കൂൺ കഴിക്കാൻ ഇഷ്ട്ടപെടാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ നമുക്ക് ചുറ്റുമുള്ള കൂൺ ലഭ്യത കുറവാണ് കൂൺ എന്നത് നമുക്ക് വല്ലപ്പോഴും മാത്രം ലഭ്യമായ അമൂല്യമായ വിളയാകുന്നത്. കൂടാതെ കൂണിൽ വിറ്റാമിൻ B2 (റൈബോഫ്ലേവിൻ), വിറ്റാമിൻ B3 (നിയാസിൻ), വിറ്റാമിൻ B5 (പാന്റോതെനിക് ആസിഡ്), വിറ്റാമിൻ D, ഫോളിക് ആസിഡ് (B9) ഇതുകൂടാതെ, വളരെ ചെറിയ അളവിൽ വിറ്റാമിൻ C-യും കൂണിൽ അടങ്ങിയിട്ടുണ്ട്. കൂൺ പാകം ചെയ്യുന്നതിന് മുൻപ് 15-20 മിനിറ്റ് സൂര്യപ്രകാശത്തിൽ വെക്കുന്നത് അതിലെ വിറ്റാമിൻ D അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
![]() |
| Image Credit: Freepik |
നമ്മുടെ ആവശ്യത്തിനുള്ള കൂൺ നമുക്ക് വീടിനുള്ളിൽ തന്നെ വളരെ ചെറിയ സ്ഥലത്തും വളർത്തിയെടുക്കാമെന്നത് മറ്റു കൃഷിയിൽ നിന്നും കൂണിനെ വ്യത്യസ്തമാക്കുന്നു. പോഷകഗുണങ്ങൾ ഏറെയുള്ള കൂൺ, കൃഷി ചെയ്യാൻ വലിയ കൃഷിയിടങ്ങളോ മണ്ണോ ആവശ്യമില്ല. കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും അനുയോജ്യമായത് ചിപ്പിക്കൂൺ (Oyster Mushroom) കൃഷിയാണ്.
കൂൺ കൃഷിക്ക് ആവശ്യമായ സാധനങ്ങൾ ഇനി പറയുന്നവയാണ്
കൂൺ വിത്ത് : അഗ്രികൾച്ചർ ഓഫീസുകളിൽ നിന്നോ അംഗീകൃത ഫാമുകളിൽ നിന്നോ അല്ലെങ്കിൽ വിശ്വാസ്യമായ ഓൺലൈൻ സൈറ്റുകളിൽ നിന്നോ വാങ്ങാം.
വൈക്കോൽ: നന്നായി ഉണങ്ങിയതും പൂപ്പൽ പിടിക്കാത്തതുമായ വൈക്കോൽ.
പോളിത്തീൻ കവറുകൾ: ബെഡ് തയ്യാറാക്കാൻ ഏകദേശം 12x18 ഇഞ്ച് വലിപ്പമുള്ള സുതാര്യമായ പോളിത്തീൻ കവറുകൾ.
കുമ്മായം: വൈക്കോൽ അണുവിമുക്തമാക്കാൻ ആവശ്യമായ കുമ്മായം.
വൃത്തിയായ മുറി: വായുസഞ്ചാരവും വെളിച്ചവും കുറഞ്ഞതും കൂടാതെ മറ്റുപ്രണികൾ കടക്കാത്തതുമായ വൃത്തിയുള്ള മുറി.
കൂൺ കൃഷി രീതി: ഘട്ടം ഘട്ടമായി പരിചയപ്പെടാം
1. വൈക്കോൽ തയ്യാറാക്കൽ
നമ്മൾ വാങ്ങിയിട്ടുള്ള വൈക്കോൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഇന്ന് നമുക്ക് മാർക്കെറ്റിൽ കൂൺ ബെഡുകൾ തയാറാക്കാൻ ആവശ്യമായ പെല്ലറ്റുകൾ ലഭ്യമാണ്.
ഇങ്ങനെ മുറിച്ച വൈക്കോൽ 12 മുതൽ 15 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്ത് വെയ്ക്കുക.
1 ലിറ്റർ വെള്ളത്തിന് 1 ഗ്രാം എന്ന കണക്കിലാണ് കുമ്മായം ചേർക്കാറുള്ളത്. അല്ലെങ്കിൽ 10 കിലോഗ്രാം വൈക്കോലിന് ഏകദേശം 100-150 ഗ്രാം കുമ്മായം ഉപയോഗിക്കാം. വൈക്കോൽ വെള്ളത്തിൽ കുതിർക്കുന്ന സമയത്തോ, അല്ലെങ്കിൽ പുഴുങ്ങുന്ന വെള്ളത്തിലോ കുമ്മായം ചേർക്കാവുന്നതാണ്.
15 മണിക്കൂർ കുതിർത്ത വൈക്കോൽ നന്നായി ആവിയിൽ പുഴുങ്ങിയെടുക്കുക. വൈക്കോലിലെ അനാവശ്യ ബാക്ടീരിയകളെ നശിപ്പിക്കുന്നതിന് വേണ്ടിയാണ് ആവിയിൽ പുഴുങ്ങിയെടുക്കുന്നത് .
പുഴുങ്ങിയ വൈക്കോൽ വെള്ളം വാർത്തുകളയാൻ തണലിൽ നിരത്തിയിട്ട് ഉണക്കുക. ശ്രദ്ധിക്കുക വൈക്കോലിൽ ചെറിയ ഈർപ്പം ഉണ്ടായിരിക്കണം.
2. കൂൺ ബെഡ് തയ്യാറാക്കൽ
പോളിത്തീൻ കവറിന്റെ അടിഭാഗത്ത് ചെറിയ സുഷിരങ്ങൾ ഇടുക.
ഉണക്കി തയ്യാറാക്കിയ വൈക്കോൽ / പെല്ലെറ്റുകൾ കവറിൽ അഞ്ചു സെന്റീമീറ്റർ കനത്തിൽ ഒരു വരി നിരത്തുക.
ഇങ്ങനെ നിരത്തിയതിനു മുകളിൽ കൂൺ വിത്ത് അരികുകളിൽ കൂടി വിതറുക.
മുകളിൽ ചെയ്ത രീതിയിൽ തന്നെ വൈക്കോലും കൂൺ വിത്തും ഒന്നിടവിട്ട രീതിയിൽ കവറിൽ നിറയ്ക്കുക.
കവർ നിറഞ്ഞ ശേഷം മുകൾഭാഗം നന്നായി കെട്ടി വായുസഞ്ചാരത്തിനായി കവറിൽ ചുറ്റും ബെഡിന്റെ വലിപ്പമനുസരിച്ചു 10 മുതൽ 12 വരെ സുഷിരങ്ങൾ ഇടുക.
3. കൂൺ വളർച്ചാ ഘട്ടം
തയ്യാറാക്കിയ കൂൺ ബെഡുകൾ ഇരുട്ടും ഈർപ്പവുമുള്ള വൃത്തിയായ ഒരു മുറിയിൽ കെട്ടിയിട്ട് സൂക്ഷിക്കുക.
ഏകദേശം 15 മുതൽ 20 ദിവസത്തിനുള്ളിൽ കൂൺ വിത്ത് വൈക്കോലിൽ പടർന്ന് വെള്ള നിറമാകും.
ശ്രദ്ധിക്കുക കെട്ടിയ കൂൺ ബെഡ് ഒരു കാരണവശാലും തുറക്കരുത്.
4. കൂൺ വിളവെടുപ്പ്
ദിവസവും രണ്ട് നേരം വെള്ളം സ്പ്രേ ചെയ്ത് റൂമിലെ ഈർപ്പം നിലനിർത്തുക.
അടുത്ത 3 മുതൽ 5 ദിവസത്തിനുള്ളിൽ കൂൺ മുളച്ചുതുടങ്ങും. അതായത് ബെഡ് കെട്ടി 18 മുതൽ കൂൺ ആയിത്തുടങ്ങും.
രാവിലെ കൂൺ വിളവെടുക്കുന്നതാണ് ഏറ്റവും നല്ലത് .
പ്രതേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വെള്ളം കൂടരുത്: ബെഡിൽ വെള്ളം കെട്ടിനിൽക്കാൻ പാടില്ല, ഈർപ്പം മാത്രം മതിയാകും.
വൃത്തി: കൃഷി ചെയ്യുന്ന മുറിയിൽ പൂപ്പൽ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക. കൂടാതെ മുറിക്കുള്ളിൽ കയറുമ്പോൾ ഇതിനുപയോഗിക്കുന്ന എല്ലാ ടൂൾസും അണുവിമുക്തമാകാൻ ശ്രദ്ധിക്കണം.
വെളിച്ചം: നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക.
കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ലാഭം കൊയ്യാൻ സാധിക്കുന്ന മികച്ചൊരു സംരംഭമാണ് കൂൺ കൃഷി.

Post a Comment