ഇത്രയും അറിഞ്ഞാൽ നിങ്ങൾക്കും പാവൽ കൃഷി എളുപ്പത്തിൽ ചെയ്യാം



കയ്പ് എന്ന ഒറ്റ കാരണത്താൽ അധികം ആളുകളും ഒഴിവാക്കുന്നതും എന്നാൽ ഒരുപറ്റം ആളുകൾക്ക് അപ്പോളും ഇഷ്ട്ടമായതുമായ ഒരു പച്ചക്കറിയിനമാണ് പാവൽ. ഇന്ന് നമുക്ക് കയ്പുള്ളതും ഇല്ലാത്തതുമായ പച്ചയുടെ വിവിധ നിറങ്ങളിൽ ലഭ്യമായതുമായ ഒരു പച്ചക്കറിയിനമാണ് പാവൽ. പാവൽ കൃഷി കേരളത്തിൽ വളരെ പ്രചാരമുള്ളതും ലാഭകരവുമായ ഒരു പച്ചക്കറി കൃഷിയിനമാണ്. വീട്ടുമുറ്റത്തോ ടെറസ്സിലോ ചെറിയ രീതിയിൽ തുടങ്ങാവുന്ന ഈ കൃഷി ശാസ്ത്രീയമായി ചെയ്താൽ മികച്ച വിളവ് ലഭിക്കും. 



ഇത്രയും അറിഞ്ഞാൽ നിങ്ങൾക്കും പാവൽ കൃഷി എളുപ്പത്തിൽ ചെയ്യാം
Image Credit: Freepik


പോഷകഗുണങ്ങൾക്കപ്പുറം ഔഷധഗുണവും ഏറെയുള്ള പാവൽ, ശരിയായ രീതിയിൽ പരിചരിച്ചാൽ നല്ല ആദായം നൽകും. പാവൽ കൃഷി ചെയ്യുന്നതിനുള്ള ലളിതമായ വഴികളെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.

 

1. നടീൽ സമയം

കേരളത്തിന്റെ കാലാവസ്ഥയിൽ വർഷത്തിൽ ഏതു സമയവും പാവൽ കൃഷി ചെയ്യാമെങ്കിലും, വ്യാവസായിക അടിസ്ഥാനത്തിൽ കൃഷിചെയ്യുമ്പോൾ ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള വേനൽക്കാല കൃഷിയും , സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള വർഷകാലത്തിന് ശേഷമുള്ള കൃഷിയുമാണ്  ഏറ്റവും അനുയോജ്യം.

2. കൃഷിക്ക് അനുയോജ്യമായ മികച്ച ഇനങ്ങൾ

പാവൽ കൃഷിയിൽ കൂടുതൽ വിളവ് തരുന്ന മികച്ച ഇനങ്ങൾ തിരഞ്ഞെടുക്കുന്നത് നമ്മുടെ കൃഷി ലാഭകരമാക്കാൻ സഹായിക്കും. പാവൽ കൃഷിക്കാവശ്യമായ ചില മികച്ചയിനങ്ങൾ ഇനി പറയുന്നവയാണ്.

പ്രീതി: വെളുത്ത നിറമുള്ള ഇടത്തരം വലിപ്പമുള്ള കായകൾ.

പ്രിയ: കടും പച്ച നിറത്തിൽ നീളമുള്ള ഇനം.

പ്രിയങ്ക: വലിയ വെളുത്ത കായകൾ തരുന്ന സങ്കരയിനം (Hybrid).

3. വിത്ത് പാകൽ

മാതൃസസ്യത്തിൽ നിന്നും തിരഞ്ഞെടുത്ത നല്ല ആരോഗ്യമുള്ള കായുടെ വിളഞ്ഞ വിത്തുകളോ അല്ലെങ്കിൽ വിപണിയിൽ നിന്നും വാങ്ങിയ വിത്തുകളോ ഉപയോഗിക്കാവുന്നതാണ്. 

പാവൽ കൃഷിക്കാവശ്യമായ വിത്തുകൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചറിയാൻ ഈ വിഡിയോ കാണുക.





വിത്ത് പാകൽ: തിരഞ്ഞെടുത്ത വിത്തുകൾ നടുന്നതിന് 12 മുതൽ 24 മണിക്കൂർ മുമ്പ് വെള്ളത്തിൽ കുതിർത്ത് വെക്കുന്നത് വേഗത്തിൽ മുളയ്ക്കാൻ സഹായിക്കും. വിത്തുകൾ പാകി മുളപ്പിച്ചു കൃഷി ചെയ്യുകയോ അല്ലങ്കിൽ നേരിട്ട് കൃഷി സ്ഥലത്തു നട്ട് വളർത്തുകയോ നമുക്ക് ചെയ്യാവുന്നതാണ്. 

തടം ഒരുക്കൽ: 60 സെ.മീ വ്യാസത്തിലും 20 സെ.മീ ആഴത്തിലുമുള്ള തടങ്ങൾ എടുക്കുക. രണ്ട് തടങ്ങൾ തമ്മിൽ 2 മീറ്റർ അകലം ഉണ്ടായിരിക്കണം. എന്നാൽ ഗ്രോ ബാഗിലാണ് കൃഷി ചെയ്യുന്നത് എങ്കിൽ  ചകിരിച്ചോർ, മണ്ണ്, ജൈവവളമായി ചാണകപ്പൊടി, ആട്ടിൻവളം, കമ്പോസ്റ്റ് എന്നിവയിൽ ഏതെങ്കിലും  1 : 1: 1 എന്ന അളവിൽ കുട്ടിയിളക്കി തയ്യാറാക്കിയ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

4. പന്തൽ ഒരുക്കൽ

പാവൽ പടർന്ന് വളരുന്ന ചെടിയായതുകൊണ്ട് പന്തൽ . ചെടി 15-20 സെ.മീ ഉയരമാകുമ്പോൾ ഈർക്കിലോ ചരടോ ഉപയോഗിച്ച് പന്തലിലേക്ക് പടർത്തി വിടണം.

പാവൽ പടർന്നു കയറുന്ന ചെടിയായതിനാൽ പന്തൽ നിർബന്ധമാണ്. മുളയോ കാറ്റാടി കഴകളോ ഉപയോഗിച്ച് ഉറപ്പുള്ള തൂണുകൾ നാട്ടി അതിൽ കമ്പികളോ, കയറോ വളകളോ ഉപയോഗിച്ച് ഏകദേശം 6 മുതൽ 7 അടി ഉയരത്തിൽ പന്തൽ നിർമ്മിക്കാം.പാവൽ ചെടി നന്നായി വളർന്നു പന്തലിലേക്ക് പടർന്നു കയറിയാൽ മാത്രമേ കൂടുതൽ പൂക്കളും കായ്കളും ഉണ്ടാവുകയുള്ളൂ.

പാവൽ ചെടികൾ വളർന്ന് വള്ളി വീശി തുടങ്ങുമ്പോൾ തന്നെ കമ്പുകളോ ചരടോ ഉപയോഗിച്ച് തയാറാക്കിയ പന്തലിലേക്ക് പടർത്തി വളർത്താൻ തുടങ്ങണം.കൂടാതെ പാവൽ വള്ളികൾ തറയിൽ കിടന്ന് വളർന്നാൽ അത് കീടബാധയ്ക്കും അതുപോലെ കായചീയലിനും കാരണമാകാം.

5. വളപ്രയോഗം

പാവൽ കൃഷിയിൽ ജൈവവളങ്ങൾക്ക് മുൻഗണന നൽകുന്നതാണ് കൂടുതൽ വിളവിനും അതുപോലെ തന്നെ ചെടിക്കും അനുയോജ്യം. ചെടികൾക്ക് വളമായി താഴേ പറയുന്നവ ഉപയോഗിക്കാവുന്നതാണ്.

അടിവളമായി: നന്നായി ഉണക്കിപ്പൊടിച്ച ചാണകപ്പൊടിയോ, ആട്ടിൻവളമോ, കമ്പോസ്റ്റോ ഉപയോഗിക്കാൻ സാധിക്കും.

ചെടിയുടെ വളർച്ചാ ഘട്ടത്തിൽ: കടലപ്പിണ്ണാക്ക് പുളിപ്പിച്ചത്, വേപ്പിൻ പിണ്ണാക്ക്, ഫിഷ് അമിനോ ആസിഡ്, കഞ്ഞിവെള്ളം, ബയോ സ്ലറികൾ എന്നിവ പത്തുദിവസത്തിലൊരിക്കൽ നേർപ്പിച്ച് ഒഴിച്ചുകൊടുക്കാവുന്നതാണ്.

6. നനയ്ക്കുക

ചെടികൾ വേനൽക്കാലത്ത് ദിവസവും നനയ്ക്കണം കൂടാതെ പൂവിടുന്ന സമയത്തും കായ്ക്കുന്ന സമയത്തും ഈർപ്പം മണ്ണിൽ നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കുക. പാവൽ കൃഷിയിൽ ചെടിച്ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം. ചെടികൾക്ക് നനയ്ക്കുമ്പോൾ ചെടിയുടെ കടയ്ക്കൽ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണം.

പാവൽ ചെടിയുടെ ചുവട്ടിൽ തടത്തിൽ പുതയിടുന്നത്  ഈർപ്പം നിലനിർത്താനും കളകൾ വളരുന്നത് തടയാനും സഹായിക്കും.

7.കീട നിയന്ത്രണം 

പാവലിനെ ആക്രമിക്കുന്ന പ്രധാന ശത്രുവാണ് കായീച്ച. കായകൾ വിരിഞ്ഞു തുടങ്ങുമ്പോൾ തന്നെ പേപ്പർ കവറുകളോ, തുണിയോ, പ്ലാസ്റ്റിക് കവറുകളോ ഉപയോഗിച്ച് പൊതിഞ്ഞു സൂക്ഷിക്കുക. പാവലിലെ കീട നിയന്ത്രണത്തിനായി ഇനി പറയുന്ന കാര്യങ്ങൾ പരീക്ഷിക്കാവുന്നതാണ്.

ഫെറോമോൺ കെണികൾ: കായീച്ചകളെ ആകർഷിച്ചു നശിപ്പിക്കാൻ ഫെറോമോൺ കെണികൾ ഉപയോഗിക്കാം.

കായ പൊതിയൽ: കായ്കൾ ചെറിയ പ്രായത്തിൽ തന്നെ പേപ്പർ കവർ അല്ലങ്കിൽ സുതാര്യമായ വെള്ളം കെട്ടിനിൽക്കാത്ത രീതിയിലുള്ള പ്ലാസ്റ്റിക് കവറുകൾ  ഉപയോഗിച്ച് പൊതിഞ്ഞു സൂക്ഷിക്കുന്നത് കായീച്ച ആക്രമണം തടയാൻ സഹായിക്കും.

വേപ്പധിഷ്ഠിത കീടനാശിനി: നീം ഓയിൽ അല്ലെങ്കിൽ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്യുന്നത് ഇലപ്പേൻ, മണ്ഡരി, വെള്ളിച്ച തുടങ്ങിയവയെ നിയന്ത്രിക്കാൻ സഹായിക്കും.

7. വിളവെടുപ്പ്

വിത്ത് പാകി ഏകദേശം 60 മുതൽ 70 ദിവസത്തിനുള്ളിൽ തന്നെ പാവലിലെ ആദ്യ വിളവെടുപ്പ് നടത്തിത്തുടങ്ങാവുന്നതാണ്. കായകൾ പഴുക്കുന്നതിന് മുൻപ് തന്നെ വിളവെടുക്കാൻ ശ്രദ്ധിക്കുക. വിളവെടുക്കുമ്പോൾ അതിരാവിലെ വിളവെടുക്കുന്നതാണ് ഏറ്റവും ഉചിതം. 

ഈ കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ആർക്കും വളരെ എളുപ്പത്തിൽ നല്ല രീതിയിൽ കൃഷി ചെയ്യാൻ സാധിക്കുന്ന ഒരു പച്ചക്കറി വിളയാണ് പാവൽ.

Post a Comment

Previous Post Next Post