ബൊഗൈൻ വില്ല നിറയെ പൂവിടാൻ ചില എളുപ്പവഴികൾ



നമ്മുടെ കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും മനോഹരമായി വളർത്താൻ കഴിയുന്നതും, മറ്റു ചെടികളെ അപേക്ഷിച്ചു വളരെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്നതുമായ ചെടികളാണ് ബൊഗൈൻ വില്ല അഥവാ കടലാസ് ചെടികൾ. ഇവയ്ക്ക് അധികം പരിചരണം ആവശ്യമില്ലാത്ത ചെടികളാണെങ്കിലും, നമ്മിൽ പലരുടെയും ചെടി വളർത്തുമ്പോൾ ഉള്ള പ്രധാന പരാതി എന്ന് പറയുന്നത് തങ്ങളുടെ ചെടികളിൽ പൂക്കൾ കുറവാണെന്നും ഇലകൾ മാത്രമാണ് വളരുന്നതെന്നുമാണ്. നിങ്ങളുടെ വീടുകളിലെ ബൊഗൈൻ വില്ല ചെടികളും നിറയെ പൂക്കാൻ സഹായിക്കുന്ന ചില അറിവുകൾ താഴെ നൽകുന്നു.



ബൊഗൈൻ വില്ല നിറയെ പൂവിടാൻ ചില എളുപ്പവഴികൾ

1. ധാരാളം സൂര്യപ്രകാശം ഉറപ്പാക്കുക

ബൊഗൈൻ വില്ല ചെടികൾക്ക് നന്നായി വളരുന്നതിനും പൂവിടുന്നതിനും വെയിൽ നന്നായി ആവശ്യമുള്ളവയാണ് അതിനാലാണ് ഇവയെ ഒരു 'സൺ ലവിംഗ്' (Sun-loving) ചെടിയായി അറിയപ്പെടുന്നത്. ചെടികളുടെ വളർച്ചയ്ക്കും പൂവിടലിനും ദിവസവും കുറഞ്ഞത് 6 മുതൽ 8 മണിക്കൂർ വരെ നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം ഈ ചെടി വളർത്താൻ. എന്നാൽ ചെടികൾ തണലത്താണ് ഇരിക്കുന്നതെങ്കിൽ ചെടികളിൽ പൂക്കൾ ഉണ്ടാകാതെ ഇലകൾ മാത്രമായി ചെടി പച്ചപിടിച്ചു വളരുന്നതായി കാണാൻ സാധിക്കും.

2. നനയ്ക്കുന്നതിൽ ശ്രദ്ധ വേണം

ബൊഗൈൻ വില്ല ചെടികളെ സംബന്ധിച്ചിടത്തോളം ഇവയ്ക്കു കൂടുതൽ നന ദോഷമാണ്. ചെടിച്ചുവട്ടിലെ  മണ്ണ് എപ്പോഴും ഈർപ്പമുള്ളതായിരുന്നാൽ പൂക്കുന്നതിനു പകരം ചെടികൾ വളരാൻ ശ്രദ്ധ കൊടുക്കുകയും അതുമൂലം ചെടികളിൽ ഇലകൾ കൂടുതലായും വരാൻ തുടങ്ങും. ഇത് ഒഴിവാക്കാനായി ചെടിയുടെ മുകൾഭാഗത്തെ മണ്ണ് പൂർണ്ണമായും ഉണങ്ങിയതിനു ശേഷം മാത്രം നനയ്ക്കുന്ന രീതിയാണ് നല്ലത്. ചെടികളിൽ നന്നായി പൂക്കൾ ഉണ്ടാകാനായി ഇടയ്ക്ക് ചെടിക്ക് ചെറിയ രീതിയിൽ വെള്ളത്തിന്റെ അഭാവം മൂലം വാട്ടം ഉണ്ടാക്കുന്നത് വഴി ചെടികൾ അതിന്റെ അതിജീവനത്തിന്റെ ഭാഗമായി വളർച്ച മന്ദഗതിയിൽ ആക്കുകയും വേഗത്തിൽ പൂവിടും ചെയ്യും.

3. ശരിയായ രീതിയിലുള്ള പ്രൂണിംഗ്

ചെടി പൂവിട്ട ശേഷം ആ പൂക്കൾ വാടി തുടങ്ങുമ്പോൾ തന്നെ ആ കമ്പുകളുടെ തലപ്പുകൾ മുറിച്ചുമാറ്റുന്നത് വഴി ചെടിയിൽ കൂടുതൽ പുതിയ മുളകൾ വരികയും അതുവഴി കൂടുതൽ പൂക്കൾ ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും. അതിനാൽ തന്നെ കൃത്യമായ ഇടവേളകളിൽ ചെടികൾക്ക് നൽകുന്ന പ്രൂണിംഗ് വഴി ചെടി ബുഷ് ആയി വളരാനും കൂടുതൽ തലപ്പുകളിൽ കൂടുതൽ പൂക്കൾ ഉണ്ടാകുന്നതിനും സഹായിക്കും.



ബൊഗൈൻ വില്ല നിറയെ പൂവിടാൻ ചില എളുപ്പവഴികൾ

4. ശരിയായ രീതിയിലുള്ള വളപ്രയോഗം

നൈട്രജൻ കൂടിയ വളങ്ങൾ (ഉദാഹരണത്തിന് ചാണകപ്പൊടി പോലുള്ളവ ) അമിതമായി നൽകിയാൽ ബൊഗൈൻ വില്ല ചെടികളിൽ കൂടുതൽ ഇലകൾ മാത്രമേ ഉണ്ടാകൂകയുള്ളു. എന്നാൽ ചെടികളിൽ പൂക്കൾ ഉണ്ടാകാൻ പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ കൂടുതലായി അടങ്ങിയ വളങ്ങളാണ് നൽകേണ്ടത്. ബൊഗൈൻ വില്ല ചെടികൾ നന്നായി പൂക്കുന്നതിന് ജൈവ വളങ്ങളായി കടലപ്പിണ്ണാക്ക് നൽകുന്നതും, ഉള്ളിത്തൊലി വെള്ളത്തിലിട്ട് വെച്ച് ആ ലായനി ഒഴിച്ചു കൊടുക്കുന്നതും, അതുപോലെ എല്ലുപൊടി നൽകുന്നതും നല്ലതാണ്. കൂടാതെ ചെടികൾക്ക് രാസവളങ്ങളായി NPK യുടെ ഏതെങ്കിലും ന്യൂട്രൽ വളങ്ങളോ (19:19:19, 18:18:18 ) അല്ലെങ്കിൽ NPK യിൽ P / K കൂടുതലുള്ള വളങ്ങൾ നൽകാവുന്നതാണ്.

5. ചെടിച്ചട്ടിയുടെ വലുപ്പം 

ബൊഗൈൻ വില്ല ചെടികൾക്ക് അതിന്റെ വേരുകൾ ചെറിയൊരു സമ്മർദ്ദത്തിൽ ഇരുന്ന് വളരാൻ  ഇഷ്ടപ്പെടുന്ന ചെടികളാണ് (Root-bound). അതിനാൽ വലിയ ചെടി ചട്ടികളേക്കാൾ ചെടിയുടെ വലിപ്പത്തിന് അനുയോജ്യമായ വലുപ്പമുള്ള ചട്ടികളിൽ വളർത്തുന്നതാണ് ചെടികൾ കൂടുതൽ പൂവിടാൻ നല്ലത്.

6. രോഗ കീടബാധ തടയാൻ


ബൊഗൈൻ വില്ല ചെടികൾ സാധാരണയായി അധികം രോഗ കീടബാധ ഏൽക്കാത്ത ചെടിയാണെങ്കിലും, നമ്മുടെ തോട്ടത്തിൽ വെള്ളിച്ചയുടെ ശല്യം ഉണ്ടായാൽ ചിലപ്പോൾ അത് ഈ ചെടികൾക്കും വരാനുള്ള  സാധ്യതയുണ്ട്. ഇതിനായി മാസത്തിലൊരിക്കൽ വേപ്പെണ്ണ മിശ്രിതം തളിച്ചു കൊടുക്കാവുന്നതാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും അവരവരുടെ വീട്ടുമുറ്റത്ത്  ബൊഗൈൻ വില്ല ചെടികൾ വർഷം മുഴുവൻ പൂക്കളാൽ നിറഞ്ഞുനിൽക്കുന്നത് കാണാൻ സാധിക്കും.

Post a Comment

Previous Post Next Post