മലയാളികളുടെ പ്രിയപ്പെട്ട കിഴങ്ങുവർഗ്ഗവിളകളിൽ ഒന്നാണ് കൂർക്ക അഥവാ ചൈനീസ് പൊട്ടറ്റോ. മികച്ച രുചിയും ഉയർന്ന പോഷകഗുണവുമുള്ള കൂർക്കയ്ക്ക് വിപണിയിൽ എന്നും നല്ല ഡിമാൻഡാണ്. കുറഞ്ഞ പരിചരണവും കുറഞ്ഞ രോഗകീടബാധയുമുള്ള ഈ വിള കേരളത്തിലെ മണ്ണിനും കാലാവസ്ഥയ്ക്കും വളരെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്നവയാണ്.
![]() |
| Image credit : Gemini Ai |
വാണിജ്യാടിസ്ഥാനത്തിലും വീട്ടുപറമ്പിലും, കൂടാതെ ടെറസ്സിലെ ഗ്രോബാഗുകളിലും കൂർക്ക വിജയകരമായി എങ്ങനെ കൃഷി ചെയ്യാം എന്ന് താഴെ വിവരിക്കുന്നു.
│1. കേരളത്തിലെ കൃഷി സമയം
കേരളത്തിൽ കൂർക്ക കൃഷി ചെയ്യാൻ ഏറ്റവും മികച്ച അനുയോജ്യമായ സമയം എന്ന് പറയുന്നത് മേയ് മുതൽ ജൂൺ (ഇടവപ്പാതി) വരെയുള്ള മാസങ്ങളിലാണ്. കാലവർഷത്തിന്റെ തുടക്കത്തിൽ നടുകയാണെങ്കിൽ ഒക്ടോബർ മുതൽ നവംബർ വരെയുള്ള മാസത്തോട് കൂടെ ഇവ വിളവെടുക്കാൻ പാകമാകും. സാധാരണയായി 4 മുതൽ 5 മാസം വരെ (120 - 150 ദിവസങ്ങൾ) ആണ് കൂർക്കയുടെ ആകെ വളർച്ചാ കാലയളവ് എന്ന് പറയുന്നത്.
│2. വംശവർദ്ധനവ് രീതി
കൂർക്ക വിത്തുകൾ നേരിട്ട് മണ്ണിൽ നട്ടല്ല സാധാരണയായി കൃഷി ചെയ്യുന്നത്. ഇതിനായി രണ്ട് ഘട്ടങ്ങളുള്ള വംശവർദ്ധനവ് രീതിയാണ് പ്രായോഗികമായും ഉപയോഗിക്കുന്നത്:
- നഴ്സറി തയ്യാറാക്കൽ (കിഴങ്ങ് നടീൽ): ഏപ്രിൽ മാസത്തോടെ നല്ല വലിപ്പമുള്ളതും രോഗമില്ലാത്തതുമായ കൂർക്ക കിഴങ്ങുകൾ നഴ്സറി തടങ്ങളിൽ അടുത്തടുത്തായി നടുക. നനച്ചു കൊടുക്കുന്നതിനനുസരിച്ച് ഇവയിൽ നിന്നും ധാരാളം തലപ്പുകൾ (വള്ളികൾ) വളർന്നു വരും.
- തലപ്പുകൾ മുറിച്ചു നടീൽ: കിഴങ്ങുകൾ മുളച്ച് 3 മുതൽ 4 ആഴ്ചകൾ കഴിയുമ്പോൾ വള്ളികൾക്ക് നല്ല നീളമുണ്ടാകും. ഈ വള്ളികളിൽ നിന്ന് 15 മുതൽ 20 സെന്റീമീറ്റർ നീളമുള്ള തലപ്പുകൾ (4-5 മുട്ടുകളുള്ളവ) മുറിച്ചെടുത്താണ് പ്രധാന കൃഷിയിടത്തിൽ നടുന്നത്. വള്ളികൾ നടുന്നതിന് തലേദിവസം ഇലകൾ പകുതിയായി മുറിച്ചു കളയുന്നത് ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും.
കൂർക്ക കൃഷിയെക്കുറിച്ചു അറിയാൻ ഈ വിഡിയോ കാണുക.
│3. നിലമൊരുക്കലും നടീൽ രീതിയും
വെള്ളം കെട്ടിനിൽക്കാത്ത നല്ല നീർവാർച്ചയുള്ള മണൽ കലർന്ന മണ്ണാണ് കൂർക്ക കൃഷിക്ക് ഏറ്റവും അനുയോജ്യം.എന്നിരുന്നാലും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കി എവിടെയും നമുക്ക് കൃഷി ചെയ്യാൻ സാധിക്കും.
- നിലം നന്നായി ഉഴുതു മറിച്ച് അടിവളമായി സെന്റിന് 100 കിലോഗ്രാം എന്ന തോതിൽ ജൈവവളമോ ചാണകപ്പൊടിയോ ചേർക്കുക.
- തുടർന്ന് 30 സെ.മീ വീതിയിലും 15-20 സെ.മീ ഉയരത്തിലും വരമ്പുകൾ എടുക്കുക.
- ഈ വരമ്പുകളിൽ 20 സെ.മീ അകലത്തിൽ നേരത്തേ മുറിച്ചു തയ്യാറാക്കിവെച്ചിരിക്കുന്ന കൂർക്ക തലപ്പുകൾ നടാവുന്നതാണ്. വള്ളിയുടെ നടുഭാഗത്തെ രണ്ട് മുട്ടുകൾ മണ്ണിൽ പുതയത്തക്കവണ്ണവും തലപ്പും ചുവടും മുകളിലായി നിൽക്കത്തക്കവണ്ണവും (V-ആകൃതിയിൽ) നടുന്നത് ചെടിയിൽ കൂടുതൽ കിഴങ്ങുകൾ ഉണ്ടാകാൻ സഹായിക്കും.
│4. വളപ്രയോഗം
കൂർക്ക കൃഷിയിൽ ജൈവവളങ്ങളാണ് ഏറ്റവും അനുയോജ്യം. എങ്കിലും രാസവളങ്ങൾ ഉപയോഗിക്കുന്നവർക്ക് ഫാക്ടംഫോസും പൊട്ടാഷും നൽകാം. ജൈവ രീതിയിൽ വളർത്താൻ താല്പര്യപെടുന്നവർക്കു താഴേ പറയുന്ന വളങ്ങൾ നൽകാവുന്നതാണ്.
അടിവളം: തണ്ടുകൾ നടുമ്പോൾ തടത്തിൽ ചാണകപ്പൊടി, ആട്ടിൻവളം, കോഴിവളം അല്ലെങ്കിൽ കമ്പോസ്റ്റ്, ഒപ്പം അല്പം വേപ്പിൻപിണ്ണാക്ക് എന്നിവ മണ്ണുമായി ചേർത്തു കൊടുക്കാവുന്നതാണ്.
മേൽവളം (30 ദിവസത്തിന് ശേഷം): അടിവളം നൽകി നട്ട തണ്ടുകൾ വേര് പിടിച്ചു നന്നായി പടർന്നു തുടങ്ങുമ്പോൾ (നട്ട് ഒരു മാസത്തിന് ശേഷം) കടകൾ ചെറുതായി കിളച്ച് മണ്ണ് കൂട്ടി കൊടുക്കണം. ഈ സമയത്ത് ചാണകപ്പൊടിയോടൊപ്പം അൽപം കടലപ്പിണ്ണാക്ക് പുളിപ്പിച്ച വെള്ളം ചെടിക്ക് ഒഴിച്ചു കൊടുക്കുന്നത് വള്ളികൾ കരുത്തോടെ വളരാൻ സഹായിക്കും.
ചാരം: തണ്ടുകൾ നട്ട് രണ്ട് മാസം കഴിയുമ്പോൾ നല്ലതുപോലെ ചാരം ചുവട്ടിലിട്ട് മണ്ണ് കൂട്ടി കൊടുക്കുന്നത് കിഴങ്ങുകളുടെ വലിപ്പവും രുചിയും വർദ്ധിപ്പിക്കും.
│5. ഗ്രോബാഗിലും ടെറസ്സിലും ഉള്ള കൂർക്ക കൃഷി
സ്ഥലപരിമിതിയുള്ളവർക്ക് ടെറസ്സിലും മുറ്റത്തും ഗ്രോബാഗുകൾ ഉപയോഗിച്ച് കൂർക്ക വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം.
നടീൽ മിശ്രിതം: ചുവന്ന മണ്ണ്, ചാണകപ്പൊടി, ആട്ടിൻവളം (അല്ലെങ്കിൽ വെർമി കമ്പോസ്റ്റ്), ചകിരിച്ചോറ് എന്നിവ തുല്യ അളവിൽ 1:1:1 കുട്ടിയിളക്കിയ മണ്ണിലേക്ക് ഒരു പിടി വേപ്പിൻപിണ്ണാക്കും അല്പം കുമ്മായവും (മണ്ണിന്റെ പുളിപ്പ് മാറാൻ ) ചേർത്ത് നന്നായി ഇളക്കി ഗ്രോബാഗുകളുടെ പകുതിയോളം നിറയ്ക്കാവുന്നതാണ്. ചകിരിച്ചോർ ചേർക്കുന്നത് വഴി ടെറസ്സിലെ ബാഗുകളിലെ ഈർപ്പം നിലനിർത്താനും വേരോട്ടത്തിനും കൂടാത്ത നടീൽ മിശ്രിതത്തിന്റെ ഭാരം കുറയ്ക്കാനും സഹായിക്കും
നടീൽ: ഒരു ഇടത്തരം ഗ്രോബാഗിൽ 2 അല്ലെങ്കിൽ 3 കൂർക്ക തലപ്പുകൾ നടാം. വള്ളികൾ നടുന്നതിന് മുൻപ് സ്യൂഡോമോണാസ് ലായനിയിൽ 10 മിനിറ്റ് മുക്കി വെക്കുന്നത് വേരുചീയൽ തടയുന്നതിന് സഹായിക്കും.
വള്ളികൾ ഒതുക്കൽ: വള്ളികൾ വളർന്ന് ബാഗിൽ നിന്ന് പുറത്തേക്ക് പടരുമ്പോൾ, അവ വീണ്ടും ബാഗിലെ മണ്ണിലേക്ക് തന്നെ ഒതുക്കി വെച്ച് കൊടുക്കുകയോ അല്പം മണ്ണ് മുകളിൽ ഇട്ടു കൊടുക്കുകയോ ചെയ്യുക. വള്ളികളുടെ മുട്ടുകളിൽ നിന്നെല്ലാം വേരുകൾ ഇറങ്ങി കിഴങ്ങുകൾ ഉണ്ടാകാൻ ഇത് സഹായിക്കും.
മണ്ണ് കൂട്ടൽ: തണ്ടുകൾ നട്ട് 45 ദിവസം കഴിയുമ്പോൾ ബാഗിൽ കുറച്ചു കൂടി മണ്ണും ചാണകപ്പൊടിയോ ചാരമോ കലർത്തി മുകളിൽ ഇട്ടു കൊടുക്കണം . ഇത് കിഴങ്ങുകൾ പുറത്തു കാണാതെ വലിപ്പം വെക്കാൻ സഹായിക്കും. ടെറസ്സിൽ കടുത്ത വെയിൽ ഉള്ളതിനാൽ ദിവസവും ആവശ്യത്തിന് നനയ്ക്കണം.
│6. രോഗ-കീട നിയന്ത്രണം
│7. വിളവെടുപ്പ്
തലപ്പുകൾ നട്ട് 4-5 മാസമാകുമ്പോൾ (120 - 150 ദിവസങ്ങൾ) കൂർക്കച്ചെടിയുടെ ഇലകളും വള്ളികളും മഞ്ഞനിറമായി ഉണങ്ങിത്തുടങ്ങും. ഇങ്ങനെ ഉണങ്ങുന്നത് കൂർക്ക വിളവെടുപ്പിന് പാകമായെന്നതിന്റെ ലക്ഷണമാണ്. വിളവെടുക്കുന്നതിന് കുറച്ചു ദിവസം മുൻപ് ചെടികൾ നനയ്ക്കുന്നത് നിർത്താം. മണ്ണ് അല്പം ഉണങ്ങിയ ശേഷം വള്ളികൾ മാറ്റി ഗ്രോബാഗ് മലർത്തുകയോ, നിലത്താണെങ്കിൽ കിളച്ചെടുക്കുകയോ ചെയ്യാം. ഒരു ഗ്രോബാഗിൽ നിന്ന് സാധാരണയായി 1 മുതൽ 1.5 കിലോഗ്രാം വരെ മികച്ച വിളവ് ലഭിക്കാറുണ്ട്.

Post a Comment