ഇനി എളുപ്പത്തിൽ വീട്ടിൽ മല്ലി കൃഷി ചെയ്യാം: അറിയേണ്ടതെല്ലാം



വീട്ടിലെ കറി വെജോ നോൺവെജോ ആയിക്കോട്ടെ അതിൽ ഉപയോഗിക്കാൻ രുചിയിലും മണത്തിലും മുൻപന്തിയിൽ നിൽക്കുന്ന മല്ലിയില എന്ന് നമ്മൾ മലയാളികൾക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്. എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന മല്ലിയിലയിൽ കൂടുതലായും വിഷാംശം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നമുക്ക് ആവശ്യമുള്ള മല്ലിയില നമുക്ക് തന്നെ വീടുകളിൽ വളരെ എളുപ്പത്തിൽ കൃഷി ചെയ്തെടുക്കാവുന്നതാണ്.


ഇനി എളുപ്പത്തിൽ വീട്ടിൽ മല്ലി കൃഷി ചെയ്യാം: അറിയേണ്ടതെല്ലാം
Image Credit : Designed by Freepik


ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും മല്ലി കൃഷി ചെയ്യാം. 

 

മല്ലി കൃഷിക്കാവശ്യമായ വിത്ത് തയ്യാറാക്കുന്ന രീതി എങ്ങനെയാണ് ?

മല്ലി പൊതുവേ വിത്തുകൾ വഴിയാണ് പുതിയ തൈകൾ തയാറാക്കുന്നത്. എന്നാൽ വീട്ടിലെ ആവശ്യത്തിനായി ഒന്നോ രണ്ടോ ചുവട് വളർത്താൻ ആഗ്രഹിക്കുന്നവർക്ക് കടകളിൽ നിന്നും നല്ല ആരോഗ്യമുള്ള വേരുകൾക്ക് ക്ഷതം ഏൽക്കാത്ത തൈകൾ ഉപയോഗിച്ചും മല്ലി വളർത്താവുന്നതാണ്. 
 
എന്നാൽ മല്ലി വിത്തിൽ നിന്നും കിളിർപ്പിക്കുമ്പോൾ വിത്തുകൾ  നേരിട്ട് മണ്ണിലിട്ടാൽ മുളച്ചു വരാൻ കുറച്ച് പ്രയാസമാണ്. അതിനാൽ തന്നെ വിത്തുകൾ താഴെ പറയുന്ന രീതിയിൽ കിളിർക്കാനായി തയ്യാറാക്കാവുന്നതാണ്:

  • നന്നായി ഉണങ്ങിയതും ആരോഗ്യമുള്ളതുമായ മല്ലി വിത്ത് കൃഷിക്കായി തിരഞ്ഞെടുക്കുക.
  • തിരഞ്ഞെടുത്ത മല്ലി വിത്തുകൾ ഒരു പേപ്പറിലോ അല്ലെങ്കിൽ ഒരു തുണിയിലോ വെച്ച്, ചപ്പാത്തി പലകയോ കുപ്പിയോ ഉപയോഗിച്ച് പതുക്കെ ചപ്പാത്തി പരത്തുന്നതുപോലെ വിത്തിന് മുകളിലൂടെ ഓടിക്കുക. ഇങ്ങനെ ചെയുന്നത് മല്ലി വിത്തുകൾ രണ്ട് പരിപ്പായി പിളർന്നു കിട്ടാൻ വേണ്ടിയാണ് എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ വിത്തുകൾ പൊടിഞ്ഞു പോകാതെ ശ്രദ്ധിക്കണം. 
  • ഇങ്ങനെ രണ്ടാക്കിയ വിത്തുകൾ 6 മുതൽ 12 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തു വെക്കുന്നത് വിത്തുകൾ വേഗത്തിൽ മുളയ്ക്കുന്നതിന് സഹായിക്കും.

മല്ലിയുടെ നടീൽ മിശ്രിതം തയ്യാറാക്കുന്നത് എങ്ങനെയാണ് ?

നല്ല നീർവാർച്ചയുള്ളതും ഇളക്കമുള്ളതുമായ മണ്ണാണ് മല്ലി കൃഷിക്ക് ആവശ്യം. തൈകൾ നമുക്ക് നേരിട്ട് മണ്ണിലോ, ഗ്രോബാഗിലോ ചട്ടിയിലോ വളർത്താൻ സാധിക്കുന്നതാണ്. എന്നാൽ വീട്ടിൽ കൃഷി ചെയ്യുമ്പോൾ ഗ്രോബാഗിലോ ചട്ടിയിലോ വളർത്തുന്നതാണ് നല്ലത്. ചെടികൾ നടുന്നതിനായി  മണ്ണ്, അടിവളമായി നല്കാൻ സാധിക്കുന്ന ജൈവ വളങ്ങളായ ചാണകപ്പൊടി/ ആട്ടിൻവളം / കമ്പോസ്റ്റ് , ചകിരിച്ചോറ്  എന്നിവ 1 : 1 : 1  എന്ന അനുപാതത്തിൽ നന്നായി ഇളക്കി യോജിപ്പിച്ച മണ്ണിൽ അല്പം കുമ്മായം  കൂടെ കുട്ടിയിളക്കി ഉപയോഗിക്കാവുന്നതാണ്. മണ്ണിൽ കുമ്മായം ചേർക്കുന്നത് അമ്‌ളാംശം കുറയ്ക്കാൻ സഹായിക്കും.

വിത്തുകൾ പാകുന്ന രീതി എങ്ങനെയാണ്?

മുകളിൽ പറഞ്ഞ രീതിയിൽ തയ്യാറാക്കിയ മണ്ണിൽ നേരത്തേ കുതിർത്തുവെച്ച വിത്തുകൾ പാകി കിളിർപ്പിക്കാൻ സാധിക്കും. വിത്തുകൾ പാകിയതിനു ശേഷം അതിന് മുകളിൽ  നേരിയ കനത്തിൽ മണ്ണോ ചകിരിച്ചോറോ തൂകുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വിത്തുകൾ ഒത്തിരി മണ്ണിനയിൽ താഴ്ന്നു പോകാതെ ശ്രദ്ധിക്കണം.

മല്ലികൃഷിയിൽ വെയിലും വെള്ളവും എത്രത്തോളം ആവശ്യമാണ് 

വെയിൽ: മല്ലി ചെടികൾക്ക് നന്നായി വളരാൻ സൂര്യപ്രകാശം അത്യാവശ്യമാണ്. എന്നാൽ അതികഠിനമായ ഉച്ചവെയിൽ ഒഴിവാക്കി രാവിലത്തെ വെയിൽ കിട്ടുന്ന സ്ഥലത്ത് ചെടികൾ വളർത്തുന്നതാണ് നല്ലത്. 

നന: മണ്ണിലെ ഈർപ്പം എപ്പോഴും നിലനിർത്തുന്ന രീതിയിൽ വേണം ചെടികളെ വളർത്താൻ. എന്നാൽ ചെടിച്ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാനും  പാടില്ല കൂടാതെ ചെടികളെ വേനൽക്കാലത്ത് രണ്ട് നേരവും നനയ്ക്കാൻ ശ്രദ്ധിക്കണം. ചെടികളെ നേരിട്ട് അതി ശക്തിയായി വെള്ളം കുത്തി ഒഴിച്ച് നനയ്ക്കുന്നതിന് പകരം ഒരു സ്പ്രേയറിന്റെ സഹായത്തോടെ നനയ്ക്കുന്നതാണ് നല്ലത്.


മല്ലികൃഷിയിൽ വളപ്രയോഗം എങ്ങനെയാണ്? 

മല്ലി അവയുടെ ഇലകൾക്ക് വേണ്ടി കൃഷി ചെയ്യുന്നവ ആയതിനാൽ തന്നെ  ഇലകൾ പെട്ടെന്ന് തഴച്ചു വളരാൻ നൈട്രജൻ അടങ്ങിയ ജൈവവളങ്ങളാണ് കൂടുതൽ നൽകേണ്ടത് 

ചാണകപ്പൊടി: രണ്ടാഴ്ച കൂടുമ്പോൾ ഉണങ്ങിയ ചാണകപ്പൊടി ഇട്ടു മണ്ണ് ഇളക്കി കൊടുക്കുന്നത് ചെടി ചുവട്ടിൽ ഇളക്കം കിട്ടുന്നതിനും അതുപോലെ വളർച്ചയ്ക്കും നല്ലതാണ്.

കഞ്ഞിവെള്ളം: പുളിപ്പിച്ച കഞ്ഞിവെള്ളം നേർപ്പിച്ച് (1 കപ്പ് കഞ്ഞിവെള്ളത്തിന് 5 കപ്പ് വെള്ളം എന്ന കണക്കിൽ) ഒഴിച്ചു കൊടുക്കാം.

ഫിഷ് അമിനോ ആസിഡ്: ചെടി വളർന്നു വരുമ്പോൾ ആഴ്ചയിൽ ഒരിക്കൽ ഫിഷ് അമിനോ ആസിഡ് (2 ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി) സ്പ്രേ ചെയ്യുന്നത് ചെടികളിൽ ഇലകൾക്ക് നല്ല പച്ചപ്പും വളർച്ചയും  ഉണ്ടാകാൻ സഹായിക്കും.

മല്ലിച്ചെടിയുടെ കീടരോഗ നിയന്ത്രണത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം

സാധാരണയായി വലിയ രോഗ കീടശല്യം മല്ലിയിൽ ഉണ്ടാകാറില്ല എങ്കിലും താഴേ പറയുന്നവ മല്ലി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടവയാണ്.

വെള്ളീച്ച/മുഞ്ഞ: ചെടിയുടെ ഇലകളുടെ അടിയിൽ വെള്ളീച്ചയോ മുഞ്ഞയോ കണ്ടാൽ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം നേർപ്പിച്ച് തളിച്ച് അവയെ നിയന്ത്രിക്കേണ്ടതാണ്.

കടചീയൽ: മല്ലിയിൽ ഉണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ് ചെടിച്ചുവട്ടിൽ വെള്ളം കെട്ടി നിന്നുണ്ടാകുന്ന കടചീയൽ. ഇതിന് പരിഹാരമായി ചെടിച്ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതെ നോക്കിയാൽ ചീയൽ രോഗം ഒഴിവാക്കാൻ സാധിക്കുന്നതാണ്.

മല്ലിയുടെ വിളവെടുപ്പ് സമയം എപ്പോഴാണ്?

വിത്തിട്ടു ഏകദേശം 30 മുതൽ 45 ദിവസത്തിനുള്ളിൽ തന്നെ നമുക്ക് മല്ലിയില വിളവെടുക്കാൻ പാകമാകും. വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ചെടികൾ വേരോട് കൂടെയും അല്ലാതെ നമ്മുടേ സ്വന്തം വീട്ടാവശ്യത്തിന് വളർത്തുമ്പോൾ ചെടികൾ വേരോടെ പിഴുതെടുക്കുന്നതിന് പകരം, തറനിരപ്പിൽ നിന്ന് അല്പം മുകളിൽ വെച്ച് കത്രിക കൊണ്ട് മുറിച്ചെടുക്കുകയാണെങ്കിൽ ഒരു ചെടിയിൽ നിന്നും തന്നെ  വീണ്ടും ഇലകൾ കിട്ടാൻ കാരണമാകും.

Post a Comment

Previous Post Next Post