--> അഡീനിയം ചെടിയിലെ പൂമൊട്ടുകൾ കൊഴിയുന്നതിന്റെ കാരണങ്ങൾ

അഡീനിയം ചെടിയിലെ പൂമൊട്ടുകൾ കൊഴിയുന്നതിന്റെ കാരണങ്ങൾ


ഇന്ന് നമ്മളിൽ അധികം ആളുകളും വീടുകളിൽ വളർത്തുന്ന അല്ലങ്കിൽ വളർത്താൻ ആഗ്രഹിക്കുന്ന ഒരു ചെടിയാണ് അഡീനിയം ചെടികൾ. വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള അഡീനിയം ചെടികളുടെ പൂക്കൾ നമ്മൾ ഏവരെയും ആകർഷിക്കുന്നതാണ് അതിനാൽ തന്നെ നമ്മുടെ വീടുകളുടെ മുറ്റത്തു അഡീനിയം പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് സ്വപ്നം കാണുന്നവരാണ് നമ്മൾ മലയാളികൾ അധികവും. എന്നാൽ നമ്മൾ നന്നായി വളർത്തിക്കൊണ്ടു വന്ന അഡീനിയം ചെടികളിൽ ഉണ്ടാകുന്ന പൂമൊട്ടുകൾ വിരിയാതെ കൊഴിഞ്ഞു പോകുന്നത് ചെടികൾ വളർത്തുന്ന ഒട്ടുമിക്ക ആളുകൾക്കും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്‌നമാണ്. 

 

അഡീനിയം ചെടിയിലെ പൂമൊട്ടുകൾ കൊഴിയുന്നതിന്റെ കാരണങ്ങൾ


 അഡീനിയം പൂമൊട്ടുകൾ കൊഴിഞ്ഞു പോകുന്നതിനുള്ള പ്രധാന കാരണങ്ങളും അവയ്ക്കുള്ള പരിഹാര മാർഗ്ഗങ്ങളും എന്തൊക്കെയാണെന്ന് നോക്കിയാലോ നമുക്ക്.

അഡീനിയം മൊട്ടുകൾ കൊഴിയുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്?


അഡീനിയം ചെടികളെ അവയുടെ പൂമൊട്ടുകൾ കൊഴിയുന്നതിന്‌ കാരണമാകുന്ന ചില പ്രധാന കാര്യങ്ങൾ ഇവയാണ്.

  • ചെടികൾക്ക് ലഭിക്കുന്ന അമിതമായ വെള്ളം / വെള്ളം കുറവ് 
  • ചെടികൾക്ക് ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറവ് / കൂടുതൽ 
  • ചെടികൾക്ക് ലഭിക്കുന്ന വളങ്ങളുടെ കുറവ് 
  • ചെടികളിൽ ഉണ്ടാകുന്ന കീടബാധ 
  • ചെടികൾക്ക് പെട്ടന്നുണ്ടാകുന്ന സ്ഥാന മാറ്റം 


മുകളിൽ പറഞ്ഞിരിക്കുന്ന ഈ പ്രധാന കാരണങ്ങൾ കൊണ്ടാണ് ചെടികളിൽ കൂടുതലായും പൂമൊട്ടുകൾ പൊഴിയുന്നത്.

ഇനി നമുക്ക് ഇവയിൽ നിന്നും എങ്ങനെ പൂമൊട്ടുകളെ സംരക്ഷിക്കാം എന്ന് നോക്കിയാലോ 


ചെടികൾക്ക് ലഭിക്കുന്ന അമിതമായ വെള്ളം / ചെടികളിലെ വെള്ളക്കുറവ്: 


അഡീനിയം ചെടികൾ വെള്ളം അധികം ആവശ്യമില്ലാത്ത  ചെടികളാണെന്ന് നമുക്ക് ഏവർക്കും അറിയാവുന്ന ഒരു കാര്യമാണ്. എന്നാൽ നമ്മുടെ കേരളത്തിലെ കാലാവസ്ഥയിൽ നമുക്ക് ലഭിക്കുന്ന മഴയുടെ അളവ് വളരെ കൂടുതലാണ് അതിനാൽ തന്നെ ചെടികൾക്ക് മൊട്ടുകളായിരിക്കുമ്പോൾ ലഭിക്കുന്ന വെള്ളത്തിനറെ അളവ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കൂടാതെ നമ്മൾ മലയാളികൾ എല്ലാ ചെടികളെയും എന്നും നനയ്ക്കാൻ ഇഷ്ട്ടപെടുന്നവരാണ് ചെടിച്ചുവട്ടിലെ മണ്ണിലെ ഈർപ്പം ശ്രദ്ധിക്കാതെ അധികം നന നൽകുന്നതും പൂകൊഴിച്ചിലിനു കാരണമാകും. 

നമ്മൾ മലയാളികൾക്ക് വെള്ളം കുറച്ചു നൽകിയാൽ മതി എന്ന് പറഞ്ഞാൽ ആ ചെടി വാടി ഉണങ്ങാൻ തുടങ്ങുമ്പോൾ മാത്രമായിരിക്കും ചിലരെങ്കിലും ചെടിക്ക് വെള്ളം നൽകുന്നത്. കൂടാതെ നല്ല വെയിലിൽ ഇരിക്കുന്ന ചെടികൾക്ക് നമ്മൾ നൽകുന്ന നടീൽ മിശ്രിതം അനുസരിച്ചുള്ള വെള്ളം നൽകാതെ ചെടിക്ക് ലഭിക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞാലും ചെടി അവയുടെ അവളർച്ചയ്ക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന് ചെടിയുടെ പൂക്കൾ പോലുള്ള മറ്റു ഭാഗത്തുനിന്നും വെള്ളം ശേഖരിക്കാൻ തുടങ്ങും അങ്ങനെ ചെയ്യുന്നത് വഴി ചെടികളിൽ ഉണ്ടാകുന്ന പൂമൊട്ടുകൾ കൊഴിയുന്നതിന്‌ കാരണമാകും. വേനൽക്കാലത്താണ് കൂടുതലായും വെള്ളം കുറവ് മൂലമുള്ള പൂ കൊഴിച്ചിൽ കാണാറുള്ളത്. 

പരിഹാരം: അഡീനിയം ചെടികൾക്ക് നമ്മൾ ചെടികൾ നടാൻ ഉപയോഗിച്ചിട്ടുള്ള നടീൽ മിശ്രിതം അനുസരിച്ചു വെള്ളം നൽകാൻ ശ്രദ്ധിക്കണം. 

ചെടികൾക്ക് വൈകുന്നേരങ്ങളിൽ വെള്ളം നൽകുന്നതിന് പകരം രാവിലെ നൽകുന്ന രീതിയാണ് നല്ലത്. അങ്ങനെ ആകുമ്പോൾ ചെടികൾക്ക് ലഭിക്കുന്ന അധിക വെള്ളം വൈകുന്നേരത്തോട് കൂടെ ഉണങ്ങുന്നതിനു സഹായിക്കും. 

അഡീനിയം ചെടികകളിൽ പൂമൊട്ടുകൾ ആകുന്ന സമയത്തു ഇലകളിലും പൂമൊട്ടുകളിലും വെള്ളം ശക്തിയായി  വീഴാതെ ശ്രദ്ധിക്കുന്നതും നല്ലതാണ്.

ചെടികൾക്ക് ലഭിക്കുന്ന സുര്യപ്രകാശത്തിന്റെ കൂടുതൽ / കുറവ് 


അഡീനിയം ചെടികളെ പൊതുവേ മരുഭൂമിയിലെ റോസ് എന്നാണ് പറയുന്നത്. അതിനാൽ തന്നെ ചെടികൾക്ക് നല്ല വളർച്ചയ്ക്കും പൂവിടുന്നതിനും നല്ല വെയിലും ചൂടും ആവശ്യമാണ്. എന്നാൽ ഇന്ന് നമുക്ക് ലഭിക്കുന്ന അധികം ചെടികളും പല പരീക്ഷണങ്ങളിലൂടെയും വികസിപ്പിച്ചെടുത്തവയാണ്. അതിനാൽ തന്നെ ഇത്തരം ചെടികൾക്ക് ലഭിക്കുന്ന ഉച്ച സമയത്തെ അതികഠിനമായ വെയിൽ പൂമൊട്ടുകൾ കരിയുന്നതിനോ അല്ലെങ്കിൽ പൂമൊട്ടുകളിലെ വെള്ളം പറ്റി മൊട്ട് കൊഴിഞ്ഞു വീഴുന്നതിനോ കാരണമാകും.

അതുപോലെ ചെടികൾക്ക് ലഭ്യമാകുന്ന സൂര്യപ്രകാശം കുറവായാൽ പൂർണ്ണ വളർച്ചയെത്താതെ പൂമൊട്ടുകൾ കൊഴിയുന്നതിനും അല്ലെങ്കിൽ ചെടിച്ചുവട്ടിൽ വെള്ളം അധികസമയം കെട്ടിനിന്ന് അതുവഴി പൂമൊട്ടുകൾ കൊഴിയുന്നതിനും കാരണമാകും.

പരിഹാരം: അഡീനിയം ചെടികളിലെ നാടൻ ഇനങ്ങളെ നോർമൽ രീതിയിലും അല്ലാത്ത പൂവാകാറായ ഹൈബ്രിഡ് ഇനങ്ങളെ നട്ടുച്ചയ്ക്കുള്ള അതികഠിനമായ വെയിൽ ഒഴിവാക്കി കുറഞ്ഞത് 6 മണിക്കൂർ എങ്കിലും വെയിൽ ലഭിക്കുന്ന സ്ഥലത്തു വളർത്തുന്നതാണ് ഉത്തമം. 

ചെടികൾക്ക് ലഭിക്കുന്ന വളങ്ങളുടെ കുറവ്

അഡീനിയം ചെടികളിൽ നാടൻ ഇനങ്ങൾക്ക് വളരുന്നതിനും പൂവിടുന്നതിനും വളങ്ങൾ അധികം ആവശ്യമില്ലെങ്കിലും നമ്മൾ ഇന്ന് വളർത്തുന്ന ഹൈബ്രിഡ് ഇനങ്ങൾക്ക് നല്ല രീതിയിലുള്ള വളങ്ങൾ അവയുടെ വളർച്ചയ്ക്കും പൂവിടലിനും ആവശ്യമാണ്. ചെടികൾക്ക് ഉണ്ടാകുന്ന ഇത്തരം വളങ്ങളുടെ അപര്യാപ്തത പൂകൊഴിച്ചിലിനു കാരണമാകും. 

പരിഹാരം: ചെടികൾക്ക് വളർച്ചയ്ക്ക് നൈട്രജൻ അടങ്ങിയ വളങ്ങളും പൂവിടുന്നതിന് ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്ന വളങ്ങളും നൽകുന്നത് നല്ലതാണ്. അഡീനിയം ചെടികൾക്ക് വളമായി രാസവളമോ ജൈവ വളങ്ങളോ ഉപയോഗിക്കാവുന്നതാണ്. രാസവളമായി ഏതെങ്കിലും അളവിലുള്ള NPK വളങ്ങളും ജൈവ വളമായി കടലപ്പിണ്ണാക്ക് പൊടിച്ചും  നൽകാവുന്നതാണ്.

അഡീനിയം ചെടികൾ പൂക്കാനും വളരാനും ഞങ്ങൾ നൽകുന്ന വളത്തെക്കുറിച്ചറിയാൻ ഈ വിഡിയോ കാണുക.

 


 

ചെടികളുടെ കമ്പുകൾ കോതിയതിനു ( പ്രൂണിങ് ) ശേഷം  മണ്ണിൽ അടിവളമായി നൽകുന്ന ചാണകപ്പൊടിയോ ആട്ടിൻ വളമോ കൂടാതെ കടല പിണ്ണാക്കും  ഉപയോഗിക്കുന്നത് കൂടുതൽ തലപ്പുകൾ ചെടികളിൽ ഉണ്ടാകുന്നതിനു സഹായിക്കും.

ചെടികളിൽ ഉണ്ടാകുന്ന കീടബാധ 


അഡീനിയം ചെടികളുടെ ഇലകൾക്ക് ഒരു തരം കറയും കയ്പ്പും ഉള്ളതിനാൽ അഡീനിയം ചെടികളെ അധികം കീടങ്ങൾ ബാധിക്കയില്ലെങ്കിലും ഇവയുടെ പൂവിലും പൂമൊട്ടുകളിലും മീലി ബഗ്ഗ്സ്, ചിലയിനം ചിലന്തികൾ എന്നി കീടങ്ങൾ ഉണ്ടാകാറുണ്ട്. ഈ കീടങ്ങൾ പൂമൊട്ടിന്റെ നീരുകൾ ഉറ്റിക്കുടിക്കുന്നത് വഴി ചെടിയിലെ പൂമൊട്ടുകൾ കൊഴിയുന്നതിന്‌ കാരണമാകും.

പരിഹാരം: ചെടികളിലെ പൂമൊട്ടുകൾ കൊഴിയുന്നത് കണ്ടാൽ നന്നായി നേർപ്പിച്ച വേപ്പെണ്ണ ചെടികളിൽ തളിച്ച് നൽകാവുന്നതാണ്. വേപ്പെണ്ണയുടെ കടുപ്പം കൂടിയാൽ വെയിലിൽ നിൽക്കുന്ന ചെടികൾ ചൂടുകൂടി കരിയുന്നതിനു കാരണമാകും. 

ചെടികൾക്ക് പെട്ടന്നുണ്ടാകുന്ന സ്ഥാന മാറ്റം 


പൂമൊട്ടുകളോട് കൂടിയ ചെടികളെ പെട്ടന്ന് സൂര്യപ്രകാശം കുറവുള്ളതോ കൂടുതലുള്ളതോ ആയ സ്ഥലത്തേക്ക് മാറ്റുന്നത് ചെടികളിൽ ഉണ്ടായ പൂമൊട്ടുകൾ കൊഴിയുന്നതിന്‌ കാരണമാകും. 

പരിഹാരം: പൂക്കൾക്കായി വളർത്തുന്ന ചെടികളെ ഇടയ്ക്കിടയ്ക്ക് സ്ഥലം മാറ്റത്തെ തുടർച്ചയായി വെയിൽ ലഭിക്കുന്ന രീതിയിൽ വളർത്താൻ ശ്രദ്ധിക്കുക. അല്പംകൂടെ ബഡ്‌ജറ്റ്‌ ഉണ്ടങ്കിൽ ഒരു യു വി ഷീറ്റിനടിയിൽ വളർത്തുന്നത് ഉത്തമമായിരിക്കും.

മുകളിൽ പറഞ്ഞിരിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഒരു പരിധിവരെ നമ്മുടെ അഡീനിയം ചെടിയിലുണ്ടാകുന്ന പൂകൊഴിച്ചിൽ തടയാൻ സാധിക്കുകയും അതുവഴി നല്ല രീതിയിൽ ചെടികളെ വളർത്തി പൂവിടുന്നതിനു സഹായിക്കുകയും ചെയ്യും.

Post a Comment

Previous Post Next Post