അറിയാം ആർക്കും വളർത്താവുന്ന ക്യാരറ്റ് കൃഷിയെക്കുറിച്ച്

 


കേരളത്തിലെ അടുക്കളത്തോട്ടങ്ങളിൽ ഇന്ന് ഏറെ പ്രചാരമുള്ള ശീതകാല വിളകളിൽ ഒന്നാണ് ക്യാരറ്റ്. സാധാരണയായി ക്യാരറ്റ് പോലുള്ളവ കേരളത്തിലെ ഇടുക്കി, വയനാട് തുടങ്ങി ഉയർന്ന രീതിയിൽ  തണുപ്പ് ലഭിക്കുന്ന ഭൂപ്രകൃതിയിൽ ഉയർന്ന പ്രദേശങ്ങളിലാണ് ഇവ പൊതുവേ വ്യാവസായിക അടിസ്ഥാനത്തിൽ  കൃഷി ചെയ്യുന്നത് എങ്കിലും, ശൈത്യകാലത്ത് നവംബർ മുതൽ ജനുവരി വരെയുള്ള സമയങ്ങളിൽ തണുപ്പ് ലഭിക്കുന്നതിനാൽ കേരളത്തിലെ മറ്റ് പ്രദേശങ്ങളിലും ഇവ ശീതകാല വിളയായി വിജയകരമായി കൃഷി ചെയ്‌തുവരുന്നു.

അറിയാം ആർക്കും വളർത്താവുന്ന ക്യാരറ്റ് കൃഷിയെക്കുറിച്ച്
Image Credit : Designed by Freepik

ക്യാരറ്റ് കൃഷിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇനി പറയുന്നവയാണ്: 

1. ക്യാരറ്റ് കൃഷി ചെയ്യാൻ അനുയോജ്യമായ സമയം

ക്യാരറ്റ് ഒരു ശീതകാല വിളയായതിനാൽ തന്നെ തണുപ്പ് അധികമായി നമുക്ക് ലഭിക്കുന്ന ഒക്ടോബർ പകുതി മുതൽ ജനുവരി വരെ ഉള്ള സമയമാണ് കേരളത്തിൽ ഇവ വളർത്താൻ ഏറ്റവും അനുയോജ്യം. ഒക്ടോബർ മുതൽ ജനുവരി വരെയുള്ള ഈ സമയത്തെ രാത്രികാലങ്ങളിലെ തണുപ്പ് ക്യാരറ്റ് ചെടികൾ നന്നായി വളരുന്നതിനും ക്യാരറ്റിനു നിറം വർദ്ധിക്കാനും സഹായിക്കുന്നു.

2. ക്യാരറ്റ്  കൃഷിക്ക് അനുയോജ്യമായ മണ്ണും സ്ഥലവും

മണ്ണ്: വെള്ളം കെട്ടിനിൽക്കാത്ത നല്ല രീതിയിൽ നീർവാർച്ചയുള്ള മണൽ കലർന്ന മണ്ണാണ് ക്യാരറ്റ് കൃഷിക്ക്  ഏറ്റവും നല്ലത്. കല്ലുകളും കട്ടകളും ഇല്ലാത്ത പൊടി രൂപത്തിലുള്ള മണ്ണായിരിക്കണം കൃഷി ചെയ്യാൻ ഏറ്റവും നല്ലത് കാരണം, മണ്ണിൽ കല്ലുകൾ ഉണ്ടെങ്കിൽ ക്യാരറ്റിന്റെ വേരുകൾ വളയാനും അതുവഴി ക്യാരറ്റിനു രൂപഭംഗിയില്ലാതെ പോകാനും സാധ്യതകൂടുതലാണ്.

സൂര്യപ്രകാശം: ക്യാരറ്റ് കൃഷിക്ക് കുറഞ്ഞത് ദിവസവും 6 മുതൽ 7 മണിക്കൂർ എങ്കിലും നേരിട്ട് നിഴലുകൾ ഇല്ലാത്ത രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കാൻ.

3. ക്യാരറ്റ് കൃഷിയിൽ വിത്തിനങ്ങളും നടീലും

ഇനങ്ങൾ: പൂസ കേസരി, നാൻറസ്, സൂപ്പർ നാൻറസ്, കുറോഡ തുടങ്ങിയ വിത്തിനങ്ങൾ കേരളത്തിലെ കാലാവസ്ഥകളിൽ കൃഷി ചെയ്യാൻ അനുയോജ്യമായ വിത്തിനങ്ങളാണ്.

നടീൽ രീതി: കൃഷി ചെയ്യാനായി ഉദേശിക്കുന്ന സ്ഥലത്തെ മണ്ണ് കുറഞ്ഞത് 30 സെന്റിമീറ്റർ ആഴത്തിൽ നന്നായി കിളച്ച് മണ്ണിലെ കട്ടകൾ ഉടയ്ക്കുക, അതിനുശേഷം വാരങ്ങൾ കോരി വിത്തുകൾ നേരിട്ട് വാരങ്ങളിൽ പാകാവുന്നതാണ്. ക്യാരറ്റ് ചെടിയുടെ വിത്തുകൾ വളരെ ചെറുതായതിനാൽ വിത്തുകൾ കുറച്ച് മണലുമായി കലർത്തി വിതറാവുന്നതാണ്. വിത്തുകൾ പാകിയ ശേഷം നേരിയ തോതിൽ വിത്തുകൾക്ക് മുകളിൽ മണ്ണിടാവുന്നതാണ് എന്നാൽ അധികം കനത്തിൽ മണ്ണ് വിത്തിനു മുകളിൽ വീഴാൻ പാടില്ല അങ്ങനെ വന്നാൽ വിത്തുകൾ കിളിർക്കുന്നത് താമസിക്കാനോ അല്ലെങ്കിൽ കിളിർക്കാതിരിക്കാനോ സാധ്യതയുണ്ട്. പ്രതേകം ശ്രദ്ധിക്കുക ക്യാരറ്റ് വിത്തുകൾ നേരിട്ട് മണ്ണിൽ പാകിയാണ് കൃഷി ചെയ്യുന്നത്. മറ്റു പച്ചക്കറികൾ പോലെ പാകി മുളപ്പിച്ച് പിന്നീട് മാറ്റി നടുന്ന രീതി ക്യാരറ്റിന് അനുയോജ്യമല്ല.

 

ഗ്രോബാഗിൽ നടുമ്പോൾ: ക്യാരറ്റ് മണ്ണിനടിയിലേക്ക് നീളത്തിൽ വളരുന്ന വിളയായതുകൊണ്ട് തന്നെ  ആഴമുള്ള ഗ്രോബാഗുകൾ വേണം കൃഷിക്കായി തിരഞ്ഞെടുക്കാൻ. ക്യാരറ്റ് കൃഷിക്ക് മണ്ണ് കട്ടിപിടിക്കാതെ വളരെ അയഞ്ഞതായിരിക്കണം എങ്കിൽ മാത്രമേ കിഴങ്ങ് തടസ്സമില്ലാതെ താഴേക്ക് നല്ലരീതിയിൽ വളരുകയുള്ളൂ.

കല്ലുകളോ കട്ടകളോയില്ലാത്ത മണ്ണ്, ചകിരിച്ചോറ് (ഉണ്ടെങ്കിൽ), ഉണങ്ങിയ ചാണകപ്പൊടി, ആട്ടിൻവളം  അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തിൽ കലർത്തി അതിലേക്ക് അൽപം വേപ്പിൻ പിണ്ണാക്കുടെ ചേർത്ത് കൃഷിക്കായി പോർട്ടിങ് മിക്സ് തയ്യാറാക്കാവുന്നതാണ്.

4. ക്യാരറ്റ് കൃഷിയുടെ പരിചരണ രീതികൾ

നനയ്ക്കൽ: ക്യാരറ്റ് കൃഷിയിൽ വിത്തുകൾ പാകി ആ വിത്തുകൾ മുളയ്ക്കുന്നത് വരെ മണ്ണിൽ ഈർപ്പം നിലനിർത്താൻ ശ്രദ്ധിക്കണം. ക്യാരറ്റ് വിത്തുകൾ മുളയ്ക്കാൻ മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് അല്പം കൂടുതൽ സമയം എടുക്കുന്നവയാണ് സാധാരണയായി 7 മുതൽ 14 ദിവസത്തിനുള്ളിലാണ് ക്യാരറ്റ് വിത്തുകൾ മുളയ്ക്കുക. ഇങ്ങനെ മുളച്ചുവരുന്ന തൈകൾക്ക് കാലാവസ്ഥയ്ക്ക് അനുസരിച്ച് മണ്ണിലെ നനവ് നോക്കി നനച്ചു കൊടുക്കാവുന്നതാണ്. ഒരു കാരണവശാലും ചെടിച്ചുവട്ടിൽ അധികസമയം വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ചെടിച്ചുവട്ടിൽ വെള്ളം കെട്ടിനിന്നാൽ അത് വേരുകൾ നശിക്കുന്നതിനും അതുവഴി ചെടികൾ നശിച്ചുപോകുന്നതിനും കാരണമാകും.



കള നീക്കം ചെയ്യൽ: ക്യാരറ്റ് ചെടികൾക്കിടയിലുള്ള കളകൾ കൃത്യസമയത്ത് നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. ചെടിച്ചുവടും കൃഷിസ്ഥലവും വൃത്തിയായി സംരക്ഷിക്കണം.

ചെടികൾ തമ്മിലുള്ള അകലം ക്രമീകരിക്കൽ: ക്യാരറ്റ് ചെടികൾ കൃഷി ചെയ്യുമ്പോൾ തൈകൾ തമ്മിൽ അകലങ്ങളില്ലാതെ തിങ്ങി വളരുകയാണെങ്കിൽ ചെടികൾ നശിക്കുന്നതിനും ഉള്ള ചെടികളിൽ നിന്നും കായ്‌ഫലം കിട്ടാതെ വരികയും ചെയ്യും. അതിനാൽ തന്നെ ഇടതൂർന്നു നിൽക്കുന്ന ചെടികളിൽ ആരോഗ്യമില്ലാത്ത ചെടികൾ നീക്കം ചെയ്ത് തൈകൾ തമ്മിൽ 5 മുതൽ 10 സെന്റിമീറ്റർ വരെ അകലമുണ്ടന്ന്  ഉറപ്പാക്കുക.

മണ്ണ് കൂട്ടിക്കൊടുക്കൽ: ക്യാരറ്റ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ചെടികൾ വളർന്നു വരുമ്പോൾ കിഴങ്ങിന്റെ മുകൾഭാഗം പുറത്തേക്ക് കാണുകയാണെങ്കിൽ ഉടൻതന്നെ മണ്ണ് കൂട്ടി കൊടുക്കണം. മണ്ണിന് മുകളിൽ സൂര്യപ്രകാശം ഏൽക്കുകയാണെങ്കിൽ ആ ഭാഗം പച്ച നിറമാകാനുള്ള  സാധ്യതയുണ്ട്. കൂടാതെ ചെടികൾ മറിയാതെ നേരെ വളരാനും ചുവട്ടിൽ മണ്ണ് കുട്ടി നൽകേണ്ടത് അത്യവശ്യമാണ്. 

5. ചെടികളുടെ വളപ്രയോഗം

മണ്ണ് ഒരുക്കുമ്പോൾ തന്നെ നല്ലതുപോലെ ഉണങ്ങിയ ചാണകപ്പൊടിയോ, ആട്ടിൻവളമോ, കമ്പോസ്റ്റോ അടിവളമായി ചെടിച്ചുവട്ടിൽ ചേർത്ത് കൊടുക്കണം. ക്യാരറ്റ് കൃഷിയിൽ നമുക്ക് ജൈവ വളങ്ങളോ രാസവളങ്ങളോ ഉപയോഗിക്കാവുന്നതാണ്. വ്യവസായികാടിസഥാനത്തിൽ കൃഷി ചെയ്യുമ്പോൾ രാസവളമാണ് ഏറ്റവും നല്ലത് എന്നാൽ വീടുകയിൽ ചെറിയ രീതിയിൽ നമുക്കാവശ്യത്തിനുള്ള കൃഷി ചെയ്യുമ്പോൾ ജൈവവളങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. ചെടികൾക്ക് രാസവളമായി യൂറിയ, രാജ്ഫോസ്, പൊട്ടാഷ് എന്നിവ കൃത്യമായ അളവിൽ നൽകാവുന്നതാണ് എന്നാൽ ജൈവവളങ്ങൾ ഉപയോഗിക്കുമ്പോൾ വിവിധതരം സ്ലറികൾ,  കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് നേർപ്പിച്ചത് ഒഴിച്ചു കൊടുക്കാവുന്നതാണ്. 15 ദിവസത്തിലൊരിക്കൽ വീതം ചെടികൾക്കാവശ്യമായ വളങ്ങൾ നൽകാവുന്നതാണ്. ദ്രവക രൂപത്തിലുള്ള വളങ്ങൾ ചെടികൾക്ക് നൽകുന്നതാണ് ചെടിയുടെ വളർച്ചയ്ക്കും നല്ല കായ്‌ഫലത്തിനും ഏറ്റവും നല്ലത്. 

6. ക്യാരറ്റ് കൃഷിയിലെ വിളവെടുപ്പ്

ക്യാരറ്റ് വിത്തുകൾ പാകി 90 മുതൽ 110 ദിവസത്തിനുള്ളിൽ തന്നെ ഇവ വിളവെടുക്കാൻ പാകമാകും. ക്യാരറ്റ് കിഴങ്ങിന്റെ മുകൾ ഭാഗം മണ്ണിൽ തെളിഞ്ഞു കാണുമ്പോഴോ അല്ലെങ്കിൽ ഇലകൾക്ക് മഞ്ഞനിറമാകുമ്പോഴോ വിളവെടുപ്പിന് സമയമായെന്ന് മനസിലാക്കാം. ക്യാരറ്റ് വിളവെടുക്കുന്നതിനായി കൃഷി സ്ഥലത്തെ മണ്ണ് നന്നയി നനച്ച ശേഷം ക്യാരറ്റ് കിഴങ്ങുകൾമുറിഞ്ഞുപോകാതെ പിഴുതെടുക്കാവുന്നതാണ്.

ക്യാരറ്റ് കൃഷിയിലെ ചില പ്രധാന കാര്യങ്ങൾ: ക്യാരറ്റിന് രൂപമാറ്റം വരാതിരിക്കാൻ മണ്ണിൽ പച്ചച്ചാണകം നേരിട്ട് ഇടാതിരിക്കാൻ ശ്രദ്ധിക്കുക. കൂടാതെ ചട്ടികളിലോ ഗ്രോബാഗുകളിലോ കൃഷി ചെയ്യുമ്പോൾ ആഴമുള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

Post a Comment

Previous Post Next Post