പൂന്തോട്ടം മനോഹരമാക്കാൻ കഴിയുന്ന ഒരു അടിപൊളി ചെടിയാണ് റെഡ് വിംഗ് ബട്ടർഫ്ലൈ പ്ലാന്റ് (Red Wing Butterfly Plant) അഥവാ റെഡ് ബട്ടർഫ്ലൈ വിംഗ് (Red Butterfly Wing). ഈ ചെടികൾക്ക് ബട്ടർഫ്ലൈ പ്ലാന്റ് എന്ന പെരുവരാൻ കാരണം ഇവയുടെ ഇലകൾ ചിറകുവിരിച്ച ഒരു പൂമ്പാറ്റ പോലെ തോന്നിക്കുന്നതിനാലാണ്. സാധാരണയായി ചുവന്ന നിറത്തിൽ കാണുന്ന ബട്ടർഫ്ലൈ പ്ലാന്റുകൾക്ക് പുറമേ പച്ചനിറത്തിലുള്ള ചെടികളും ഇന്ന് ലഭ്യമാണ്.
ഏകദേശം രണ്ടിവരെ ഉയരത്തിൽ വളരുന്ന ചെടികൾ ചെടി ചട്ടികളിലോ, ഹാങ്ങിങ് ചട്ടികളിലോ അതുമല്ലങ്കിൽ നിലത്തോ നമുക്ക് വളർത്താൻ സാധിക്കുന്നവയാണ്. നിലത്ത് വളർത്തുന്നതിലും നല്ലത് ചെടിച്ചട്ടികളിലാണ്. വളരെ സെൻസിറ്റീവ് ആയ ഈ ചെടികൾ അൽപം ശ്രദ്ധയോടുകൂടെവേണം വളർത്താൻ. റെഡ് വിംഗ് ബട്ടർഫ്ലൈ പ്ലാന്റുകൾ ഒരു അപൂർവ്വ ഉഷ്ണമേഖലാ സസ്യമായിട്ടാണ് പറയപ്പെടുന്നത് അതിനാൽ തന്നെ ഈ ചെടികൾക്ക് ആവശ്യക്കാരും അധികമാണ്. ഇതൊരു ഉഷ്ണമേഖലാ സസ്യമായതിനാൽ തന്നെ ചൂടുള്ള കാലാവസ്ഥയിൽ വളരാനാണ് ഈ ചെടികൾക്ക് കൂടുതൽ ഇഷ്ട്ടം.
ചെടിയുടെ തലപ്പുകൾ നശിച്ചാലും വീണ്ടും കിളിർത്തുവരാൻ കഴിവുള്ളവരാണ് റെഡ് വിംഗ് ബട്ടർഫ്ലൈ ചെടികൾ. ഇളപ്പം ഇലകൾക്ക് വരെ നേർത്ത നിറവും മൂത്ത ഇലകൾക്ക് അൽപം കടും നിറവുമാണ് ഉണ്ടാകുക. ഇതൊരു പടർന്നു കയറുന്ന അല്ലങ്കിൽ താങ്ങു കൊടുത്തു വളർത്തേണ്ട ചെടിയാണ്. അതുപോലെ ഇവയുടെ തലപ്പുകൾ വളച്ചിട്ടു വളർത്തിയാൽ ആ മടങ്ങിയ ഭാഗത്തുനിന്നും ധാരാളം പുതിയ തലപ്പുകൾ ഉണ്ടാകുന്നതായി കാണാൻ സാധിക്കും.
ഇവയുടെ മറ്റൊരു പ്രതേകതയാണ് ഇവയുടെ ഇലകൾ രാത്രി സമയങ്ങളിൽ താഴേക്ക് മടങ്ങുകയും പകൽ സമയങ്ങളിൽ വീണ്ടും വിരിഞ്ഞു പഴയ രീതിയിലാകുകയും ചെയ്യും. കൂടാതെ ഈ ചെടികൾ അവയുടെ വളർച്ച പൂർത്തിയാകുമ്പോൾ ഇവയുടെ തളിരിലയുടെ മുകൾഭാഗത്ത് ചെറിയ വെളുത്ത പൂക്കൾ ഉണ്ടാകുന്നതായി കാണുന്നു.
റെഡ് വിംഗ് ബട്ടർഫ്ലൈ ചെടികളുടെ പരിചരണത്തെക്കുറിച്ചു നോക്കിയാലോ നമുക്ക്.
മണ്ണ്:
റെഡ് വിംഗ് ബട്ടർഫ്ലൈ പ്ലാന്റുകൾക്ക് നല്ല നീർവാർച്ചയുള്ളതും ഇളക്കമുള്ളതുമായ മണ്ണാണ് ആവശ്യം. മണ്ണ് തയാറാക്കുമ്പോൾ മണ്ണ് , അടിവളമായി നൽകാൻ സാധിക്കുന്ന ജൈവവളം ( ചാണകപ്പൊടി, ആട്ടിൻ വളം, കംബോസ്ട് ) എന്നിവ രണ്ടും തുല്യ അളവിൽ മിക്സ് ചെയ്‌തു യോജിപ്പിച്ചെടുക്കുന്ന പോർട്ടിങ് മിക്സ് ഉപയോഗിക്കാവുന്നതാണ്. വളം തുല്യ അളവിൽ എടുക്കുന്നത് ചെടികൾക്ക് വളരാൻ ഇളക്കമുള്ള മണ്ണ് ലഭിക്കുന്നതിന് വേണ്ടിയാണ്.
ചെടിയെക്കുറിച്ചു കൂടുതൽ അറിയാൻ ഈ വിഡിയോ കാണുക.
തൈകൾ തയാറാക്കുന്ന രീതി:
അരികൾ വീണോ തണ്ടുകൾ കുറിച്ച് വെച്ചോ നമുക്ക് ഇവയുടെ പുതിയ തൈകൾ തയാറാക്കാവുന്നതാണ്. ഈ ചെടിയിൽ അരികൾ പൊതുവേ വളരെ കുറവാണ് ലഭിക്കുന്നത് അതിനാൽ തന്നെ തണ്ടുകൾ വഴി പുതിയ തൈകൾ ഉണ്ടാക്കുന്നതാണ് വളരെ എളുപ്പം. തണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ആരോഗ്യമുള്ള ചെടിയുടെ പൂക്കാത്ത തലപ്പുകളോട് കൂടിയ തണ്ടുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മുട്ടിനു താഴെ വെച്ച് മുറിച്ചെടുക്കുന്ന തണ്ടുകൾ വെള്ളം കെട്ടി നിൽക്കാത്ത മണ്ണിൽ തണലിൽ വെച്ച് ആവശ്യത്തിന് മാത്രം വെള്ളം നൽകി കിളിർപ്പിക്കാവുന്നതാണ്.
സൂര്യപ്രകാശം:
റെഡ് വിംഗ് ബട്ടർഫ്ലൈ ചെടികൾക്ക് നേരിട്ടുള്ള അതികഠിനമായ സൂര്യപ്രകാശം ആവശ്യമില്ല. തെളിച്ചമുള്ള എന്നാൽ നേരിട്ട് വെയിൽ കൊള്ളാത്ത സ്ഥലങ്ങളിൽ വളർത്തുന്നതാണ് ഏറ്റവും അനുയോജ്യം. ചെറിയ തണലിലും ഇവ വളരുന്നതായി കാണപ്പെടുന്നു. ഈ ചെടികൾക്ക് സൂര്യപ്രകാശം അധികമായാൽ ഇലകളും പുതു നാമ്പുകളും കരിഞ്ഞു ചെടി നശിക്കുന്നതിനു കാരണമാകും.
വെള്ളം:
ഈ ചെടികൾക്ക് അധികം വെള്ളം അവശമല്ലെങ്കിലും ചെടിച്ചുവട് വെള്ളമില്ലാതെ ഉണങ്ങി പോകാൻ ഇടവരുത്തരുത്. അമിതമായി ചെടി നനച്ചാൽ വേരുകൾ അഴുകി ചെടി നശിക്കുന്നതിനു കാരണമാകും. അതുപോലെ തന്നെ മഴവെള്ളവും അധിക സമയം ചെടിച്ചുവട്ടിൽ കെട്ടികിടക്കാൻ ഇടവരരുത്.
വളപ്രയോഗം:
ഈ ചെടികൾ വളരാൻ അധികം വളങ്ങൾ അവശമില്ലെങ്കിലും ചെടികളുടെ വളർച്ചാ സമയത്ത് മാസത്തിൽ ഒരിക്കൽ വീതം ഏതെങ്കിലും ജൈവ വളങ്ങൾ ദ്രവക രൂപത്തിൽ നൽകുന്നത് നല്ലതാണ്. വളമായി പച്ചച്ചാണകം പുളിപ്പിച്ചതോ, കടലപ്പിണ്ണാക്ക് പുളിപ്പിച്ചതോ നൽകാവുന്നതാണ്. ചെടികൾക്ക് വളം നൽകുമ്പോൾ നന്നായി വെള്ളത്തിൽ ലയിപ്പിച്ച വളങ്ങൾ വേണം നൽകാൻ.
രോഗങ്ങളും കീടങ്ങളും:
റെഡ് വിംഗ് ബട്ടർഫ്ലൈ ചെടികൾക്ക് രോഗ കീട ബാധ കുറവാണെങ്കിലും ചിലപ്പോൾ ചില കുഞ്ഞു ചിലന്തികൾ ചെടികളിൽ കാണാറുണ്ട് അതിനെ ഒഴിവാക്കാൻ വേപ്പെണ്ണ ലായനി തളിച്ചാൽ മതിയാകും.
മുകളിൽ പറഞ്ഞിരിക്കുന്ന ഈ പരിചരണത്തിലൂടെ റെഡ് വിംഗ് ബട്ടർഫ്ലൈ പ്ലാന്റുകളെ ആർക്കും മനോഹരമായി വളർത്താൻ സാധിക്കും.
Post a Comment