താമര പൂക്കൾ ഇഷ്ട്ടപെടാത്തവരായി ആരും തന്നെ കാണില്ല. അതുപോലെ തന്നെയാണ് മലയാളികൾക്ക് സ്വന്തം വീട്ടുമുറ്റത്തു ഒരു താമര കുളം നിർമ്മിക്കുകയെന്നതും ഒരു വളരെ വലിയ ആഗ്രഹമാണ്. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളർന്നു പൂവിടുന്ന ഒരു ജല ചെടിയാണ് താമര. പണ്ട് നമുക്ക് ലഭ്യമായിരുന്ന നാടൻ ഇനങ്ങൾക്ക് പുറമേ എന്ന് വളരെയധികം നിറത്തിലും ഇതളുകളുടെ എണ്ണ വെത്യാസത്തിലും ധാരാളം ഹൈബ്രിഡ് ചെടികൾ ലഭ്യമാണ്. അലങ്കാരം എന്നതിന് പുറമേ താമര ചെടികൾ ഇന്ന് നമുക്ക് ഒരു വരുമാനം കൂടെയാണ്.
താമര ചെടികൾ നമുക്ക് കുളങ്ങളിലോ, വിവിധതരം പ്ലാസ്റ്റിക്ക് പാത്രത്തിലോ, സിമന്റ് തൊട്ടികളിലോ അതുമല്ലങ്കിൽ ടയർ ചട്ടികളിലോ നമുക്ക് വളർത്താൻ സാധിക്കും. താമര ചെടികൾ വളർത്തുമ്പോൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
നടീൽ മിശ്രിതം തയാറാക്കാം:
താമര ചെടികൾക്ക് ചെളി മണ്ണാണ് വളരാൻ ഏറ്റവും അനുയോജ്യം അതിനാൽ തന്നെ ചെടികൾ നടുന്നതിനായി ചുവന്ന മണ്ണോ, വയലിലെയോ മറ്റോ ചെളി മണ്ണോ, അടിവളമായി നൽകാൻ ചാണകപ്പൊടിയോ ആട്ടിൻ വളമോ അല്ലങ്കിൽ കമ്പോസ്റ്റോ ഉപയോഗിക്കാവുന്നതാണ്.
ചെടി ചട്ടി നിറയ്ക്കുന്ന രീതി:
ചെടി നടാനായി തിരഞ്ഞെടുത്തിരിക്കുന്ന ചട്ടിയിൽ ഡ്രെയിനേജ് ഹോളുകൾ ഉണ്ടങ്കിൽ അതൊരു സിമെന്റ് ഉപയോഗിച്ച് അടച്ചതിനു ശേഷം അടിവളമായി തിരഞ്ഞെടുത്തിരിക്കുന്ന വളം ഏതാണോ അത് (ചാണകപ്പൊടി / കമ്പോസ്റ്റു/ ആട്ടിൻ വളം ) ചട്ടിയുടെ നാലിൽ ഒരുഭാഗത്തോളം നിരക്കുക അതിനു ശേഷം അടുത്ത ലയറായി മണ്ണ് ഇടാവുന്നതാണ് ( ചെളി മണ്ണ്/ ചുവന്ന മണ്ണ് ). ഇങ്ങനെ മണ്ണിട്ട് ചട്ടിയുടെ പകുതി ഭാഗത്തോളം നിറച്ചതിനു ശേഷം ചട്ടിയുടെ മുക്കാൽ ഭാഗത്തോളം വെള്ളം നിറയ്ക്കാവുന്നതാണ്.
ചെടികൾ നടുന്ന സമയം:
താമര ചെടികൾ അപ്പോൾ വേണമെകിലും നേടാമെങ്കിലും ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളാണ് താമര ചെടികൾ നടാൻ ഏറ്റവും അനുയോജ്യമായ സമയമായി പറയുന്നത്.
താമരകൾ പൊതുവേ രണ്ടു രീതിയിൽ തൈകൾ തയാറാക്കാൻ സാധിക്കും
- വിത്തുകൾ ഉപയോഗിച്ച്
- കിഴങ്ങുകൾ (ട്യൂബർ) ഉപയോഗിച്ച്
വിത്തുകൾ നടുന്ന രീതി:
തിരഞ്ഞെടുത്ത താമര വിത്തുകൾ നടാനായി ഉപയോഗിക്കുമ്പോൾ ഇവയുടെ വിത്തുകളുടെ തോടിനു നല്ല കട്ടിയുള്ളതായതിനാൽ വെറുതേ വെള്ളത്തിലിട്ടാൽ കിളിർക്കില്ല പകരം ഇവയുടെ കുർത്ത ഭാഗത്തിന് എതിര് വശത്തു അൽപം കട്ടി കുറവുള്ള സ്ഥലത്തു ഒരു ചെറിയ സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരച്ചു വെള്ള നിറമുള്ള ഉൾക്കാമ്പു കാണുന്ന രീതിയിൽ അവിടുത്തെ കട്ടി കുറയ്ക്കുക. ഇങ്ങനെ തയാറാക്കിയ വിത്തുകൾ വലുതല്ലാത്ത ചെറിയ പാത്രത്തിൽ / ഗ്ലാസിൽ ഇട്ടു അല്പം വെള്ളം ഒഴിച്ച് കിളിർക്കാനായി വെയ്ക്കുക. കിളിർക്കാൻ വെച്ച വെള്ളം പായൽ വരാതിരിക്കാനും വെയിലടിച്ചു ചൂടാകാതിരിക്കാനും പ്രതേകം ശ്രദ്ധിക്കണം. ഇങ്ങനെ വെയ്ക്കുന്ന വിത്തുകൾ ഒരു ആഴ്ച്ച കൊണ്ട് തന്നെ മുള പൊട്ടാൻ തുടങ്ങും. അതിനു ശേഷം രണ്ടിലകൾ എങ്കിലും വന്നുകഴിയുമ്പോൾ നമുക്ക് മുകളിൽ പറഞ്ഞ രീതിയിൽ തയാറാക്കിയിരിക്കുന്ന ചട്ടികളിലേക്ക് നടാവുന്നതാണ്. ഇങ്ങനെ നടുമ്പോൾ ഒത്തിരി വെളളം ഒഴിക്കാതെ ഇലകൾ വെള്ളത്തിനുമുകളിൽ നിൽക്കുന്ന രീതിയിൽ വെള്ളത്തിന്റെ അളവ് ക്രമീകരിക്കാൻ ശ്രദ്ധിക്കുക.
കിഴങ്ങുകൾ (ട്യൂബർ) നടുന്ന രീതി:
താമര തൈകൾ പെട്ടന്ന് വളരാനും അതുപോലെ ഏറ്റവും കൂടുതൽ ആളുകൾ വിപണി കണ്ടെത്തുന്നതും ഇവയുടെ കിഴങ്ങുകൾ വഴിയാണ്. തിരഞ്ഞെടുത്ത നല്ല ആരോഗ്യമുള്ള കിഴങ്ങുകൾ നടാനായി ഉപയോഗിക്കാം. മുകുളങ്ങൾ വെള്ളത്തിന് മുകളിൽ വരുന്ന രീതിയിൽ മുകളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ തയാറാക്കിയിരിക്കുന്ന ചട്ടികളിൽ കിഴങ്ങുകൾ നടാവുന്നതാണ്. നടുന്ന സമയത്തു കിഴങ്ങുകൾ ഒത്തിരി മണ്ണിനടിയിൽ പോകാതിരിക്കാൻ ശ്രദ്ധിക്കണം.
താമരയുടെ ട്യൂബറുകൾ നടുന്നതിനെക്കുറിച്ചു കൂടുതലറിയാൻ ഈ വിഡിയോ കാണുക.
ഇനി നമുക്കു താമര ചെടികളുടെ പരിപാലനത്തെക്കുറിച്ചു നോക്കിയാലോ
വെള്ളം:
താമര വളർത്തുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ചെടി ചുവട്ടിലെ വെള്ളം. ഒരു കാരണവശാലും ചെടി വെള്ളം ഇല്ലാതെ ചുവട് ഉണങ്ങാൻ പാടില്ല അതിനാൽ തന്നെ ചട്ടികളിലെ വെള്ളം വറ്റിപ്പോകാതെ ശ്രദ്ധിക്കണം.
സൂര്യപ്രകാശം:
ചെടികൾക്ക് നന്നായി വളരുന്നതിനും പൂവിടുന്നതിനും സൂര്യപ്രകശം അതാവശ്യമാണ്. സൂര്യപ്രകശം കുറഞ്ഞാൽ ചെടികളിലെ പൂക്കൾ നന്നായി കുറയുകയും ആരോഗ്യമില്ലാത്ത രീതിയിൽ ചെടി വളരുകയും ചെയ്യും.
വളപ്രയോഗം:
താമര ചെടികൾക്ക് പല രീതിയിൽ വളങ്ങൾ നൽകാൻ സാധിക്കും. ചെടിയിൽ പൂവിട്ടതിനു ശേഷം ഒരു നുള്ള് രാസവളമോ അല്ലങ്കിൽ ജൈവ വളമോ ചെറിയ പേപ്പറിലോ അല്ലങ്കിൽ കോട്ടൺ തുണിയിലോ പൊതിഞ്ഞു വെള്ളത്തിനടിയിൽ മുക്കി വയ്ക്കുന്നു ഒരു രീതിയും. അല്ലങ്കിൽ ആറുമാസമോ വർഷത്തിൽ ഒരിക്കലോ അടിവളമായി നൽകിയ ജൈവ വളം ഏതാണോ അത് ചേർത്ത് കൊടുക്കുന്നത് നല്ലതാണു. ചെടികൾ പൂക്കുന്നതിനു NPK യിലെ പൊട്ടാസ്യം കൂടുതലുള്ള വളങ്ങളോ (NPK 19 :19 :19 ) അല്ലകിൽ ജൈവ വളമായി കടലപ്പിണ്ണാക്ക് പൊടിച്ചതോ നൽകാവുന്നതാണ്.
രോഗ കീടബാധ:
മറ്റ് പൂച്ചെടികളെ അപേക്ഷിച്ചു താമരയ്ക്കു രോഗ കീടബാധ വളരെ കുറവാണ്. ഇലകളിൽ കുമിൾ രോഗങ്ങൾ ഉണ്ടായാൽ ബോർഡോ മിശ്രിതം തളിക്കാവുന്നതാണ്. ചെടിയുടെ വളർച്ചാ സമയങ്ങളിൽ മുഞ്ഞയുടെ ശല്യം കാണാറുണ്ട്. ചെടിയുടെ ഇലകൾ മഞ്ഞനിറത്തിൽ കണ്ടാൽ ചെടികൾക്ക് ലഭിക്കുന്ന വെള്ളം മോശമാകുകയോ അല്ലങ്കിൽ ഏതെങ്കിലും കീടബാധയോ കാരണമാകാം.
ചെടികൾ റീപ്ലാന്റ് ചെയ്യുക:
ചെടികൾ കുറച്ചു വർഷത്തെ വളർച്ചയ്ക്ക് ശേഷം വളർച്ചയും പൂവിടലും മുരടിക്കുന്നതായി കാണാൻ സാധിക്കും അതിനാൽ തന്നെ താമര ചെടികൾ കുറഞ്ഞത് ഒരു 2 വർഷത്തെ ഇടവേളകളിൽ ചെടി പറിച്ചു വീണ്ടും പുതിയ മണ്ണും വളങ്ങളും നിറച്ചു റീപ്ലാന്റ് ചെയ്യെണ്ടത് അതാവശ്യമാണ്. ഇങ്ങനെ ചെയ്യുന്നത് വഴി താമര ചെടികൾ വീണ്ടും നല്ല രീതിയിൽ വളരുന്നതിന് പൂവിടുന്നതിനു കാരണമാകും.
താമര പൂവിടുന്ന സമയം:
താമര ചെടികളിൽ പൊതുവേ നമ്മുടെ മഴക്കാലത്താണ് കൂടുതലായും പൂക്കളുണ്ടാകുന്നത്.
Post a Comment