ഹൈബ്രിഡ് ചെമ്പരത്തികൾ വളർത്തുമ്പോൾ



പൂന്തോട്ടങ്ങൾ എന്നും മനോഹരമാക്കാൻ നമുക്ക് വളർത്താൻ സാധിക്കുന്ന ഒരു പൂച്ചെടിയാണ് ചെമ്പരത്തികൾ. എന്നും പൂക്കൾ നൽകുന്ന ഇവ പ്രധാനമായും നാടൻ ചെടികൾ അതുപോലെ തന്നെ ഹൈബ്രിഡ് ചെടികൾ എന്നിങ്ങനെ രണ്ടിനങ്ങളായാണ് ഉണ്ടാകുക. നാടൻ ഇനങ്ങൾക്കും അതുപോലെ തന്നെ ഹൈബ്രിഡ് ഇനങ്ങൾക്കും ഇന്ന് ആവശ്യക്കാർ ധാരാളമുണ്ട്. കൂടാതെ നടൻ ചെമ്പരത്തികളാണ് ഹെയർ ഓയിൽ ഉണ്ടാക്കുന്നതിനും വിവിധ തരം ഔഷധങ്ങൾ ഉണ്ടാക്കുന്നതിനുമായി ഉപയോഗിക്കുന്നത്. എന്നാൽ ഹൈബിഡ് ഇനങ്ങൾ വളരെ വലിപ്പമുള്ള പൂക്കളും അതുപോലെ തന്നെ ആരെയും ആകർഷിക്കുന്ന നിറ വിന്യാസത്തിലുമാണ് കാണപ്പെടുക. 

ഹൈബ്രിഡ് ചെമ്പരത്തികൾ വളർത്തുമ്പോൾ

 
ചെമ്പാരത്തികൾ പൊതുവേ ഒറ്റയിതളുള്ള പൂക്കൾ ഉണ്ടാകുന്നവയും അതുപോലെ തന്നെ ഒന്നിലധികം ഇതളുകൾ ഉള്ള പൂക്കൾ ഉണ്ടാകുന്നവയുമുണ്ട്. ഇവയെല്ലാം തന്നെ നമ്മുടെ കണ്ണിന് കുളിർമ്മ നൽകുന്നവയാണ്. 

ഹൈബ്രിഡ് ചെമ്പരത്തികൾ നടുന്ന രീതി എങ്ങനെയാണ് ?

വെള്ളം കെട്ടിനിൽക്കാത്തതും എന്നാൽ വളക്കൂറും ഈർപ്പവും നിലനിക്കുന്ന മണ്ണിൽ യാതൊരു പ്രയാസവുമില്ലാതെ നന്നായി വളർന്ന് പൂവിടാൻ പൊതുവേ ഇഷ്ട്ടപെടുന്നവരാണ് ചെമ്പരത്തികൾ. നാടൻ ചെടികളെ നമുക്ക് മണ്ണിലും ചെടിച്ചട്ടികളിലും ഒരുപോലെ വളർത്താമെങ്കിലും ഹൈബ്രിഡ് ഇനങ്ങളെ ചെടിച്ചട്ടികളിൽ വളർത്തുന്നതാണ് ഉത്തമം. ചെടികൾ ചട്ടികളിൽ നടുന്നതിനായി മണ്ണ്, ജൈവ വളമായി നൽകാൻ സാധിക്കുന്ന വളങ്ങളായ ചാണകപ്പൊടി, കംബോസ്ട് , ആട്ടിൻവളം എന്നിവ 2 : 1 എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തിയ മണ്ണിൽ അൽപം വേപ്പിൻ പിണ്ണാക്കുടെ നൽകി ചെടികൾ നടാവുന്നതാണ്. എന്നാൽ മണ്ണിൽ നടുമ്പോൾ തിരഞ്ഞെടുത്ത സ്ഥലത്ത് ചെറിയൊരു കുഴിയെടുത്തതിന് ശേഷം അതിലേക്ക് അൽപം അടിവളവും വേപ്പിൻ പിണ്ണാക്കും നൽകി മേൽമണ്ണുമായി അവ കുട്ടിയിളക്കി ചെടികൾ നടാവുന്നതാണ്.

ചെടികൾ നടുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

ചെടിയുടെ വലിപ്പവും ഇനവും അനുസരിച്ചു ചെടിക്കാവശ്യമായ വലിപ്പമുള്ള ചെടിച്ചട്ടികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ചെടികൾ ചട്ടികളിൽ നടുമ്പോൾ ആദ്യ ലയറായി ചട്ടികളിൽ ഉണങ്ങിയ കരിയിലകൾ ഇടുന്നത് ചെടിച്ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതിരിക്കുന്നതിനും അതുപോലെ തന്നെ ചെടിയുടെ നല്ല രീതിയിലുള്ള വേരോട്ടത്തിനും സഹായിക്കും. ഹൈബിഡ് ചെടികളെ ചട്ടികളിൽ നടുമ്പോൾ എന്തെങ്കിലും കാരണവശാൽ അവയെ വെയിലിൽ നിന്നും മാറ്റിവെക്കണമെങ്കിൽ ഈ രീതി സഹായിക്കും. വാങ്ങിയ ചെമ്പരത്തി ചെടികൾ നടുമ്പോൾ അവയുടെ മണ്ണ് നീക്കം ചെയ്‌തു ചെടിയുടെ ചുവട്ടിലുള്ള നെറ്റ് പോട്ട് കളഞ്ഞ ശേഷം ചെടികൾ നടുന്നതാണ് നല്ലത്. 

നെറ്റ് പോട്ട് മാറ്റിയ ശേഷം ചെടികൾ എങ്ങനെ നടാമെന്നറിയാൻ ഈ വിഡിയോ കാണുക. 


ഹൈബ്രിഡ് ചെമ്പരത്തികൾക്ക് വെയിൽ ആവശ്യമാണോ?


ഏത് തരം ചെമ്പരത്തികൾക്കും അവ നന്നായി വളരുന്നതിനും അതുപോലെ തന്നെ പൂക്കുന്നതിനും നല്ല വെയിൽ ആവശ്യമാണ്. നമ്മുടെ ഇപ്പോളത്തെ കേരളത്തിലെ കാലാവസ്ഥയിൽ ചൂട് അധികമായതിനാൽ തന്നെ വെയിലിൽ നിൽക്കുന്ന ചെടികൾക്ക് നന്നായി വെള്ളം നൽകാൻ ശ്രദ്ധിക്കണം അല്ലെങ്കിൽ ചെടികൾ കരിഞ്ഞു പോകുന്നതിന് കാരണമാകും. 

ഹൈബ്രിഡ് ചെമ്പരത്തികൾക്ക് വെള്ളം എങ്ങനെ നൽകണം?

വേനൽക്കാലത്തും അതുപോലെ തന്നെ ഇവ പൂക്കൾ ഉണ്ടാകുന്ന സമയത്തും ധാരാളം വെള്ളം ആവശ്യമുള്ള ഒരു ചെടിയാണ് ചെമ്പരത്തികൾ. മണ്ണിലെ ഈർപ്പം നിലനിർത്തി എന്നാൽ വെള്ളം കെട്ടിനിൽക്കാത്ത രീതിയിൽ നന എല്ലാ ദിവസവും ക്രമീകരിക്കുന്ന രീതിയിൽ ചെടികളെ വളർത്തുന്നതാണ് നല്ലത്. ചെടിച്ചുവട്ടിൽ വെള്ളം കെട്ടിനിന്നാൽ ചെടികളുടെ വേരുകൾ അഴുകി ചെടികൾ നശിക്കുന്നതിന് കാരണമാകും. 

ഇവയുടെ വളപ്രയോഗം എങ്ങനെയാണ് ?


ചെമ്പരത്തി ചെടികൾക്ക് രാസവളമോ ജൈവ വളമോ ഉപയോഗിക്കാം. എന്നാൽ വീടുകളിൽ ചെടികളെ വളർത്തുമ്പോൾ ജൈവ വളങ്ങൾ നൽകുന്നതാണ് ഏറ്റവും നല്ലത്. ജൈവ വളങ്ങൾ കൂടുതൽ ഉപയോഗിക്കുന്നത് ചെമ്പരത്തി ചെടികൾക്ക് കൂടുതൽ ആയുസ്സ് നൽകും. ചെമ്പരത്തികൾ നന്നായി പൂവിടാൻ നല്ലരീതിയിൽ പൊട്ടാസ്യം കൂടിയ വളങ്ങൾ വേണം നൽകാൻ. രാസവളമായി NPK വളങ്ങളും ജൈവ വളമായി കടലപ്പിണ്ണാക്ക്, വിവിധ തരം സ്ലറികൾ, തേയില ചണ്ടി, പുളിപ്പിച്ച കഞ്ഞിവെള്ളം, മുട്ടത്തോട് പൊടിച്ചത് എന്നിവയൊക്കെ നമുക്ക് ഉപയോഗിക്കാൻ സാധിക്കും. ചെടിയുടെ വളർച്ചയ്ക്ക് അടിവളമായി നൽകുന്ന ജൈവ വളങ്ങൾ അല്ലെങ്കിൽ NPK യുടെ ന്യൂട്രൽ വളങ്ങൾ പ്രുണ് ചെയ്തതിനു ശേഷമോ അല്ലെകിൽ ചെടികളുടെ വളർച്ചാ സമയത്തോ മാസത്തിൽ  രണ്ടു ആഴ്ചയുടെ ഇടവേളകളിൽ വളങ്ങൾ നൽകാവുന്നതാണ് അതുപോലെ ചെടികൾ പൂക്കുന്ന സമയത്ത് 20 ദിവസത്തിന്റെ ഇടവേളകളിൽ പൊട്ടാസ്യം കൂടുതലുള്ള വളങ്ങൾ നൽകാവുന്നതാണ്. 

ചെടികൾക്ക് എന്തൊക്കെ രോഗകീടബാധകളാണ് ഉണ്ടാകുന്നത്?

ചെമ്പരത്തി ചെടികളെ പ്രധാനമായും ബാധിക്കുന്ന പ്രശ്ങ്ങളാണ് പുഴു, ചിലന്തി എന്നിവയുടെ ശല്യം, മീലിബഗ്, വെള്ളിച്ച എന്നിവ. ഇവയുടെ ശല്യം ചെടികളിൽ കണ്ടാൽ ഉടൻ തന്നെ വേപ്പെണ്ണ മിശ്രിതം ചെടികളിൽ തളിക്കുന്നത് നല്ലതാണ്. 

ചെടികളുടെ കൊമ്പ് കോതേണ്ടത് എപ്പോളാണ് ?

ചെമ്പരത്തി ചെടികൾക്ക് ആധികം ഉയരം വെയ്ക്കാതെ നല്ലൊരു രൂപ ഭംഗിയിൽ നിലനിർത്തുന്നതിനും അതുപോലെ തന്നെ ധാരാളം ശാഖകൾ ഉണ്ടായി ചെടി നന്നായി പൂക്കുന്നതിനും പ്രൂണിങ് അനിവാര്യമാണ്. ചെടികൾ പൂവിടുന്ന സമയത്തിനു മുൻപ് പ്രുണ് ചെയ്യുന്നതാണ് ഉത്തമം അതായത് ജനുവരി മുതൽ മാർച്ച് വരെയുള്ള സമയങ്ങളിലോ അതുമല്ലെങ്കിൽ ജൂൺ ജൂലൈ സമയത്തോ. ഹൈബ്രിഡ് ചെമ്പരത്തികൾക്കു ഞങ്ങൾ പൊതുവേ മഴക്ക് തൊട്ട് മുൻപാണ് പ്രുണ് ചെയ്യുന്നത്. മഴക്കാലത്ത് തണ്ടിലെ മുറിപ്പാടിലൂടെ വെള്ളം കയറി ചെടികൾ നശിക്കുന്നത് ഒഴിവാക്കാനാണിത്. 

ഹൈബ്രിഡ് ചെമ്പരത്തിയുടെ തൈകൾ തയാറാക്കുന്ന രീതി എങ്ങനെയാണ് ? 

ഹൈബ്രിഡ് ചെമ്പരത്തികളെ നമുക്ക് പ്രധാനമായും രണ്ടു രീതിയിൽ പുതിയ തൈകൾ തയാറാക്കാൻ സാധിക്കും ഒന്ന് കമ്പുകൾ മുറിച്ചു നട്ടും അതുപോലെ തന്നെ ഗ്രാഫ്റ്റിംഗ് വഴിയും. ആരോഗ്യമുള്ള ചെടിയുടെ അധികം മൂപ്പില്ലാത്തതും എന്നാൽ തീരെ ഇളപ്പമല്ലാത്തതുമായ കമ്പുകൾ പുതിയ തൈകൾ തയ്യാറാക്കുന്നതിനായി ഉപയോഗിക്കാം. തണ്ടുകളിൽ പെട്ടന്ന് വേരുകൾ വരുന്നതിനായി വേണമെങ്കിൽ ഏതെങ്കിലും റൂട്ടിങ് ഹോർമോണുകൾ ഉപയോക്കാവുന്നതാണ്. നാടൻ ഇനങ്ങളിൽ ഹൈബ്രിഡ് ചെടികളുടെ കമ്പ് ഒട്ടിച്ചു ചേർത്ത് വളർത്തുന്ന രീതിയാണ് ഗ്രാഫ്റ്റിംഗ്. ഒരു ചെടിയിൽ തന്നെ നമുക്ക് മൾട്ടി ഗ്രാഫ്റ്റിംഗ് ചെയ്‌തു തൈകൾ നല്ല വിലയ്ക്ക് വിൽക്കാൻ സാധിക്കും. 

             

Post a Comment

Previous Post Next Post