പൂന്തോട്ടം മനോഹരമാക്കാൻ കഴിയുന്ന ഒരു അടിപൊളി ചെടിയാണ് ഓക്സാലിസ് എന്നാൽ ഇവയെ നമ്മുടെ നാട്ടിൽ ബട്ടർഫ്ലൈ പ്ലാന്റ് (Butterfly Plant) എന്ന പേരിലും അറിയപ്പെടാറുണ്ട്. ഈ ചെടികൾക്ക് ബട്ടർഫ്ലൈ പ്ലാന്റ് എന്ന പെരുവരാൻ കാരണം ഇവയുടെ ഇലകൾ ചിറകുവിരിച്ച ഒരു പൂമ്പാറ്റ പോലെ തോന്നിക്കുന്നതിനാലാണ്. സാധാരണയായി ചുവന്ന നിറത്തിൽ കാണുന്ന ഓക്സാലിസ് ട്രയാംഗുലാരിസ് അഥവാ പർപ്പിൾ ഷാംറോക്ക് എന്ന ഇനിയത്തിനു പുറമേ നമ്മുടെ നാട്ടിൽ കാണുന്ന നാടൻ ചെടികളായ മുക്കുറ്റി, പുളിയാറില തുടങ്ങിയവയും ഓക്സാലിസ് ഇനത്തിൽ ഉൾപ്പെടുന്ന ചെടികളാണ്. നമ്മളിൽ അധികം ആളുകളുടെയും വീടുകളിൽ വളർത്തുന്നത് ഓക്സാലിസ് ട്രയാംഗുലാരിസ് എന്ന ഇനം ചെടിയാണ്.
ഓക്സാലിസ് ചെടികളുടെ പരിചരണത്തെക്കുറിച്ചു നോക്കിയാലോ നമുക്ക്.
അധികം ഉയരത്തിൽ വളരാത്ത ഈ ചെടികൾ ചെടി ചട്ടികളിലോ, ഹാങ്ങിങ് ചട്ടികളിലോ അതുമല്ലങ്കിൽ നിലത്തോ നമുക്ക് വളർത്താൻ സാധിക്കുന്നവയാണ്. നിലത്ത് വളർത്തുന്നതിലും നല്ലത് ചെടിച്ചട്ടികളിലാണ്. വളരെ സെൻസിറ്റീവ് ആയ ഈ ചെടികൾ അൽപം ശ്രദ്ധയോടുകൂടെവേണം വളർത്താൻ. ഇതൊരു ഉഷ്ണമേഖലാ സസ്യം ആയതിനാൽ ഇവകൂടുതലും ചൂടുള്ള സ്ഥലങ്ങളിലാണ് നന്നായി വളർന്നു കാണുന്നത്.
മണ്ണിന് മുകളിലേക്ക് വളർന്നു വരുന്ന ഓരോ തലപ്പുകളിലും തുല്യമായ രൂപത്തിലും ആകൃതിയിലുമുള്ള മുന്ന് ഭാഗങ്ങൾ ചേർന്നാണ് ഒരിലയായി കാണപ്പെടുന്നത്. വളർച്ച പൂർത്തിയായ ചെടികളിൽ കുലകളായി അഞ്ച് ഇതളുകളോട് കൂടിയ ചെറിയ പൂക്കൾ ഉണ്ടാകുകയും ചെയ്യും. ചെടികൾ നട്ടിരിക്കുന്ന ചെടിച്ചട്ടി നിറയുമ്പോളോ അല്ലങ്കിൽ രണ്ടു വർഷത്തിൽ ഒരിക്കൽ വീതമോ നമുക്ക് ഈ ചെടികൾ പറിച്ചു മാറ്റിനടുന്നത് ചെടികൾ നന്നായി വളരുന്നതിനും ശരിയായ വംശ വർദ്ധനവിനും സഹായിക്കും.
മണ്ണ്:
ഓക്സാലിസ് അഥവാ ബട്ടർഫ്ലൈ പ്ലാന്റുകൾക്ക് നല്ല നീർവാർച്ചയുള്ളതും ഇളക്കമുള്ളതുമായ മണ്ണാണ് ആവശ്യം. മണ്ണ് , ചാണകപ്പൊടി / ആട്ടിൻ വളം / കമ്പോസ്റ്റ് എന്നിവയിൽ നിങ്ങൾക്ക് ലഭ്യമായത് ഏതെങ്കിലും 2 : 1 എന്ന അനുപാതത്തിൽ കലർത്തി ചെടി നടാൻ ആവശ്യമായ മണ്ണ് നമുക്ക് തയാറാക്കാം. വേനൽക്കാലത്തു മണ്ണിൽ ഈര്പ്പം നിലനിർത്തുമെങ്കിലും മഴക്കാലത്ത് ചെടി ചുവട്ടിൽ വെള്ളം അധികം കെട്ടാൻ സാധ്യതയുള്ളതിനാൽ ചകിരിച്ചോർ ഈ ചെടികൾ നടനായി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. എന്നാൽ ചെടികൾ വീടിനകത്തോ മഴ ഒട്ടും തന്നെ നനയാതെയോ വളർത്തുമ്പോൾ ചകിരിച്ചോർ കുറഞ്ഞ അളവിൽ ഉപയോഗിക്കാവുന്നതാണ്.
ചെടിയെക്കുറിച്ചു കൂടുതലറിയാൻ ഈ വിഡിയോ കാണുക.
തൈകൾ തയാറാക്കുന്ന രീതി:
ഇവയുടെ മണ്ണിനടിയിൽ ഉണ്ടാകുന്ന ചെറിയ കിഴങ്ങുകളിൽ നിന്നോ ചില സമയങ്ങളിൽ ഇലകൾ വെച്ചോ നമുക്ക് പുതിയ തൈകൾ തയ്യാറാക്കാവുന്നതാണ്. ഇലകൾ വഴിയുള്ള വംശ വർദ്ധനവ് അൽപം പ്രയാസമുള്ളവ ആയതിനാൽ കുടുതലും തൈകൾ കിഴങ്ങുകളിൽ നിന്നുമാണ് ഉണ്ടാക്കുന്നത്. ഇവയുടെ കിഴങ്ങുകൾ ചെറിയ കല്ലുകൾപോലെ രൂപ സദർശമുള്ളവ ആയതിനാൽ കിഴങ്ങുകൾ ശേഖരിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. ചെടി പ്രായമായി അവയുടെ സമാധി സമയത്തേക്ക് പോകുന്ന സമയത്ത് നമുക്ക് ചെടികളിൽ നിന്നും കിഴങ്ങുകൾ ശേഖരിച്ചു തുടങ്ങാം. മുകളിൽ പറഞ്ഞിരിക്കുന്ന അതേ മണ്ണിൽ തന്നെ ഇങ്ങനെ ശേഖരിച്ച തിരഞ്ഞെടുത്ത നല്ല ആരോഗ്യമുള്ള കിഴങ്ങുകൾ ആവശ്യത്തിന് വെള്ളം നൽകി കിളിർക്കാനായി തണലിൽ പാകാവുന്നതാണ്. ഇങ്ങനെ പാകിയ തൈകൾക്ക് രണ്ട് ആഴ്ചക്കുള്ളിൽ പുതിയ തലപ്പുകൾ വളർന്നു തുടങ്ങും.സൂര്യപ്രകാശം:
ഈ ചെടികൾക്ക് നേരിട്ടുള്ള അതി കഠിനമായ സൂര്യപ്രകശം ഒട്ടും തന്നെ ആവശ്യമില്ല. ഈ ചെടികൾ നമുക്ക് തണലിലോ അല്ലങ്കിൽ നേരിട്ട് സൂര്യ പ്രകാശം ലഭിക്കാത്ത സ്ഥലങ്ങളിലോ വളർത്തുന്നതാണ് ഏറ്റവും നല്ലത്. ഈ ചെടികൾ നമുക്ക് വീടിനകത്തും വളർത്താൻ സാധിക്കുന്നവയാണ്. ചെടികൾക്ക് ലഭിക്കുന്ന വെയിലിന്റെ അളവ് കൂടിയാൽ ഇലകൾ കരിയുന്നതിനു കാരണമാകും അതുപോലെ ചെടികൾക്ക് ആവശ്യത്തിനുള്ള വെയിൽ ലഭിച്ചില്ലെങ്കിൽ ഇലയുടെ നിറം മങ്ങുന്നതായും കാണുന്നു.വെള്ളം:
ഓക്സാലിസ് ട്രയാംഗുലാരിസ് എന്ന ഈ ചെടികൾക്ക് അധികം വെള്ളം ആവശ്യമില്ലെങ്കിലും ചെടി ചുവടു അധികം വെള്ളമില്ലാതെ ഉണങ്ങി നശിക്കാൻ ഇടയാകരുത്. ചെടിച്ചുവട്ടിലെ മണ്ണ് ഉണങ്ങുന്നതനുസരിച്ചു നമുക്ക് വെള്ളം നൽകാവുന്നതാണ്. അതുപോലെ ചെടി ചുവട്ടിൽ വെള്ളം അധിക സമയം കെട്ടി കിടക്കാതിരിക്കാനും ശ്രദ്ധിക്കണം. വെള്ളം കൂടുതലായാൽ ചെടിയുടെ വേരുകൾ അഴുകി നശിച്ചു പോകുന്നതിനു കാരണമാകും. അതുപോലെ ഇവയുടെ സമാധി സമയത്തും നന പൂർണമായി കുറയ്ക്കണം ഇല്ലങ്കിൽ ഇവയുടെ കിഴങ്ങുകൾ അഴുകി നശിക്കുന്നതിനു കാരണമാകും. വളപ്രയോഗം:
അധികം വളപ്രയോഗം അവശമില്ലാത്തവയാണ് ഓക്സാലിസ് ട്രയാംഗുലാരിസ് എന്ന ഈ ചെടികൾ. എന്നിരുന്നാലും ഇവയുടെ വളർച്ചാ സമയത്ത് മാസത്തിൽ ഒരിക്കൽ വീതം നന്നായി നേർപ്പിച്ച ഏതെങ്കിലും ഒരു ജൈവ വളം ദ്രവക രൂപത്തിൽ നൽകുന്നത് ഇവയുടെ വളർച്ചയെ സഹായിക്കും. പച്ച ചാണകം പുളിപ്പിച്ചതോ അല്ലങ്കിൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ചതോ ഇവയ്ക്കു വളമായി നൽകാവുന്നതാണ്. കൂടാതെ ഇവയുടെ സമാധി സമയത്തു വളങ്ങൾ ഒന്നും തന്നെ നൽകേണ്ട ആവശ്യമില്ല.
രോഗ കീടബാധ:
ഇവയ്ക്കു വലിയ രീതിയിലുള്ള രോഗ കീടബാധ കാണാറില്ലെങ്കിലും. കുഞ്ഞു ചിലന്തികളുടെയോ അല്ലങ്കിൽ നമ്മുടെ സ്ഥലത്തു വെളിച്ചയുടെ ശല്യം കുടുതലാണെങ്കിൽ അവയുടെ ശല്യമോ കാണാറുണ്ട്. ഇവയിൽ ഏതെങ്കിലും കണ്ടാൽ വേപ്പെണ്ണ അധിഷ്ഠിത ലായനികൾ നേർപ്പിച്ച് പല സമയങ്ങളിൽ ഉപയോഗിച്ച് ഇവയെ നമുക്ക് നശിപ്പിക്കാവുന്നതാണ്. സമാധി സമയം:
ഓക്സാലിസ് ട്രയാംഗുലാരിസ് എന്ന ഈ ചെടികൾ അവയുടെ വളർച്ച പൂർത്തിയാകുമ്പോൾ വേനൽക്കാലം കഴിഞ്ഞു മഞ്ഞുകാലത്തോടനുബന്ധിച്ചു കുറച്ചു നാൾ സമാധി കാലഘട്ടത്തിലൂടെ കടന്നു പോകും. ഈ സമയത്തു ഇവയുടെ ഇലകൾ ഉണങ്ങി മണ്ണിനു മുകളിലേക്കുള്ള എല്ലാ തലപ്പുകളും നശിച്ച് ചെടി പൂർണമായി നശിച്ചതുപോലെ കാണപ്പെടും. ഇവയൊരു ഉഷ്ണമേഖലാ സസ്യമായതിനാൽ മഞ്ഞുകാലം പൊതുവേ ഇവയ്ക്ക് വളരാൻ താല്പര്യമില്ലാത്തതിനാൽ കിഴങ്ങുകൾ സംരക്ഷിച്ചു പുതിയ ചെടിയായി വീണ്ടും കിളിർക്കാനുള്ള തയാറെടുപ്പിലായിരിക്കും ഈ സമയത്തു ചെടികൾ. ഈ സമയത്തു വെള്ളവും വളങ്ങളും അധികം നൽകാതെ സംരക്ഷിച്ചാൽ ഒരു മാസത്തിനുള്ളിൽ തന്നെ പുതിയ തലപ്പുകൾ വളർന്നുവരുന്നതായി കാണാൻ സാധിക്കുന്നതാണ്.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏതൊരാൾക്കും ഓക്സാലിസ് ട്രയാംഗുലാരിസ് ചെടികൾ വളരെ നന്നായി വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്.
Post a Comment