പൊതുവേ മലയാളികൾക്ക് ഏറ്റവും ഇഷ്ട്ടപെട്ട രണ്ടു ചെടികളാണ് റോസും ഓർക്കിഡും. മനോഹരമായ റോസാപ്പൂക്കൾ കൊണ്ട് തങ്ങളുടെ പൂന്തോട്ടം നിറയുക എന്നത് ഏതൊരു ചെടി പ്രേമിയുടെയും വളരെ വലിയൊരു സ്വപ്നമാണ്. എന്നാൽ ശരിയായ പരിചരണം നൽകിയില്ലെങ്കിൽ റോസാച്ചെടികൾ പൂക്കൾ നൽകുക ഇല്ലന്ന് മാത്രമല്ല അവ പെട്ടെന്ന് നശിച്ചുപോകാനും സാധ്യതയേറെയാണ്. നമ്മുടെ മുറ്റത്തെ റോസാച്ചെടികൾ കരുത്തോടെ വളരാനും ധാരാളം പൂക്കൾ ഉണ്ടാകാനും സഹായിക്കുന്ന ചില പൊടിക്കൈകളാണ് താഴെ പറയുന്നത്.
1. സൂര്യപ്രകാശവും ചെടികൾ വളരുന്ന സ്ഥാനവും
റോസാച്ചെടികൾ നന്നായി വളരാനും പൂക്കൾ ഉണ്ടാകാനും ഏറ്റവും അടിസ്ഥാനപരമായ ഖടകം എന്ന് പറയുന്നത് അവയ്ക്ക് ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവാണ്. ദിവസവും കുറഞ്ഞത് 5 മുതൽ 6 മണിക്കൂർ വരെ നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തായിരിക്കണം റോസാച്ചെടികൾ നടേണ്ടത്. ചെടികൾക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചില്ലെങ്കിൽ ചെടിയുടെ വളർച്ച മുരടിക്കുകയും പൂക്കൾ കുറയുകയും ചെയ്യുന്നതിന് കാരണമാകും.
2. ശരിയായ സമയത്തെ പ്രൂണിങ്
റോസാച്ചെടികളിൽ പൂക്കൾ ഉണ്ടായിക്കഴിഞ്ഞു അവ വാടിത്തുടങ്ങുമ്പോൾ ഉടൻ തന്നെ ആ പൂവ് മുറിച്ചു മാറ്റേണ്ടത് അത്യവശ്യമാണ് ഇതിനെ വാടിയ പൂക്കൾ മുറിക്കുന്നതിനെ ഡെഡ്ഹെഡിംഗ് (Deadheading) എന്നാണ് പൊതുവേ വിളിക്കുന്നത്. ഇങ്ങനെ തലപ്പുകൾ മുറിക്കുന്നത് വഴി ചെടിയുടെ ആരോഗ്യം നിലനിർത്താനും പുതിയ ശാഖകൾ വളരാനും വീണ്ടും ചെടി നിറയെ പൂക്കൾ ഉണ്ടാകാനും സഹായിക്കും. ഇതു കൂടാതെ ചെടിയെ വർഷത്തിൽ ഒരിക്കൽ (സാധാരണയായി സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ) ഉണങ്ങിയതും ബലമില്ലാത്തതുമായ കമ്പുകൾ മുറിച്ചു മാറ്റുന്നത് ചെടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും ചെടിയിൽ കൂടുതൽ തലപ്പുകൾ പ്രധാന തണ്ടുകളിൽ നിന്നും വളരുന്നതിനും സഹായിക്കും. എങ്ങനെ വർഷത്തിൽ ഒരിക്കൽ തണ്ടുകൾ മുറിക്കുന്നതിനെ സീസണൽ പ്രൂണിങ് എന്നാണ് പറയപ്പെടുന്നത്. ചെടിയുടെ കമ്പുകൾ മുറിക്കുമ്പോൾ 45 ഡിഗ്രി ചരിവിൽ മുറിക്കാൻ ശ്രദ്ധിക്കുക.
3. നനയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം
റോസാച്ചെടിയുടെ ചുവട്ടിൽ എപ്പോഴും ഈർപ്പം നിലനിൽക്കുന്നത് നല്ലതാണ്, എന്നാൽ ചെടിച്ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കയുമരുത്. ചെടികൾക്ക് വേനൽക്കാലത്ത് ദിവസവും നന നൽകേണ്ടത് അത്യവശ്യമാണ്. ഹൈബ്രിഡ് ചെടിയുടെ ഇലകളിൽ അധികം വെള്ളം വീഴാതെ ചെടി ചുവട്ടിൽ മാത്രം വെള്ളം വീഴുന്ന രീതിയിൽ നനയ്ക്കുന്നത് ചെടികളിൽ വരുന്ന ഫംഗസ് ബാധ തടയാൻ സഹായിക്കും. ചെടികൾ നടുന്നതിനായി ചുവന്ന മണ്ണോ അല്ലെങ്കിൽ പാറപ്പൊടിയോ നമുക്ക് ഉപയോഗിക്കാവുന്നതാണ്.
പാറപ്പൊടിയിൽ റോസാച്ചെടികൾ നടുന്ന രീതിയി അറിയാൻ ഈ വിഡിയോ കാണുക.
4. ചെടിയുടെ വളപ്രയോഗം
റോസാച്ചെടിക്ക് ജൈവ വളങ്ങളോ രാസ വളങ്ങളോ നമുക്ക് നൽകാൻ സാധിക്കും എന്നാൽ ചെടിയുടെ ആയുസിനും ആരോഗ്യത്തിനും കൂടുതൽ നല്ലത് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ജൈവ വളങ്ങളാണ്
റോസാച്ചെടിക്ക് വേണ്ടി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില വളങ്ങൾ ഇവയാണ്:
മുട്ടത്തോട്: ഉണക്കി പൊടിച്ച മുട്ടത്തോട് ചെടിയുടെ ചുവട്ടിലിടുന്നത് ചെടികൾക്ക് കാൽസ്യം ലഭിക്കാൻ സഹായിക്കും.
പഴത്തൊലി: പൊട്ടാസ്യം ധാരാളമായി അടങ്ങിയ പഴത്തൊലി ചെറിയ കഷ്ണങ്ങളാക്കി മണ്ണിൽ ചേർക്കുന്നതും വെള്ളത്തിലിട്ട് കുറച്ചു ദിവസങ്ങൾക്ക് ശേഷം ആ വെള്ളം ചെടികൾക്ക് നൽകുന്നതും ചെടിയിൽ പൂക്കൾ ധാരാളമായി ഉണ്ടാകാൻ സഹായിക്കും.
അരി കഴുകിയ വെള്ളം: നമ്മൾ ആഹാരത്തിനായി ഉപയോഗിക്കുന്ന അരി കഴുകിയ വെള്ളം ചെടിയുടെ ചുവട്ടിൽ ഒഴിക്കുന്നത് നല്ലതാണ്.
ചായച്ചണ്ടി: ചായ ഉണ്ടാക്കിയതിന് ശേഷമുള്ള ചായച്ചണ്ടി നന്നായി കഴുകി പാൽ കറ കളഞ്ഞു ഉണക്കി മണ്ണിൽ ചേർക്കുന്നത് മണ്ണിന്റെ പുളിരസം നിലനിർത്താൻ സഹായിക്കും.
റോസാച്ചെടിക്ക് നൽകാൻ സാധിക്കുന്ന വളത്തെക്കുറിച്ചറിയാൻ ഈ വിഡിയോ കാണുക.
5. രോഗ കീടബാധ അകറ്റാൻ
റോസാച്ചെടികളെ പ്രധാനമായും ബാധിക്കുന്ന രണ്ട് പ്രശ്‌നം എന്ന് പറയുന്നത് അവയിൽ ഉണ്ടാകുന്ന ഇലപ്പേനുകളും, ഫംഗസുമാണ്.
ചെടിയുടെ കമ്പുകൾ മുറിച്ചുണ്ടാകുന്ന മുറിപ്പാടിൽ അല്പം മഞ്ഞൾപ്പൊടിയോ സാഫ് പോലുള്ള ഏതെങ്കിലും ആന്റി ഫങ്കൽ പുരട്ടുന്നത് ചെടിയിലെ ഫങ്കൽ ബാധ ബാധ തടയും.
ഒരു ലിറ്റർ വെള്ളത്തിൽ 5 മുതൽ 10 മില്ലി വേപ്പെണ്ണയും രണ്ട് മുന്ന് തുള്ളി സോപ്പ് ലായനിയും കലർത്തി ചെടിയുടെ ഇലകളിൽ തളിക്കുന്നത് ഇലപ്പേനുകളെയും മാറ്റ് കീടങ്ങളെയും ചെടിയിൽ നിന്ന് അകറ്റാൻ സഹായിക്കും.
മുകളിൽ പറഞ്ഞിരിക്കുന്ന ഈ ചെറിയ ടിപ്പുകൾ പരീക്ഷിച്ചാൽ തന്നെ ആർക്കും നല്ല രീതിയിൽ റോസാച്ചെടികളിൽ പൂക്കൾ വിരിയിക്കാൻ സാധിക്കും.

Post a Comment