പുതിയ ശിഖരങ്ങൾ ഉണ്ടാകാനും കൂടുതൽ പൂക്കളുണ്ടാകാനും കൊമ്പുകോതൽ അത്യാവശ്യമാണ്. ചെടി പൂവിട്ടു കഴിഞ്ഞാലോ അല്ലെങ്കിൽ വർഷത്തിൽ ഒരിക്കൽ വീതമോ ഇങ്ങനെ കോതി നിർത്തണം (പൂക്കൾ കുറയുമ്പോൾ കൂടുതലുള്ള തലപ്പുകൾ കോതി നിർത്തുന്ന രീതിയാണ് അഭികാമ്യം). കൂടാതെ ഉണങ്ങിയതും രോഗം വന്നതുമായ ശിഖരങ്ങൾ ചെടിയിൽ നിന്നും എത്രയും പെട്ടന്നുതന്നെ നീക്കം ചെയ്യണം.

രോഗ കീടബാധ (Pest Control):

നമ്മുടെ സാധാ ചെമ്പരത്തിയെ ബാധിക്കുന്ന കീടങ്ങളായ മീലിബഗ്, അഫിഡ്, ചെമ്പൻചെല്ലി തുടങ്ങിയവയെല്ലാം തന്നെ ഈ ചെടിയെയും ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഇവയിൽ ഏതിന്റെയെങ്കിലും ശല്യം ഉണ്ടായാൽ ഉടനെതന്നെ വേപ്പണ്ണ ലായനി (Neem oil solution) പോലുള്ള ജൈവ കീടനാശിനികൾ ഉപയോഗിക്കണം.

ചട്ടിയിൽ വളർത്തുമ്പോൾ (Pot Culture): 

ശരറാന്തൽ ചെമ്പരത്തി ചെടി നിങ്ങൾ ചട്ടിയിലാണ് വളർത്തുന്നത് എങ്കിൽ ഒട്ടും വെള്ളം കെട്ടിനിൽക്കാത്ത തരത്തിലുള്ള ചെടിയെക്കാട്ടിലും അൽപം വലിയ ചട്ടി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. കുറഞ്ഞത് ഓരോ വർഷം കൂടുമ്പോളെങ്കിലും ചെടി ചട്ടി മാറ്റി നടുന്നത് (repotting) നല്ലതാണ് (ചെടി കൊമ്പുകോതുന്ന സമയത്ത് ചട്ടികൾ കൂടെ മാറ്റി നടാവുന്നതാണ് ).

പ്രചരണം (Propagation): 

ശരറാന്തൽ ചെമ്പരത്തികൾ  പ്രധാനമായും അവയുടെ കമ്പുകൾ മുറിച്ചുനട്ടാണ് (stem cuttings) പുതിയ തൈകൾ ഉണ്ടാക്കിയെടുക്കുന്നത്.

കമ്പ് തിരഞ്ഞെടുക്കൽ (Selecting Cuttings):


ആരോഗ്യമുള്ള അൽപം നീളമുള്ള കമ്പുകൾ വേണം തൈകൾ തയാറാക്കാനായി തിരഞ്ഞെടുക്കാൻ. മുറിച്ചെടുക്കുന്ന തണ്ടുകൾ തൊലി പൊട്ടാതെ കമ്പിന്റെ ചുവടുഭാഗം 45 ഡിഗ്രി ചരിവിൽ മുറിക്കുന്നതാണ് അഭികാമ്യം.

തണ്ടുകൾ കിളിർപ്പിക്കുന്ന രീതി (Planting Method):


ശരറാന്തൽ ചെമ്പരത്തി ചെടികൾ പൊതുവേ നമുക്ക് രണ്ടു രീതിയിൽ തണ്ടുകൾ ഉപയോഗിച്ച് വളർത്തിയെടുക്കാം.

  1.     തണ്ടുകൾ വെള്ളത്തിലിട്ടു വളർത്താം.
  1.     തണ്ടുകൾ മണ്ണിൽ നട്ടു വളർത്താം.

 
Image Credit : Suja

 

വെള്ളത്തിൽ (Water): 

ചുവടുഭാഗം 45 ഡിഗ്രി ചരിവിൽ മുറിച്ചെടുത്ത തണ്ടിന്റെ ഏറ്റവും മുകളിലുള്ള 2ണ്ടോ 3ന്നോ  ഇലകൾ മാത്രം നിലനിർത്തിയ ശേഷം തിരഞ്ഞെടുത്ത തണ്ടുകൾ നേരിട്ട് വെള്ളത്തിലേക്ക് ഇറക്കിവെച്ച് ഒരു പ്രയാസവുമില്ലാതെ നമുക്ക് വേരുപിടിപ്പിക്കാൻ സാധിക്കുന്നതാണ്.

വെട്ടിയെടുത്ത തണ്ടുകൾ കിളിർപ്പിക്കാൻ ഗ്ലാസ് പാത്രമാണ് ഉപയോഗിക്കുന്നത് എന്നുവരികിൽ വെള്ളം കെട്ടി നിർത്തുന്നതുവഴി പാത്രത്തിന്റെ ചുവരുകളിൽ ആൽഗകൾ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട് ഇതിനെ ചെറുക്കാൻ നമുക്ക്  ഇടയ്ക്കിടെ പാത്രത്തിലെ വെള്ളം വൃത്തിയാക്കേണ്ടത് അതാവശ്യമാണ്.


വെള്ളത്തിലുണ്ടാകുന്ന ആൽഗകളുടെ വളർച്ച ഒഴിവാക്കാൻ വെളിച്ചം വീഴാൻ അനുവദിക്കാത്ത രീതിയിലുള്ള സുതാര്യമല്ലാത്ത നിറങ്ങളുള്ള പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഒരു കാരണവശാലും ഈ സമയങ്ങളിൽ ചെടികൾക്ക് വളമോ മറ്റെന്തെങ്കിലുമോ വെള്ളത്തിൽ നൽകരുത്.

മണ്ണിൽ (Soil): 

ചകിരിച്ചോറ്, മണ്ണ് എന്നിവ 1: 2  അളവിൽ ചേർത്ത മിശ്രിതത്തിൽ കമ്പുകൾ നട്ടു കിളിർപ്പിച്ചെടുക്കാൻ സാധിക്കും. ഇങ്ങനെ മണ്ണിൽ നടുന്ന സമയത് ചെടിയുടെ തണ്ടുകളിലെ തൊലികൾക്കു നാശം സംഭവിക്കാതെവേണം മണ്ണിലേക്ക് തണ്ടുകൾ നടാൻ. നടുന്ന തണ്ടുകളിൽ ഏതെങ്കിലുമൊരു റൂട്ടിങ്  ഹോർമോൺ (rooting hormone) ഉപയോഗിക്കുന്നത് തണ്ടുകളിലെ വേരുപിടിത്തം വേഗത്തിലാക്കാൻ സഹായിക്കും. കിളിർപ്പിക്കാനുള്ള തണ്ടുകൾ മണ്ണിൽ നട്ടതിനു ശേഷം ചെടി തണലിൽ വേണം വെയ്ക്കാൻ കൂടാതെ ചെടി ചുവട്ടിലെ മണ്ണ് ഈർപ്പമുള്ളതായി നിലനിർത്തുകയും ചെയ്യണം. ഇങ്ങനെ നടുന്ന തണ്ടുകൾ സാധാരണയായി 3-4 ആഴ്ചകൾക്കുള്ളിൽ വേരുകൾ വന്ന് പുതിയ ഇലകൾ വരാൻ തുടങ്ങും. അതിനു ശേഷം ചെടിക്ക് നല്ല വളർച്ചയെത്തുമ്പോൾ നമുക്കിഷ്ട്ടമുള്ള സ്ഥലത്തേക്ക് ഇവയെ മാറ്റിനടാവുന്നതാണ്.

Post a Comment

أحدث أقدم