ഇന്നത്തെ ഉദ്യാന പ്രേമികളിൽ ഭൂരിഭാഗം ആളുകളും ഇഷ്ട്ടപെടുന്ന ഒരു ചെടിയുണ്ടങ്കിൽ അത് ഓർക്കിഡ് ചെടികളാണ്. നമ്മളിൽ അധികം ആളുകൾക്കും പൂക്കൾ ലഭിക്കുന്നത് വളരെ കുറവാണെങ്കിലും ഒരു പോലെ ചെടി വളരുന്നത് തന്നെ വളരെയധികം സന്തോഷം തരുന്ന മറ്റൊരു ചെടിയും കാണില്ല കാരണം ഈ ചെടികളിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന വെല്ലുവിളികൾ ഓർക്കിഡ് ചെടികളെ തന്നെ നശിപ്പിച്ചു കളയാറുണ്ട്. ഓർക്കിഡ് ചെടികൾ വളർത്തുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ഇവയിൽ ഉണ്ടാകുന്ന കീടങ്ങളുടെ ശല്യം. ഓർക്കിഡ് ചെടിയുടെ ഭംഗി നശിപ്പിക്കുക മാത്രമല്ല ഈ കീടങ്ങൾ ചെയ്യുന്നത് കൃത്യസമയത്ത് നിയന്ത്രിച്ചില്ലെങ്കിൽ ചെടി പൂർണ്ണമായും നശിച്ചുപോകാനും ഇത് വലിയൊരു കാരണമാകും.
ഓർക്കിഡ് ചെടികളെ ബാധിക്കുന്ന പ്രധാന കീടങ്ങളെയും അവയെ നിയന്ത്രിക്കാനുള്ള എളുപ്പ വഴികളെയും കുറിച്ചു ഇനി പറയുന്നു.
ഓർക്കിഡ്
ചെടികൾക്ക് സാധാരണയായി നല്ല രീതിയിലുള്ള വായുസഞ്ചാരവും ഈർപ്പവുമുള്ള
അന്തരീക്ഷമാണ് നന്നായി വളരാനും പൂവിടാനും ഇഷ്ടം. എന്നാൽ ഇതേ സാഹചര്യം നമ്മൾ
ശ്രദ്ധിച്ചില്ലങ്കിൽ പലപ്പോഴും ഓർക്കിഡ് ചെടികളെ ബാധിക്കുന്ന പലതരം
കീടങ്ങൾക്കും അനുകൂലമാകാറുണ്ട്.
ഓർക്കിഡ് ചെടികളെ ബാധിക്കുന്ന ചില പ്രധാന കീടങ്ങൾ ഇവയാണ്:
1. മീലി ബഗ്ഗുകൾ
ഓർക്കിഡ് ചെടികളുടെ ഇലകൾക്കിടയിലും പൂമൊട്ടുകളിലും വെള്ള നിറത്തിൽ പഞ്ഞിക്കെട്ട് പറ്റി നിൽക്കുന്നതുപോലെ കാണപ്പെടുന്ന ചെറിയ ജീവികളാണ് മീലി ബഗ്ഗുകൾ. ഇവ ചെടിയുടെ നീര് ഊറ്റിക്കുടിക്കുക വഴി ചെടിയുടെ വളർച്ച മുരടിപ്പിക്കുകയും ചെയ്യുന്നു.
നിയന്ത്രണ മാർഗ്ഗം: ഓർക്കിഡ് ചെടികളിൽ മീലി ബഗ്ഗുകളുടെ ശല്യം കണ്ടാൽ 5 മില്ലി വേപ്പെണ്ണ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ തളിക്കുക.
2. സ്കെയിൽ കീടങ്ങൾ
ചെടികളുടെ നീര് ഊറ്റിക്കുടിക്കുന്ന ചെറിയ പ്രാണികളാണ് സ്കെയിൽ കീടങ്ങൾ. ഇവ ചെടിയുടെ തണ്ടുകളിലും ഇലകളിലും പറ്റിപ്പിടിച്ച് അവയുടെ പുറത്ത് മെഴുകുപോലുള്ള ഒരു കവചം ഉണ്ടാക്കുന്നു, ഇത് ഈ ജീവിയെ മറ്റു കീടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു, എന്നാൽ ഈ കവചം കാരണം മിക്ക കീടനാശിനികൾക്കും ഇവയെ നശിപ്പിക്കാൻ കഴിയില്ല. ഈ ജീവികൾ ഒട്ടിപ്പിടിക്കുന്ന വസ്തു പുറത്തുവിടുകയും, ഇത് കരിമ്പൂപ്പൽ വളരാൻ കാരണമാവുകയും ചെയ്യും.
നിയന്ത്രണ മാർഗ്ഗം: ഈ ജീവികളെ എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയാത്തതിനാൽ ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചെടികളിൽ നിന്നും ഇവയെ ഉരച്ചു കളഞ്ഞതിനു ശേഷം സോപ്പ് ലായനിയോ വേപ്പെണ്ണ മിശ്രിതമോ തളിക്കുന്നത് പൂർണ്ണമായും ഇവയെ നിയന്ത്രിക്കുന്നതിന് സഹായിക്കും.
3. ചെറിയ ചിലന്തികൾ (സ്പൈഡർ മൈറ്റുകൾ)
വളരെ ചെറിയ ഈ ചിലന്തികളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പ്രയാസമാണ്. ഇലയുടെ അടിഭാഗത്ത് വെള്ളി നിറത്തിലുള്ള പാടുകളോ ചെറിയ ചിലന്തി വലകളോ കാണുന്നുണ്ടെങ്കിൽ അത് മൈറ്റുകളുടെ ലക്ഷണമാണ്.
നിയന്ത്രണ മാർഗ്ഗം: ഇലകളുടെ അടിഭാഗത്തു ഇവ കാണാറുള്ളതിനാൽ ഓർക്കിഡ് ചെടികളുടെ ഇലകളുടെ അടിഭാഗത്ത് ശക്തമായി വെള്ളം സ്പ്രേ ചെയ്യുന്നത് ഇവയെ അകറ്റാൻ സഹായിക്കും. കൂടാതെ ഇലകളിൽ ഈർപ്പം നിലനിർത്തുന്നത് മൈറ്റുകളെ തടയാൻ നല്ലതാണ്.
4. ഒച്ചുകൾ
ഓർക്കിഡ് ചെടികൾക്ക് നന്നായി വളരുന്നതിനായി ഈർപ്പം നിലനിർത്തുന്നതിനാൽ ചെടികളിൽ ഒച്ചിൻെ ശല്യം എപ്പോൾവേണമെങ്കിലും ഉണ്ടാകാം. രാത്രികാലങ്ങളിലാണ് ഒച്ചുകളുടെ ശല്യം ഓർക്കിഡ് ചെടികളിൽ കൂടുന്നത്. ഒച്ചിൻെ ശല്യം ഉണ്ടായാൽ അവ ഓർക്കിഡുകളുടെ തളിരിലകളും പൂമൊട്ടുകളും കടിച്ചു തിന്ന് നശിപ്പിക്കും.
നിയന്ത്രണ മാർഗ്ഗം: ഓർക്കിഡ് ചെടികൾ വെച്ചിരിക്കുന്ന ചെടിച്ചട്ടികൾക്ക് ചുറ്റും തരിമണലോ മുട്ടത്തോടോ വിതറുന്നത് ഒച്ചുകൾ വരുന്നത് തടയും. കൂടാതെ രാത്രിയിൽ വെളിച്ചം ഉപയോഗിച്ച് ഇവയെ പിടിച്ചു നശിപ്പിക്കാവുന്നതാണ്. എന്നാൽ ഒച്ചുകളുടെ ശല്യം കുടുതലാണെങ്കിൽ ക്യാബേജ് പോലുള്ള പച്ചക്കറി അവശിഷ്ടങ്ങൾ ഒരു പരന്ന പാത്രത്തിൽ വെച്ച് ഒച്ചുകളെ ആകർഷിച്ചു പിടിച്ചു നശിപ്പിക്കാവുന്നതാണ്. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഇവ ഒച്ചുകളെ ആകർഷിക്കുന്നതിനാൽ ചെടിയുടെ അടുത്തുനിന്നും മാറ്റിവെക്കുന്നതാണ് നല്ലത്.
ഓർക്കിഡുകളെ ബാധിക്കുന്ന കീടങ്ങളെ അകറ്റാൻ ജൈവ കീടനാശിനികൾ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ നമുക്ക്.
വേപ്പെണ്ണ മിശ്രിതം: ഒരു ലിറ്റർ വെള്ളത്തിൽ 5 മില്ലി വേപ്പെണ്ണയും രണ്ടോ മൂന്നോ തുള്ളി ഏതെങ്കിലും ഒരു സോപ്പ് ലായനിയും (ലിക്വിഡ് സോപ്പ്) ചേർത്ത് നന്നായി ഇളക്കി ചെടികളിൽ സ്പ്രേ ചെയ്യാവുന്നതാണ്.
വെളുത്തുള്ളി-കാന്താരി മിശ്രിതം: ഒരേ അളവിൽ വെളുത്തുള്ളിയും കാന്താരി മുളകും അരച്ചെടുത്ത നീര് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നത് കഠിനമായ കീടങ്ങളെ അകറ്റാൻ സഹായിക്കും.
ഓർക്കിഡ് വളർത്തുമ്പോൾ കീടങ്ങളെ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇനി പറയുന്നവയാണ്.
- പുതിയ ഓർക്കിഡ് ചെടികൾ വാങ്ങുമ്പോൾ കീടങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം പഴയ ചെടികൾക്കൊപ്പം വെക്കുക.
- വാടിയ ഇലകളും പൂക്കളും കൃത്യസമയത്ത് നീക്കം ചെയ്യുക.
- ഓർക്കിഡ് ചെടികൾക്ക് പൊതുവേ രാവിലെ സമയങ്ങളിൽ വെള്ളം നനയ്ക്കാൻ ശ്രദ്ധിക്കുക, ഇത് ചെടികളിൽ ഉണ്ടാകുന്ന ഫംഗസ് ബാധ തടയുന്നതിന് സഹായിക്കും.
Post a Comment