വീടിനകത്തളം ചെടികളാൽ മനോഹരമാക്കാൻ ഇഷ്ട്ടപെടുന്നവരാണ് നമ്മളിൽ കുറച്ചാളുകളെങ്കിലും അങ്ങനെയുള്ള ആളുകൾക്കുവേണ്ടി വലിയ പരിചരണം ആവശ്യമില്ലാത്തതും എന്നാൽ നന്നായി വളരുന്നതുമായ ഒരു ഇല ചെടിയാണ് ബബിൾ പ്ലാന്‍റുകൾ. കുമിളകൾ പോലെയുള്ള ഇവയുടെ ഇലയുടെ രൂപമാണ് ഈ ചെടികൾക്ക് ബബിൾ പ്ലാന്‍റ് എന്ന പേര് വരാൻ കാരണം. ഇവ ഡിപ്റ്റെരാകാന്തസ് അല്ലെങ്കിൽ റുല്ലിയ എന്ന വിഭാഗത്തിൽപ്പെട്ട ചെടികളാണ്.
ബബിൾ പ്ലാന്‍റ് വളർത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
ഭാഗികമായ വെയിലിൽ നന്നായി വളരാൻ ഇഷ്ട്ടപെടുന്ന ഇലച്ചെടികളാണ് ബബിൾ പ്ലാന്‍റുകൾ, അതിനാൽ തന്നെ നമുക്ക് ഇവയെ വീടിൻ്റെ അകത്തങ്ങളിലും പടികളോട് ചേർന്ന ഭാഗത്തും നന്നായി വളർത്താൻ സാധിക്കും. ചെടികൾക്ക് നേരിട്ടുള്ള അതി കഠിനമായ സൂര്യപ്രകാശം ലഭിക്കുന്നത് വഴി ചെടിയുടെ ഇലകൾ കരിഞ്ഞു നശിച്ചു പോകുന്നതിന് കാരണമാകും. എന്നാൽ ചെടികൾക്ക് ഒട്ടുംതന്നെ വെളിച്ചം ലഭിച്ചില്ലെങ്കിൽ ചെടിയുടെ വളർച്ച മുരടിക്കുന്നതായി കാണാം.
ബബിൾ പ്ലാന്‍റ്കളെക്കുറിച്ചു കൂടുതൽ അറിയാൻ ഈ വിഡിയോ കാണുക.
ബബിൾ പ്ലാന്‍റ് നടുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
വെള്ളം കെട്ടിനിൽക്കാത്തതും എന്നാൽ ഈർപ്പം നിൽക്കുന്നതുമായ മണ്ണിൽ വളരാനാണ് ഈ ചെടികൾക്ക് ഇഷ്ട്ടം അതുപോലെ തന്നെ ഇവയുടെ വേരുകൾ അധികം ആഴത്തിലേക്ക് വളരാത്തവ ആയതിനാൽ ചെടി ചട്ടികൾ തിരഞ്ഞെടുക്കുമ്പോൾ അധികം ആഴമില്ലാത്ത എന്നാൽ വിസ്താരമുള്ള തരം ചട്ടികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ചെടികൾ നടുന്നതിനായി മണ്ണ്, അടിവളമായി നൽകാൻ സാധിക്കുന്ന ജൈവ വളങ്ങളായ ചാണകപ്പൊടി, ആട്ടിൻവളം എന്നിവയിൽ ഏതെങ്കിലും 2 : 1 എന്ന അനുപാതത്തിൽ കുട്ടിയിളക്കിയ മണ്ണിൽ ചെടികൾ നടാവുന്നതാണ്. ചെടികൾ മഴ കൊള്ളാത്ത രീതിയിൽ വീടിനകത്തളങ്ങളിൽ വെയ്ക്കുമ്പോൾ നടുന്നതിനായി ചകിരിച്ചോറും ഉപയോഗിക്കാവുന്നതാണ്.
ബബിൾ പ്ലാന്‍റിന്‍റെ വളപ്രയോഗം എങ്ങനെയാണ് ?
ഇവയ്ക്ക് അധികം വളം ആവശ്യമില്ലെങ്കിലും ചെടിയുടെ വളർച്ചാ സമയത്ത് മാസത്തിൽ ഒരിക്കൽ വീതം ഏതെങ്കിലും ജൈവ രീതിയിലുള്ള ദ്രാവക രൂപത്തിലുള്ള വളങ്ങൾ നൽകാവുന്നതാണ്. ബബിൾ പ്ലാന്‍റുകളുടെ വളമായി ജൈവ വളങ്ങൾ ഉപയോഗിച്ചാൽ മതിയാകും. ജൈവ വളങ്ങളുടെ ഉപയോഗം ചെടിയുടെ വളർച്ചയ്ക്കും അതുപോലെ ആരോഗ്യത്തിനും സഹായിക്കും. ജൈവ വളങ്ങളായി നന്നായി നേർപ്പിച്ച വിവിധ തരം സ്ലറികൾ, കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് എന്നിവയൊക്കെ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ബബിൾ പ്ലാന്‍റുകൾക്ക് ആവശ്യമെങ്കിൽ NPK പോലുള്ള രാസവളങ്ങൾ നൽകാൻ സാധിക്കുന്നതാണ്. ചെടികൾ വളർത്തുമ്പോൾ ഞങ്ങൾ കുടുതലും പ്രൂൺ ചെയുന്ന സമയത്തും അതുപോലെ തന്നെ മാറ്റിനടുന്ന സമയത്തുമാണ് ചാണപ്പൊടി പോലുള്ള ജൈവ വളങ്ങൾ മണ്ണിൽ ഇളക്കി നൽകുന്നത്.
ബബിൾ പ്ലാന്‍റുകൾക്ക് വെള്ളം അധികം ആവശ്യമുണ്ടോ?
ഈർപ്പമുള്ള എന്നാൽ വെള്ളം കെട്ടിനിൽക്കാത്തതും അതുപോലെ തന്നെ ഇളക്കമുള്ളതുമായ മണ്ണാണ് ബബിൾ പ്ലാന്‍റുകൾക്ക് ഉത്തമം. മണ്ണിലെ ഈർപ്പം കുറയുന്നതിനനുസരിച്ചു വെള്ളം നൽകുന്ന രീതിയാണ് നല്ലത്. ചെടികൾക്ക് അടിവളമായി നൽകുന്ന ചാണകപ്പൊടിയുടെ കൂടെ കുറച്ചു പൊടിയാത്ത ഉണങ്ങിയ ചാണക കട്ടകൾ കൂടെ ഇടുന്നത് മണ്ണിൽ ഈർപ്പം നിൽക്കുന്നതിനും അതുപോലെ തന്നെ മണ്ണ് ഇളക്കമുള്ളതായി മാറുന്നതിനും സഹായിക്കും. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാതെ സംരക്ഷിക്കുകയും അതുപോലെ വേനൽക്കാലത്ത് ചെടിയുണങ്ങാതെ സംരക്ഷിക്കുകയും വേണം.
ബബിൾ പ്ലാന്‍റുകളുടെ പുതിയ തൈകൾ എങ്ങനെയാണ് തയാറാക്കുന്നത്?
വളരെ എളുപ്പത്തിൽ തന്നെ പുതിയ തൈകൾ തയാറാക്കാൻ സാധിക്കുന്ന ഒരു ചെടിയാണ് ബബിൾ പ്ലാന്‍റുകൾ. ഇവയുടെ ആരോഗ്യമുള്ള തണ്ടുകൾ മുറിച്ചുവെച്ചാണ് നമുക്ക് ആവശ്യമുള്ള പുതിയ തൈകൾ തയ്യാറാക്കുന്നത്. പുതിയ തൈകൾ തയ്യാറാക്കാൻ തണ്ടുകൾ മുഴുവനായി വെയ്ക്കാതെ തലപ്പിന് താഴേ നാല് ഇലകൾ നിർത്തി തണ്ടുകൾ മുറിച്ചെടുക്കുന്നതാണ് നല്ലത്. തണ്ടുകൾ നീളത്തിൽ മുറിച്ചെടുത്തൽ ചെടി ഒരു ഭംഗിയില്ലാത്ത നീളത്തിൽ വളരുന്നതായി കാണാം. ചെടികളിൽ നിന്നും മുറിച്ചെടുത്ത തണ്ടുകൾ നേരിട്ട് മുകളിൽ പറഞ്ഞ രീതിയിൽ തയാറാക്കിയ മണ്ണിൽ നടാവുന്നതാണ്. അല്ലെങ്കിൽ വേരോട് കൂടിയ തണ്ടുകൾ മുറിച്ചെടുത്തും നടാവുന്നതാണ്. ഇങ്ങനെ തണലുള്ള സ്ഥലത്ത് സംരക്ഷിച്ചു വളർത്തുന്ന തണ്ടുകൾ രണ്ട് ആഴ്ചക്കുള്ളിൽ തന്നെ വളർന്ന് പുതിയ ചെടിയായി വളരുന്നത് കാണാം.
Post a Comment