കേരളത്തിൽ ട്യൂബ്റോസ് എന്നും അങ്ങ് നോർത്ത് സൈഡിൽ രജനിഗന്ധ എന്ന പേരിലും അറിയപ്പെടുന്ന ഒരു പൂച്ചെടിയാണിവ. പുഷ്പ കൃഷിയിൽ പ്രധാനമായും പെർഫ്യൂം ഉണ്ടാക്കാൻ വേണ്ടിയും അതുപോലെ തന്നെ കട്ട് ഫ്ലവർ ആയിട്ടും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ചെടിയാണ് ട്യൂബ്റോസ് അതിനാൽ തന്നെ ഇവയുടെ വിപണി സാധ്യത വളരെയധികമാണ്.
ട്യൂബ്റോസ് വളർത്തുന്നതിനെക്കുറിച്ച് അറിയാൻ ഈ വിഡിയോ കാണുക.
പ്രധാനമായും രാത്രി കാലങ്ങളിൽ പൂക്കുന്ന ഈ ചെടി വീടുകളിലും അതുപോലെ തന്നെ പുഷ്പ കൃഷിയായും നമുക്കേവർക്കും ഒരുപോലെ വലിയ പ്രയാസമില്ലാതെ വളർത്താവുന്നവയാണ്. ഇവയുടെ പൂക്കൾക്ക് വളരെ നല്ല രീതിയിലുള്ള സുഗന്ധം നൽകുന്നതിനാൽ തന്നെ ഏവർക്കും സ്വന്തമാക്കാൻ താല്പര്യമുള്ള അല്ലെങ്കിൽ ആഗ്രഹമുള്ള ഒരു ചെടികൂടിയാണിവ. എന്നാൽ ആഗ്രഹിച്ചു വാങ്ങിയ ചെടികൾ പലപ്പോഴും പൂക്കാത്ത നിൽക്കുന്നത് ഒരു ഉദ്യാന പ്രേമിയെ സംബന്ധിച്ചു വളരെ പ്രയാസമുള്ള കാര്യമാണ്. ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും ഇവയെ വീടുകളിൽ വളർത്താവുന്നതാണ്.
ട്യൂബ്റോസ് നടുന്ന രീതി എങ്ങനെയാണ് ?
നല്ല വളക്കൂറുള്ള ഇളക്കമുള്ള അതുപോലെ വെള്ളം കെട്ടിനിൽക്കാത്ത മണ്ണിൽ വളരാനാണ് ട്യൂബ്റോസ് ചെടികൾ ഇഷ്ടപ്പെടുന്നത്. ഇവയുടെ വളർച്ചയ്ക്ക് വളവും വെയിലും അതുപോലെ തന്നെ വെള്ളവും ഏറ്റവും അത്യാവശ്യമായ ഘടകങ്ങളാണ്. ട്യൂബ്റോസ് പ്രധാനമായും കിഴങ്ങുകൾ വഴിയാണ് പുതിയ തൈകൾ തയാറാക്കുന്നത് തിരഞ്ഞെടുത്ത ആരോഗ്യമുള്ള നല്ല കിഴങ്ങുകൾ നടുന്നതിനായി ഉപയോഗിക്കാം. വളരെ ചെറിയ കിഴങ്ങുകൾക്ക് പകരം അൽപം വലിയ കിഴങ്ങുകൾ നടാനായി ഉപയോഗിക്കുന്നതാണ് ഉത്തമം. വളരെയധികം വലുപ്പമുള്ള കിഴങ്ങുകളെ നമുക്ക് മുള ഭാഗം നോക്കി വേണമെങ്കിൽ മുറിച്ചും നടാവുന്നതാണ്. അടിവളമായി നൽകാൻ സാധിക്കുന്ന വളങ്ങളായ ചാണകപ്പൊടി, ആട്ടിൻവളം, കംബോസ്ട് എന്നിവ കല്ല് മാറ്റിയ മണ്ണുമായി 1 : 2 എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തി ചട്ടികളിൽ നടുന്ന ചെടികൾക്കായി ഉപയോഗിക്കാവുന്നതാണ്. എന്നാൽ കിഴങ്ങുകൾ മണ്ണിൽ നടുമ്പോൾ മണ്ണ് കൊത്തിയിളക്കി അടിവളം നൽകി അതിലേക്ക് നടാവുന്നതാണ്. ഇങ്ങനെ നടുന്ന കിഴങ്ങുകൾക്ക് മുളപ്പ് പെട്ടന്ന് ഉണ്ടാക്കാനായി വെള്ളം നൽകാൻ ശ്രദ്ധിക്കണം. ചെടി ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതെ സംരക്ഷിക്കുന്ന കിഴങ്ങുകൾ വളരെ പെട്ടന്ന് തന്നെ കിളിർത്തു വരുന്നതായി കാണാൻ സാധിക്കും. ചെടികൾ പൊതുവേ മാർച്ച് മുതൽ ജൂലൈ വരെയുള്ള സമയങ്ങളിലാണ് നടുന്നത് എന്നിരുന്നാലും ചെടികൾ നടുന്ന സ്ഥലമനുസരിച്ചു ഇവയുടെ കൃഷി സമയം മാർച്ച് മുതൽ ഓഗസ്റ്റ് വരെയായി കണക്കാക്കുന്നു. ട്യൂബ്റോസ് ചെടികൾ വളരാൻ ചൂടുള്ള കാലാവസ്ഥ ആവശ്യമുള്ളതിനാൽ ചൂട് സമയത്തോട് അനുബന്ധിച്ചാണ് ഇവയുടെ കൃഷി സമയം ക്രമീകരിക്കുന്നത്.
ട്യൂബ്റോസ് ചെടികളുടെ വളപ്രയോഗം എങ്ങനെയാണ് ?
ചെടികൾ നന്നായി വളരുന്നതിനും പൂക്കുന്നതിനും വളങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്. അടിവളമായി നൽകുന്ന വളങ്ങൾക്ക് പുറമേ ചെടികളുടെ വളർച്ചയ്ക്ക് നൈട്രജൻ കൂടുതലുള്ള വളങ്ങളും പൂവിടുന്നതിന് മുൻപ് ചെടികൾക്ക് ഫോസ്ഫറസ്, പൊട്ടാസ്യം കൂടുതലുള്ള വളങ്ങളും നൽകേണ്ടതാണ്. വീടുകളിൽ വളർത്തുമ്പോൾ കടലപ്പിണ്ണാക്ക്, വിവിധ തരം ജൈവ സ്ലറികൾ, ഗോമൂത്രം നേർപ്പിച്ചത് എന്നിവയൊക്കെ ജൈവ വളങ്ങളായും NPK വളങ്ങൾ രാസവളമായും നൽകാവുന്നതാണ്. എന്നാൽ ചെടികൾ വ്യാവസായികാടിസ്ഥാനത്തിൽ കൃഷിയായി ചെയ്യുമ്പോൾ NPK വളങ്ങൾ നടുന്ന സമയത്തും അതുപോലെ പൂങ്കുലകൾ വരാൻ തുടങ്ങുന്ന സമയത്തും നൽകേണ്ടതാണ്.
ചെടികൾക്ക് വെള്ളം അധികം ആവശ്യമുണ്ടോ?
ട്യൂബ്റോസ് ചെടികൾക്ക് നന്നായി വളരുന്നതിനും പൂവിടുന്നതിനും മണ്ണിൽ ഈർപ്പം നിലനിൽക്കണം എന്നാൽ വെള്ളം കെട്ടി നിന്ന് കിഴങ്ങുകൾ അഴുകി നശിക്കാനും പാടില്ല എന്ന രീതിയിൽ വേണം വെള്ളം നൽകാൻ. കിഴങ്ങുകൾ നടുമ്പോൾ തന്നെ ചെടികൾക്ക് വളരാൻ ആവശ്യമായ വെള്ളം നൽകാൻ ശ്രദ്ധിക്കണം. ചെടിച്ചുവട്ടിലെ ഈർപ്പം നിലനിർത്തിവേണം ചെടിയെ വളർത്താൻ. നമ്മൾ ചെടിയെ വളർത്തുന്ന അന്തരീക്ഷം അനുസരിച്ചു വെള്ളം നൽകേണ്ടുന്ന ഇടവേളകൾ ക്രമീകരിക്കാവുന്നതാണ്.
ട്യൂബ്റോസ് ചെടികൾ എത്ര നിറങ്ങളിലുണ്ട് ?
ട്യൂബ്റോസ് പ്രധാനമായും നമ്മൾ കണ്ടിട്ടുള്ള വെള്ള നിറത്തിനു പുറമേ പിങ്ക്, മഞ്ഞ, ക്രീം, പർപ്പിൾ അഥവാ ചുവപ്പ് എന്നി നിറങ്ങളിലും ഇന്ന് ചെടികൾ ലഭ്യമാണ്. ട്യൂബ്റോസ് ചെടികൾ ഒറ്റയിതളുള്ള ഇനങ്ങളും ഒന്നിലധികം ഇതളുകളുള്ള ഇനങ്ങളും ലഭ്യമാണ്. ഇവയിൽ മറ്റുള്ളവയെക്കാൾ ഒറ്റയിതളുള്ള വെള്ള നിറത്തിനാണ് സുഗന്ധം കൂടുതലുള്ളത് അതിനാൽ തന്നെ പെർഫ്യൂം കൃഷിയായി ട്യൂബ്റോസ് വളർത്തുമ്പോൾ വെള്ള നിറത്തിൽ ഒറ്റയിതളുള്ള ഇനം കൃഷിചെയ്യുന്നതാണ് നല്ലത്.
ട്യൂബ്റോസ് ചെടികൾ എപ്പോളാണ് പൂക്കൾ ഉണ്ടാകുക ?
മൂപ്പെത്തിയ ട്യൂബ്റോസ് കിഴങ്ങുകളാണ് നമ്മൾ നടാനായി ഉപയോഗിക്കുന്നത് എങ്കിൽ കിഴങ്ങുകൾ കിളിർത്ത് അടുത്ത 100 ദിവസത്തിനുള്ളിൽ തന്നെ പൂക്കൾ വരാൻ തുടങ്ങുന്നത് കാണാൻ സാധിക്കും. ഒരുതവണ നടുന്ന കിഴങ്ങുകൾ ഉപയോഗിച്ച് തന്നെ നമുക്ക് കുറഞ്ഞത് അടുത്ത മുന്ന് വർഷത്തോളം കൃഷിചെയ്യാൻ സാധിക്കും എന്നതും ഈ ചെടിയുടെ പ്രതേകതയാണ്. എന്നാൽ പൂകൃഷിക്കായി ഇവയെ വളർത്തുമ്പോൾ പൂക്കളുടെ വലിപ്പം കുറയുന്ന സമയത്തു തന്നെ പഴയ ചെടികൾ മാറ്റി പുതിയവ നടേണ്ടതാണ്. കേരളത്തിലെ ചൂടുള്ള കാലാവസ്ഥ ട്യൂബ്റോസ് ചെടികൾ കൃഷിചെയ്യാൻ ഏറ്റവും അനുയോജ്യമാണ് എന്നിരുന്നാലും നമ്മുടെ കേരളത്തിൽ ഇവ കൃഷിചെയ്യുന്നില്ല.
Post a Comment