നമ്മുടെ വീടുകളിൽ പെട്ടന്ന് എടുക്കാൻ സാധിക്കുന്ന ഒറ്റമൂലിയായും മറ്റ് ആഹാര ആവശ്യത്തിനുവേണ്ടിയും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിക്ക് നമ്മുടെ ആരോഗ്യത്തെ സ്വാധിനിക്കുന്ന വിവിധ ഗുണങ്ങൾ ഉള്ളതിനാൽ നമ്മുടെ വീടുകളിൽ കയ്യെത്തും ദൂരത്തു ഉണ്ടാകേണ്ട ഒന്നാണ് ഇഞ്ചി. നമ്മുടെ സ്വന്തം ആവശ്യത്തിനുള്ള ഇഞ്ചി സ്വന്തമായി കൃഷി ചെയ്യുകയാണ് ഏറ്റവും നല്ലത്.
![]() |
Image Credit : Designed by Freepik |
ഇഞ്ചി കൃഷി ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം
മണ്ണ്:
ഇഞ്ചി കൃഷി ചെയ്യുമ്പോൾ വെള്ളം കെട്ടിനിൽക്കാത്ത ഇളക്കമുള്ള ഫലഭൂയിഷ്ടമായ മണ്ണാണ് ഏറ്റവും നല്ലത്. ഇഞ്ചി നമുക്ക് നേരിട്ട് മണ്ണിലോ, ഗ്രോബാഗ്, ചെടി ചട്ടികൾ, ചാക്ക് എന്നിവയിലോ കൃഷി ചെയ്യാൻ സാധിക്കും. ഗ്രോബാഗ്, ചെടി ചട്ടികൾ, ചാക്ക് എന്നിവയിൽ നടുമ്പോൾ അധികം കല്ലില്ലാത്ത മണ്ണ്, ചകിരി ചോർ (നൽകാൻ സാധിക്കുമെങ്കിൽ മാത്രം ), അടിവളമായി നല്കാൻ സാധിക്കുന്ന ജൈവ വളങ്ങളായ ചാണകപ്പൊടി , ആട്ടിൻവളം, കമ്പോസ്റ്റ് എന്നിവയും ചേർത്ത് തയാറാക്കിയ മിശ്രിതത്തിൽ ഇഞ്ചി വളർത്താൻ സാധിക്കുന്നതാണ്.
തൈകൾ തയാറാക്കുന്ന രീതി:
കൃഷി ആവശ്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന വിത്തിഞ്ചി നേരിട്ടോ അല്ലങ്കിൽ പാകി കിളിർപ്പിച്ച തൈകളോ നമുക്ക് നടാനായി ഉപയോഗിക്കാം.
വിത്തിഞ്ചി തയ്യാറാക്കുന്ന രീതിയെക്കുറിച്ചു അറിയാൻ ഈ വിഡിയോ കാണുക.
വിത്തിഞ്ചി ലഭിക്കാത്ത സ്ഥലങ്ങളിൽ കടയിൽ നിന്നും വാങ്ങുന്ന നല്ല ആരോഗ്യവും വലിപ്പവുമുള്ള ഇഞ്ചി ഉപയോഗിച്ചും വീട്ടാവശ്യത്തിനായി കൃഷി ചെയ്യാൻ സാധിക്കുന്നതാണ്. വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ഗുണമേന്മയുള്ള രോഗ കീടബാധയേൽക്കാത്ത നല്ല വിത്തിഞ്ചി ശേഖരിക്കാൻ പ്രതേകം ശ്രദ്ധിക്കണം.
നടീൽ രീതി:
മണ്ണിലാണ് നടുന്നതെങ്കിൽ നടുന്ന സ്ഥലത്തു രണ്ടു ദിവസം മുന്നേ കരിയിലകൾ കത്തിക്കുന്നത് വളരെ നല്ലതാണ്. അതിനു ശേഷം മണ്ണ് നന്നായി കിളച്ചു കട്ട ഉടച്ചതിനു ശേഷം വാരം കോരി അതിൽ ചെറിയ കുഴികൾ തയാറാക്കുക അതിനു ശേഷം ആ ചെറിയ കുഴികളിലേക്കു അടിവളമായി നൽകാൻ സാധിക്കുന്ന ജൈവ വളങ്ങളായ ചാണകപ്പൊടി , ആട്ടിൻവളം, കമ്പോസ്റ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നും അൽപം വേപ്പിൻപിണ്ണാക്കും ഇട്ടതിനു ശേഷം അൽപം മേൽമണ്ണുമായി കലർത്തുക അതിനു ശേഷം ആ കുഴിയിലേക്ക് മുള ഭാഗം നോക്കി തിരഞ്ഞെടുത്തിരിക്കുന്ന ഇഞ്ചി വിത്തുകളോ അല്ലെങ്കിൽ പാകി കിളിർപ്പിച്ച ഇഞ്ചി തൈകളോ നട്ട് മണ്ണ് വശങ്ങളിൽ നിന്നും വലിച്ചിട്ട് ഇഞ്ചി നടുക. ഇഞ്ചി ശരിയായി നട്ടതിനു ശേഷം പച്ചിലകളോ, കൊന്നയിലയോ, കരീലയോ അതുമല്ലങ്കിൽ ഓലയോ കൊണ്ട് പുതയിടുന്നത് മണ്ണിലെ ഈർപ്പം നിലനിർത്താനും വെയിൽ കൊണ്ട് ഇഞ്ചി നഷ്ട്ടപെടാതിരിക്കാനും സഹായിക്കും.
എന്നാൽ വിത്തുകൾ ഗ്രോബാഗ്, ചെടി ചട്ടികൾ, ചാക്ക് എന്നിവയിലാണ് നടുന്നതെങ്കിൽ അടിയിൽ ഒരു ലെയർ കരിയില നിറച്ചതിനു ശേഷം അതിലേക്ക് മുകളിൽ പറഞ്ഞിരിക്കുന്ന രീതിയിലുള്ള മണ്ണ് നിറച്ചു അതിലേക്ക് വിത്തുകൾ നടാവുന്നതാണ്. വെയിൽ കൊള്ളാതിരിക്കാൻ ഇഞ്ചിക്ക് മുകളിൽ കൊന്നയിലയോ കരിയിലയോ ഇടുന്നത് മണ്ണിലെ ഈർപ്പം നിലനിർത്താനും വെയിൽ കൊണ്ട് ഇഞ്ചി ഉണങ്ങിപോകാതിരിക്കുന്നതിനും സഹായിക്കും.
അതുപോലെ ഈ രീതിയിൽ കൃഷി ചെയ്യുമ്പോൾ വെള്ളം ഒരുകാരണവശാലും ചെടിച്ചുവട്ടിൽ കെട്ടി നിൽക്കുന്നില്ലായെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഈ രീതിയിൽ കൃഷി ചെയ്യുമ്പോൾ രോഗം വന്ന ചെടികളെ പെട്ടന്ന് തന്നെ മാറ്റി നശിപ്പിക്കാനും അതുപോലെ സംരക്ഷിക്കാനും സാധിക്കുകയും അതുപോലെ വിളവെടുപ്പ് പെട്ടന്ന് ചെയ്യാൻ സാധിക്കുക വഴി സമയം ലാഭിക്കാനും വളങ്ങൾ ഒരു ചെടിക്ക് മാത്രമായി നൽകാൻ സാധിക്കുന്നതിനാൽ മികച്ച വിളവ് ലഭിക്കുന്നു എന്നതും ഈ രീതിയിലുള്ള കൃഷിയുടെ ഗുണങ്ങളാണ്
സൂര്യപ്രകാശം:
ഇഞ്ചി കൃഷിക്ക് നല്ല വെയിൽ ലഭിക്കുന്ന സ്ഥലമാണ് നല്ലത് എന്നാൽ തെങ്ങിൻ തോപ്പുകളിൽ ഇടവിളയായും നമുക്ക് ഇഞ്ചി കൃഷി ചെയ്യാൻ സാധിക്കും.
വെള്ളം:
ഇഞ്ചി ചെടികൾക്ക് ആവശ്യമെങ്കിൽ മാത്രം വെള്ളം നൽകിയാൽ മതിയാകും. അമിതമായ ജലസേചനവും ചെടി ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നതും കാരണം കിഴങ്ങ് അഴുകി നശിക്കാനോ അല്ലങ്കിൽ വേരുകൾ അഴുകി ചെടി നശിക്കാനോ കാരണമാകും.
വളപ്രയോഗം:
ഇഞ്ചി കൃഷി ചെയ്യുമ്പോൾ ജൈവ വളങ്ങളാണ് ഏറ്റവും നല്ലത്. ജൈവ വളങ്ങൾ നൽകി വളർത്തുന്ന ഇഞ്ചിക്കാന് കമ്പോളത്തിൽ വിലയധികം ലഭിക്കുന്നത് കാരണം കറിക്കല്ലാതെ ഔഷധം ഉണ്ടാക്കാനും മറ്റുള്ള ആവശ്യത്തിനും ഇത്തരം ഇഞ്ചിക്കാണ് ആവശ്യക്കാർ അധികവും. ഇഞ്ചി നട്ടിട്ടുള്ള അടുത്ത രണ്ടുമുതൽ നാല് വരെയുള്ള മാസങ്ങളിലാണ് ഇഞ്ചിയുടെ പ്രധാന വളർച്ചാ കാലഘട്ടം. അതിനാൽ തന്നെ ഈ സമയത്തു നൽകുന്ന വളങ്ങളും പരിചരണവും ഇഞ്ചിയുടെ വിളവെടുപ്പിനെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. രാസവളങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത് എങ്കിൽ ഇഞ്ചി നടുമ്പോൾ അടിവളമായി യൂറിയ, പൊട്ടാഷ്, ഫോസ്ഫറസ് എന്നിവ നൽകിയതിനു ശേഷം യൂറിയ, പൊട്ടാഷ് എന്നിവ ചെടിയുടെ വളർച്ചയുടെ നാല്പത്തഞ്ചാം ദിവസവും തൊണ്ണൂറാം ദിവസവും നൽകാവുന്നതാണ്.
രോഗ കീടബാധ:
ഇഞ്ചികൃഷിയിൽ നേരിടുന്ന പ്രധാന പ്രശ്ങ്ങൾ എന്ന് പറയുന്നത് ഇനി പറയുന്നവയാണ്.
ഇഞ്ചി അഴുകൽ രോഗം
ലക്ഷണങ്ങൾ:
ചെടിയുടെ അടിയിലെ ഇലകൾ മഞ്ഞിച്ചു ചെടികൾ നശിക്കുകയും അതുപോലെ ഇഞ്ചി അഴുകി നാറ്റം ഉണ്ടാകുകയും ചെയ്യുന്നു.
നിയന്ത്രണ മാർഗം:
ഇഞ്ചി വിത്തുകൾ നടുമ്പോൾ നല്ല ആരോഗ്യമുള്ള വിത്തുകൾ തിരഞ്ഞെടുക്കുകയും അതുപോലെ വിത്തിഞ്ചി നടുന്നതിനു മുൻപ് ട്രൈക്കോഡെർമ എന്ന ജൈവകുമിൾനാശിനിയിൽ മുക്കിവെച്ചു ഉപയോഗിക്കുകയും അതുപോലെ ചെടിച്ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതെ സംരക്ഷിക്കുകയും ചെയ്യുക. ട്രൈക്കോഡെർമയും, സ്യൂഡോമോണാസും ഇടയ്ക്കു മണ്ണിൽ നൽകുന്നത് ചെടിയെ രോഗം വരാതെ സംരക്ഷിക്കും.
ഇല ചുരുളൽ
ലക്ഷണങ്ങൾ:
ഇലകൾ പെട്ടന്ന് വാടി ഉണങ്ങി ഇഞ്ചി കിഴങ്ങു മുറിച്ചു നോക്കിയാൽ തവിട്ടുനിറത്തിലുള്ള വരകൾ കാണുകയും ചെയ്യുന്നു.
നിയന്ത്രണ മാർഗം:
രോഗം വന്ന ചെടി പൂർണ്ണമായും നശിപ്പിക്കുകയും രോഗം കണ്ട തോട്ടത്തിൽ മറ്റു ചെടികൾക്ക് സ്യൂഡോമോണാസ് നൽകുകയും കൃഷിയിടം കള കയറാതെ സംരക്ഷിക്കുകയും ചെയ്യുക.
ഇലപ്പുള്ളി രോഗം
ലക്ഷണങ്ങൾ:
ഇഞ്ചിയുടെ ഇലകളിൽ വെളുത്ത ചെറിയ പുള്ളികൾ കാണുകയും പിന്നീട് ഈ പുള്ളികൾ വെള്ള നിറം മാറി തവിട്ട് നിറമാകുന്നതായി കാണാം.
നിയന്ത്രണ മാർഗം:
രോഗം കണ്ടാൽ ഉടൻ തന്നെ ആ ഇലകൾ തീയിട്ടു നശിപ്പിക്കുകയും രോഗം കൂടുതൽ ചെടികളിൽ വരുന്നതായി കണ്ടാൽ ബോർഡോ മിശ്രിതമോ, സ്യൂഡോമോണാസോ ചെടികൾക്ക് നൽകാവുന്നതാണ്.
മുകളിൽ പറഞ്ഞ രീതിയിൽ വളർത്തി സംരക്ഷിക്കുന്ന ഇഞ്ചിയുടെ ഇലകളും തണ്ടുകളും കരിയുമ്പോൾ നമുക്ക് ഇഞ്ചി വിളവെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ തണ്ടുകൾ കരിയാൻ ഏഴ് മുതൽ എട്ട് മാസം വരെയെടുക്കും.
മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കൃഷി ചെയ്താൽ ആർക്കും വളരെ ലാഭത്തിൽ ഇഞ്ചി കൃഷി ചെയ്യാൻ സാധിക്കുന്ന ഒന്നാണ്.
Post a Comment