നമ്മുടെ ഏവരുടെയും നാട്ടിൻപുറങ്ങളിൽ വളരെ കാലങ്ങൾക്ക് മുൻപ് സർവ്വസാധാരണമായി കണ്ടിരുന്ന ഒരു ഔഷധ സസ്യമാണ് ചങ്ങലംപരണ്ട. അസ്ഥിസംഹാരി എന്ന് സംസ്കൃതത്തിൽ വിളിക്കപ്പെടുന്ന ഈ സസ്യം പേരുപോലെ തന്നെ അസ്ഥികളുടെ ആരോഗ്യസംരക്ഷണത്തിന് നൽകുന്ന ഗുണങ്ങൾ ആരേയും വിസ്മയിപ്പിക്കുന്നതാണ്.
ചങ്ങലംപരണ്ടയുടെ സവിശേഷതകൾ, ഇവ വളർത്തേണ്ട രീതി, പരിചരണം എന്നിവയെക്കുറിച്ചുള്ള വിശദമായ കാര്യങ്ങൾ താഴെ പറയുന്നവയാണ്.
ചങ്ങലംപരണ്ട എന്നത് ഒരു വള്ളിച്ചെടിയാണ്. ഇവയുടെ തണ്ടിന് മറ്റു വള്ളിച്ചെടികളെ പോലെ അല്ലാതെ നാല് വശങ്ങളുണ്ട് . കൂടാതെ ഇവയുടെ തണ്ടുകളിലുള്ള ഓരോ മുട്ടുകളിൽ നിന്നുമാണ് പുതിയ ഇലകളും തണ്ടുകളും ഉണ്ടാകുന്നത്. ചങ്ങലംപരണ്ടയുടെ ഏറ്റവും വലിയ പ്രതേകത എന്ന് പറയുന്നത് തന്നെ ചങ്ങലക്കണ്ണികൾ കോർത്തുവെച്ചതുപോലെ ഇരിക്കുന്ന ഇവയുടെ തണ്ടുകളാണ്. തണ്ടുകൾ ചങ്ങലകൾ പോലെ കാണുന്നതിനാലാണ് ഈ ചെടിയ്ക്ക് ചങ്ങലംപരണ്ട എന്ന പേര് ലഭിച്ചത്.
ഹൃദയാകൃതിയിലുള്ള ചെറിയ ഇലകൾ ഇവയുടെ തണ്ടുകളിലുള്ള മുട്ടുകളിൽ കാണപ്പെടുന്നു. കൂടാതെ ഇവയിൽ വെളുത്ത നിറത്തിലുള്ള ചെറിയ പൂക്കളും പഴുക്കുമ്പോൾ ചുവന്ന നിറമാകുന്ന ചെറിയ കായ്കളും ഉണ്ടാകാറുണ്ട്.
കൃഷി രീതിയും വംശവർദ്ധനവും
ചങ്ങലംപരണ്ട ചെടികൾ വളർത്താൻ വളരെ എളുപ്പമാണ്. ഇവയുടെ തണ്ടുകൾ വഴി ആർക്കും എളുപ്പത്തിൽ പുതിയ തൈകൾ തയാറാക്കാൻ സാധിക്കും.
തണ്ട് മുറിച്ചു നടൽ: ആരോഗ്യമുള്ള ചെടിയിൽ നിന്നും നന്നായി മൂത്ത തണ്ട് രണ്ട് മൂന്ന് മുട്ടുകൾ വരുന്ന രീതിയിൽ മുറിച്ചെടുത്തു നടാവുന്നതാണ്. ഇങ്ങനെ തിരഞ്ഞെടുത്ത തണ്ടുകൾ നേരിട്ട് മണ്ണിലോ ഗ്രോ ബാഗിലോ നടാവുന്നതാണ്. തണ്ടുകൾ നടുന്നതിന് മുൻപ് മുറിച്ച ഭാഗം ഒരു ദിവസം തണലത്ത് വായു സഞ്ചാരമുള്ള സ്ഥലത്തു വെച്ച് ഉണങ്ങാൻ അനുവദിക്കുന്നത് തണ്ടുകൾ നടുമ്പോൾ ചീഞ്ഞു പോകാതിരിക്കാൻ സഹായിക്കും.
മണ്ണ്: വെള്ളം കെട്ടിക്കിടക്കാത്തതും മണൽ കലർന്ന മണ്ണാണ് ചങ്ങലംപരണ്ട ചെടികൾ വളരാൻ ഏറ്റവും അനുയോജ്യം. ചാണകപ്പൊടിയോ, ആട്ടിൻവളമോ, കമ്പോസ്റ്റോ അടിവളമായി നൽകി തയാറാക്കുന്ന മണ്ണിൽ നേരിട്ടോ അല്ലെങ്കിൽ വേരുകൾ വന്ന തണ്ടുകൾ നട്ടോ ചെടികൾ വളർത്താവുന്നതാണ്.
ചങ്ങലംപരണ്ടയെക്കുറിച്ചു കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.
ചങ്ങലംപരണ്ടയുടെ പരിചരണം
മട്ടുചെടികളെ അപേക്ഷിച്ചു വളരെ കുറഞ്ഞ പരിചരണം ഇവയ്ക്ക് മതിയെങ്കിലും ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ചെടിയുടെ നല്ല വളർച്ചയ്ക്ക് സഹായിക്കും.
നന: അധികം വെള്ളം ആവശ്യമില്ലാത്ത ചെടിയാണ് ചങ്ങലംപരണ്ട അതിനാൽ തന്നെ ചെടിച്ചുവട്ടിലെ മണ്ണ് നന്നായി ഉണങ്ങുമ്പോൾ മാത്രം നനയ്ക്കുന്ന രീതിയാണ് നല്ലത്. ചെടിക്ക് അമിതമായി നനച്ചാലും ചെടിച്ചുവട്ടിൽ വെള്ളം അധികസമയം കെട്ടിനിന്നാലും ഇവയുടെ വേര് ചീഞ്ഞു ചെടികൾ നശിക്കാൻ സാധ്യതയുണ്ട്.
സൂര്യപ്രകാശം: തണലിലും വളരുമെങ്കിലും നല്ല വെയിൽ ലഭിക്കുന്ന സ്ഥലത്ത് ചങ്ങലംപരണ്ട വളരെ വേഗത്തിൽ വളരും. ചെടികൾക്ക് വെയിൽ കിട്ടുന്നതാണ് ഔഷധഗുണം വർദ്ധിപ്പിക്കാൻ നല്ലതെന്ന് പറയപ്പെടുന്നു.
താങ്ങ് നൽകൽ: ചങ്ങലംപരണ്ടയൊരു വള്ളിച്ചെടിയായതിനാൽ പടർന്നു കയറാൻ കമ്പുകളോ വേലിയോ അല്ലെങ്കിൽ ചെറിയ ചെടികളോ നൽകണം. ചങ്ങലംപരണ്ട വളർത്തുമ്പോൾ നമ്മുടെ കൈകൾക്കു പരിപാലിക്കാൻ സാധിക്കുന്ന രീതിയിൽ അത്രയും ഉയരത്തിൽ മാത്രം വളർത്തുന്നതാണ് നല്ലത്.
രോഗ കീടങ്ങൾ: പൊതുവെ ചങ്ങലംപരണ്ടയ്ക്ക് രോഗ കീടശല്യം കുറവാണ്. എങ്കിലും ഇടയ്ക്കിടെ ചെടിയുടെ നീർവാർച്ച ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ചങ്ങലംപരണ്ടയുടെ പ്രധാന ഗുണങ്ങൾ
അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നു: ഒടിഞ്ഞ അസ്ഥികൾ വേഗത്തിൽ കൂടുന്നതിനും അസ്ഥികൾക്ക് ബലം നൽകുന്നതിനും ചങ്ങലംപരണ്ട മികച്ചതാണ്. ഇതിലടങ്ങിയിരിക്കുന്ന കാൽസ്യം, മെഗ്നീഷ്യം എന്നിവ എല്ലുകളുടെ സാന്ദ്രത വർദ്ധിപ്പിക്കുന്നു.
ദഹന സംബന്ധമായ പ്രശ്നങ്ങൾ: ദഹനക്കേട്, ഗ്യാസ് ട്രബിൾ, വിശപ്പില്ലായ്മ എന്നിവ പരിഹരിക്കാൻ ചങ്ങലംപരണ്ട ഉപയോഗിക്കുന്നു. കൂടാതെ വയറ്റിലെ പുണ്ണുകൾ ഭേദമാക്കാനും ചങ്ങലംപരണ്ട സഹായിക്കും.
ഹൃദയാരോഗ്യസംരക്ഷണം: ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ചങ്ങലംപരണ്ടയ്ക്ക് കഴിവുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
പ്രമേഹ നിയന്ത്രണം: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ചങ്ങലംപരണ്ടയിലെ ആന്റിഓക്‌സിഡന്റുകൾ വലിയ പങ്ക് വഹിക്കുന്നു.
ചങ്ങലംപരണ്ടയുടെ ഉപയോഗങ്ങൾ
അസ്ഥിരോഗങ്ങൾ: അസ്ഥി പൊട്ടൽ, സന്ധിവേദന, ഓസ്റ്റിയോപോറോസിസ് എന്നിവയ്ക്ക് ചങ്ങലംപരണ്ട അത്യുത്തമമാണ്.
ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ: ഇവയുടെ ഉപയോഗം ആർത്തവസമയത്തെ വേദന കുറയ്ക്കാൻ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ: മെറ്റബോളിസത്തിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കി നമ്മുടെ അമിതവണ്ണം കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു.
ചങ്ങലംപരണ്ട ഉപയോഗിക്കേണ്ട രീതികൾ
ചങ്ങലംപരണ്ട ഔഷധമായും ഭക്ഷണമായും ഉപയോഗിക്കാം എന്നാൽ ഉപയോഗിക്കുമ്പോൾ നാരുകൾ കളയാനും ചൊറിച്ചിൽ ഒഴിവാക്കാൻ പുളി ചേർത്ത് ഉപയോഗിക്കാനും ശ്രദ്ധിക്കണം.
ചങ്ങലംപരണ്ട ചമ്മന്തി: തണ്ടിലെ നാരുകൾ കളഞ്ഞ് ചെറുതായി അരിഞ്ഞ് നെയ്യിലോ വെളിച്ചെണ്ണയിലോ വഴറ്റുക. ഇതിലേക്ക് തേങ്ങ, കൊച്ചുഉള്ളി, പുളി, മുളക് എന്നിവ ചേർത്ത് അരച്ച് ചമ്മന്തിയാക്കി ഉപയോഗിക്കാം.
ചങ്ങലംപരണ്ട ഉണക്കി പൊടിച്ചത്: ചങ്ങലംപരണ്ടയുടെ തണ്ട് ഉണക്കി പൊടിച്ച് പാലിലോ തേിനീലോ ചേർത്ത് കഴിക്കുന്നത് അസ്ഥിക്ഷയം തടയാൻ സഹായിക്കും.
ചങ്ങലംപരണ്ട നീര്: ചങ്ങലംപരണ്ടയുടെ നീര് എള്ളെണ്ണയിൽ ചേർത്ത് കാച്ചി ദേഹത്ത് തേയ്ക്കുന്നത് സന്ധിവേദനയ്ക്കും ഉളുക്കിനും ആശ്വാസം നൽകും.
പ്രത്യേക ശ്രദ്ധിക്കുക: ചങ്ങലംപരണ്ടയിൽ കാൽസ്യം ഓക്സലേറ്റ് അടങ്ങിയിട്ടുള്ളതിനാൽ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ആളുകൾക്കും ചൊറിച്ചിൽ അനുഭവപ്പെടാം അതിനാൽ തണ്ട് ഉപയോഗത്തിനായി നന്നാക്കുമ്പോൾ കയ്യിൽ വെളിച്ചെണ്ണ പുരട്ടുന്നത് നന്നായിരിക്കും. കൂടാതെ ഇവയുടെ തണ്ടുകൾ പാചകം ചെയ്യുമ്പോൾ അതിൽ പുളി ചേർക്കുന്നതും ചൊറിച്ചിൽ ഒഴിവാക്കാൻ സഹായിക്കും.
Post a Comment