ജ്യൂസ് ഉണ്ടാക്കാനും വെറുതേ കുട്ടികൾക്ക് പോലും കഴിക്കാനും ഇഷ്ട്ടപെടുന്ന പഴങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ഇന്ന് പല നിറങ്ങളിലും വലിപ്പത്തിലും ലഭിക്കാറുണ്ടങ്കിലും നമ്മൾ വാങ്ങി വീട്ടിൽ കൊണ്ടുപോയി മുറിക്കുമ്പോൾ പലപ്പോഴും മധുരമില്ലാത്ത തണ്ണിമത്തനുകളാണ് ലഭിക്കാറുള്ളത്. നല്ല മധുരവും ചുവപ്പുമുള്ള തണ്ണിമത്തൻ തിരഞ്ഞെടുക്കുക എന്നത് പലപ്പോഴും ഒരു ഭാഗ്യപരീക്ഷണമായിട്ടാണ് നമ്മളിൽ അധികം ആളുകൾക്കും തോന്നാറുള്ളത്. എന്നാൽ ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കടയിൽ നിന്നും ഏറ്റവും മികച്ച തണ്ണിമത്തൻ തന്നെ നമുക്ക് വീട്ടിലെത്തിക്കാം.
![]() |
| Image Credit: Freepik |
നല്ല തണ്ണിമത്തൻ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില നിർദ്ദേശങ്ങൾ ഇനി പറയുന്നവയാണ്:
1. മഞ്ഞ നിറത്തിലുള്ള പാട്
തണ്ണിമത്തൻ നിലത്ത് കിടന്ന് വളരുമ്പോൾ മണ്ണിൽ തട്ടി നിൽക്കുന്ന ഭാഗത്ത് ഒരു പാട് രൂപപ്പെടാറുണ്ട്. ഇതിനെ 'ഫീൽഡ് സ്പോട്ട്' എന്ന് വിളിക്കുന്നു. ഈ ഫീൽഡ് സ്പോട്ടിന്റെ നിറം നോക്കി തണ്ണിമത്തന്റെ വിളവ് അറിയാൻ സാധിക്കും.
ക്രീം മഞ്ഞ അല്ലെകിൽ ഓറഞ്ച് മഞ്ഞ: ഫീൽഡ് സ്പോടിനു ഈ നിറത്തിലുള്ള പാടാണെങ്കിൽ പഴം നന്നായി പഴുത്തതും മധുരമുള്ളതുമാണെന്ന് മനസ്സിലാക്കാം.
വെള്ള നിറം: ഫീൽഡ് സ്പോട്ട് വെള്ളനിറത്തിലാണെങ്കിൽ പഴം കൃത്യമായി പഴുക്കുന്നതിന് മുൻപ് പറിച്ചെടുത്തതാണെന്ന് മനസ്സിലാക്കാം അതുപോലെ ഇത്തരം തണ്ണിമത്തന് മധുരം കുറവുമായിരിക്കും.
2. സൗണ്ട് അറിയാൻ തട്ടി നോക്കുക
തണ്ണിമത്തന്റെ പുറത്ത് വിരലുകൾ കൊണ്ട് ഒന്ന് കൊട്ടി നോക്കുമ്പോൾ ലഭിക്കുന്ന ശബ്ദം വഴിയും പഴത്തിന്റെ വിളവ് അറിയാൻ സാധിക്കും.
ഉള്ളു പൊള്ളയായ ശബ്ദം: തണ്ണിമത്തനിൽ തട്ടുമ്പോൾ നല്ല കനമുള്ള, ഉള്ളു പൊള്ളയായ രീതിയിലുള്ള ശബ്ദം കേൾക്കുകയാണെങ്കിൽ അത് പഴം പാകത്തിന് പഴുത്തു എന്നതിന്റെ സൂചനയാണ്.
മങ്ങിയ ശബ്ദം: തട്ടുമ്പോൾ കേൾക്കുന്ന ശബ്ദം വളരെ മങ്ങിയതാണെങ്കിൽ അത് ഒന്നുകിൽ പഴം പഴുക്കാത്തതോ അല്ലെങ്കിൽ അധികം പഴുത്ത് ചീഞ്ഞതോ ആകാൻ സാധ്യതയുണ്ട്.
3. ഭാരം പരിശോധിക്കുക
തണ്ണിമത്തൻ കയ്യിലെടുക്കുമ്പോൾ അതിന്റെ വലിപ്പത്തേക്കാൾ കൂടുതൽ ഭാരം നമുക്ക് തോന്നുന്നുണ്ടെങ്കിൽ ഒരുപക്ഷേ പഴത്തിൽ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കാം. തൂക്കി വാങ്ങുമ്പോൾ ഭാരം കൂടുമെങ്കിലും ജലാംശം കൂടുതലുള്ള പഴങ്ങൾ കൂടുതൽ മധുരമുള്ളതായിരിക്കും.
4. തണ്ണിമത്തന്റെ ഞെട്ട് പരിശോധിക്കുക
തണ്ണിമത്തന്റെ ഞെട്ട് ഉണങ്ങിയതാണോ എന്ന് ശ്രദ്ധാപൂർവം നോക്കുക. തണ്ണിമത്തന്റെ ഉണങ്ങിയ ഞെട്ട് ചെടിയിൽ കിടന്നുതന്നെ പഴുത്തതാണ് എന്ന് ഇത് സൂചിപ്പിക്കുന്നു എന്നാൽ പച്ച നിറത്തിലുള്ള ഞെട്ട് തണ്ണിമത്തൻ പാകമാകുന്നതിനു മുൻപേ പറിച്ചെടുത്തതാണെന്ന് മനസ്സിലാക്കാൻ സാധിക്കും കൂടാതെ പഴുക്കുന്നതിനു നേരത്തേ പറിക്കുന്ന പഴത്തിനു മധുരം കുറയാൻ സാധ്യതയുണ്ട്.
5. തണ്ണിമത്തന്റെ ആകൃതിയും പുറംതോടും
ആകൃതി: ഒരേപോലെയുള്ള ആകൃതിയുള്ള പഴങ്ങൾ തിരഞ്ഞെടുക്കുക.മുറിവുകളോ ചതവുകളോ ഉള്ളവ ഒഴിവാക്കുന്നതാണ് നല്ലത്.
നിറം: തിളക്കമുള്ള പുറംതോടിനേക്കാൾ, അല്പം മങ്ങിയ നിറത്തിലുള്ള തോടുകളോട് കൂടിയ തണ്ണിമത്തനുകളാണ് നല്ലത്. തോടുകൾക്ക് തിളക്കമുള്ളവ അധികവും പഴുക്കാത്തതും ഇളപ്പവും ആയിരിക്കും.
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
നാരുകൾ പോലുള്ള അടയാളങ്ങൾ : തണ്ണിമത്തന്റെ പുറത്ത് ബ്രൗൺ നിറത്തിൽ ചിലന്തിവല പോലെ കാണപ്പെടുന്ന അടയാളങ്ങൾ പഴം വളരെ മധുരമുള്ളതാണെന്ന് കാണിക്കുന്നു. തേനീച്ചകൾ പൂമ്പൊടി ശേഖരിക്കുമ്പോൾ ഉണ്ടാകുന്ന ഇത്തരം അടയാളങ്ങൾ പഴത്തിന്റെ ഗുണമേന്മയുടെ അടയാളമായാണ് കണക്കാക്കുന്നത്.
മുറിച്ച തണ്ണിമത്തൻ വാങ്ങുമ്പോൾ: മുറിച്ച കഷണങ്ങളാണ് വാങ്ങുന്നതെങ്കിൽ, ഉൾഭാഗം നല്ല കടും ചുവപ്പ് നിറത്തിലുള്ളതും വിത്തുകൾ കറുത്ത നിറത്തിലുള്ളതുമാണെന്ന് ഉറപ്പുവരുത്തുക.
അടുത്ത തവണ തണ്ണിമത്തൻ വാങ്ങുമ്പോൾ മുകളിൽ പറഞ്ഞിരിക്കുന്ന ഈ കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ.

Post a Comment