കേരളത്തിൽ വളരെ ലാഭകരമായി ചെയ്യാവുന്ന ഒരു കൃഷിയാണ് പന്നിവളർത്തൽ എന്ന് പറയുന്നത്. എന്നാൽ മറ്റു ജീവികളെ വളർത്തുന്നതിൽ നിന്നും ഈ പന്നിവളർത്തൽ സംരംഭത്തിന്റെ വിജയം തുടങ്ങുന്നത് മികച്ച ഗുണനിലവാരമുള്ള പന്നിക്കുട്ടികളെ നമ്മുടെ ഫാമിലേക്ക് തിരഞ്ഞെടുക്കുന്നതിലൂടെയാണ്. പന്നിക്കുട്ടികളെ വളർത്താനായി വാങ്ങുമ്പോൾ ഒരു കർഷകൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ് ഇനി പറയുന്നത്.
![]() |
| Image Credit : Designed by Freepik |
1. ഇനങ്ങൾ തിരഞ്ഞെടുക്കാം
നാടനും അല്ലാത്തവയുമായി കുറച്ചധികം ഇനങ്ങൾ നമുക്ക് ഇന്ന് ലഭ്യമാണെങ്കിലും നമ്മുടെ ആവശ്യത്തിനും അതുപോലെ തന്നെ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്.
നമ്മുടെ നാടുകളിൽ ലഭ്യമായ കുറച്ചു പന്നിയിനങ്ങൾ ഇനി പറയുന്നവയാണ്.
കേരളത്തിൽ വളർത്തുന്ന പന്നികളെ പ്രധാനമായും മൂന്നായി തരംതിരിക്കാം: വിദേശ ഇനങ്ങൾ, നാടൻ ഇനങ്ങൾ, സങ്കരയിനങ്ങൾ.
ലാർജ് വൈറ്റ് യോർക്ക്ഷെയർ
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ളതും കർഷകർ കൂടുതലായി വളർത്തുന്ന പന്നിയിനമാണിത്. കൂടാതെ പെട്ടെന്ന് വളരുന്ന ഇവയ്ക്ക് രോഗപ്രതിരോധ ശേഷി കൂടുതലാണ്
നിറം: പൂർണ്ണമായും വെള്ള നിറം, നിവർന്നു നിൽക്കുന്ന ചെവികൾ.
പ്രത്യേകത: വളരെ വേഗത്തിൽ വളരുന്നു. നല്ല തീറ്റ പരിവർത്തന ശേഷിയുണ്ട് (നൽകുന്ന തീറ്റ വേഗത്തിൽ മാംസമായി മാറുന്നു).
ഉല്പാദനം: ഒരു പ്രസവത്തിൽ ശരാശരി 10-12 കുട്ടികൾ വരെ ലഭിക്കുന്നു. ഏതാണ്ട് 8-10 മാസം കൊണ്ട് 80-100 കിലോ തൂക്കം വയ്ക്കും.
ലാൻഡ്‌റേസ്
ഡെന്മാർക്കിൽ നിന്നും വന്നിട്ടുള്ള ഈ ഇനം ഗുണമേന്മയുള്ള മാംസത്തിന് പ്രസിദ്ധമാണ്.
നിറം: വെള്ള നിറം, നീളമുള്ള ശരീരം.
പ്രത്യേകത: ഇവയുടെ ചെവികൾ മുന്നോട്ട് തൂങ്ങിക്കിടക്കും. മാംസത്തിൽ കൊഴുപ്പിന്റെ അളവ് കുറവായിരിക്കും.
ഗുണം: പെൺ പന്നികൾ മികച്ച രീതിയിൽ കുട്ടികളെ നോക്കാൻ കഴിവുള്ളവയാണ്.
ഡുറോക്ക്
അമേരിക്കയിൽ നിന്നുള്ള ഈ പന്നിയിനം കഠിനമായ കാലാവസ്ഥയെ അതിജീവിക്കാൻ ശേഷിയുള്ളവയാണ്.
നിറം: സ്വർണ്ണ നിറം മുതൽ കടും ചുവപ്പ് കലർന്ന തവിട്ട് നിറം വരെ.
പ്രത്യേകത: ഇവയുടെ ചെവികൾ പകുതി താഴ്ന്നു കിടക്കും.
ഗുണം: മാംസം നല്ല രുചിയുള്ളതും ഉറപ്പുള്ളതുമാണ്. മറ്റ് ഇനങ്ങളുമായി സങ്കര പ്രജനനത്തിന് (Cross-breeding) ഇവയെ വ്യാപകമായി ഉപയോഗിക്കുന്നു.
ബെർക്ഷെയർ
ഇംഗ്ലണ്ടിൽ നിന്നുള്ളതാണ് ഈ പന്നിയിനം.
നിറം: കറുപ്പ് നിറം, എന്നാൽ മുഖത്തും കാലുകളുടെ അറ്റത്തും വാൽ അറ്റത്തും വെള്ള നിറം കാണും (Six white points).
പ്രത്യേകത: ഇടത്തരം വലിപ്പമുള്ള ഇവ ഗുണമേന്മയുള്ള മാംസത്തിന് പേരുകേട്ടതാണ്.
നാടൻ ഇനം
നിറം: കറുപ്പ് നിറം
പ്രത്യേകത: മറ്റു പന്നിയിനങ്ങളെ അപേക്ഷിച്ചു വലിപ്പം കുറവുള്ളതും നമ്മുടെ വീട്ടുമാലിന്യം നൽകി വളർത്താൻ ഏറ്റവും അനുയോജ്യമായതുമായ ഇനമാണ് ഇവ.
2. തിരഞ്ഞടുക്കുന്ന പന്നിക്കുഞ്ഞുങ്ങളുടെ പ്രായവും തൂക്കവും
സാധാരണയായി രണ്ടു മാസം പ്രായമായ പന്നിക്കുട്ടികളെ വളർത്താനായി വാങ്ങുന്നതാണ് ഏറ്റവും നല്ലത്. തള്ളപ്പന്നിയിൽ നിന്നും പാൽ കുടി നിർത്തിയതും കുറഞ്ഞത് 12 മുതൽ 15 കിലോ തൂക്കമുള്ളതുമായ കുട്ടികളെ വളർത്തുന്നതിനായി വാങ്ങാൻ ശ്രദ്ധിക്കുക.
3. പന്നിക്കുട്ടികളുടെ ആരോഗ്യലക്ഷണങ്ങൾ പരിശോധിക്കണം
വളർത്താനായി വാങ്ങുമ്പോൾ നല്ല ആരോഗ്യമുള്ളതും ചുറുചുറുക്കുള്ളതുമായ കുട്ടികളെ തിരഞ്ഞെടുക്കുക.
ആരോഗ്യമുള്ള ഒരു പന്നിക്കുട്ടിയെ തിരിച്ചറിയാൻ താഴെ പറയുന്നവ ശ്രദ്ധിക്കുക:
- തിരഞ്ഞെടുക്കുന്ന പന്നിക്കുട്ടികൾ നല്ല ഉന്മേഷത്തോടെ ഓടിനടക്കുന്നവരായിരിക്കണം. ചുറുചുറുക്കില്ലാതെ ഒരിടത്തു പമ്മിയിരിക്കുന്ന കുട്ടികളെ ഒഴിവാക്കാവുന്നതാണ്.
- കുട്ടികളുടെ കണ്ണിൽ നിന്നും പീളയോ വെള്ളമോ വരുന്നത് അസുഖ ലക്ഷണമാകാം അതിനാൽ തന്നെ തെളിഞ്ഞ കണ്ണുകളുള്ള കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുക.
- തിരഞ്ഞെടുത്ത കുട്ടികളുടെ തൊലിപ്പുറത്ത് മുറിവുകളോ തടിപ്പുകളോ പേൻ ശല്യമോ ഇല്ലായെന്ന് ഉറപ്പുവരുത്തുക.
- നന്നായി തീറ്റ എടുക്കുന്ന കുട്ടികളെ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്.
4. തിരഞ്ഞെടുക്കുന്ന കുട്ടികളുടെ പാരമ്പര്യം നോക്കണം
നല്ലൊരു ബ്രീഡറുടെ അടുത്തുനിന്നോ സർക്കാർ ഫാമുകളിൽ നിന്നോ മാത്രം പന്നി കുട്ടികളെ വാങ്ങുക. കുട്ടി ജനിച്ചപ്പോൾ എത്ര തൂക്കമുണ്ടായിരുന്നുവെന്നും , തള്ളപ്പന്നി കഴിഞ്ഞ രണ്ടു മുന്ന് പ്രസവത്തിൽ എത്ര കുട്ടികളെ പ്രസവിച്ചു എന്നും ചോദിച്ചറിയുന്നത് നമ്മൾ വാങ്ങുന്ന കുട്ടികളുടെ ഗുണനിലവാരം മനസ്സിലാക്കാൻ സാധിക്കും. കുറഞ്ഞത് 8 മുതൽ 10 കുട്ടികളെയെങ്കിലും ഒരു പ്രസവത്തിൽ നൽകുന്ന തള്ളപ്പന്നിയുടെ കുട്ടികളെ വാങ്ങുമ്പോൾ മാത്രമാണ് പന്നിവളർത്തൽ ലാഭകരമാകയുള്ളു.
5. വാക്സിനേഷൻ
കുഞ്ഞുങ്ങളെ വാങ്ങുന്നതിന് മുൻപ് പന്നികൾക്ക് നൽകേണ്ട പ്രധാന വാക്സിനുകൾ (ഉദാഹരണത്തിന്: Swine Fever vaccine) നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. വിര മരുന്ന് നൽകിയതാണോ എന്നും ചോദിക്കണം. വിരമരുന്നു നൽകിയതാണ് എങ്കിൽ നൽകിയ മരുന്നിനേക്കുറിച്ചും അടുത്ത ഡോസ് എന്ന് എത്ര അളവിൽ നൽകണമെന്നും ചോദിച്ചറിയുക.
6. പന്നിക്കുട്ടികളെ വീട്ടിലെത്തിച്ചാൽ ശ്രദ്ധിക്കേണ്ടത്
പുതിയ സ്ഥലത്തെത്തിയ കുഞ്ഞുങ്ങൾക്ക് അവർ വന്നിരിക്കുന്ന പുതിയ സ്ഥലവുമായി ഒന്ന് പൊരുത്തപ്പെടാൻ കുറച്ചു സമയം നൽകുക. കൂടാതെ പഴയ ഫാമിൽ നൽകിയിരുന്ന അതേ തരം തീറ്റ നൽകാൻ ശ്രമിക്കുകയും പിന്നീട് സാവകാശം നമ്മുടെ ഇഷ്ട്ടത്തിനുള്ള ആഹാരത്തിലേക്ക് മാറ്റാനും ശ്രദ്ധിക്കുക. ഇവയൊന്നും കൂടാതെ കുട്ടികളെ പാർപ്പിക്കുന്ന കൂട്, ഫുഡ് നൽകുന്ന പാത്രങ്ങൾ എന്നിവ എപ്പോളും വൃത്തിയുള്ളതായിരിക്കാൻ ശ്രദ്ധിക്കുക.

Post a Comment