കൈതച്ചക്ക നമുക്ക് വീട്ടിലും വിളയിക്കാം

നമ്മുടെ വീട്ടുമുറ്റത്തോ ടെറസ്സിലോ വളരെ എളുപ്പത്തിൽ ആർക്കും വളർത്താൻ കഴിയുന്ന ഒന്നാണ് കൈതച്ചക്ക. അധികം പരിചരണമില്ലാതെ തന്നെ മികച്ച വിളവ് നമുക്ക് തരുന്ന കൈതച്ചക്ക വീട്ടിൽ എങ്ങനെ വളർത്താമെന്ന് നോക്കിയാലോ.

 

കൈതച്ചക്ക നമുക്ക് വീട്ടിലും വിളയിക്കാം
Image credit : Gemini Ai

 

​കേരളത്തിലെ പ്രധാന കൈതച്ചക്ക ഇനങ്ങൾ

​കേരളത്തിലെ നമ്മുട കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ മൂന്ന് പ്രധാന ഇനങ്ങളാണ് ഈ താഴെ പറയുന്നവ:

  • മോറീഷ്യസ് (Mauritius): കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൃഷി ചെയ്യുന്ന ഇനമാണിത്. 'വാഴക്കുളം കൈതച്ചക്ക' എന്ന പേരിൽ ഭൂപ്രദേശ സൂചിക പദവി (GI Tag) ലഭിച്ച ഇനം കൂടിയാണിത്. ഇതിന്റെ ഇലകളിൽ മുള്ളുകൾ ഉണ്ടായിരിക്കും. ചക്കയ്ക്ക് നല്ല മധുരവും സ്വർണ്ണ മഞ്ഞനിറവുമാണ് ഉണ്ടാകുക.
 

  • ക്യൂ (Kew): കൈത ചക്കകളിൽ മുള്ളുകളില്ലാത്ത വലിയ ഇലകളാണ് ഈ ഇനത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ചക്കയ്ക്ക് വലിപ്പം കൂടുതലായിരിക്കും (ഏകദേശം 2-3 കിലോ വരെ). ജ്യൂസ് അടിക്കുന്നതിനും ക്യാനിംഗിനും ഏറെ അനുയോജ്യമാണ്.
 
  •  ​അമൃത (Amritha): കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത ഒരു ഹൈബ്രിഡ് ഇനമാണിത്. ക്യൂ, റിപ്ലി ക്വീൻ എന്നീ ഇനങ്ങൾ തമ്മിൽ സങ്കരയിനം നടത്തിയാണ് ഈ ഇനം വികസിപ്പിച്ചത്. ഇലകളിൽ മുള്ളുകളുണ്ട്, കാമ്പ് നല്ല ക്രിസ്പിയും സ്വാദുള്ളതുമാണ്.
 

│​വംശവർദ്ധനവ് 


​കൈതച്ചക്ക നമുക്ക് പ്രധാനമായും മൂന്ന് രീതിയിൽ നമുക്ക് മുളപ്പിച്ചെടുക്കാം:

  • ക്രൗൺ: നമ്മൾ കഴിക്കാൻ വാങ്ങുന്ന കൈതച്ചക്കയുടെ മുകൾഭാഗത്തുള്ള ഇലകളുടെ കൂട്ടമാണിത്. ഇത് ഉപയോഗിച്ച് വീട്ടിൽ വളർത്താൻ തൈകൾ തയാറാക്കുന്നതാണ് ഏറ്റവും എളുപ്പം.
 
  •  സക്കറുകൾ: ചെടിയുടെ ചുവട്ടിൽ നിന്നും വളർന്നു വരുന്ന തൈകൾ.
 
  •  സ്ലിപ്പുകൾ: പഴത്തിന്റെ തണ്ടിന് താഴെയായി കാണുന്ന ചെറിയ തൈകൾ.


തൈകൾ നടാൻ ഒരുക്കുന്ന വിധം:


കൈതച്ചക്കയുടെ മുകൾഭാഗം (Crown) തിരിച്ച് ഒടിച്ചെടുക്കുക. ഇതിന്റെ അടിഭാഗത്തെ കുറച്ചു ചെറിയ ഇലകൾ അടർത്തി മാറ്റുക. ശേഷം ഇത് 2-3 ദിവസം തണലത്ത് വെച്ച് ഉണക്കണം (ഇത് ചീഞ്ഞുപോകാതിരിക്കാൻ സഹായിക്കും). വേണമെങ്കിൽ ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഇതിന്റെ അടിഭാഗം മുക്കി വെച്ച് വേരുകൾ മുളപ്പിച്ച ശേഷവും നടാം.

​നടീൽ രീതിയും വളപ്രയോഗവും


നല്ല നീർവാർച്ചയുള്ള മണ്ണാണ് കൈതച്ചക്ക നടുന്നതിന് ആവശ്യം. വീട്ടിൽ വളർത്തുമ്പോൾ തൈകൾ നമുക്ക് ഗ്രോബാഗിലോ ചട്ടിയിലോ തറയിലോ നടാവുന്നതാണ്.

ചട്ടി നിറയ്ക്കേണ്ട വിധം: മേൽമണ്ണ്, മണൽ, ചാണകപ്പൊടി, ആട്ടിൻ വളം അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കലർത്തി വേണം ചെടികൾ നടാനുള്ള മിശ്രിതം തയ്യാറാക്കാൻ. അടിവളമായി അല്പം എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ചേർക്കുന്നത് ചെടിയുടെ വളർച്ചയ്ക്ക് വളരെ നല്ലതാണ്.

മണ്ണിൽ നടുമ്പോൾ: അടിവളമായി ചാണകപ്പൊടി, ആട്ടിൻ വളം അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ നൽകി വാരങ്ങളായോ കൂന കൂട്ടിയോ വേണം തൈകൾ നടുന്നത്. തൈകൾ നടുമ്പോൾ അൽപം വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും നൽകുന്നത് വളരെ നല്ലതാണ്.

വളപ്രയോഗം: കൈതച്ചക്കയ്ക്ക് നന്നായി വളരുന്നത്തിനും കായ്ക്കുന്നതും നൈട്രജൻ, പൊട്ടാസ്യം എന്നിവ അടങ്ങിയ വളങ്ങൾ വളരെ പ്രധാനമാണ് അതിനാൽ താഴെ പറയുന്ന വളങ്ങൾ നമുക്ക് നൽകാവുന്നതാണ്.
 

  • മാസത്തിലൊരിക്കൽ ചാണകപ്പൊടി അല്ലെങ്കിൽ കോഴിക്കാഷ്ഠം ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കുക.
 
  • കടലപ്പിണ്ണാക്ക് പുളിപ്പിച്ച വെള്ളം 10 ഇരട്ടി വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കുന്നത് ചെടി വേഗത്തിൽ വളരാൻ സഹായിക്കും. ഇതിൽ വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് ചെടിയുടെ ആരോഗ്യത്തിനും രോഗ കീട ബാധയിൽ നിന്നും സംരക്ഷിക്കാനും വളരെ നല്ലതാണ്.
 
  •  ​ഇലകൾക്ക് നല്ല പച്ചപ്പ് ലഭിക്കാൻ വല്ലപ്പോഴും സുഡോമോണാസ് ലായനി തളിക്കുന്നത് നല്ലതാണ്.

 

വെളിച്ചവും നനയും


​സൂര്യപ്രകാശം: കൈതച്ചക്കയ്ക്ക് നല്ലതുപോലെ വെയിൽ വേണം. ദിവസവും കുറഞ്ഞത് 5-6 മണിക്കൂർ എങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തായിരിക്കണം ചെടികൾ വളർത്തേണ്ടത്. ചെടികൾക്ക് ലഭിക്കുന്ന വെയിൽ കുറഞ്ഞാൽ ചെടി വളരുമെങ്കിലും കായ്ക്കാൻ നന്നായി താമസിക്കും.
 
നന: വരൾച്ചയെ ചെറുക്കാൻ കഴിവുള്ള ചെടികളാണ് കൈത ചെടികൾ. അതിനാൽ അമിതമായി വെള്ളം ഒഴിക്കരുത്. മണ്ണിലെ ഈർപ്പം നോക്കി മാത്രം നനയ്ക്കുക. ചട്ടിയിലും ചെടിച്ചുവട്ടിലും  വെള്ളം അധിക സമയം കെട്ടിക്കിടന്നാൽ ചെടിയുടെ വേര് ചീഞ്ഞുപോകും. ചെടിയുടെ ഇലകളുടെ നടുവിലുള്ള ഭാഗത്തേക്ക് (Cup/Vase shape) അല്പം വെള്ളം ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. എന്നാൽ കുമ്പ് ചീയുന്ന രീതിയിൽ വെള്ളം അധികമാകരുത്.

│​പരിചരണം


കൈതച്ചക്കയുടെ ഇലകളിൽ മുള്ളുകൾ ഉള്ളതിനാൽ ശ്രദ്ധയോടെ വേണം ചെടികളെ പരിചരിക്കാൻ. ചെടിയുടെ ചുവട്ടിൽ ഉണ്ടാകുന്ന കളകൾ യഥാ സമയത്ത് പറിച്ചു  മാറ്റണം. ചെടികൾ വലുതാകുന്നതിന് അനുസരിച്ച് ചുവട്ടിൽ നിന്നും വരുന്ന സക്കറുകൾ (തൈകൾ) മാറ്റി നടാവുന്നതാണ്; ഇല്ലെങ്കിൽ പ്രധാന ചെടിയുടെ വളർച്ചയെയും കായ്ഫലത്തേയും അത് ബാധിക്കും.

│​വിളവെടുപ്പ്


കൈതച്ചക്ക നട്ട് സാധാരണയായി 15 മുതൽ 24 മാസം വരെ എടുക്കും ചെടികൾ പൂക്കാനും കായ്ക്കാനും. ചെടികൾ പൂവിട്ട് കഴിഞ്ഞാൽ കായ് പാകമാകാൻ ഏകദേശം 5-6 മാസം കൂടി വേണം.


പാകമായെന്ന് എങ്ങനെ അറിയാം? കൈതച്ചക്കയുടെ പുറംതൊലി പച്ച നിറത്തിൽ നിന്നും മാറി താഴെ നിന്നും മുകളിലേക്ക് മഞ്ഞ നിറമായി തുടങ്ങും. ഈ സമയത്ത് നല്ലൊരു സുഗന്ധം വരും. കായ് പൂർണ്ണമായി മഞ്ഞയാകുന്നതിന് മുൻപ് തന്നെ (അടിഭാഗം മഞ്ഞ നിറമാകുമ്പോൾ) വിളവെടുക്കാം. ചെടിയിൽ നിന്നും തണ്ടോടു കൂടി ഇത് മുറിച്ചെടുക്കുക.

വീട്ടിൽ ഒരല്പം സ്ഥലം മാറ്റിവെച്ചാൽ വിഷമില്ലാത്ത നല്ല മധുരമുള്ള കൈതച്ചക്ക നമുക്ക്  സ്വന്തമായി വീടുകളിൽ തന്നെ വിളവെടുക്കാം. അപ്പോൾ എങ്ങനെയാ തുടങ്ങുകയല്ലേ കൈത ചക്ക കൃഷി !

Post a Comment

Previous Post Next Post