എന്നും പൂക്കൾ കാണാൻ വളർത്താൻ സാധിക്കുന്ന ഒരു പൂച്ചെടിയാണ് യൂഫോർബിയ ജെറോൾഡി. പേരുപോലെ തന്നെ യൂഫോർബിയ ഇനത്തിൽ പെടുന്ന ഒരു മുള്ളില്ലാത്ത ചെടിയാണ് യൂഫോർബിയ ജെറോൾഡി എന്ന ഇനം. ഈ ചെടിക്ക് തോൺലെസ്സ് ക്രൗൺ അല്ലെങ്കിൽ ജെറോൾഡ് സ്പർജ് എന്ന പേരുകളിലും അറിയപ്പെടാറുണ്ട്. നമ്മുടെ കേരളത്തിലെ കാലാവസ്ഥയിൽ വളരെ നന്നായി വളരുന്ന ഈ ചെടികൾക്ക് അനുകൂല കാലാവസ്ഥയിൽ ചുവന്ന നിറത്തിലുള്ള വളരെയധികം പൂക്കൾ ഒരു ചെടിയിൽ തന്നെ ഉണ്ടാകും. ഒരുകാലത്ത് നമ്മുടെ നാട്ടിൽ വളരെയധികം പ്രചാരത്തിൽ ഉണ്ടായിരുന്ന യൂഫോർബിയ ചെടികൾ, പിന്നീട് വിഷാംശമുള്ളതാണെന്നും അതുപോലെ കാൻസറിന് കാരണമാകുന്നു എന്ന തെറ്റിദ്ധാരണയിലും പലരും നശിപ്പിച്ചു കളഞ്ഞ ഒരു ചെടിയാണ്.
യൂഫോർബിയ ജെറോൾഡി ചെടികൾക്ക് വിഷമുണ്ടോ?
യൂഫോർബിയ ചെടികൾ എല്ലാം തന്നെ നേരിയ വിഷമുള്ളവയാണ്. ഈ ചെടികളിലെ മുള്ളുകൾ നമ്മുടെ ദേഹത്ത് കൊണ്ട് മുറിഞ്ഞാൽ ആ ഭാഗം പഴുക്കുന്നതായി കാണാൻ സാധിക്കും. എന്നാൽ യൂഫോർബിയ ജെറോൾഡി എന്ന ചെടികൾക്ക് മുള്ളില്ലാത്തതിനാൽ ഈ പ്രശ്‌നമില്ല എന്നാൽ ഇവയുടെ പാൽ കറയ്ക്ക് നേരിയ വിഷാംശമുണ്ട്, ഇത് മനുഷ്യ ശരീരത്തിൽ അസ്വസ്ഥതകളോ, ചർമ്മത്തിൽ പൊള്ളലോ, കുമിളകളോ ഉണ്ടാക്കാം അതിനാൽ ഈ കറ ചർമ്മത്തിൽ തട്ടുകയോ കണ്ണിൽ പോവുകയോ ചെയ്യാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഇവയുടെ കറ ഉള്ളിൽ ചെന്നാൽ ഛർദ്ദി, വയറിളക്കം എന്നിവയും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് ഈ ചെടികൾ കുട്ടികളുടെ കയ്യെത്തുന്ന സ്ഥലത്തു നിന്നും മാറ്റിവെക്കുകയും അതുപോലെ ചെടി കൈകാര്യം ചെയ്യുമ്പോൾ കൈയ്യുറകൾ ഉപയോഗിക്കാനും ശ്രദ്ധിക്കുക.
$ads={1}
യൂഫോർബിയ ജെറോൾഡി വളർത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
ഈ ചെടി ഒരു യൂഫോർബിയ ഇനത്തിൽ പെടുന്ന ചെടി ആയതിനാൽ തന്നെ മരുഭൂമിയിലെ കാലാവസ്ഥയായ കുറഞ്ഞ വെള്ളവും കൂടിയ അളവിലുള്ള വെയിലുമാണ് ഇവയ്ക്കാവശ്യം. ചെടികൾ നന്നായി വളർന്ന് പൂവിടുന്നതിന് കുറഞ്ഞത് 6 മണിക്കൂറത്തെ നല്ല വെയിൽ ആവശ്യമാണ്. ചെടി ചുവട്ടിൽ ഒരു കാരണവശാലും വെള്ളം കെട്ടി നിൽക്കാതെ സംരക്ഷിക്കണം. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാതെ സംരക്ഷിച്ചാൽ മഴക്കാലത്തും ചെറിയ അളവിൽ പൂക്കൾ തരുന്ന ചെടികളാണ് യൂഫോർബിയ ജെറോൾഡികൾ.
യൂഫോർബിയ ജെറോൾഡി ചെടികളെക്കുറിച്ച് അറിയാൻ ഈ വീഡിയോ കാണുക.
നല്ല നീർവാർച്ചയുള്ളതും വെള്ളം കെട്ടിനിൽക്കാത്തതുമായ ഏത് തരം മണ്ണിലും യൂഫോർബിയ ജെറോൾഡി ചെടികൾ നന്നായി വളരും. ഇതൊരു സക്കുലന്റ് ഇനത്തിൽ പെടുന്ന ചെടികൾ ആയതിനാൽ തന്നെ ചെടികളെ വളർത്തുമ്പോൾ ചാരികിച്ചോർ ഒഴിവാക്കിയുള്ള മണ്ണിൽ വളർത്തുന്നതാണ് നല്ലത്. ചകിരിച്ചോർ ഉപയോഗിക്കുന്നത് ചെടികളുടെ ചുവട്ടിലെ ഈർപ്പം മഴക്കാലത്ത് കൂടുതൽ സമയം നിലനിർത്തുകയും അതുവഴി വേരുകളും തണ്ടുകളും അഴുകുന്നതിന് കാരണമാകും. ചെടികൾ നടുന്നതിനായി മണ്ണ്, അടിവളമായി നൽകാൻ സാധിക്കുന്ന വളങ്ങളായ ചാണകപ്പൊടി, കംബോസ്ട്, ആട്ടിൻ വളം എന്നിവയിൽ ഏതെങ്കിലും 2 : 1 എന്ന അനുപാതത്തിൽ കുട്ടിയിളക്കിയ മണ്ണിൽ ചെടികൾ നടാവുന്നതാണ്.
യൂഫോർബിയ ജെറോൾഡി ഒരു കുറ്റിച്ചെടിയായതിനാൽ തലപ്പുകൾ മുറിച്ചു രൂപ ഭംഗി നൽകുന്നത് ഈ ചെടികൾക്ക് വളരെ നല്ലതാണ്. ഇവയെ അധികം വെയിൽ ലഭിക്കാത്ത സ്ഥലങ്ങളിലും നമുക്ക് വളർത്താൻ സാധിക്കും, എന്നാൽ ചെടികൾക്ക് നന്നായി പൂക്കൾ ലഭിക്കുന്നതിന് വെയിൽ ആവശ്യമാണ്.
ചെടികൾക്ക് വെള്ളം ആവശ്യമുണ്ടോ?
ചെടികൾക്ക് നന വളരെ മിതമായ അളവിൽ മാത്രം മതിയാകും മഴക്കാലത്തും തണുപ്പ് സമയത്തും വെള്ളം വളരെ കുറച്ച് മതിയാകും. മഴക്കാലത്ത് ഒരു കാരണവശാലും വെള്ളം ചെടിച്ചുവട്ടിൽ കെട്ടിനിൽക്കാതെ ചെടിയെ സംരക്ഷിക്കണം. ചെടികൾക്ക് വെള്ളം കുറവ് മതിയെങ്കിലും അതി കഠിനമായ വെയിലിൽ നിൽക്കുന്ന ചെടികൾക്ക് വെള്ളം കിട്ടാതെ ഉണങ്ങി പോകാനും ഇടയാക്കരുത്.
$ads={2}
യൂഫോർബിയ ജെറോൾഡി ചെടികളുടെ പുതിയ തൈകൾ തയാറാക്കുന്നത് എങ്ങനെയാണ്?
യൂഫോർബിയ ജെറോൾഡിയുടെ തൈകൾ പ്രധാനമായും കമ്പുകൾ മുറിച്ചുവെച്ചാണ് ഉണ്ടാക്കുന്നത്. പുതിയ തൈകൾ ഉണ്ടാക്കാനായി ആരോഗ്യമുള്ള ചെടിയുടെ ഏതുതരം തണ്ടുകളും നമുക്ക് കിളിർപ്പിക്കാൻ സാധിക്കും. മാതൃസസ്യത്തിൽ നിന്നും മുറിച്ചെടുത്ത തണ്ടുകൾ അതുപോലെ കുഴിച്ചു വെക്കാതെ തണ്ടുകളിലെ കറ മാറിയതിനു ശേഷം രണ്ട് ദിവസം വെയിൽ കൊള്ളാത്ത എന്നാൽ വായു സഞ്ചാരം ലഭിക്കുന്ന തണലുള്ള സ്ഥലത്ത് തണ്ടൊന്നു വാടുന്നതിനായി സംരക്ഷിച്ചു വെച്ചതിന് ശേഷം മുകളിൽ പറഞ്ഞ രീതിയിൽ തയാറാക്കിയ മണ്ണിൽ കിളിർക്കാനായി വയ്ക്കാവുന്നതാണ്. ഇങ്ങനെ തണലിൽ ആവശ്യത്തിന് വെള്ളം നൽകി സംരക്ഷിക്കുന്ന തണ്ടുകൾ അടുത്ത 4 ആഴ്ചക്കുള്ളിൽ വേരുകൾ വന്ന് പുതിയ ചെടിയായി വളരുന്നത് കാണാൻ സാധിക്കും.
ഇവയുടെ വളപ്രയോഗം എങ്ങനെയാണ് ?
യൂഫോർബിയ ജെറോൾഡി ചെടികൾക്ക് അധികം വളം പൂവിടുന്നതിന് ആവശ്യമില്ല. വളരുന്ന സമയത്തും അല്ലെകിൽ പ്രൂൺ ചെയ്യുന്ന സമയത്തും നൽകുന്ന ജൈവ വളങ്ങൾ തന്നെ ചെടികൾക്ക് നല്ല വളർച്ചയ്ക്ക് മതിയാകും. ചെടികളുടെ വളർച്ചാ സമയമായ മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള അടമഴയില്ലാത്ത സമയങ്ങളിൽ രണ്ട് മാസത്തിൽ ഒരിക്കൽ വീതം ജൈവ വളങ്ങളോ രാസ വളങ്ങളോ നൽകാവുന്നതാണ്. ചെടികൾക്ക് രാസവളമായി NPK വളങ്ങളും, ജൈവ വളമായി വീടുകളിൽ ഉണ്ടാക്കാൻ സാധിക്കുന്ന വിവിധ തരം സ്ലറികളും , അടിവളമായി നൽകിയ ജൈവ വളങ്ങളും നൽകാവുന്നതാണ്.

Post a Comment