ഹൈബ്രിഡ് ബോഗൺവില്ലകൾ അവയുടെ ആകർഷകമായ നിറങ്ങൾ കൊണ്ടും വൈവിധ്യമാർന്ന പൂക്കൾ കൊണ്ടും ഏതൊരു ആളെയും ആകർഷിക്കുന്നവരാണ്. നാടൻ ഇനങ്ങളെ അപേക്ഷിച്ച് ഹൈബ്രിഡ് ഇനങ്ങൾക്ക് ആവശ്യക്കാർ ഏറെയായതിനാൽ ആർക്കും ഇവയുടെ തൈകൾ തയാറാക്കി വിപണി കണ്ടത്താവുന്നതാണ്. നാടൻ ഇനങ്ങളെ അപേക്ഷിച്ച് ഹൈബ്രിഡ് ഇനങ്ങളുടെ തൈകൾ കമ്പുകളിൽ നിന്നും തയാറാക്കാൻ അല്പം ശ്രദ്ധ വേണ്ട ഒന്നാണ്.
ഹൈബ്രിഡ് ബോഗൺവില്ലകൾ കമ്പു മുറിച്ചു നട്ടുപിടിപ്പിക്കുന്നതിനുള്ള വഴികൾ താഴെ പറയുന്നവയാണ്.
തൈകൾ തയ്യാറാക്കാൻ അനുയോജ്യമായ കമ്പ് തിരഞ്ഞെടുക്കൽ
ബോഗൺവില്ലയുടെ എല്ലാ കമ്പുകളും വേഗത്തിൽ വേരുപിടിക്കണമെന്നില്ല അതിനാൽ തന്നെ താഴെ പറയുന്ന രീതിയിലുള്ള തണ്ടുകൾ തിരഞ്ഞെടുക്കുന്നതാകും എളുപ്പത്തിൽ കിളിർക്കുന്നതിന് നല്ലത് :
മൂപ്പുള്ള കമ്പുകൾ: തണ്ടുകൾക്ക് പെൻസിലിന്റെ വണ്ണമുള്ളതും, കുറഞ്ഞത് ഒരു വർഷമെങ്കിലും മൂപ്പുള്ള (തണ്ടുകൾക്ക് അല്പം തവിട്ട് നിറമായവ ) കമ്പുകൾ കിളിർപ്പിക്കാനായി തിരഞ്ഞെടുക്കാവുന്നതാണ്.
കമ്പുകളുടെ നീളം: 6 മുതൽ 8 ഇഞ്ച് വരെ നീളമുള്ള ചെറിയ കമ്പുകളാണ് പുതിയ തൈകളാക്കാനായി അനുയോജ്യം.
കമ്പുകൾ മുറിക്കുന്ന രീതി: കമ്പിന്റെ അടിഭാഗം നോഡിന് (മുട്ടിന്) തൊട്ടുതാഴെയായി 45 ഡിഗ്രി ചരിവിൽ മുറിച്ചെടുക്കുന്ന തണ്ടുകളാണ് കിളിർപ്പിക്കാൻ അനുയോജ്യം.
തണ്ടുകൾ നടനായി തയ്യാറാക്കൽ
നടുന്നതിനായി തിരഞ്ഞെടുത്ത തണ്ടിന്റെ ചുവടുഭാഗത്തുള്ള പകുതിയിലുള്ള ഇലകൾ ശ്രദ്ധിച്ചു പൂർണ്ണമായോ ഭാഗീകമായോ നീക്കം ചെയ്യുക. തണ്ടുകൾ വളരുന്നതിനായി തണ്ടിന്റെ ഏറ്റവും മുകൾ ഭാഗത്ത് രണ്ടോ മൂന്നോ ഇലകൾ മാത്രം നിലനിർത്തിയാൽ മതിയാകും.
നാടൻ ഇനത്തെ അപേക്ഷിച്ചു ഹൈബ്രിഡ് ഇനങ്ങൾക്ക് വേരുപിടിക്കാൻ പ്രയാസമായതിനാൽ ഏതെങ്കിലുമൊരു റൂട്ടിംഗ് ഹോർമോൺ ഉപയോഗിക്കുന്നത് നല്ലതാണ്. പ്രകൃതിദത്തമായ റൂട്ടിംഗ് ഹോർമോണുകളായ തേൻ, കറ്റാർവാഴ ജെൽ എന്നിവയൊക്കെ ഉപയോഗിക്കാവുന്നതാണ്. എന്നാൽ വ്യാവസായികാടിസ്ഥാനത്തിൽ വളർത്താൻ താല്പര്യപെടുമ്പോൾ എല്ലാ തണ്ടുകളും കിളിർക്കുന്നതിനായി നല്ലൊരു റൂട്ടിങ് ഹോർമോണുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.
റൂട്ടിങ് ഹോർമോൺ വാങ്ങാൻ എവിടെ ക്ലിക്ക് ചെയ്യുക.
തണ്ടുകൾ നടുന്നതിനാവശ്യമായ പോട്ടിംഗ് മിശ്രിതം തയ്യാറാക്കാം
വെള്ളം കെട്ടിനിൽക്കാത്ത മിശ്രിതമാണ് ബോഗൺവില്ലയ്ക്ക് വേണ്ടത്. അതിനാൽ തന്നെ മണൽ, ചകിരിച്ചോറ് (ആവശ്യമെങ്കിൽ മാത്രം), ജൈവ വളമായി നൽകാൻ സാധിക്കുന്ന ജൈവ വളങ്ങളായ ചാണകപ്പൊടി/ ആട്ടിൻവളം / കംബോസ്ട് എന്നിവയിൽ ഏതെങ്കിലും തുല്യ അളവിൽ 1 : 1 എന്ന അനുപാതത്തിൽ മിക്സ് ചെയ്‌ത മണ്ണിലേക്ക് വേണം തണ്ടുകൾ നടാനായി. പോട്ടിംഗ് മിശ്രിത്തില് മണലിന്റെ അളവ് അല്പം കൂടുന്നത് വേരുകൾ എളുപ്പത്തിൽ വളരാൻ സഹായിക്കും. കൂടാതെ ബോഗൺവില്ല നടുന്നതിനായി പാറപ്പൊടിയും നമുക്ക് ഉപയോഗിക്കാവുന്നതാണ്.
നടീൽ രീതിയും പരിചരണവും
മുകളിൽ പറഞ്ഞ രീതിയിൽ തയ്യാറാക്കിയ മിശ്രിതത്തിലേക്ക് നേരത്തെ തിരഞ്ഞെടുത്ത തണ്ട് ചുവടുഭാഗം നോക്കി രണ്ട് ഇഞ്ച് ആഴത്തിൽ താഴ്ത്തി വെയ്ക്കുക.അതിനു ശേഷം തണ്ടിന് ചുറ്റുമുള്ള മണ്ണ് നന്നായി അമർത്തി തണ്ടുകൾ കുലുങ്ങാതെയും മറിഞ്ഞു വീഴാതെയും ഉറപ്പിച്ചു നിർത്തുക. അതിനു ശേഷം നേരിയ രീതിയിൽ മണ്ണ് നനച്ചു കൊടുക്കാവുന്നതാണ്.
ഹ്യുമിഡിറ്റി (ഈർപ്പം) നിലനിർത്തുക: ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് തണ്ടുകൾ നട്ടിരിക്കുന്ന ചട്ടി/ കവർ മൂടി കെട്ടുന്നത് മണ്ണിൽ ഈർപ്പം നിലനിൽക്കാനും പെട്ടന്ന് തണ്ടുകളിൽ വേരുകൾ വരാനും സഹായിക്കും.
ബോഗൺവില്ല തണ്ടുകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വെളിച്ചം: നേരിട്ട് തണ്ടുകളിൽ വെയിൽ ഏൽക്കാത്ത, എന്നാൽ നല്ല വെളിച്ചമുള്ള സ്ഥലത്ത് വേണം ആദ്യത്തെ 3-4 ആഴ്ചകൾ തണ്ടുകൾ കിളിർക്കാനായി വെക്കാൻ. തണ്ടുകളിൽ അധികം വെയിൽ കൊള്ളുന്നത് തണ്ടുകൾ ഉണങ്ങിപോകുന്നതിന് കാരണമാകും.
നന: തണ്ടുകൾ നട്ട മണ്ണ് അമിതമായി നനയുന്നത് തണ്ടുകൾ വേരുകൾ വരാതെ അഴുകി പോകുന്നതിനു കാരണമാകും അതിനാൽ തന്നെ മണ്ണിൽ നേരിയ ഈർപ്പം നില നിർത്തുന്ന രീതിയാണ് നല്ലത്.
ക്ഷമ: മറ്റു ചെടികളെ അപേക്ഷിച്ചു ഹൈബ്രിഡ് ഇനങ്ങൾക്ക് വേരുപിടിക്കാൻ 4 മുതൽ 8 ആഴ്ച വരെ സമയമെടുത്തേക്കാം. പുതിയ ഇലകൾ വരുന്നത് വരെ നട്ടിരിക്കുന്ന തണ്ടുകൾ ഇളക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ് .
മുകളിൽ പറഞ്ഞിരിക്കുന്ന ഈ രീതി പിന്തുടരുകയാണെങ്കിൽ നിങ്ങളുടെ ഹൈബ്രിഡ് ബോഗൺവില്ലകൾ വളരെ എളുപ്പത്തിൽ തണ്ടുകൾ നട്ടുപിടിപ്പിക്കാൻ സാധിക്കും.

Post a Comment