പൂന്തോട്ടങ്ങൾ മനോഹരമാക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ എങ്കിൽ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒരു ചെടിയാണ് അലങ്കാര ഇഞ്ചികൾ (ഓർണമെന്റൽ ജിഞ്ചർ). നമ്മുടെ കേരളത്തിലെ കാലാവസ്ഥയിൽ അലങ്കാര ഇഞ്ചികൾ വളരെ നല്ലരീതിയിൽ വളർന്ന് പൂവിടുന്നവയാണ്. പൂക്കളുടെ മനോഹാരിതയ്‌ക്കുവേണ്ടി പൂന്തോട്ടങ്ങളിൽ വളർത്തുന്ന ഭക്ഷ്യയോഗ്യമല്ലാത്ത അലങ്കാര ഇഞ്ചികളാണിവ. യാതൊരു പ്രയാസവും കൂടാതെ വളരെ എളുപ്പത്തിൽ ആർക്കും വളർത്താവുന്ന ഒരു പൂച്ചെടിയാണിവ. വളരെ പണ്ടുമുതൽ നമ്മൾ അറിയാതെ തന്നെ വളർത്തി വന്നിരുന്ന ചില അലങ്കാര ഇഞ്ചികളാണ് കല്യാണസൗഗന്ധികം, ആനക്കൂവ / ചണക്കൂവ എന്നിവയൊക്കെ എന്നാൽ ഇപ്പോൾ നമുക്ക് വാങ്ങാൻ ലഭിക്കുന്ന റെഡ് ജിഞ്ചർ, ഷെൽ ജിഞ്ചർ, ഷാംപൂ ജിഞ്ചർ, ടോർച്ച് ജിഞ്ചർ എന്നിവയെയാണ് നമ്മൾ അലങ്കാര ഇഞ്ചിഇനങ്ങളായി കണക്കാക്കുന്നത്.
അലങ്കാര ഇഞ്ചി വളർത്തുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
ഭാഗികമായി തണൽ ലഭിക്കുന്ന ഏത് സ്ഥലത്തും നമുക്ക് എല്ലാ അലങ്കാര ഇഞ്ചി ഇനങ്ങളെയും വളർത്താൻ സാധിക്കുന്നതാണ്. അലങ്കാര ഇഞ്ചി വളർത്തുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് പൂക്കൾ ഉണങ്ങിയ തലപ്പുകൾ മുറിച്ചു മാറ്റി നശിപ്പിക്കാനും അതുപോലെ മണ്ണിൽ നിന്നും പറിച്ചെടുക്കുന്ന ഇവയുടെ ഇഞ്ചി കഷ്ണങ്ങൾ മറ്റു സ്ഥലത്ത് വലിച്ചെറിയാതിരിക്കാനും ശ്രദ്ധിക്കണം. കാരണം ഈ ചെടികൾ വളരെ പെട്ടന്ന് വളരുന്നവയായതിനാൽ വലിച്ചെറിയുന്ന സ്ഥലത്ത് ഇതൊരു അധിനിവേശ ചെടിയായി മാറാൻ സാധ്യത കൂടുതലാണ്. എന്നിരുന്നാലും ഉച്ച സമയത്തെ അതി കഠിനമായ വെയിൽ ഒഴിവാക്കി മറ്റുള്ള ഏത് സ്ഥലത്തും ഈ ചെടികൾ വളരും.
നന്നായി നീർവാർച്ചയുള്ളതും വളമുള്ളതുമായ മണ്ണിൽ ചെടികൾ വളരാനാണ് ഇഷ്ടപ്പെടുന്നത്. ഇവയെ മണ്ണിലോ വലിയ ചെടി ചട്ടികളിൽ മെരുക്കിയോ വളർത്താൻ സാധിക്കും എന്നിരുന്നാലും അലങ്കാര ഇഞ്ചികൾ കൂടുതലായും മണ്ണിലാണ് വളർത്തുന്നത്. അലങ്കാര ഇഞ്ചികളുടെ പൂക്കൾ ചെടിയിൽ നിന്നും മുറിച്ചെടുത്ത് കഴിഞ്ഞാലും രണ്ട് ആഴ്ചവരെ വാടാതെ നിൽക്കുന്നതിനാൽ അലങ്കാര പൂക്കൃഷിയായും ഇവ വളർത്തി വരുന്നു.
മണ്ണിൽ നിന്നും പറിച്ചെടുത്ത തലപ്പോട് കൂടിയ തൈകളോ അല്ലങ്കിൽ ഇവയുടെ മുകുളങ്ങളോട് കൂടിയ ഇഞ്ചിയോ നട്ടാണ് പുതിയ തൈകൾ തയാറാക്കുന്നത്. മുറിച്ചെടുത്ത ഇഞ്ചികൾ നടുന്നതിന് മുന്നേ ഏതെങ്കിലും ആന്റി ഫങ്കൽ പുരട്ടുന്നത് കിഴങ്ങുകൾ മുറിപ്പാട് വഴി അഴുകുന്നത് തടയാനാകും. എന്നാൽ ചെടികൾ പൂക്കൃഷിക്കായിട്ടാണ് നടുന്നത് എങ്കിൽ ചാണകപ്പാലിൽ മുക്കിയ കിഴങ്ങുകൾ നടുന്നതാണ് ഏറ്റവും നല്ലത്. ചട്ടികളിൽ നടുമ്പോൾ മണ്ണ് ചാണകപ്പൊടി/ ആട്ടിൻവളം / കമ്പോസ്റ്റ് എന്നിവയിൽ ഏതെങ്കിലും 2 : 1 എന്ന അനുപാതത്തിൽ കുട്ടികലർത്തിയ മണ്ണിൽ ചെടികൾ നടാവുന്നതാണ്. എന്നാൽ ചെടികൾ മണ്ണിൽ നടുമ്പോൾ കുഴിയെടുത്ത് അതിൽ അൽപം മുകളിൽ പറഞ്ഞിരിക്കുന്ന ജൈവ വളങ്ങൾ അടിവളമായി നൽകാവുന്നതാണ്.
ചെടികൾക്ക് നന്നായി വളരാൻ ഈർപ്പം ആവശ്യമാണ് എന്നിരുന്നാലും അധിക വെള്ളം ചെടിച്ചുവട്ടിൽ കെട്ടി നിൽക്കുന്നത് ഇവയുടെ കിഴങ്ങുകൾ അഴുകി ചെടി നശിച്ചുപോകുന്നതിന് കാരണമാകും. വേനൽക്കാലത്തു ആവശ്യത്തിന് നന നൽകിയും മഴക്കാലത്ത് ചെടി ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതെയും സംരക്ഷിക്കേണ്ടതാണ്. കൂടാതെ ചെടിച്ചുവട് എപ്പോളും നല്ല വൃത്തിയായി സംരക്ഷിക്കേണ്ടതാണ്.
അലങ്കാര ഇഞ്ചിയുടെ വളപ്രയോഗം എങ്ങനെയാണ് ?
നന്നായി അടിവളം നൽകി നടുന്ന ചെടികൾക്ക് അവയുടെ വളർച്ചാസമയത്തും അതുപോലെ പൂവിടുന്നതിന് തൊട്ടുമുമ്പും എന്ന കണക്കിൽ രണ്ട് വളപ്രയോഗമാണ് പ്രധാനമായും നൽകുന്നത്. ചെടികൾക്ക് ജൈവ വളങ്ങളോ രാസ വളങ്ങളോ നമുക്ക് നൽകാൻ സാധിക്കും. പൂക്കൃഷിക്ക് വേണ്ടി ചെടികൾ വളർത്തുമ്പോൾ രാസ വളങ്ങൾ നൽകുന്നതാണ് ഏറ്റവും നല്ലത്. ചെടികൾക്ക് രാസവളമായി വളർച്ചയ്ക്കും പൂവിടുന്നതിനും സഹായിക്കുന്ന NPK യുടെ ന്യൂട്രൽ വളങ്ങളായ 18 : 18 : 18 അല്ലെകിൽ 19 : 19 : 19 പോലുള്ള വളങ്ങൾ നൽകാവുന്നതാണ്. ജൈവ വളങ്ങൾ ഉപയോഗിക്കുമ്പോൾ ചെടിയുടെ വളർച്ചാ കാലഘട്ടമായ ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള സമയങ്ങളിൽ ചാണകപ്പൊടി, കമ്പോസ്റ് , ആട്ടിൻവളം, വിവിധ തരം സ്ലറികൾ തുടങ്ങിയ നൽകാവുന്നതാണ് എന്നാൽ ചെടികൾക്കു പൂക്കളുണ്ടാക്കുന്ന സമയമായ ജൂൺ മുതൽ നവംബർ വരെയുള്ള സമയത്തിന് മുന്നേ അതായത് മെയ് മാസത്തിൽ ചെടികൾ പൂക്കുന്നതിനുള്ള പൊട്ടാസ്യം കൂടുതലുള്ള കടലപ്പിണ്ണാക്ക് പോലുള്ള വളങ്ങൾ നൽകാവുന്നതാണ്.
വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിച്ചാൽ ആർക്കും നല്ല രീതിയിൽ വലിയ പ്രയാസങ്ങൾ ഒന്നുമില്ലാതെ തന്നെ വളർത്തി പൂക്കൾ വിറ്റും അല്ലങ്കിൽ വിവിധ തരം അലങ്കാര ഇഞ്ചികളുടെ തൈകൾ വില്പനയിലൂടെയും ഒരു വരുമാനമുണ്ടാക്കാൻ സാധിക്കുന്നവയാണ് ഇവ. വലിയ റിസോർട് പോലുള്ള സഥലത്തും വലിയ പുൽത്തകിടി വളർത്താൻ ആഗ്രഹിക്കുന്നവർക്കും ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്തവയാണ് അലങ്കാര ഇഞ്ചികളുടെ ഉപയോഗം അതിനാൽ തന്നെ ഇവയ്ക്ക് അപ്പോളും ഒരു വിപണി നമുക്ക് മുൻപിൽ തുറന്ന് കിടപ്പുണ്ട്.
Post a Comment