മുറ്റത്ത് നിറയെ പൂക്കളാൽ വർണാഭമായ ഒരു നല്ല പൂന്തോട്ടമാണ് നമ്മുടെ ആഗ്രഹമെങ്കിൽ ഒരിക്കലും നമുക്ക് ഒഴിവാക്കാൻ കഴിയാത്ത ഒരു പൂച്ചെടിയാണ് ഡയാന്തസ്. ഡയാന്തസ് ചെടികൾ ഒരു സീസണൽ ചെടിയാണെങ്കിലും മഴക്കാലത്ത് അല്പം ശ്രദ്ധ കൊടുത്താൽ ആർക്കും വളരെ മനോഹരമായി വളർത്തിയെടുക്കാൻ സാധിക്കുന്ന ഒരു പൂച്ചെടിയാണിവ. ഡയാന്തസ് ചെടികളുടെ ഏറ്റവും വലിയ പ്രതേകത എന്ന് പറയുന്നത് ഇവയിലെ പൂക്കളുടെ വർണ്ണ വൈവിധ്യമാണ്.
ഇവയുടെ പൂക്കൾ ഒറ്റ ഇതളുകളിലോ അല്ലെങ്കിൽ രണ്ടോ മൂന്നോ നിരകളിലുള്ള ഇതളുകളായിട്ടോ കാണപ്പെടുന്നു, കൂടാതെ പിങ്ക്, വെള്ള, ചുവപ്പ്, പർപ്പിൾ, ഓറഞ്ച്, വയലറ്റ്, മഞ്ഞ എന്നീ ഒറ്റ നിറങ്ങളിലും അവയുടെ മിക്സഡ് നിറങ്ങളിലും ഡയാന്തസ് ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നത് കാണാൻ തന്നെ മനോഹരമാണ്. മിക്സഡ് നിറങ്ങളിലുള്ള പൂക്കളാണ് ഡയാന്തസ് ചെടികളിൽ വളരെ മനോഹരമായത്. നവംബർ മുതൽ അടമഴയ്ക്കു തൊട്ട് മുൻപ് വരേ അതായത് ജൂൺ വരെയാണ് ഡയാന്തസ് ചെടികളുടെ പൂക്കാലം എന്ന് പറയുന്നത്.
ഡയാന്തസ് ചെടികളുടെ പരിപാലനം എങ്ങനെയാണ് ?
ഇനിപറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും ഡയാന്തസ് ചെടികളെ വളരെയെളുപ്പത്തിൽ മനോഹരമായി വീടുകളിൽ വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്.
മണ്ണ്:
കട്ടി പിടിച്ചു കുഴയാത്ത ഇളക്കമുള്ള വളക്കൂറുള്ള മണ്ണാണ് ഡയാന്തസ് ചെടികൾ വളർന്നു നന്നായി പൂവിടുന്നതിന് ഏറ്റവും അവശ്യമുള്ളത്. ഡയാന്തസ് ചെടികളെ നമുക്ക് നേരിട്ട് മണ്ണിലോ അല്ലങ്കിൽ അധികം താഴ്ചയില്ലാത്ത എന്നാൽ വിസ്താരമുള്ള ചെടിചട്ടികളിലും വളർത്താൻ സാധിക്കുന്നവയാണ്. അധികം കല്ലില്ലാത്ത മണ്ണ്, മണൽ അടിവളമായി നൽകാൻ സാധിക്കുന്ന ജൈവ വളങ്ങളായ ചാണകപ്പൊടി / ആട്ടിൻ വളം / കമ്പോസ്റ് എന്നിവയിൽ ഏതെങ്കിലും 2 : 1 : 1 എന്ന അനുപാതത്തിൽ കൂട്ടികലർത്തി തയാറാക്കിയ മണ്ണിൽ നടാവുന്നതാണ്.
തൈകൾ തയാറാക്കുന്ന രീതി:
ഡയാന്തസ് ചെടികൾ നമുക്ക് രണ്ടു രീതിയിൽ പുതിയ തൈകൾ തയാറാക്കാൻ സാധിക്കും
- വിത്തുകൾ ഉപയോഗിച്ച്
- തണ്ടുകൾ മുറിച്ചു നട്ട്
ഡയാന്തസ് ചെടികളിൽ ഏറ്റവും ശ്രദ്ധവേണ്ടത് ഇവയുടെ വിത്തുകൾ വഴി പുതിയ തൈകൾ തയാറാക്കാനാണ്. നമ്മൾ നട്ടു വളർത്തുന്ന ചെടികളിൽനിന്നും ശേഖരിക്കുന്ന വിത്തുകൾ എല്ലാം തന്നെ കിളിർക്കണമെന്നില്ല അതിനാൽ തന്നെ വിശ്വാസമുള്ള മറ്റു സ്ഥലങ്ങളിൽ നിന്നും വാങ്ങിയിട്ടുള്ള ആരോഗ്യമുള്ളതും ഗുണമേൻമയുള്ളതുമായ വിത്തുകൾ ചകിരിച്ചോറിലോ അല്ലങ്കിൽ വെറും മണലിലോ പാകി കിളിർപ്പിക്കാൻ സാധിക്കുന്നതാണ്. വിത്തുകൾ നടുന്നതിന് മുൻപ് സ്യുഡോമോണസിൽ മുക്കിയതിന് ശേഷം വിത്തുകൾ പാകുന്നത് ഇവയുടെ കട്ടിയുള്ള തോടുകൾ കുതിരുന്നതിനും വളരെ നല്ല രീതിയിൽ വിത്തുകൾ പെട്ടന്ന് കിളിർക്കുന്നതിനും സഹായിക്കും. എങ്ങനെ പാകുന്ന വിത്തുകൾ 7 മുതൽ 21 ദിവസത്തിനുള്ളിൽ കിളിർക്കുകയും വിത്തുകൾ കിളിർത്തു രണ്ടില പ്രായം കഴിയുമ്പോൾ മുതൽ നേരത്തേ തയാറാക്കിയ മണ്ണിൽ ചെടിയുടെ വലിപ്പമനുസരിച്ചു തിരഞ്ഞെടുത്ത ചട്ടികളിൽ നടാവുന്നതാണ്. വിത്തുകൾ പാകുമ്പോൾ വെള്ളം കൂടുതലായി വിത്തുകളും വളർന്നുവരുന്ന തൈകളും അഴുകി നശിക്കാൻ ഇടയാകരുത്.
ഡയാന്തസ് ചെടികളിൽ ഏറ്റവും എളുപ്പത്തിൽ പുതിയ തൈകൾ തയാറാക്കുന്ന രീതിയാണ് മാതൃസസ്യത്തിൽ നിന്നും ശിഖരങ്ങളായി കിളിർത്തുവരുന്ന പുതിയ നാമ്പുകൾ മുറിച്ചെടുത്ത് വളർത്തുന്നത്. ഈ രീതിയിൽ ചെടികൾ വളർത്താനായി ആരോഗ്യമുള്ള ചെടിയിൽ നിന്നും തിരഞ്ഞെടുത്ത ശിഖരങ്ങൾ വളരെ ശ്രദ്ധാപൂർവം മുറിച്ചെടുത്തതിന് ശേഷം ഏതെങ്കിലും ഒരു റൂട്ടിങ് ഹോർമോണിന്റെ സഹായത്തോടെ ചകിരിച്ചോറിലോ അല്ലെങ്കിൽ നേരിട്ട് മണലിൽ വെച്ചോ നമുക്ക് പുതിയ തൈകൾ വളർത്തിയെടുക്കാൻ സാധിക്കും. ഇങ്ങനെ നടുന്ന തണ്ടുകൾ അടുത്ത 20 ദിവസത്തിനുള്ളിൽ പുതിയ വേരുകൾ വന്നു ചെടി കിളിർക്കുന്നതായി കാണാം. ഈ സമയത്തു ചെടികൾക്ക് വെള്ളം അധികമായി തണ്ടുകൾ അഴുകാതെ ശ്രദ്ധിക്കണം.
നടീൽ രീതി:
വിത്തുകൾ വഴിയോ അതുമല്ലെങ്കിൽ തണ്ടുകൾ വഴിയോ കിളിർപ്പിച്ചെടുത്ത പുതിയ തൈകൾ മുകളിൽ പറഞ്ഞ രീതിയിൽ തയാറാക്കിയ മണ്ണിൽ നടാവുന്നതാണ്. ചെടികൾ മണ്ണിലോ അല്ലങ്കിൽ വാ വട്ടം കൂടിയ അധികം ആഴമില്ലാത്ത ചെടി ചട്ടികളിലോ നടാവുന്നതാണ്.
മണ്ണിലാണ് ചെടികൾ നടുന്നതെങ്കിൽ ചെടി നടാനുദ്ദേശിക്കുന്ന സ്ഥലത്ത് അൽപം ചെറിയ ഒരു കുഴിയെടുത്തതിന് ശേഷം അതിലേക്ക് മുകളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ അധികം കല്ലില്ലാത്ത മണ്ണ്, മണൽ അടിവളമായി നൽകാൻ സാധിക്കുന്ന ജൈവ വളങ്ങളായ ചാണകപ്പൊടി / ആട്ടിൻ വളം / കമ്പോസ്റ് എന്നിവയിൽ ഏതെങ്കിലും 2 : 1 : 1 എന്ന അനുപാതത്തിൽ കൂട്ടികലർത്തി തയാറാക്കിയ മണ്ണ് ഇട്ടതിനു ശേഷം അതിലേക്ക് തൈകൾ വെയ്ക്കാവുന്നതാണ്.
മറ്റുള്ള നേസറികളിൽ നിന്നും വാങ്ങിയ തൈകൾ നടുന്നതിനായി ചെടികൾ നട്ടിരിക്കുന്ന കവറിൽ നിന്നും അല്ലെങ്കിൽ ചട്ടികളിൽ നിന്നും ചെടിയെ പറിച്ചു മാറ്റിയതിനു ശേഷം അവയുടെ വേരിന് ക്ഷതം ഏൽക്കാത്ത രീതിയിൽ ചുവട്ടിലെ മണ്ണ് അല്പം ഇളക്കി മാറ്റിയതിനു ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന മണ്ണിൽ തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലത്തേക്ക് നടാവുന്നതാണ്.
സൂര്യപ്രകാശം:
ഡയാന്തസ് ചെടികൾക്ക് വളരുന്നതിനും അതുപോലെ തന്നെ പൂവിടുന്നതിനും വളരെ നല്ല രീതിയിൽ വെയിൽ ആവശ്യമാണ് എന്നിരുന്നാലും നട്ടുച്ച സമയത്തെ അതി കഠിനമായ വെയിൽ ഒഴിവാക്കുന്നതാണ് നല്ലത്. ചെടികളെ തണലിൽ വെച്ചാൽ വളർച്ച മുരടിച്ചു ചെടികൾ പൂവിടാതെ നിൽക്കുന്നതായും കാണാൻ സാധിക്കും.
വെള്ളം:
ഡയാന്തസ് ചെടികൾക്ക് അധികം വെള്ളം ആവശ്യമില്ല എന്നിരുന്നാലും ചെടിച്ചുവട്ടിലെ നനവ് നോക്കിയതിനു ശേഷം വെള്ളം നൽകുന്നതാണ് നല്ലത്. അധികം വെള്ളം ചെടിച്ചുവട്ടിൽ കെട്ടി നിന്നാൽ വേരുകൾ അഴുകുന്നതിന് കാരണമാകും. അതുപോലെ വെള്ളം കിട്ടാതെ ചെടി ഉണങ്ങി നശിക്കാനും ഇടയാകരുത്. അതികഠിനമായ വെയിലിൽ നിൽക്കുന്ന ചെടികൾക്ക് എന്നും നനയ്ക്കുന്നത് നല്ലതാണ്. അധികം വെള്ളം ചെടികൾക്ക് നല്ലതല്ലാത്തതിനാൽ നടുന്ന മണ്ണിൽ ചകിരിച്ചോർ ഒഴിവാക്കാവുന്നതാണ് അതുപോലെ മഴക്കാലത്ത് ചെടി നനയാതെ സംരക്ഷിച്ചാൽ ഒരു ചെടി തന്നെ രണ്ടിലധികം വർഷത്തോളം നമുക്ക് വളർത്താൻ സാധിക്കും.
വളപ്രയോഗം:
ഡയാന്തസ് ചെടികൾക്ക് മാസത്തിലൊരിക്കൽ വീതം ജൈവ വളങ്ങളോ രാസ വളങ്ങളോ നൽകാവുന്നതാണ്. ചെടികൾ വളരെ സോഫ്റ്റ് ആയതിനാൽ ജൈവവളങ്ങളായ കമ്പോസ്റ്റ്, ചാണകപ്പൊടി, ആട്ടിൻവളം എന്നിവ മണ്ണിൽ ഇളക്കി നൽകുകയും ലായനി രൂപത്തിലുള്ള വളങ്ങളായ വിവിധ തരം സ്ലറികൾ, കടലപ്പിണ്ണാക്ക് എന്നിവയും ചെടിക്ക് നേർപ്പിച്ചോ അൽപ്പാൽപ്പമായോ നൽകാവുന്നതാണ്. രാസവളമായി NPK യുടെ 18 : 18 : 18 അല്ലങ്കിൽ 19 : 19 : 19 എന്നിവ വളരെ നേർപ്പിച്ചു ചെടികൾക്ക് നൽകാവുന്നതാണ്.
രോഗ കീടബാധകൾ:
ഡയാന്തസ് ചെടികളെ പ്രധാനമായും ബാധിക്കുന്ന രോഗ കീട ബാധകൾ ഇവയാണ്.
- മുഞ്ഞ
- ഒച്ച്
- ചെടിയുടെ വേര് അഴുകൽ
- പൂപ്പൽ രോഗം
- ഇലകളുടെ തുമ്പു കരിയുക
മുഞ്ഞ ബാധിച്ച ചെടികളുടെ നീര് ഈ പ്രാണികൾ കുടിച്ചു ഇലകൾ ചുരുളുന്നതിനും മഞ്ഞ നിറമാകുന്നതിനും കാരണമാകും. ഇവയെ ചെടികളിൽ നിന്നും ഒഴിവാക്കാൻ ശക്തിയായി ചെടിയിലേക്ക് വെള്ളം തെറിപ്പിച്ചോ അതുമല്ലങ്കിൽ വേപ്പെണ്ണ അധിഷ്ഠിത ഏതെങ്കിലും ജൈവ കീട നാശിനികൾ ഉപയോഗിച്ചോ നിയന്ത്രിക്കാൻ സാധിക്കും.
ചെടികളിൽ ഒച്ചിന്റെ ശല്യം കണ്ടാൽ രാത്രി കാലങ്ങളിൽ അവയെ പിടിച്ചു നശിപ്പിച്ചോ അതുമല്ലെങ്കിൽ ക്യാബേജ് പോലുള്ളവയുടെ തൊലികൾ ഉപയോഗിച്ച് ഒച്ചുകളെ ആകർഷിച്ചോ നശിപ്പിക്കാവുന്നതാണ്.
വളരെ പെട്ടന്ന് തന്നെ ചെടികളുടെ ഇലകൾ മഞ്ഞിക്കുകയും ചെടി വാടുകയും ചെയ്യുന്നത് വെള്ളം അധികമായതിന്റെ പ്രശ്‌നമാണ്. ചെടി ചുവട്ടിൽ അധികമായി വെള്ളം കെട്ടി നിൽക്കുന്നത് വഴി ചെടികളുടെ വേരുകൾ അഴുകി അതുവഴി ചെടി നശിക്കുന്നതിന് കാരണമാകും.
ചെടികളിൽ വെള്ള നിറത്തിൽ പൂപ്പൽ കണ്ടാൽ ഉടനെത്തന്നെ ചെടികൾ തമ്മിൽ വായു സഞ്ചാരം ഉറപ്പാക്കുന്നതിനായി അകലം ക്രമീകരിക്കുകയും ചെടികൾക്കുള്ള നന ഇലകളിൽ നൽകാതെ ചെടി ചുവട്ടിൽ മാത്രമായി നൽകാനും ശ്രദ്ധിക്കുക. കൂടാതെ രോഗം ബാധിച്ച ഭാഗം ചെടിയിൽ നിന്നും നീക്കം ചെയ്യുന്നതും വളരെ നല്ലതാണ്.
ചെടികൾക്ക് വെയിൽ അധികമായാൽ ചെടിയുടെ ഇലകളുടെ തുമ്പുകൾ കരിയാൻ തുടങ്ങുന്നതായി കാണാൻ സാധിക്കും.
ഡയാന്തസ് ചെടികൾ വളർത്തുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് ?
ചെടിയുടെ ഉണങ്ങിയ ഭാഗങ്ങളും ഉണങ്ങിയ പൂക്കളും ചെടിയിൽ നിന്നും മുറിച്ചു മാറ്റി ചെടിയെ വൃത്തിയായി സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പൂക്കൾക്ക് വേണ്ടി വളർത്തുന്ന ചെടികളെ വിത്തുകൾ ആകാൻ നിർത്താതെ പൂക്കൾ വാടുമ്പോൾ തന്നെ മുറിച്ചു മാറ്റണം. ചെടികളിൽ വിത്തുകളായാൽ ചെടി നശിക്കുന്നതായി കാണുന്നുണ്ട്. ഡയാന്തസ് ചെടികൾക്ക് ശരിയായ രീതിയിൽ കൃത്യമായ ഇടവേളകിൽ വളവും വെള്ളവും നൽകാൻ ശ്രദ്ധിക്കണം അല്ലങ്കിൽ ചെടികളിൽ ഉണ്ടാകുന്ന പൂക്കൾ വളരെ ചെറുതും എണ്ണം കുറവുമായിരിക്കും.



Post a Comment