പുഷ്പ കൃഷിയിൽ ഏറ്റവും കൂടുതൽ ആളുകളും കൃഷി ചെയ്യുന്ന ഒരിനമാണ് ആന്തൂറിയം ചെടികൾ. വളരെ ദിവസം മുറിച്ചെടുത്ത പൂക്കൾ വാടാതെ നിക്കുമെന്നതാണ് പുഷ്‌പ കമ്പോളത്തിൽ ആന്തൂറിയം ചെടികളെ ഇത്രയും വിപണി മൂല്യം ഉണ്ടാക്കുന്നത്. വീടിനകത്തളങ്ങളിലും പുറത്തും ഒരുപോലെ വളരെ നന്നായി ആർക്കും അൽപം ശ്രദ്ധ കൊടുത്താൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ഒരു പൂ ചെടിയാണ് ആന്തൂറിയം ചെടികൾ.
ആന്തൂറിയം ചെടികൾക്ക് ഫ്ലമിങ്ങോ എന്നും പറയപ്പെടാറുണ്ട് പക്ഷേ നമ്മുടെ നാട്ടിൽ ഇവയെ കൂടുതലായും ആന്തൂറിയം ചെടികൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആന്തൂറിയം ചെടികളിൽ തന്നെ കുള്ളൻ ഇനങ്ങളും അതുപോലെ വലിപ്പം വെയ്ക്കുന്ന ഇനങ്ങളും ഉണ്ട്.
ഇനിപറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും ആന്തൂറിയം ചെടികളെ വളരെ മനോഹരമായി വളർത്താൻ സാധിക്കും.
മണ്ണ്:
ആന്തൂറിയം ചെടികൾക്ക് വെള്ളം കെട്ടിനിൽക്കാത്ത എന്നാൽ വേരുകൾക്ക് വായു സഞ്ചാരം ലഭ്യമാകുന്ന തരത്തിലുള്ള മണ്ണിൽ വളർത്തുന്നതാണ് ഉത്തമം അതിനായി തൊണ്ടിന്റെ മുറികൾ, ഇഷ്ടിക കഷണങ്ങൾ, ഓടിന്റെ കഷണങ്ങൾ, അതുമല്ലെങ്കിൽ കരിക്കട്ടയും ഉപയോഗിക്കാം. മണ്ണ് ഉപയോഗിച്ചുള്ള മിശ്രിതം ആന്തൂറിയം ചെടികൾക്ക് ഒഴിവാക്കാകുന്നതാണ് നല്ലത്.
തൈകൾ തയാറാക്കുന്ന രീതി:
ആന്തൂറിയം ചെടികളെ പ്രധാനമായും മുന്ന് രീതിയിൽ പുതിയ തൈകൾ തയാറാക്കാവുന്നതാണ്.
- ചുവട്ടിൽ വളരുന്ന തൈകൾ ഉപയോഗിച്ച്
- തണ്ടുകൾ മുറിച്ചു വെച്ച്
- വിത്തുകൾ ഉപയോഗിച്ച്
തൈകൾ ഉപയോഗിച്ച് - ആരോഗ്യമുള്ള ചെടികളുടെ ചുവട്ടിൽ നിന്നും വളർന്നു വരുന്ന ചെറിയ തൈകൾ ചെടികൾ നശിക്കാതെ വളരെ ശ്രദ്ധയോടെ മുറിച്ചെടുത്ത് പുതിയ ചട്ടികളിൽ വളർത്തിയെടുക്കുന്നതാണ് ആദ്യത്തെ രീതി. ഈ രീതി വളരെ എളുപ്പവും ആർക്കും ചെയ്യാവുന്നതുമാണ്.
തണ്ടുകൾ മുറിച്ചു വെച്ച് - നല്ല ആരോഗ്യമുള്ള ചെടികളുടെ ചുവടു ഭാഗത്തുനിന്നും അൽപം മുകളിലായി മുറിച്ചു മാറ്റി തലപ്പോടുകൂടിയ ഒരു ഭാഗവും വേരുകളും ചുവടു തണ്ടുകളുമുള്ള മറ്റൊരു ഭാഗവുമായി വേർതിരിച്ചെടുത്തു ഇവയെ രണ്ടിനെയും വളർത്തിയെടുക്കുന്നതാണ് രണ്ടാമത്തെ രീതി. ഇങ്ങനെ വളർത്തുമ്പോൾ രണ്ടു ചെടികളും വെള്ളം കൂടുതലായി തണ്ടുകളിൽ വെള്ളം ഇറങ്ങി നശിക്കാൻ ഇടയാക്കരുത്.
വിത്തുകൾ ഉപയോഗിച്ച് - ആന്തൂറിയം ചെടികളിൽ പരാഗണം വഴിയുണ്ടാകുന്ന വിത്തുകൾ ശേഖരിച്ചും നമുക്ക് പുതിയ തൈകൾ ഉണ്ടാക്കാവുന്നതാണ്. ഏറ്റവും പ്രയാസവും അതുപോലെ ധാരാളം സമയവും എടുക്കുന്ന ഒരു രീതിയാണിത്. അതുപോലെ വിത്തുകളിൽ നിന്നും തയാറാക്കുന്ന ചെടികൾക്ക് മാതൃസസ്യത്തിന്റെ എല്ലാ ഗുണങ്ങളും ഉണ്ടാകണമെന്ന് നിർബന്ധമില്ല.
നടീൽ രീതി:
തിരഞ്ഞെടുത്ത ആരോഗ്യമുള്ള ആന്തൂറിയം ചെടികളെ മണ്ണ് ചട്ടികളിലോ അല്ലങ്കിൽ പ്ലാസ്റ്റിക്ക് ചെടി ചട്ടികളിലോ വളർത്താൻ സാധിക്കും. ചെടികൾ നടുന്നതിനായി തൊണ്ടിന്റെ മുറികൾ, ഇഷ്ടിക കഷണങ്ങൾ, ഓടിന്റെ കഷണങ്ങൾ, കരിക്കട്ട എന്നിവയിൽ ഏതെങ്കിലുമോ അല്ലങ്കിൽ ഇവയുടെ എല്ലാം കുട്ടിയിളക്കിയ മിശ്രിതമോ ഉപയോഗിക്കാവുന്നതാണ്. നടുന്ന ചെടികൾ മറിഞ്ഞു പോകാതിരിക്കാനും കാറ്റ് പിടിക്കാതിരിക്കാനുമായി ബലമുള്ള കമ്പുകൾ ഉപയോഗിച്ച് താങ്ങുകൾ നൽകുന്നത് നല്ലതാണ്. ചെടികൾ നടുമ്പോൾ അടിവളമായി നൽകാൻ സാധിക്കുന്ന ചാണകപ്പൊടി, ആട്ടിൻ വളംതുടങ്ങിയ ജൈവ വളങ്ങൾ ഉപയോഗിക്കാവുന്നതാണ്. ചെടികൾ മഴകൊള്ളാത്ത സ്ഥലത്താണ് വളർത്തുന്നത് എങ്കിൽ അൽപം ചകിരിച്ചോറും ഇതിന്റെ കൂടെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
സൂര്യപ്രകാശം:
ആന്തൂറിയം ചെടികൾക്ക് അതികഠിനമായ നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല. ഭാഗികമായി വെയിൽ കിട്ടുന്ന രീതിയിൽ വീടിനോടു ചേർന്നോ, ഗ്രീൻ വലകൾക്കടിയിലോ, യു വി ഷീറ്റിനു അടിയിലോ വളർത്താവുന്നതാണ്. ആന്തൂറിയം ചെടികൾക്ക് വെയിൽ കൂടിയാൽ ഇലകളുടെയും പൂക്കളുടെയും ആഗ്ര ഭാഗം കരിയുന്നതിനും വെയിൽ കുറവായാൽ പൂക്കൾ കുറയുന്നതിനും കാരണമാകും.
വെള്ളം:
ആന്തൂറിയം ചെടികൾക്ക് അധികം വെള്ളം അവശ്യമില്ലെങ്കിലും ചെടിച്ചുവട്ടിലെ മണ്ണ് ഉണങ്ങുന്നതനുസരിച്ചു ചെടി നനക്കേണ്ടത് അത്യാവശ്യമാണ്. ചെടികൾ നനയ്ക്കുമ്പോൾ ചെടി മുഴുവനായും നനയുന്ന രീതിയിൽ വെള്ളം കുത്തി ഒഴിക്കാതെ തളിച്ച് കൊടുക്കുന്നതാണ് നല്ലത്. വ്യവസായ അടിസ്ഥാനത്തിൽ വളർത്തുമ്പോൾ മിസ്ഡ് രൂപത്തിൽ വെള്ളം നൽകുന്നതാണ് ഉത്തമം. വെള്ളം ചെടിച്ചുവട്ടിൽ കെട്ടി നിൽക്കാതെ ശ്രദ്ധിക്കണം വെള്ളം കൂടുതലായാൽ ചെടികളുടെ വേരുകളും തണ്ടുകളും അഴുകി ചെടി നശിക്കുന്നതിനു കാരണമാകും. വേനൽക്കാലത്തു ദിസവസവും വീടിനകത്തു വെയ്ക്കുന്ന ചെടികൾക്ക് ആഴ്ചയിൽ ഒരു ദിവസവും വീതം നന അത്യാവശ്യമാണ്.
രോഗ കീടബാധ:
ആന്തൂറിയം ചെടികൾക്ക് അധികം രോഗ കീടബാധ ഉണ്ടാകാറില്ലെങ്കിലും വെള്ളം കൂടിയാൽ വേരുകളും തണ്ടും അഴുകി നശിക്കുന്നതിനു കാരണമാകും. ചെടികൾക്ക് വെള്ളം കൂടിയാൽ ഇലകൾ പഴുക്കുന്നതായി കാണാൻ സാധിക്കും. അതുപോലെ വെയിൽ കൂടിയാൽ ചെടികളുടെ ഇലയുടെയും പൂക്കളുടെയും തുമ്പ് ഭാഗം കരിയുന്നതിന് കാരണമാകും. ആന്തൂറിയം ചെടികളെ ഈർപ്പം നിലനിർത്തി വളർത്തുന്നവ അവയതിനാൽ ചെടികളിൽ ഒച്ചിൻെ ശല്യം ഉണ്ടാകാറുണ്ട് അതിനെ ഒഴിവാക്കാൻ ചെടികളുടെ അടുത്തായി ക്യാബേജ് തൊലി വെച്ച് ഒച്ചിനെ ആകർഷിച്ചു നശിപ്പിച്ചു കളയാവുന്നതാണ്. മാസത്തിൽ ഒരിക്കൽ വീതം വേപ്പിൻ പിണ്ണാക്ക് ചെടിച്ചുവട്ടിൽ അൽപം ഇട്ടുകൊടുക്കുന്നതാണ് ചെടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
വളപ്രയോഗം:
ആന്തൂറിയം ചെടികൾക്ക് ജൈവ വളമോ രാസ വളമോ നൽകാവുന്നതാണ്. ആന്തൂറിയം ചെടികൾക്ക് ജൈവ വളമായി ചാണകപ്പൊടി, ആട്ടിൻ വളം, കടലപ്പിണ്ണാക്ക് പുളിപ്പിച്ചത്, ബയോ ഗ്യാസ് സ്ലറി എന്നിവ നൽകാവുന്നതാണ്. കൂടാതെ രാസവളമായി NPK യുടെ ന്യൂട്രൽ വളമായ 18 :18 :18 അല്ലങ്കിൽ 19 : 19 : 19 ഉപയോഗിക്കാവുന്നതാണ്. ആന്തൂറിയം ചെടികൾക്ക് മുന്ന് ആഴ്ചയിൽ ഒരിക്കൽ വീതം വളം നൽകുന്നത് ചെടിയുടെ വളർച്ചയ്ക്കും പൂവിടലിനും സഹായിക്കും.
Post a Comment