വീട്ടുമുറ്റത്തൊരു മാവിൻ തൈകളെങ്കിലും ഇല്ലാത്ത വീടുകൾ ഇന്ന് വളരെ കുറവാണു. പുതിയതായി നിർമിച്ച വീടുകളിൽ പോലും ആദ്യമായി ഏത് തൈകൾ വെയ്ക്കണം എന്ന് ആലോചിക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ഒന്നാണ് മാവ്. പെട്ടന്ന് കായ്ക്കുന്ന വന്മരമാകാത്ത രീതിയിലുള്ള വിവിധതരം മാവിനങ്ങൾക്കാണ് ഇന്ന് അധികം പ്രചാരമുള്ളതു.
ആവശ്യകാർക്ക് എല്ലാവര്ക്കും ലഭിക്കുന്ന രീതിയിൽ മാവിൻ തൈകൾ ഇന്ന് എല്ലാ ചെടികടകളിലും ലഭ്യമാണ്. ഇത്രയും അധികം മാവിൻ തൈകൾ എങ്ങനെയാണ് തയ്യാറാക്കിയതെന്ന് അറിയാമോ അതേ അവയെല്ലാം തന്നെ ഗ്രാഫ്റ്റിങ് ചെയ്തു തയാറാക്കുന്നവയാണ്. ഇങ്ങനെ തയാറാക്കുന്ന തൈകളെ നമ്മൾ മലയാളികൾ സ്നേഹപൂർവം വിളിക്കുന്ന ഓമനപ്പേരാണ് ഒട്ടുമാവിൻതൈകൾ.
1. നല്ല മാങ്ങയണ്ടി മുളപ്പിച്ചുള്ള ആരോഗ്യമുള്ള മാവിൻ തൈയും.
2. നല്ല കായ്ഫലമുള്ള മാതൃവൃക്ഷത്തിൽ വളരുന്ന ശിഖരവും.
മാങ്ങയണ്ടി മുളപ്പിച്ച ആരോഗ്യമുള്ള തൈയിലേക്ക് (സ്റ്റോക് തൈ) കായ്ഫലമുള്ള മാതൃവൃക്ഷത്തിന്റെ (സയോൺ) തണ്ട് യോജിപ്പിച്ചെടുത്തു ഒരു പുതിയ ചെടിയാക്കി വളർത്തുന്ന രീതിയാണ് ഗ്രാഫ്റ്റിങ്.
ഇനി നമുക്ക് ഒട്ടുമാവിൻ തൈകളിലെ ഗ്രാഫ്റ്റിങ് രീതികളെ കുറിച്ച് അറിയാ.
പ്രധാമായും രണ്ടു രീതിയിലുള്ള ഗ്രാഫ്റ്റിങ് രീതികൾ വഴിയാണ് ഒട്ടുമാവിൻ തൈകൾ തയാറാക്കുന്നത്
- വശം ചേർത്തൊട്ടിക്കൽ
- സ്റ്റോൺ ഗ്രാഫ്റ്റിങ്
സ്റ്റോൺ ഗ്രാഫ്റ്റിങിനെക്കുറിച്ചു കുടുതലറിയാന് ഈ വീഡിയോ കാണാം
വശം ചേർത്തൊട്ടിക്കൽ: വശം ചേർത്തൊട്ടിക്കുന്ന ഈ രീതിക്ക് ഇനാർച്ചിങ് എന്നും പറയും. തിരഞ്ഞെടുത്ത സ്റ്റോക് തൈ സയോൺ മരത്തിലെ തിരഞ്ഞെടുത്ത കമ്പുമായി ഒട്ടിക്കുകയാണ് ചെയ്യുന്നത്. സ്റ്റോക് തൈയ്ക്കും സയോൺ തണ്ടിനും ഒരേ വണ്ണമാകാൻ ശ്രദ്ധിക്കണം (പെൻസിൽ വണ്ണമുള്ളതാണ് ഏറ്റവും അനുയോജ്യം ). ഗ്രാഫ്റ്റ് ചെയേണ്ട തണ്ടുകൾ ( സയോൺ ) മണ്ണിനോട് അടുത്താണെങ്കിൽ സ്റ്റോക്ക് തൈകൾ നിലത്തുവെച്ചോ അല്ല സയോൺ തണ്ടുകൾ ഉയരത്തിലാണ് എങ്കിൽ സ്റ്റോക്ക് തട്ടുകൾ നിർമ്മിച്ചു അതിൽ ഉയർത്തിവെച്ചുമാണ് തൈകൾ തയാറാക്കുന്നത്.
സ്റ്റോക് തൈയിൽ മൺ നിരപ്പിൽ നിന്നും ഏകദേശം 10 മുതൽ 15 സെ.മീ. മുകളിലായി 6–7 സെ.മീറ്റര് നീളത്തിൽ തൊലി അല്പം തടിയോടുകൂടി ചെത്തിയെടുക്കുക. സ്റ്റോക്ക് തൈകളിൽ ഉണ്ടാക്കിയ അതേ നീളത്തിലും താഴ്ചയിലും തിരഞ്ഞെടുത്ത സയോൺ കമ്പിന്റെ മുകളിൽ നിന്നും 15–20 സെ.മീറ്റർ താഴെയ്ക്ക് തൊലി അല്പം തടിയോടുകൂടി ചെത്തിയെടുക്കുക. ഈ മുറിവുകൾ രണ്ടും വിടവുകളില്ലാത്തരീതിയിൽ ചേർത്ത് ചണച്ചരടുകൊണ്ടു തെന്നി പോകാത്ത വിധം നന്നായി കെട്ടിയെടുക്കുക. ഇങ്ങനെ കെട്ടിയ തണ്ടിൽ പ്ലാസ്റ്റിക് റിബൺ കൊണ്ട് വെള്ളം കടക്കാത്ത രീതിയിൽ കെട്ടിയെടുക്കുക.
സ്റ്റോക്ക് തൈകളുള്ള ചട്ടിയിൽ നനവു നിലനിർത്താൻ ശ്രദ്ധിക്കണം. ഇങ്ങനെ ഒട്ടിക്കുന്ന തൈകൾ മൂന്നു മാസമാകുന്നതോടെ മാതൃവൃക്ഷവുമായുള്ള ബന്ധം മുറിക്കുന്ന വളർച്ചയെത്തും . ഇങ്ങനെ മുറിച്ചു മാറ്റുന്നതിന് മുൻപായി ഒട്ടിച്ച ഭാഗത്തിനു താഴെയായി സയോൺ കമ്പിലും മുകളിലായി സ്റ്റോക് തൈയിലും V ആകൃതിയില് മുറിവുണ്ടാക്കണം. ഒരു മാസം കഴിഞ്ഞ് ഈ മുറിവിന് ആഴം കൂട്ടണം. ഇതുകൊണ്ടൊന്നും തൈയ്ക്കു വാട്ടം ഉണ്ടാകുന്നില്ലായെങ്കിൽ ഒട്ടിക്കൽ വിജയിച്ചുയെന്നു നമുക്ക് മനസിലാക്കാം അതിനു ശേഷം തണ്ടുകൾ രണ്ടും മുറിച്ചു പുതിയൊരു ചെടിയായി ഇതിനെ മാറ്റിയെടുക്കാം. ഇങ്ങനെ മുറിച്ചെടുത്ത തൈകൾ മാറ്റി നടുന്നതുവരെ നനയും തണലും നൽകി സംരക്ഷിക്കണം. ഇങ്ങനെ സംരക്ഷിക്കുന്ന ഈ സമയത്തും ചില തൈകൾ ഉണങ്ങി പോകാൻ സാധ്യതയുണ്ട്. നല്ല തളിർപ്പും വളർച്ചയുമുള്ള തൈകൾ വേണം നടാനുപയോഗിക്കേണ്ടത്.
സ്റ്റോൺ ഗ്രാഫ്റ്റിംഗ്: മുൻപത്തെ രീതിയെക്കാട്ടിലും വളരെ എളുപ്പവും ആർക്കും വീടുകളിൽ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതിനാലും ഈ രീതിയാണ് ഇപ്പോൾ വളരെ പ്രചാരമുള്ളതു. മാങ്ങയണ്ടി പാകി മുളപ്പിച്ച് രണ്ടോ മൂന്നോ ആഴ്ച പ്രായമായ തൈകളിലാണ് ഈ ഗ്രാഫ്റ്റിങ് രീതി ചെയുന്നത്. കിളിർപ്പിച്ചെടുത്ത സ്റ്റോക് തൈയുടെ തലപ്പ് മണ്ണിൽ നിന്നും ഏകദേശം 10 സെ.മീ മുകളിൽ വച്ചു മുറിച്ചു മാറ്റുക മുറിച്ചു മാറ്റിയ ഈ ഭാഗത്തുനിന്നു നേരെ താഴോട്ടു മധ്യത്തിലൂടെ 3–4 സെ.മീ നീളത്തിലൊരു പിളർപ്പുണ്ടാക്കുക (സ്റ്റോക്കിലുള്ള തണ്ട് അല്പം രണ്ടായി മുറിക്കുക). സ്റ്റോക്കിന്റെ അതേ കനത്തിലുള്ള സയോൺ കമ്പ് മാതൃവൃക്ഷത്തിൽനിന്നു മുറിച്ചെടുക്കണം.
നന്നായി കായ്ക്കുന്ന ആരോഗ്യമുള്ള കൊമ്പുകൾ വേണം സിയോൺ തണ്ടുകളായി തിരഞ്ഞെടുക്കാൻ
തിരഞ്ഞെടുത്ത സിയോൺ തണ്ടുകളുടെ തലപ്പുകൾ നിലനിർത്തി താഴേക്കുള്ള ഇലകൾ മുറിച്ചു മാറ്റുക. ഇങ്ങനെ തയാറാക്കിയ കമ്പിന്റെ ചുവടു ഭാഗത്തു 3–4 സെ.മീ നീളത്തിൽ ചെത്തി ആപ്പിന്റെ ആകൃതിയിലാക്കിയെടുക്കുകയും ഈ ഭാഗം സ്റ്റോക് തൈയുടെ മുൻപുണ്ടാക്കിയ പിളർപ്പിലേക്ക് ഇറക്കിവച്ച് പ്ലാസ്റ്റിക് റിബൺ കൊണ്ട് നന്നായി തണ്ടുകൾ തമ്മിൽ തെറ്റിപോകാത്തതും വെള്ളം ഉള്ളിലേക്ക് കയറി പോകാത്തതുമായ രീതിയിൽ വരിഞ്ഞുകെട്ടണം. ഇങ്ങനെ തയാറാക്കിയ തൈകൾ തണലിൽ വച്ചു നനയ്ക്കുക. ഒട്ടിക്കൽ ശരിയായെങ്കിൽ സയോൺ കമ്പിൽ മൂന്നാഴ്ചകൊണ്ടു തളിരിലകൾ കിളിർക്കും. ആറുമാസം വളർച്ചയെത്തിയാൽ ഈ തൈകൾ നമുക്ക് മാറ്റിനടാവുന്നതാണ്.
വശം ചേർത്തൊട്ടിക്കുമ്പോള് സ്റ്റോക്ക് തൈയ്ക്ക് ഒരു വർഷം പ്രായമെങ്കിലും കുറഞ്ഞത് ആവശ്യമാണ്. എന്നാല് സ്റ്റോൺ ഗ്രാഫ്റ്റിംഗ് ആകുമ്പോൾ സ്റ്റോക്ക് തൈകൾക്ക് മൂന്ന് ആഴ്ച വളർച്ച മതിയാകും.
إرسال تعليق