നമ്മുടെ ഏവരുടെയും ചെറിയ വീട്ടുമുറ്റത്തോ ടെറസ്സിലോ വളരെയെളുപ്പത്തിൽ വളർത്താൻ കഴിയുന്ന ഒരു വിദേശപ്പഴമാണ് ഡ്രാഗൺ ഫ്രൂട്ട് . കള്ളിച്ചെടിയുടെ വർഗ്ഗത്തിൽപ്പെട്ടതായതുകൊണ്ടുതന്നെ ഇതിന് വളരെ കുറഞ്ഞ പരിചരണവും വെള്ളവും മാത്രമേ ആവശ്യമുള്ളൂ. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഏതു സ്ഥലത്തും ഡ്രാഗൺ ഫ്രൂട്ട് നമുക്ക് മികച്ച വിളവ് തരും.
![]() |
| Image credit: Gemini AI |
വീടുകളിൽ ഡ്രാഗൺ ഫ്രൂട്ട് വിജയകരമായി എങ്ങനെ വളർത്താം എന്ന് താഴെ വിവരിക്കുന്നു.
1. വംശവർദ്ധനവ്
ഡ്രാഗൺ ഫ്രൂട്ട് പ്രധാനമായും രണ്ട് രീതിയിൽ പുതിയ തൈകൾ നമുക്ക് വളർത്തിയെടുക്കാം: തണ്ടുകൾ മുറിച്ചുനട്ടും , വിത്തുകൾ പാകിയും.
തണ്ടുകൾ മുറിച്ചുനടൽ - ഏറ്റവും മികച്ച മാർഗ്ഗം
വിത്തുകളിൽ നിന്ന് വളർത്തുന്നതിനേക്കാൾ വേഗത്തിൽ കായ്ഫലം ലഭിക്കാൻ (ഏകദേശം 1 വർഷത്തിനുള്ളിൽ) തണ്ടുകൾ മുറിച്ചുനടുന്നതാണ് ഏറ്റവും അനുയോജ്യം.
തണ്ട് തിരഞ്ഞെടുക്കൽ: നല്ലതുപോലെ വിളഞ്ഞ, രോഗബാധയില്ലാത്ത ഒരു മാതൃചെടിയിൽ നിന്നും 12 ഇഞ്ച് (30 സെ.മീ) നീളമുള്ള തണ്ടുകൾ മുറിച്ചെടുക്കുക.
ഉണക്കൽ: മുറിച്ചെടുത്ത തണ്ടുകൾ നേരിട്ട് മണ്ണിൽ നടുന്നത് മുറിപ്പാടിൽ വെള്ളവും വളവും കുടുതലാകുന്നത് മൂലം ചീഞ്ഞു പോകാനുള്ള സാധ്യത വളരെ കൂടുതലാണ് അതിനാൽ ചുടവ് ഭാഗം ചീഞ്ഞുപോകാതിരിക്കാൻ 3 മുതൽ 5 ദിവസം വരെ തണലുള്ള ഒരു സ്ഥലത്ത് വെച്ച് മുറിച്ചെടുത്ത തണ്ടുകൾ ഉണക്കണം (മുറിപ്പാട് ഉണങ്ങാൻ വേണ്ടി).
നടീൽ: ഇതിനുശേഷം ഈ തണ്ടുകൾ മണലും ചാണകപ്പൊടിയും കലർത്തിയ മണ്ണിൽ 2 ഇഞ്ച് താഴ്ചയിൽ നടാം. വേരുകൾ വരുന്നത് വരെ (2-3 ആഴ്ച) നേരിയ തോതിൽ മാത്രംഇവയെ നനയ്ക്കാവുന്നതാണ്.
വിത്തുകൾ പാകി മുളപ്പിക്കൽ
പഴുത്ത ഡ്രാഗൺ ഫ്രൂട്ടിൽ നിന്നുമുള്ള ചെറിയ കറുത്ത വിത്തുകൾ ശേഖരിച്ച് പൾപ്പ് പൂർണ്ണമായും കഴുകിക്കളയുക.
അതിനു ശേഷം ഈ വിത്തുകൾ ഒരു ടിഷ്യൂ പേപ്പറിലോ കോട്ടൺ തുണിയിലോ വെച്ച് ഉണക്കുക.
നന്നായി വെള്ളം വാർന്നുപോകുന്ന പോട്ടിങ് മിശ്രിതത്തിലേക്ക് (മണൽ മാത്രമായാലും മതിയാകും) 5 മില്ലിമീറ്റർ താഴ്ചയിൽ വിത്തുകൾ പാകാം.
ഡ്രാഗൺ ഫ്രൂട്ടിന്റെ വിത്തുകൾ മുളപ്പിക്കുന്നതിനെക്കുറിച്ചു അറിയാൻ ഈ വിഡിയോ കാണുക.
മണ്ണിൽ എപ്പോഴും നേരിയ ഈർപ്പം നിലനിർത്തണം. 1-2 ആഴ്ചയ്ക്കുള്ളിൽ തന്നെ ഈ വിത്തുകൾ മുളയ്ക്കും. എന്നാൽ ഈ രീതിയിൽ വിത്തുകളിൽ നിന്നും ചെടി വളർന്ന് പിന്നീട് അവ കായ്ക്കാൻ എങ്ങനെപോയാലും 3 മുതൽ 4 വർഷം വരെ സമയമെടുക്കും.
2. നടീൽ രീതിയും താങ്ങുതൂണും
ഡ്രാഗൺ ഫ്രൂട്ട് ഒരു പടരുന്ന ചെടിയായതിനാൽ ഇവയ്ക്ക് സ്വന്തമായി നിവർന്നുനിൽക്കാൻ കഴിയില്ല. അതിനാൽ ശക്തമായ ഒരു താങ്ങ് ഇവയ്ക്ക് ആവശ്യമാണ്.
താങ്ങ് ഒരുക്കൽ: ഇവ ദീർക്കകാലം വിളവ് തരുന്നവ ആയതിനാൽ തന്നെ 5-6 അടി ഉയരമുള്ള സിമന്റ് തൂണുകളോ ശക്തമായ ഇരുമ്പ് പൈപ്പുകളോ മണ്ണിലോ വലിയ ഡ്രമ്മിലോ വേണം ഉറപ്പിച്ചു നിർത്താൻ. തൂണിന്റെ മുകൾഭാഗത്ത് ചെടിയുടെ തണ്ടുകൾ പടർന്ന് താഴേക്ക് തൂങ്ങിക്കിടക്കാൻ പാകത്തിന് ഒരു പഴയ ടയറോ റൗണ്ട് ഫ്രെയിമോ ഘടിപ്പിക്കുന്നത് നല്ലതാണ്.
പോട്ടിങ് മിശ്രിതം: മേൽമണ്ണ്, മണൽ, ചാണകപ്പൊടി/ ആട്ടിൻവളം / കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തിൽ കലർത്തി തയാറാക്കിയ മണ്ണിലേക്ക് വേരുപിടിച്ച തൈകൾ നടാവുന്നതാണ്. ചെടിച്ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാത്ത രീതിയിലുള്ള മണ്ണായിരിക്കണം തിരഞ്ഞെടുക്കാൻ.
നടീൽ: ഒരു തൂണിന് ചുറ്റുമായി 2 മുതൽ 4 വരെ തൈകൾ നടാം. വളർന്നു വരുമ്പോൾ ഇവ തൂണിലേക്ക് ചരടുകൾ ഉപയോഗിച്ച് അയച്ചു കെട്ടിക്കൊടുക്കണം.
3. വളപ്രയോഗം
ഡ്രാഗൺ ഫ്രൂട്ട് നല്ല രീതിയിൽ വളരുന്നതിനും കായ്ക്കുന്നതിനും കൃത്യമായ വളപ്രയോഗം ആവശ്യമാണ്.
ജൈവവളങ്ങൾ: ചെടിയുടെ ചുവട്ടിൽ ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, അല്ലെങ്കിൽ കോഴിവളം എന്നിവ 2 മാസത്തിലൊരിക്കൽ നൽകാം. വേരുകൾ മണ്ണിന്റെ ഉപരിതലത്തോട് ചേർന്ന് കിടക്കുന്നതിനാൽ വളം ഇട്ടതിനു ശേഷം ആഴത്തിൽ കിളയ്ക്കരുത്; മുകളിൽ നേരിയ രീതിയിൽ മണ്ണ് ഇട്ടുകൊടുത്താൽ മതിയാകും.
രാസവളങ്ങൾ (ആവശ്യമെങ്കിൽ): ചെടിയുടെ വളർച്ചാ ഘട്ടത്തിൽ (ആദ്യത്തെ 6 മാസം) നൈട്രജൻ അടങ്ങിയ വളങ്ങൾ നൽകാം. പൂവിടുന്ന സമയങ്ങളിൽ പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയ വളങ്ങൾ (ഉദാഹരണത്തിന് NPK 19:19:19 അല്ലെങ്കിൽ 12:12:18) നൽകുന്നത് നല്ലതാണ്.
സൂക്ഷ്മ മൂലകങ്ങൾ: കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ ലഭ്യതയ്ക്കായി വർഷത്തിൽ രണ്ടുതവണ അല്പം കുമ്മായമോ ഡോളമൈറ്റോ ചുവട്ടിൽ ചേർക്കുന്നത് മണ്ണ് അമ്ലാവസ്ഥയിലാകുന്നത് തടയും.
![]() |
| Image credit: Gemini AI |
4. സംരക്ഷണം
അളന്നുള്ള നന: ഡ്രാഗൺ ഫ്രൂട്ടിന് കുറഞ്ഞ വെള്ളം മതിയാകും. വേനൽക്കാലത്ത് മണ്ണിലെ ഈർപ്പം നോക്കി മാത്രം നനയ്ക്കുക. മഴക്കാലത്ത് ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. വെള്ളം കൂടിയാൽ വേരുചീയലും തണ്ട് ചീയലും ഉണ്ടാകാനുള്ള സാധ്യത വളരെ കുടിതലാണ്.
പ്രൂണിങ്: തൂണിന് മുകളിലേക്ക് വളരുന്നതുവരെ പ്രധാന തണ്ടിൽ നിന്നുമുള്ള വശങ്ങളിലെ മുളകൾ അപ്പപ്പോൾ നുള്ളിക്കളയുക. മുകളിലെ ടയറിന് ഒപ്പമെത്തുമ്പോൾ തലപ്പ് മുറിക്കുക. ഇത് കൂടുതൽ ശാഖകൾ വശങ്ങളിലേക്ക് പടരാൻ സഹായിക്കും.
പുതയിടൽ: കഠിനമായ വേനലിൽ മണ്ണിലെ ഈർപ്പം നിലനിർത്താൻ ചുവട്ടിൽ കരിയിലകളോ ചകിരിയോ ഉപയോഗിച്ച് പുതയിടുന്നത് നല്ലതാണ്.
5. പൂവിടലും കായ്ഫലവും
ഡ്രാഗൺ ഫ്രൂട്ടിന്റെ പൂക്കളും കായ്കളും ഉണ്ടാകുന്ന പ്രക്രിയ വളരെ ആകർഷകമാണ്.
പൂവിടുന്ന കാലം: കേരളത്തിൽ സാധാരണയായി മെയ് - ജൂൺ മാസങ്ങളിൽ ആരംഭിച്ച് ഒക്ടോബർ - നവംബർ വരെയാണ് ഡ്രാഗൺ ഫ്രൂട്ടിന്റെ സീസൺ. ഈ കാലയളവിൽ 4 മുതൽ 5 തവണ വരെ പൂക്കൾ വിരിയാറുണ്ട്.
രാത്രിയിലെ പൂക്കൾ: ഡ്രാഗൺ ഫ്രൂട്ടിന്റെ പൂക്കൾ രാത്രിയിലാണ് വിരിയുന്നത് (സാധാരണയായി രാത്രി 8 മണിക്ക് ശേഷം). അതിമനോഹരമായ വെളുത്ത പൂക്കളാണിവ. പിറ്റേന്ന് സൂര്യനുദിക്കുന്നതോടെ ഇവ വാടിപ്പോകും.
പരാഗണം: പ്രകൃത്യാ വവ്വാലുകളും നിശാശലഭങ്ങളുമാണ് പരാഗണം നടത്തുന്നത്. എന്നാൽ വീട്ടിൽ കൃഷി ചെയ്യുമ്പോൾ കൃത്യമായ കായ്ഫലത്തിനായി രാത്രി 8 മണിക്കും 10 മണിക്കും ഇടയിൽ ഒരു സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് പൂക്കൾക്കുള്ളിലെ പൂമ്പൊടി മധ്യഭാഗത്തുള്ള സ്ത്രീലിംഗ ഭാഗത്തേക്ക് തൊട്ടുകൊടുത്ത് കൃത്രിമ പരാഗണം നടത്തുന്നത് കായുകളുടെ വലിപ്പവും എണ്ണവും വർദ്ധിപ്പി ക്കാൻ സഹായിക്കും.
വിളവെടുപ്പ്: പൂവിട്ട് ഏകദേശം 30 മുതൽ 35 ദിവസത്തിനുള്ളിൽ കായകൾ പാകമാകും. പച്ചനിറത്തിലുള്ള കായകൾ മാറി നല്ല ആകർഷകമായ പിങ്ക്/ചുവപ്പ് നിറമാകുമ്പോൾ ഇവ മുറിച്ചെടുക്കാം.
ഓർക്കുക: നല്ല സൂര്യപ്രകാശവും, ഈർപ്പമുള്ളതും എന്നാൽ വെള്ളം കെട്ടിക്കിടക്കാത്തതുമായ മണ്ണും ഉണ്ടെങ്കിൽ നിങ്ങളുടെ വീട്ടിലും ഈ വർഷം തന്നെ സ്വാദിഷ്ടമായ ഡ്രാഗൺ ഫ്രൂട്ട് വിളവെടുക്കാം!


Post a Comment