അകത്തളങ്ങളും പൂമുറ്റവും ഒരുപോലെ തൻ്റെ പൂക്കളുടെ വർണാഭ ചാരുതയാൽ മനോഹരമാക്കുന്ന ചെടികളാണ് ഓർക്കിഡുകൾ. അതിനാൽ തന്നെ നമ്മുടെ വീടുകൾ ഓർക്കിഡ് പൂക്കളാൽ മനോഹരമാക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാം ഏവരും. നമ്മുടെ കേരളത്തിലെ കാലാവസ്ഥയിൽ ആർക്കും നന്നായി വളർത്താൻ കഴിയുന്നവരാണ് ഓർക്കിഡ് ചെടികൾ ഇന്ന് ലോകമെമ്പാടും 25,000 ൽ അധികം ഓർക്കിഡ് ഇനങ്ങളുണ്ടെന്ന് പറയപ്പെടുന്നു.
സാധാരണയായി നമുക്കാവശ്യമുള്ള ഓർക്കിഡ് തൈകൾ പൊതുവേ മാതൃസസ്യത്തിൽ നിന്നും പിരിച്ചെടുക്കുകയോ അതുമല്ലെങ്കിൽ ചെടി കടകളിൽ നിന്നും വാങ്ങിക്കുകയോ ആണ് പതിവ്. എന്നാൽ നമ്മുടെ പൂത്തോട്ടത്തിലേക്ക് ആവശ്യമുള്ള തൈകൾ നമുക്ക് തന്നെ ഓർക്കിഡ് ചെടികളുടെ തണ്ടുകൾ ഉപയോഗിച്ച് തയ്യാറാക്കാനാകുമെന്നു നമ്മളിൽ എത്രപേർക്ക് അറിയാം.
പൊതുവേ ഡെൻഡ്രോബിയം ഓർക്കിഡ് ഇനങ്ങളിൽ അവയുടെ തണ്ടുകളിൽ നിന്നും ചെറിയ തൈകൾ (ശിഖരങ്ങൾ) ഉണ്ടാകാറുണ്ട്. ഇവയെയാണ് സാധാരണയായി കെയ്ക്കി (Keiki) എന്ന് പറയുന്നത്. ഓർക്കിഡ് തണ്ടുകളെ പരിപാലിച്ച് ഇത്തരം കെയ്ക്കി വളർത്തി നമുക്ക് ആവശ്യമുള്ള ഓർക്കിഡ് ചെടികളെ തയ്യാറാക്കാനാകും.
ഓർക്കിഡ് തണ്ടിൽ നിന്നും കെയ്ക്കി എങ്ങനെയൊക്കെ തയാറാക്കാം?
ഓർക്കിഡ് നിന്നും കെയ്ക്കി തൈകൾ നമുക്ക് പ്രധാനമായും രണ്ട് രീതിയിൽ തയാറാക്കാൻ സാധിക്കും- ഹോർമോൺ പേസ്റ്റ് ഉപയോഗിച്ചും
- തണ്ട് മുറിച്ച് നട്ടും
പൂക്കൾ വിരിഞ്ഞു കഴിഞ്ഞ പൂന്തണ്ടിൽ വാങ്ങാൻ ലഭിക്കുന്ന കെയ്ക്കി പേസ്റ്റ് (സൈറ്റോകിനിൻ ഹോർമോൺ അടങ്ങിയ പേസ്റ്റ്) ഉപയോഗിച്ച് പുതിയ തൈകളെ വളർത്തിയെടുക്കുന്ന രീതിയാണിത്. ഫലനോപ്സിസ് ഓർക്കിഡുകളിലാണ് ഈ രീതിയിൽ പ്രധാനമായും തൈകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.
പൂവിട്ടു തിർന്നതോ അല്ലെങ്കിൽ ഇനി പൂവിടാൻ സാധ്യതയില്ലാത്തതോ ആയ ആരോഗ്യമുള്ള തണ്ടുകളിൽ നിന്നും തൈകൾ തയ്യാറാക്കുന്ന രീതിയാണിത്. കൂടുതലായും എളുപ്പത്തിൽ ആർക്കും ചെയ്യാവുന്ന രീതിയാണ് തണ്ടുകളിൽ നിന്നും തൈകൾ തയ്യാറാക്കുന്ന രീതി. പ്രധാനമായും ഡെൻഡ്രോബിയം ഓർക്കിഡുകളിൽ തൈകൾ തയാറാക്കാനാണ് ഈ രീതി ഉപയോഗിക്കുന്നത്.
കെയ്ക്കി തയ്യാറാക്കുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വിഡിയോ പൂർണമായി കാണുക.
ഓർക്കിഡ് തണ്ടുകൾ മുറിച്ചു കെയ്ക്കി തയ്യാറാക്കുന്ന രീതി എങ്ങനെയാണ്?
- ആരോഗ്യമായുള്ള ഓർക്കിഡ് ചെടിയുടെ പൂവിട്ടു തിർന്നതോ അല്ലെങ്കിൽ ഇനി പൂവിടാൻ സാധ്യതയില്ലാത്തതോ ആയ ഇലകൾ ഒന്നുമില്ലാത്ത ഓർക്കിഡ് തണ്ട് ചെടിയിൽ നിന്നും നന്നായി വൃത്തിയാക്കിയ പ്രൂണിങ് കട്ടർ ഉപയോഗിച്ച് മുറിച്ചെടുക്കുക
- സാഫ് പോലുള്ള ഏതെങ്കിലും ആൻ്റിഫംഗൽ തണ്ടിലെ രണ്ടറ്റത്തുമുള്ള മുറിവിൽ പുരട്ടി തണ്ടുകളെ സംരക്ഷിക്കുക.
- വൃത്തിയായി മുകൾഭാഗം മുറിച്ചെടുത്ത വാവിസ്താരമുള്ള വെള്ളത്തിൻ്റെ കുപ്പിയിലോ സുതാര്യമായ ചില്ലുകുപ്പിയിലോ കുത്തനെ തണ്ടിൻ്റെ ചുവട് ഭാഗം കുപ്പിയുടെ അടിയിൽ വരുന്ന രീതിയിൽ കുത്തി നിർത്തുക.
- ഇങ്ങനെ നിർത്തിയിരിക്കുന്ന തണ്ടുകൾക്ക് സ്പ്രേ ചെയ്യുന്ന രീതിയിൽ ചെറുതായി വെള്ളം നനച്ചു കൊടുക്കുക. വെള്ളം ഒത്തിരി കുപ്പിയിൽ കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം, വെള്ളം അധികമായാൽ ഓർക്കിഡ് തണ്ടുകൾ അഴുകി നശിച്ചു പോകും.
- ഓർക്കിഡ് തണ്ടുകൾ വെച്ചിട്ടുള്ള കുപ്പി നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാത്ത രീതിയിൽ ഇരുട്ടുള്ള സ്ഥലത്ത് അല്ലാത്ത ഒരിടത്ത് വയ്ക്കുക.
- കുപ്പിയിലെ ജലാംശം ഉണങ്ങുമ്പോൾ മാത്രം അൽപം വെള്ളം തളിച്ചുകൊടുക്കുക.
- കുറച്ചു നാളുകൾക്ക് ശേഷം തണ്ടിൽ നിന്നും പുതിയ വേരുകളും ഇലകളും വളർന്നു തുടങ്ങിയാൽ, സാധാരണ ഓർക്കിഡ് നടുന്ന മിശ്രിതത്തിലേക്ക് ഇവയെ മാറ്റി നടാവുന്നതാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന ഈ രീതിയാണ് വളരെ എളുപ്പമുള്ളതും ആർക്കും വീടുകളിൽ വലിയ പ്രയാസമില്ലാതെ ചെയ്യാൻ സാധിക്കുന്നതുമായ രീതി.
Post a Comment